കേൾക്കൂ; നിങ്ങളുടെ ശരീരം വെള്ളം ചോദിക്കുന്നു...

ശരീരത്തിന് ആവശ്യത്തിനു വെള്ളം ലഭിക്കാതെ വരുന്ന അവസ്ഥയാണ് നിർജലീകരണം എന്നറിയപ്പെടുന്നത്. അമിതമായ അളവിൽ ജലാംശം ശരീരത്തിൽനിന്നു നഷ്ടപ്പെട്ടാലും ഇതേ അവസ്ഥയുണ്ടാകാം. ദാഹം തോന്നുന്നതു മാത്രമല്ല നിർജലീകരണത്തിന്റെ ലക്ഷണങ്ങൾ. ചുവടെ നൽകുന്ന ലക്ഷണങ്ങൾ നിങ്ങളുടെ ശരീരം വെള്ളം ആവശ്യപ്പെടുന്നതിന്റെ സൂചനയാണ്.

∙നാവു വരളുന്നു– വായ്ക്കകത്ത് ആവശ്യത്തിന് ഉമിനീര് ഇല്ലാതെവരുന്നെങ്കിൽ ശ്രദ്ധിക്കുക. നാവു വരളുന്നത് നിർജലീകരണത്തിന്റെ പ്രാഥമിക ലക്ഷണമാണ്.

∙വായ്നാറ്റം– വായ്ക്കകത്ത് ആവശ്യത്തിന് ഉമിനീരില്ലാത്ത അവസ്ഥയിൽനിന്നും വായ്നാറ്റം ഉണ്ടാകാം. അതുകൊണ്ട് വായ്നാറ്റം അനുഭവപ്പെടുന്നെങ്കിൽ ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക

∙വരണ്ട ചര്‍മം– ത്വക്ക് ഒരു ലിറ്റ്മസ് പേപ്പർ എന്ന പോലെ നിങ്ങളുടെ ശരീരത്തിലെ ജലാംശത്തിന്റെ അളവ് വ്യക്തമാക്കിത്തരുന്നു. ത്വക്ക് പതിവിലധികം വരണ്ടുപോയതായി തോന്നുന്നെങ്കിൽ തീർച്ചയായും വെള്ളം കുടിക്കാൻ ശ്രമിക്കുക. ചുണ്ടുകൾ വരളുന്നതും കാൽപാദങ്ങൾ വിണ്ടുകീറുന്നതും ഇതിന്റെ സൂചനയാണ്. 

∙വിയർപ്പുനാറ്റം– വിയർപ്പിന് നിറംമാറ്റം അനുഭവപ്പെടുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക. വിയർപ്പിലൂടെ അമിതമായ അളവിൽ ഉപ്പിന്റെ അംശം നഷ്ടപ്പെടുന്നതും ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ വസ്ത്രത്തിൽ മഞ്ഞനിറത്തിൽ കറയുണ്ടാകുന്നത് ഇതിന്റെ സൂചനയാണ്.

∙മധുരപ്രിയം– ശരീരത്തിലെ ജലാംശം നഷ്ടപ്പെടുമ്പോൾ നിങ്ങൾക്കു വിശപ്പും വർധിക്കുന്നു. പ്രത്യേകിച്ചും മധുരപലഹാരങ്ങൾ കഴിക്കാൻ ആർത്തി അനുഭവപ്പെടുന്നുണ്ടെങ്കിൽ അതും നിർജലീകരണത്തിന്റെ ലക്ഷണമാണ്.