കഷണ്ടി വന്നാലെന്തു ചെയ്യും?

പുരുഷലക്ഷണമായാണു കഷണ്ടിയെ കണക്കാക്കുന്നതെങ്കിലും ഏതാണ്ട് 90 ശതമാനം പുരുഷന്മാരും അത് ഇഷ്ടപ്പെടുന്നില്ല. 35 വയസ്സാകുമ്പോഴേക്കും മുന്നിൽ രണ്ടുഭാഗം പുരുഷന്മാർക്കും മുടികൊഴിച്ചിലാരംഭിക്കും. ഈ സമയത്ത് 85% പേരിലും മുടിയുടെ കട്ടി കുറയുന്നതായിട്ടാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. പണ്ടത്തെ അപേക്ഷിച്ച് ഇന്നത്തെ ചെറുപ്പക്കാർക്ക് 20— 21 വയസ്സാകുമ്പോൾ തന്നെ കഷണ്ടിയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നു. നെറ്റിക്കിരുവശത്തുള്ള മുടി കയറുന്നതോ , തലയുടെ മുകൾ ഭാഗത്തുള്ള മുടിയുടെ കട്ടി കുറയുന്നതോ ആകാം തുടക്കം. ഇതു മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നതിനാൽ എന്തു വിലകൊടുത്തും ചികിത്സിക്കാൻ തയ്യാറാകുന്നു.

തുടക്കത്തിലേ ശ്രദ്ധിച്ചാൽ

തുടക്കത്തിലേ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ കഷണ്ടിയെ ചെറുക്കാൻ സാധിക്കും. തലയോട്ടി എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ദൈർഘ്യമുള്ള യാത്രകൾ കഴിഞ്ഞാൽ കുളിക്കാനും തലയോട്ടി വൃത്തിയാക്കാനും ശ്രദ്ധിക്കണം. താരൻ സാധാരണ ഉണ്ടാകുന്നതാണെങ്കിലും കൂടുതൽ പൊറ്റപിടിച്ചാലും ചുവപ്പും തടിപ്പും ചൊറിച്ചിലും മറ്റുമുണ്ടായലും ഡോക്ടറുടെ ഉപദേശം സ്വീകരിക്കണം. മുടിയഴകിനും മറ്റും പരസ്യത്തിൽ കാണുന്നവയെല്ലാം പരീക്ഷിക്കാതിരിക്കുക.

ആഹാരക്കാര്യത്തിലും ശ്രദ്ധ വേണം. പൊതുവായ ആരോഗ്യം ക്ഷയിക്കുമ്പോൾ മുടികൊഴിച്ചിലും കൂടും.മുടികൊഴിച്ചലിനെ കുറിച്ചു കൂടുതൽ ഉത്കണ്ഠ പാടില്ല. മാനിസകമായി പ്രയാസമുണ്ടെങ്കിൽ ഡോക്ടറെ സമീപിക്കുക. കൗൺസലിങ് ഗുണം ചെയ്യാറുണ്ട്.

ചികിത്സാരീതികൾ

പുരുഷഹോർമോണായ ഡൈ ഹൈഡ്രോ ടെസ്റ്റോസ്റ്റിറോണിന്റെ സ്വാധീനം മൂലമാണു കഷണ്ടിയുണ്ടാകുന്നത്. ഇക്കാരണം കൊണ്ടുതന്നെ ചികിത്സ അത്ര എളുപ്പവുമല്ല. മരുന്നു ചികിത്സകൾക്കു പുറമേ വിവിധ ആധുനിക ചികിത്സാരീതികളും നിലവിൽ വന്നു കഴിഞ്ഞു.

വിവിധ മരുന്നുകൾ കഷണ്ടി ചികിത്സയ്ക്ക് ഉപയോഗിക്കുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ഒരു മരുന്നാണ് ഫിനാസ്ട്രൈഡ്. ഈ മരുന്ന് ഹൈഡ്രോ ടെസ്റ്റോസ്റ്റിറോണിനെ ചെറുക്കുന്നതിനാൽ മുടികൊഴിച്ചിൽ കുറയ്ക്കും. മൂന്നു മാസമെങ്കിലും തുടർച്ചയായി കഴിക്കുമ്പോഴേ ചെറിയ മാറ്റം കണ്ടു തുടങ്ങൂ. മാത്രമല്ല നീണ്ടനാൾ കഴിക്കുമ്പോൾ പുരുഷൻമാർക്ക് സ്തനവളർച്ച (ഗെനക്കോമാസ്റ്റിയ)ഉൾപ്പെടെയുള്ള പാർശ്വഫലങ്ങൾ ഉണ്ടാകാം. കൂടാതെ ലൈംഗികതാൽപര്യം കുറയുക, ഡിപ്രഷൻ എന്നിവയും ഉണ്ടാകാം.

