ബ്രത് അനലൈസറും ആരോഗ്യവും നോക്കി പുതുവത്സരം ആഘോഷിക്കാം

പുതുവർഷം അടിച്ചു പൊളിച്ച് ആഘോഷിക്കണമെന്നുണ്ട്. പക്ഷേ എന്തു ചെയ്യാൻ കിട്ടിയ അവസരം മുതലാക്കാൻ ബ്രത് അനലൈസറുമായി പൊലീസുകാർ ഇറങ്ങും. അതിലെങ്ങാനും കുടുങ്ങിയാൽ പിന്നെ പുതുവർഷം ഗോവിന്ദ. ബ്രത് അനലൈസറിലേക്ക് ഊതി നോക്കിച്ചു പോലീസുകാർ എങ്ങനെയാണു കൂടിയന്മാരെ തിരിച്ചറിയുന്നത്?

ബ്രത് അനലൈസറിലേക്ക് ഊതുമ്പോൾ ശ്വാസം സൾഫ്യൂരിക് ആസിഡ്, പൊട്ടാസ്യം ഡ്രൈക്രേറ്റ്, സിൽവർ നൈട്രേറ്റ്, ജലം എന്നിവ അടങ്ങിയിട്ടുള്ള മിശ്രിതത്തിലൂടെ കടന്നു പോകുന്നു. ശ്വാസത്തിൽ ആൽക്കഹോൾ അംശം ഉണ്ടെങ്കിൽ അതു പൊട്ടാസ്യം ഡൈക്രമേറ്റും സൾഫ്യൂരിക് ആസിഡുമായി പ്രവർത്തിച്ച് ക്രോമിയം സൾഫേറ്റ് പോലുള്ള സംയുക്തങ്ങളായി മാറുന്നു. ക്രോമിയം സൾഫേറ്റിനു പച്ചനിറമാണ്. ശ്വാസത്തിൽ എത്രത്തോളം ആൽക്കഹോൾ ഉണ്ടോ അത്രയും പച്ചനിറം ലായനിക്കുണ്ടാകും.

കുടിക്കു ശേഷം കുറേ നടന്നാൽ

സിപ്പ് ചെയ്തു, സിപ്പ് ചെയ്തു സാവധാനം കുടിക്കുക. വെള്ളം, ഐസ് എന്നിവ ആവശ്യമായത്ര ചേർത്തു കുടിക്കണം.

മദ്യത്തിന്റെ അരുചി ഒഴിവാക്കാൻ കോളകൾ ചേർക്കുന്ന പ്രവണത അത്ര നല്ലതല്ല. ഇതിൽ അടങ്ങിയിരിക്കുന്ന ഫോസ്ഫോറിക് അമ്ലം തുടങ്ങിയുള്ള രാസപദാർഥങ്ങൾ ആൽക്കഹോളും ആയി ചേർന്നു കൂടുതൽ വിഷലിപ്തമായ പദാർഥങ്ങൾ സൃഷ്ടിക്കപ്പെടും. ഇതു ശരീരത്തെ പ്രത്യേകിച്ചും കരളിനെ പ്രതികൂലമായി ബാധിക്കും.

മദ്യത്തോടൊപ്പം കൊഴുപ്പേറിയ ഭക്ഷണം കരളിനെ കൂടുതൽ പ്രതിസന്ധിയിലാക്കും.

ബ്രോക്കോളി, ഇഞ്ചി, കാപ്സിക്കം ഇവ മദ്യത്തോടൊപ്പം ഏറെ നല്ലതാണ്. കുക്കുമ്പർ, സവാള, കാരറ്റ്, ബീറ്റ്റൂട്ട്, തക്കാളി, പച്ചമുളക് അരി കളഞ്ഞത്, കാബേജ്, വെണ്ടയ്ക്കാ തുടങ്ങിയവ ചേർത്തുള്ള സാലഡുകൾ, കടലയും സവാളയും ചേർത്ത മിക്ചർ തുടങ്ങിയവ എത്ര കഴിക്കുന്നുവോ അത്രയും നല്ലതാണ്. ഇവ നിർജലീകരണം ഉളവാക്കുകയില്ല. വില കുറഞ്ഞ മദ്യവും വിലയേറിയ മദ്യവും കരളിനു ഒരേ പോലെ ഹാനികരമാണ്. കഴിക്കുന്ന അളവിലാണു പ്രശ്നമുള്ളത്. സൂചി ഇരുമ്പായാലും സ്വർണമായാലും വേദന ഒരേപോലെയാണ്.

മദ്യപാനശേഷം കുറെ ദൂരം നടക്കുന്നത് ഏറെ ഗുണകരമാണ്. മദ്യത്തിൽ നിന്നും ശരീരത്തിലേക്കെത്തപ്പെടുന്ന കാലറി (ഊർജം) കുറെ ഒഴിവാക്കപ്പെടും, കഴിച്ച ലഹരി ആസ്വദിക്കാൻ സമയം ലഭിക്കും. ദാഹം തോന്നിയാൽ വെള്ളം കുടിച്ചു നിർജലീകരണം ലഘൂകരിക്കാം. അടുത്ത ദിവസം സംഭവിക്കാവുന്ന തലവേദന, ഹþങ്ങോവർ തുടങ്ങിയവയിൽ നിന്നും സംരക്ഷണം ലഭിക്കും.

കാപ്പി, പാൽ, നെയ്യ് തുടങ്ങിയവ നിർജലീകരണം വർധിപ്പിക്കുന്നവയാണ്. അവ ഒഴിവാക്കണം.

ഹാങ്ങോവർ, തലവേദന ഇവ ഉണ്ടായാൽ ശുദ്ധജലം കുടിയ്ക്കാം. നാരങ്ങാവെള്ളം, മോരിൻവെള്ളം തുടങ്ങിയവ കുടിക്കുന്നതിൽ തെറ്റില്ല.

പഴങ്ങളിൽ കപ്പളങ്ങ (പപ്പായ) ആണ് ഹാങ്ങോവർ ശമിപ്പിക്കാൻ ഏറെ നല്ലത്.

ഡോ. റ്റി കെ അലക്സാണ്ടർ

എച്ച് ആർ സി സ്പെഷാലിറ്റി ക്ലീനിക്

എം ജി റോഡ്, എറണാകുളം