Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരാൾ മറ്റൊരാളെ ഇഷ്ടപ്പെടുന്നതെങ്ങനെ?

loving

ഇന്നത്തെ സമൂഹത്തിൽ ഒരു മനുഷ്യനു തന്റെ നിലനിൽപ്പിനായി കൂടുതൽ പേരെ തന്നിലേക്ക് ആകർഷിക്കേണ്ടതായി വരുന്നു. സാമ്പത്തിക ഉന്നമനം പോലെതന്നെ സാമൂഹികമൂലധനവും വേണ്ടി വരുന്ന സമൂഹത്തിൽ വ്യക്തിബന്ധങ്ങൾ കൂടുതൽ ഉണ്ടാക്കുകയും നിലനിർത്തുകയും ചെയ്യുന്നവർക്ക് അതിജീവനം സാധ്യമാകുന്നു.

സ്വാഭാവികമായും മനുഷ്യർക്ക് എല്ലാത്തരം ആളുകളെയും ഇഷ്ടമാവില്ല. ജാതി, മതം, ലിംഗം, പ്രദേശം, ഭാഷ, സമ്പത്ത്, വർണം, രൂപം തുടങ്ങിയ നിരവധി ഘടകങ്ങൾ മനുഷ്യരെ സ്വാധീനിക്കുന്നുണ്ട്. ആഗോള ഗ്രാമത്തിൽ ജീവിക്കുന്ന മനുഷ്യന് തന്റെ അതൃപ്‌തി മറച്ചുവെച്ചുകൊണ്ട് പെരുമാറേണ്ടി വരുന്നു. ക്ഷമിക്കുക, ബഹുമാനം കാണിക്കുക, നിഷ്ക്കളങ്കമായി ചിരിക്കുക തുടങ്ങിയ പെരുമാറ്റ തന്ത്രങ്ങൾ മനുഷ്യർ പ്രകടിപ്പിക്കുന്നത് തന്റെ ജൈവസ്വഭാവത്തെ സ്വയം നിയന്ത്രിച്ചിട്ടാണ്. കുടുംബജീവിതത്തിനും സാമൂഹിക, സാമ്പത്തിക നിലനിൽപ്പിനും ഇത് ആവശ്യമാണെന്ന് ഓരോ മനുഷ്യനും തിരിച്ചറിയുന്നുണ്ട്. എത്രത്തോളം നിസ്വാർഥതയും സഹാനുഭൂതിയും കാണിക്കുന്നുവോ അത്രത്തോളം അംഗീകരിക്കപ്പെടുമെന്നു മനുഷ്യന് ബോധമുണ്ട്. ഇത് മനുഷ്യന്റെ പെരുമാറ്റത്തിലെ ശ്രേഷ്ഠമായ ഒരു ഗുണമാണ്. സാമൂഹികവും സാംസ്കാരികവുമായ വശങ്ങൾ, ബുദ്ധിപരവും കലാപരവുമായ കഴിവുകൾ എന്നിവയും മനുഷ്യരുടെ താൽപര്യങ്ങളെ സ്വാധീനിക്കുന്നു.

നിങ്ങളുടെ ജീവിതവീക്ഷണമോ ജാതി, മത വിശ്വാസങ്ങളോ ഒരേ തരം അനുഭവങ്ങളോ പങ്കിടുന്നവരോട് നിങ്ങൾക്കു താൽപര്യം തോന്നാം. നിങ്ങളുടെ ലക്ഷ്യങ്ങൾ, നിലനിൽപ്, സുരക്ഷിതത്വം ഇതിനോടൊക്കെ ചേർന്നു നിൽക്കുന്നവരുമായി നിങ്ങൾ കൂട്ടുകൂടും. ഇത്തരം ഘടകങ്ങളെല്ലാം നിങ്ങളുടെ ബയോളജിയെ സ്വാധീനിക്കുന്നുണ്ട് . ഓരോരുത്തരും മറ്റൊരാളെ ഇഷ്ടപ്പെടുന്നത് തങ്ങളുടെ മാനസിക സങ്കൽപ്പങ്ങൾക്കനുസൃതമായാണ്. ചെറുപ്പം മുതൽതന്നെ ഓരോ മനുഷ്യനെയും സാമൂഹികവും സാംസ്കാരികവുമായി സ്വാധീനിക്കുന്ന ഘടകങ്ങൾ ഉണ്ട്. ആദർശവൽക്കരിക്കപ്പെട്ട സൗന്ദര്യ സങ്കൽപങ്ങളുണ്ട്..