കഷണ്ടി മാറാനായി തലയോട്ടിയിൽ പുരട്ടാനുപയോഗിക്കുന്ന മരുന്നാണ് മിനോക്സിഡിൽ .രണ്ടു മുതൽ 10 ശതമാനം വരെ വീര്യമുള്ളവയാണ് സാധാരണ ഉപയോഗിക്കുന്നത്. മിനോക്സിഡിൽ മുടിയുടെ വേരിനെ ഉത്തേജിപ്പിക്കുന്നതിനാൽ മുടികൊഴിച്ചിൽ കുറയ്ക്കുകയും പുതിയ മുടി വളരാനിടയാക്കുകയും ചെയ്യുന്നു. തലവേദന, അലർജി എന്നീ പാർശ്വഫലങ്ങളുണ്ടാകാം.

സാപാൾമെറ്റോ എന്ന ഹെർബൽ മരുന്ന് അമേരിക്കൻ സ്വാർഫ് പൈൻ മരത്തിൽ നിന്നെടുക്കുന്നതാണ്. ഇത് ഡൈ ഹൈഡ്രോടെസ്റ്റോസ്റ്റിറോണിന്റെ പ്രവർത്തനം ചെറുക്കുന്നു. ബയോട്ടിൻ , സിസ്റ്റീൻ , അമിനോ ആസിഡുകൾ ,ഗ്രീൻ ടീ എക്സ്ട്രാക്റ്റ്, ഗ്രീൻ ആപ്പിൾ എക്സ്ട്രാക്റ്റ്, ഗ്രേപ് സീഡ് എക്സ്ട്രാക്റ്റ്, മൾട്ടി വിറ്റമിനുകൾ എന്നിവയടങ്ങിയ മരുന്നുകളും മുടിവളർച്ചയെ സഹായിക്കുന്നു.

നൂതന ചികിത്സാരീതികൾ

സ്റ്റെംസെൽ ലോഷൻ , ബയോട്ടിൻ ലോഷൻ, കഫീൻ അടങ്ങിയ ലോഷൻ എന്നിവയുപയോഗിച്ചു മൈക്രോ നിഡിലിംഗ് ട്രീറ്റ്മെന്റ് അല്ലെങ്കിൽ മീസോ തെറപ്പി, ലേസർ ലൈറ്റ് സ്റ്റിമുലേഷൻ എന്നീ ചികിത്സാരീതികളും ഫലപ്രദമായി നടത്താം. പക്ഷേ നിരവധി തവണ ഡോക്ടറുടെ കൺസൽട്ടേഷൻ വേണ്ടിവരും. മാത്രമല്ല ഫലം കാണാൻ സമയമെടുക്കും.

ഹെയർ ട്രാൻസ്പ്ലാന്റേഷൻ

മുടി വച്ചുപിടിപ്പിക്കുന്ന പ്രക്രിയയാണ് ഹെയർ ട്രാൻസ് പ്ലാന്റേഷൻ. ഇതൊരു നവീന ശസ്ത്രക്രിയാ മാർഗമാണ്. ഒന്നു മുതൽ നാലു മുടിയിഴകൾ ഒരുമിച്ചാണ് ട്രാൻസ്പ്ലാന്റിങിനുപയോഗിക്കുന്നത്. മിക്കപ്പോഴും മുടി ഇടതിങ്ങി നിൽക്കുന്ന തലയുടെ പിൻഭാഗത്തുനിന്നും മുടിയെ ഫോളിക്കിളുകളോടെ അടർത്തിയെടുത്ത് കഷണ്ടിയുള്ള ഭാഗത്ത് വെച്ചുപിടിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിൽ നിന്നും വ്യത്യസ്തമായ രീതിയാണ് സ്കിൻഗ്രാഫ്റ്റിങ്. അതിൽ ഒരുകൂട്ടം മുടികളെ ഒരുമിച്ച് അതു നിൽക്കുന്ന ചർമഭാഗം ഉൾപെടെ അടർത്തിയെടുത്ത് കഷണ്ടിയുള്ള ഭാഗത്ത് വെച്ചു പിടിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിൽ നിന്നും വ്യത്യസ്തമായ രീതിയാണ് സ്കിൻ ഗ്രാഫ്റ്റിങ് . അതിൽ ഒരു കൂട്ടം മുടികളെ ഒരുമിച്ച് അതു നിൽക്കുന്ന ചർമഭാഗം ഉൾപെടെ അടർത്തിയെടുത്ത് കഷണ്ടിയുള്ള ഭാഗത്ത് പുനഃസ്ഥാപിക്കുകയാണ് ചെയ്യുന്നത്. ഹെയർട്രാൻസ്പ്ലാന്റേഷനും സ്കിൻഗ്രാഫ്റ്റിങ്ങിനും ചെലവു വളരെ കൂടുതലാണ്.

