കുട്ടികൾ പുറത്തു കളിച്ചു വളരട്ടെ...

കുട്ടികളെ വീടിനു പുറത്തു കളിക്കാൻ അനുവദിക്കാത്ത ന്യൂജെൻ അമ്മമാർ സൂക്ഷിക്കുക. നിങ്ങളുടെ കുട്ടികളെ കാത്തിരിക്കുന്നത് രോഗങ്ങളുടെ നീണ്ട നിരയാണ്. കയ്യിലും കാലിലും അഴുക്കു പുരളുമെന്നു കരുതി കുട്ടികളെ മുറിക്കുള്ളിൽ അടച്ചിടാതെ സ്വതന്ത്രമായി പുറത്തു കളിക്കാൻ അനുവദിക്കാം.

കുട്ടികളിലെ അമിതവണ്ണം ഒഴിവാക്കാൻ വീടിനു പുറത്തുള്ള കളികൾ സഹായിക്കുമെന്ന് പുതിയ പഠന റിപ്പോർട്ട്. പുറത്തു കളിക്കാൻ അനുവദിക്കാത്ത മൂന്നിനും അഞ്ചു വയസിനും ഇടയിലുള്ള കുട്ടികൾക്ക് ഏഴു വയസാകുമ്പോഴേക്കും പൊണ്ണത്തടി വരാനുള്ള സാധ്യത കൂടുതലാണെന്നും പഠനത്തിൽ പറയുന്നു.

വീടിനു പുറത്തു കളിക്കാൻ സാധിക്കാത്ത മൂന്നിനും ഏഴിനും ഇടയിലുള്ള 6467 കുട്ടികളെയാണ് പഠനത്തിൽ ഉൾപ്പെടുത്തിയത്. ഇവരിൽ 38 ശതമാനം കുട്ടികളിലും ഏഴു വയസാകുമ്പോഴേക്കും പൊണ്ണത്ത‌ടി വരാനുള്ള സാധ്യത കൂടുതലാണ്.കുട്ടികളിലെ അമിതവണ്ണം ടൈപ്പ് 2 പ്രമേഹ സാധ്യതയും വർദ്ധിപ്പിക്കുന്നു. യൂറോപ്യൻ അസോസിയേഷൻ ഓഫ് ദ സ്റ്റഡി ഓഫ് ഡയബറ്റിസ് ആണ് ഇതു സംബന്ധിച്ച പഠനവിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.