ആളുകൾ പരസ്പരം ഇഷ്ടപ്പെടുന്നതിന്റെ കാരണങ്ങൾ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. വ്യക്തികൾ തമ്മിൽ ഗാഢസ്നേഹ ബന്ധം ഉണ്ടാകുന്ന സമയത്ത് fMRI സ്കാനിങ്ങിനു വിധേയമാക്കിയാണ്, ഇഷ്ടമുണ്ടാകുമ്പോൾ ശരീരത്തിലും മനസ്സിലും എന്തു സംഭവിക്കുന്നു എന്നു മനസ്സിലാക്കാൻ ഗവേഷകർക്കു കഴിഞ്ഞത്.

സ്നേഹ സൗഹൃദങ്ങളുടെ അനാട്ടമി

വ്യക്തികൾ തമ്മിലുള്ള സ്നേഹ സൗഹൃദങ്ങൾ വികസിച്ചുവരുന്നതിനു പിന്നിൽ ചില ഹോർമോണുകളുടെ ഇടപെടലുകളുണ്ട്. ഹൈപ്പോതലാമസിന്റെ ചില ഭാഗങ്ങൾ ഉത്പാദിപ്പിക്കുന്ന ഓക്സിടോസിൻ (oxytocin), വാസോപ്രസിൻ (vasopressin) എന്നീ ഹോർമോണുകളാണ് നമ്മെ പരസ്പരം ഇണക്കിച്ചേർക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽതന്നെ നമുക്ക് ചിലരുമായി ആകർഷകമായ സൗഹൃദം രൂപപ്പെടുകയും തുടർന്നും അവരുടെ സാമീപ്യം വേണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. നമ്മുടെ തലച്ചോറിൽ ഉത്പാദിപ്പിക്കപ്പെട്ട ഓക്സിടോസിൻ എന്ന ഹോർമോൺ ആണ് ഇതിനു കാരണം. ഓക്സിടോസിൻ എത്രമാത്രം ഉത്പാദിപ്പിക്കപ്പെട്ടു എന്നതിനെ ആശ്രയിച്ചാണ് ഗാഢമായ സ്നേഹബന്ധം രൂപപ്പെടുന്നത്. ഒരാളുമായി നമ്മൾ സംസാരിക്കുമ്പോൾ, ഇടപഴകുന്നതിൽ നീരസം തോന്നുന്നുവെങ്കിൽ അപ്പോൾ നമ്മുടെ മസ്തിഷ്കത്തിൽ ഓക്സിടോസിൻ ഉത്പാദനം വളരെ കുറവായിരിക്കും. ആ വ്യക്തിയുമായി പിന്നീടുള്ള ഇടപെടലിൽനിന്ന് ഇത് നമ്മെ പിന്തിരിപ്പിക്കും.