പെട്ടെന്നു കഷണ്ടി മറയ്ക്കാൻ

പെട്ടെന്നു ഫലം കിട്ടുവാൻ വേണ്ടിയാണു ഹെയർ പ്രോസ്തസിസുകളെ ആശ്രയിക്കുന്നത്. ഹെയർ പ്രോസ്തസിസുകളെ ആശ്രയിക്കുന്നത്. ഹെയർപീസുകൾ എന്നു വിളിക്കുന്ന ഇത്തരം പ്രോസ്തസിസുകൾ പലതരത്തലുണ്ട്. വിഗ്ഫാൾ കാസ്കേഡ്, ഡെമിവിഗ്, ടോപ്പി, വിഗ്ലെറ്റ് തുടങ്ങിയവ.

ഇവ കൂടാതെ കോസ്മെറ്റിക് ചികിത്സകൾ ഇവയാണ്.

വിഗ് — വിഗ് കൊണ്ടു കഷണ്ടി മറയ്ക്കാമെങ്കിലും കാണുമ്പോൾ പെട്ടെന്നു തിരിച്ചറിയുന്നതിനാൽ പലർക്കും സ്വീകാര്യമല്ല.

ഹെയർ വീവിംഗ് —എക്സ്ട്രാ ഹെയർ ക്ലിപ്പുകൊണ്ടോ, ടേപ്പുകൊണ്ടോ പിടിപ്പിക്കുന്ന രീതിയാണിത്. ഇത്തരം ക്ലിപ്പുകൾ ഉപയോഗിച്ചാൽ മുടി പൊട്ടിപ്പോകാനിടയുണ്ട്.

ഹെയർ ഫിക്സിങ് —ഒരു തരം പശ വച്ച് ഒട്ടിക്കുന്ന രീതിയാണ് ഹെയർ ഫികിസിങ്. കാണുമ്പോൾ പെട്ടെന്നു തിരിച്ചറിയാത്തതിനാലും എന്നും ഊരി മാറ്റേണ്ടാത്തതിനാലും ഇതിനു സ്വീകാര്യത കൂടുതലാണ്. എന്നാൽ ഒട്ടിക്കാനുപയോഗിക്കുന്ന രാസവസ്തു അലർജിയുണ്ടാക്കാറുണ്ട്.

കൂടാതെ തലയിൽ ഉള്ള മുടിയെ കേടുവരുത്തുന്നതാണ് മറ്റൊരു ദൂഷ്യവശം. തുടർച്ചയായുള്ള ഉപയോഗം മൂലം രോമകൂപം അടഞ്ഞു പോകുകയും മുടിയുടെ വളർച്ച മുരടിക്കുകയും ചെയ്യുന്നു. രണ്ടാഴ്ച കൂടുമ്പോൾ എടുത്തുമാറ്റി ഷാംപൂ ചെയ്തു തിരിച്ചുവയ്ക്കണം. എപ്പോഴും ഇങ്ങനെ ഊരി എടുക്കുമ്പോൾ ഉണ്ടാകുന്ന ട്രാക്ഷൻ മൂലം മുടികൊഴിച്ചിൽ വർധിക്കാം.

ചെറിയ കഷണ്ടി മറയ്ക്കാനുപയോഗിക്കുന്ന പാച്ചുകളുണ്ട്. ഇതിൽ ഇലക്ട്രോസ്റ്റാറ്റിക് ചാർജുള്ള ഒരു തരം വെജിറ്റബിൾ ഫൈബറും ഉപയോഗിക്കാറുണ്ട്. ഇതുപയോഗിക്കുമ്പോൾ തലവേദന, അലർജി എന്നീ പ്രശ്നങ്ങൾ ഉണ്ടായേക്കാം

ഡോ. നന്ദിനി നായർ

കോസ്മെറ്റിക് ഡെർമറ്റോളജിസ്റ്റ്, ക്യൂട്ടിസ് ക്ലിനിക്

കൊച്ചി