ലിംഗ വലുപ്പത്തെക്കുറിച്ച് ആശങ്കയുണ്ടോ?

sexual-problem
SHARE

നല്ലൊരു ശതമാനം പുരുഷന്മാരെയും വേട്ടയാടുന്ന മുഖ്യ ആകുലതകളിൽ ഒന്നാണ് ലിംഗവലുപ്പം. വലുപ്പം വർധിപ്പിക്കാൻ ചികിത്സ തേടി തട്ടിപ്പുകൾക്ക് ഇരയാകുന്നവുമുണ്ട്. ലിംഗവലുപ്പം വർധിപ്പിക്കാൻ വേണ്ട ശസ്ത്രക്രിയ മാർഗങ്ങളെപ്പറ്റിയുള്ള പഠനത്തിന് ഇടയ്ക്കാണ് സാധാരണ ഒരാളുടെ ലിംഗത്തിന്റെ വലുപ്പം എത്രയാണെന്നുള്ള അന്വേഷണം ശാസ്ത്ര സമൂഹം തുടങ്ങിയത്. ഇതേപ്പറ്റി പല പഠനങ്ങളും നടന്നിട്ടുണ്ട്. ഭൂരിഭാഗം പേരുടെയും ആശങ്കകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് പഠനങ്ങളിൽ കണ്ടെത്തിയത്.

2016 മാർച്ച് 14 നാണ് സക്കറിയയെ മാതാപിതാക്കളും അളിയനും ചേർന്ന് ചികിത്സയ്ക്കായി എന്റെ അടുത്ത് കൊണണ്ടുവന്നത്. അവർക്ക് ഒരേയൊരു പരാതിമാത്രം ‘‘ഡോക്ടർ ഇവനു വയസ്സ് 42 കഴിഞ്ഞു. ഒരു വിവാഹത്തിനും തയാറാകുന്നില്ല. ഏതെങ്കിലും വിവാഹം ഉറപ്പിച്ചു കഴിഞ്ഞാൽ അവൻതന്നെ പെൺവീട്ടുകാരെ പിന്തിരിപ്പിക്കും. ഇത് സ്ഥിരം പരിപാടിയാണ്. ഇവന് എന്തെങ്കിലും കുറവുകളുണ്ടോയെന്ന് പരിശോധിക്കണം. എന്താണ് ഇവന്റെ പ്രശ്നമെന്ന് ഞങ്ങൾക്ക് ഇതുവരെ മനസ്സിലായിട്ടില്ല.

കൂടെ വന്നവരെ പുറത്ത് ഇരുത്തിയിട്ട് ഞാൻ സക്കറിയയോട് ഏറെ നേരം സംസാരിച്ചു. ഇതിനിടിൽ അദ്ദേഹം പല കാര്യങ്ങളും തുറന്നു പറഞ്ഞു. ലിംഗവലുപ്പം ഇല്ല എന്നതുതന്നെയാണ് സക്കറിയയെയും അലട്ടിയിരുന്ന പ്രശ്നം. അദ്ദേഹത്തിനുള്ളിൽ ആ തോന്നൽ സൃഷ്ടിക്കാൻ വ്യക്തമായ കാരണവുമുണ്ടായിരുന്നു.

സക്കറിയ ഡിഗ്രിക്കു പഠിക്കുമ്പോഴാണ് വീണയുമായുള്ള പ്രണയം തുടങ്ങിയത്. 18 വയസ്സിൽ തുടങ്ങിയ ആ ആ പ്രണയം 28 വയസ്സുവരെ ഉണ്ടായിരുന്നു. വീണയെ വിവാഹം കഴിയ്ക്കുന്ന കാര്യം വീട്ടിൽ ആവശ്യപ്പെട്ടെങ്കിലും യഥാസ്ഥിതിക മനോഭാവമുള്ള വീട്ടുകാർ വഴങ്ങിയില്ല. വീണയുടെ വീട്ടുകാർക്കും ഈ ബന്ധം സമ്മതമായിരുന്നില്ല. അങ്ങനെ ആ ബന്ധം ഉപേക്ഷിക്കേണ്ടി വന്നു. പിന്നീടുള്ള 4 വർഷം ബുദ്ധി ജീവിയുടെയും നിരാശാ കാമുകന്റെയുമക്കെ വേഷമിട്ട് എവിടെയൊക്കെയോ അലഞ്ഞു തിരിഞ്ഞു. 