മുലയൂട്ടുന്ന സമയത്ത് അമ്മയുടെ മസ്തിഷ്‌കത്തിൽ ഓക്സിടോസിൻ ഉണ്ടാകാറുണ്ട്. അമ്മയ്ക്ക് കുഞ്ഞുമായുള്ള സ്നേഹബന്ധം, ആലിംഗനം, തലോടൽ എന്നിവയെല്ലാം ഈ ഹോർമോണിന്റെ അളവു കൂട്ടുന്നു. മനുഷ്യന്റെ ആരോഗ്യപരമായ വ്യക്തിബന്ധങ്ങൾ, ലൈംഗിക സ്വഭാവം ഇതൊക്കെ നിലനിർത്തുന്നതിന് ഇടപെടുന്ന ഹോർമോൺ ആണ് ഓക്സിടോസിൻ. ഇഷ്ടപ്പെടുന്ന വ്യക്തിയെ കാണുമ്പോൾ സ്പർശിക്കുന്നതിനും ആശ്ലേഷിക്കുന്നതിനും കാരണം ഓക്സിടോസിൻ തന്നെ.

പരസ്പരാകർഷണവും ഫെറമോണുകളും

ജന്തുലോകത്ത് ഗന്ധങ്ങൾക്കുള്ള (pheromones) സ്വാധീനം വളരെ വ്യക്തമാണ്. മൃഗങ്ങൾ തങ്ങളുടെ ഇണകളെ തിരിച്ചറിയുന്നത് അതിന്റെ ഗന്ധം കൊണ്ടാണ്. ചില മൃഗങ്ങളിൽ ആൺ ജാതി പെണ്ണിന്റെ ലൈംഗിക അവയവങ്ങളെ മണത്തു നോക്കിയാണ് ഇണചേരാൻ പറ്റുമോ എന്നു തിരിച്ചറിയുന്നത്. ചില ജീവികൾ പ്രാദേശികത നിർണയിക്കുന്നതും അതിര് നിശ്ചയിക്കുന്നതും ഗന്ധം മൂലമാണ്.

മനുഷ്യരുടെ ഇടയിലും, വ്യക്തി ബന്ധങ്ങൾ രൂപപ്പെടുത്തുന്നതിലും ലൈംഗിക ആകർഷണമുണ്ടാകുന്നതിലും ശരീരം ഉത്പാദിപ്പിക്കുന്ന ഗന്ധങ്ങൾക്കു മുഖ്യമായ പങ്കുണ്ട്. ജീവിതത്തിൽ ഓരോ ഗന്ധവും ഉണർത്തുന്ന വ്യക്തികൾ, സാഹചര്യങ്ങൾ, സ്ഥലങ്ങൾ ഇതെല്ലം വിവിധ രീതിയിൽ നമ്മുടെ മാനസിക വ്യാപാരങ്ങളെ സ്വാധീനിക്കുന്നു. ഇഷ്ടപ്പെട്ട വ്യക്തിയിൽ നിന്നുണ്ടായ ഗന്ധം ആ വ്യക്തിയുമായി കോർത്തിണങ്ങി കിടക്കുന്ന അനുഭവങ്ങളുമായി വൈകാരികമായി നമ്മെ സ്വാധീനിക്കുന്നു.

മനുഷ്യരുടെ ശരീരം ഉത്പാദിപ്പിപ്പിക്കുന്ന രണ്ടുതരം ഫെറമോണുകൾ കണ്ടെത്തിയിട്ടുണ്ട്. എസ്ട്രാടെട്രോനിയോൾ (Estratetraenol) എന്ന ഫെറമോൺ സ്ത്രീകളുടെ മൂത്രത്തിൽ അടങ്ങിയിട്ടുണ്ട്. ഇത് ഓവുലേഷൻ സമയത്തു കൂടുതൽ ഉണ്ടാകുന്നു എന്നു കണ്ടെത്തിയിട്ടുണ്ട്‌. ആഡ്രോസ്റ്റഡിനോൺ (Androstadienone) എന്ന ഫെറമോൺ പുരുഷന്മാരുടെ വിയർപ്പിൽ അടങ്ങിയിട്ടുണ്ട്.

ദുർമേദസ് ഇല്ലാത്ത ശരീരം, വടിവൊത്ത മുഖം, ശാരീരികമായ അനുരൂപത, നല്ല ഉയരം തുടങ്ങിയ ഗുണങ്ങൾ ആകർഷണമുണ്ടാക്കുന്നവയാണ്. നല്ല ആരോഗ്യവും പ്രസരിപ്പും ഉള്ളവർക്ക് കൂടുതൽ പേരെ സ്വാധീനിക്കാൻ കഴിയുന്നു. പ്രകൃതി ഏറ്റവും ഉചിതമായതിനെ തിരഞ്ഞെടുക്കുന്നു. ആരോഗ്യമുള്ളവർക്ക് മെച്ചപ്പെട്ട പ്രത്യുൽപ്പാദനശേഷിയുണ്ട് എന്നതാണ് ആകർഷണത്തെ സ്വാധീനിക്കുന്ന ജീവശാസ്ത്രപരമായ ഘടകം. ആരോഗ്യമുള്ളവരിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഫെറമോണുകൾ ലൈംഗികാകർഷണത്തെ സ്വാധീനിക്കുന്നുവെന്നു തെളിഞ്ഞിട്ടുണ്ട്.

പ്രണയം എങ്ങനെ സംഭവിക്കുന്നു?

ഒരാൾ തനിക്ക് അനുരൂപമായ ഒരാളെ കാണുമ്പോൾ അയാളോട് /അവളോട് ലൈംഗിക ആകർഷണം തോന്നുന്നുവെങ്കിൽ അത് പ്രണയമാണ്. ആ നിമിഷങ്ങളിൽ വ്യക്തിയുടെ മസ്തിഷ്കത്തിലെ ഒരു ന്യൂറോട്രാൻസ്മിറ്ററായ ഡോപ്പാമിൻ ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോണിന്റെ അളവ്‌ വർധിക്കുന്നു. ഇഷ്ടപ്പെട്ട വ്യക്തിയെ ആകർഷിക്കാനുള്ള പെരുമാറ്റങ്ങൾ പ്രകടിപ്പിക്കാൻ അതു പ്രചോദനം നൽകുന്നു. ആ വ്യക്തിയുമായി ഗാഢമായ സ്നേഹബന്ധം സ്ഥാപിക്കാൻ വേണ്ട പെരുമാറ്റ തന്ത്രങ്ങൾ സൃഷ്ടിക്കുന്നത് ഓക്സിടോസിൻ എന്ന ഫെറമോണിന്റെ പ്രവർത്തനമാണ്. ഒരാളോടുള്ള പ്രണയം തീക്ഷ്ണമാകുന്നത് അതിൽ തീവ്രമായ സ്നേഹബന്ധവും ശക്തമായ ലൈംഗിക ആകർഷണവും നിലനിൽക്കുമ്പോഴാണ്. ഹൈപ്പോതലാമസിലെ മീഡിയൽ പ്രീ ഒപ്റ്റിക് ഏരിയ (medial preoptic area) എന്ന ഭാഗത്ത് സെറോടോണിൻ എന്ന ന്യൂറോട്രാൻസ്മിറ്റർ ഒഴുകുമ്പോൾ ലൈംഗിക ആകർഷണം നഷ്ടപ്പെടുന്നു. അങ്ങനെ പ്രണയം ഇല്ലാതാകുന്നു.

മനുഷ്യരെ ഇഷ്ടപ്പെടുന്ന മനുഷ്യർ

മറ്റുള്ളവരെ അറിയാനും അവരുടെ വീക്ഷണത്തിൽ നിന്നുകൊണ്ട് അവരെ കാണാനുമുള്ള കഴിവ്, സഹകരണ മനോഭാവം, മറ്റുള്ളവരുമായി ഇഴുകിച്ചേരാനുള്ള കഴിവ്, സ്വയം വെളിപ്പെടുത്താനുള്ള തന്റേടം ഇതെല്ലാം ചില മനുഷ്യരിൽ സ്വാഭാവികമായും കാണും. മറ്റുള്ളവരുടെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ എന്നു ചിന്തിച്ചു പെരുമാറുന്ന ഇവർ അനുതാപം (Empathy) എന്ന മാനസിക ഭാവം ഉള്ളവരാണ്.

മസ്തിഷ്ക്കത്തിലെ ആന്റീരിയർ ഇൻസുലാർ കോർട്ടക്‌സ് (Anterior Insular Cortex) എന്ന ഭാഗമാണ് അനുതാപം രൂപപ്പെടുത്തുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. ഓട്ടിസം ബാധിച്ചവരിൽ മസ്തിഷകത്തിലെ ഈ ഭാഗം അത്ര പ്രവർത്തനക്ഷമമല്ലെന്ന് fMRI സ്കാനിങ്ങിൽ തെളിയുകയുണ്ടായി. പേരോ പ്രശസ്തിയോ ലക്ഷ്യമാക്കാതെ മറ്റു മനുഷ്യരെ സഹായിക്കുന്ന, അവരുമായി നിസ്വാർഥമായി സഹകരിക്കാൻ ആഗ്രഹിക്കുന്ന ആളുകളാണ് അനുതാപം കൂടുതലുള്ളവർ. അവർക്ക് എളുപ്പം ആകർഷകമായ വ്യക്തിബന്ധങ്ങൾ സ്ഥാപിക്കാൻ കഴിയുന്നു.

പെരുമാറ്റം ആകർഷകമാക്കാൻ നമ്മൾ എന്തെല്ലാം ചെയ്യണം?

സാമൂഹിക ജീവിതത്തിലും കൂട്ടായ്മകളിലും വാക്കുകൾക്കും മുഖഭാവത്തിനും പ്രധാനപ്പെട്ട പങ്കുണ്ട്. മനസ്സിലുള്ള ചിന്തകൾക്കനുസൃതമായി മുഖഭാവത്തിൽ മാറ്റം വരുന്നു. കേൾവിക്കാരന്റെ മുഖഭാവമനുസരിച്ച്, സംസാരം അയാൾക്കിഷ്ടമാകുന്നുണ്ടോ എന്നു പറയുന്നയാൾക്കു മനസ്സിലാക്കാനാവും. അങ്ങനെ സംസാരം നിയന്ത്രിക്കാൻ കഴിയും. നമ്മളെയും മറ്റുള്ളവരെയും ബന്ധിപ്പിക്കുന്നത് വാക്കുകളാണ്. വാക്കുകളിലൂടെ മറ്റുള്ളവരുടെ ആരാധനാ പാത്രമാകാം. വൈകാരികമായി, അശ്രദ്ധമായി ഉപയോഗിക്കുന്ന വാക്കുകൾ വ്യക്തിബന്ധങ്ങളിൽ വിള്ളലുകൾ സൃഷ്ടിക്കാം.

നമ്മൾ എന്താണോ അതാണ് നമ്മുടെ വാക്കുകളിലൂടെയും മുഖഭാവങ്ങളിലൂടെയും വെളിപ്പെടുന്നത്. നമ്മുടെ ചിന്തകൾ, കാഴ്ചപ്പാട്, മനോഭാവം, ഉദ്ദേശം ഇതെല്ലാം എത്ര ഒളിപ്പിക്കാൻ ശ്രമിച്ചാലും വാക്കുകളിലൂടെ നമ്മൾ പുറത്തു വിടും. അറിയാതെ പറഞ്ഞു പോകുന്ന ചില കാര്യങ്ങൾ, മൗനങ്ങൾ, മുഖഭാവങ്ങൾ, കണ്ണുകളുടെ ചലനങ്ങൾ, ചിരി ഇതെല്ലാം നമ്മെ ചതിക്കും.

സംസാരം ആകർഷകമാക്കാനുള്ള ആദ്യപടി ബുദ്ധിപൂർവം സംസാരിക്കുക എന്നതാണ്. മറ്റുള്ളവരെ അനാവശ്യമായി കുറ്റപ്പെടുത്തുകയും വിമർശിക്കുകയും ചെയ്യുന്ന ആൾ സ്വന്തം അപകർഷതാബോധം മറച്ചുവെക്കാൻ ശ്രമിക്കുകയാണ്. മറ്റുള്ളവരെ പരിഹസിക്കുന്ന ആൾ തന്നെത്തന്നെയാണ് പരിഹസിക്കുന്നത്.

മറ്റൊരാൾ പറയുന്നതിനിടയിൽ തലയിട്ടു സംസാരിക്കരുത്. സംസാരിക്കുന്ന വ്യക്തിയുടെ മുഖത്തേക്കു തുറിച്ചു നോക്കുന്നത് ശരിയല്ല. ബഹുമാനത്തോടെയാണ് നോക്കേണ്ടത്. മറ്റുള്ളവരുടെ വാക്കുകളെയും ഭാവങ്ങളെയും അളന്നു മുറിച്ച് വിലയിരുത്തുന്നത് ബന്ധങ്ങൾ സുഗമമായി മുന്നോട്ടു കൊണ്ടുപോകാൻ തടസ്സങ്ങൾ സൃഷ്ടിക്കും. ആശയവിനിമയത്തിൽ ശരീരഭാഷയ്ക്കാണ് മുഖ്യസ്ഥാനം. രണ്ടാമത്തെ സ്ഥാനം വാക്കുകളിലെ വൈകാരികഭാവത്തിനാണ്. അടുത്ത സ്ഥാനം വാക്കുകളുടെ അർഥത്തിനാണ്.

പ്രസന്നമായ വ്യക്തിത്വവും ധൈര്യം പ്രകടിപ്പിക്കുന്ന പെരുമാറ്റവും ഉണ്ടായിരുന്നാലും എല്ലാവരെയും എല്ലാവർക്കും ഇഷ്ടപ്പെടാൻ കഴിയില്ല. പ്രകടമായ കാരണങ്ങളൊന്നുമില്ലാതെതന്നെ ചിലരോടു വെറുപ്പു തോന്നാം. അവരോടു സംസാരിച്ചുപോയി എന്ന ഒറ്റക്കാരണത്താൽ അസ്വസ്ഥരാകാം. അതിന്റെ കാരണം തികച്ചും വ്യക്തിപരമാണ്. വളരെ മോശപ്പെട്ട അനുഭവം ഉണ്ടാക്കിയ അല്ലെങ്കിൽ അടിച്ചമർത്തിയ വ്യക്തിയുടെ മുഖത്തോടോ പെരുമാറ്റത്തോടോ രീതികളോടോ സാമ്യമുള്ള ആളുകളെ കാണുമ്പോൾ അവരോടു വെറുപ്പും അകൽച്ചയും തോന്നും. എന്നാൽ ഇഷ്ടമല്ലാത്തവരോടും മാന്യമായി പെരുമാറുന്ന ഒരു സംസ്കാരം ആധുനിക മനുഷ്യൻ വളർത്തിയെടുക്കാൻ ശ്രമിക്കുന്നുണ്ട്.

വിവരങ്ങൾക്കു കടപ്പാട്
ഡോ. പ്രസാദ് അമോർ
കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് സോഫ്റ്റ്മൈൻഡ്, ലക്ഷ്മി ഹോസ്പിറ്റൽ, അരൂർ

The Anatomy of Love By Helen Fisher
Pheromones and Animal Behavior: Chemical Signals and Signatures 2nd Edition by Wyatt, Tristram .D
Hormone/Behavior Relations of Clinical Importance: Endocrine Systems Interacting with Brain and Behavior .1st Edition by Robert H. Rubin MD (Editor), Donald W. Pfaff (Editor)

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.