അറിയാം, ലൈംഗികതയിലെ 10 പ്രധാന സ്ഥാനങ്ങൾ

32–ാം വയസ്സിൽ ബോംബൈയ്ക്കു വണ്ടി കയറി അവിടെയൊരു ജോലിയും കണ്ടുപിടിച്ചു. ബോംബൈയിൽ താമസിക്കുന്ന കാലത്താണ് ഒരു സുഹൃത്തിനോടൊപ്പം ഒരു ചുവന്ന തെരുവിൽ എത്തിപ്പെട്ടത്. സ്വതവേ അൽപം പിശുക്കനായിരുന്ന സക്കറിയയ്ക്ക് അവിടെയും തന്റെ ശീലങ്ങൾ നിയന്ത്രിക്കാനായില്ല. കാശിന്റെ കാര്യത്തിലുള്ള വിലപേശൽ തുടർന്നു. അതിനു ശേഷമാണ് സമ്മതിച്ചത്. അയാളോട് ദേഷ്യം തോന്നിയിരുന്ന സ്ത്രീ എല്ലാം കഴിഞ്ഞപ്പോൾ നന്നായൊന്നു പ്രതികരിച്ചു. ഹിന്ദിയിൽ അവൾ പറഞ്ഞ വാചകങ്ങളുടെ ചുരുക്കം ഇതാണ് ‘‘തന്നെയൊക്കെ എന്തിനു കൊള്ളാമെടോ ഇത്രയും ചെറിയ ലിംഗവുമായി ചെന്നാൽ ഒരു പെണ്ണും ‍തന്റെയൊന്നും കൂടെ ജീവിക്കില്ല അവൾ മറ്റാരെയെങ്കിലും തേടിപ്പോകും. മേലാൽ ഇക്കാര്യവും പറഞ്ഞ് ഇങ്ങോട്ട് വന്നേക്കരുത്. ‘‘ഒരു നിമിഷം സക്കറിയയുടെ കണ്ണിൽ ഇരുട്ട് കയറി. തന്റെ ശവപ്പെട്ടിയുടെ മുകളിൽ അവസാനത്തെ ആണിയും തറച്ചു കയറ്റിയതു പോലെ തോന്നി. 

ഈ തോന്നലിനു പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. കോളജിൽ പഠിക്കുന്ന കാലത്ത് സക്കറിയയ്ക്ക് തടി കൂടുതലായിരുന്നു. ഹോസ്റ്റലിലെ റാഗിങിന്റെ സമയത്ത് സീനിയേഴ്സ് വസ്ത്രമഴിപ്പിച്ച് കളിയാക്കിയിട്ടുണ്ട്. ‘‘എടാ തടിയാ നിന്റെ തടിക്കൊത്ത് ഒന്നും കാണുന്നില്ലല്ലോ. ഇത് തീരെ ചെറുതാണല്ലോ ഇതുകൊണ്ട് വലിയ കാര്യമൊന്നുമില്ല’’ കൗമാരക്കാലത്തു തന്നെ അയാളുടെ മനസ്സിൽ ഇതൊരു ആശങ്കയായി അടിഞ്ഞു കിടന്നു. ഒരു സ്ത്രീയുടെ ശകാരവും കുറ്റപ്പെടുത്തലും കൂടിയായപ്പോൾ ആശങ്കയും ദുഃഖവും ജീവിതത്തിലും കരിനിഴലായി . 

ഏറെ അന്വേഷണങ്ങൾക്കു ശേഷം ഒരു ചെറിയ ഹോട്ടൽ മുറിയിൽ ഞായറാഴ്ചകളിൽ മാത്രം സന്ദർശിച്ചിരുന്ന ലൈംഗിക രോഗ വിദഗ്ധൻ എന്ന ബോർഡ് വച്ച ഒരു വ്യാജ ഡോക്ടറെ കണ്ടെത്തി വിഷമങ്ങളെല്ലാം ധരിപ്പിച്ചു. വസ്ത്രമഴിച്ചു പരിശോധിച്ചതിനു ശേഷം ഡോക്ടർ പറഞ്ഞു. ‘‘കുഴപ്പമില്ല നമുക്ക് ശരിയാക്കാം ഒരു വർഷമെങ്കിലും മരുന്ന് മുടങ്ങാതെ കഴിക്കേണ്ടി വരും’’ സക്കറിയ സമ്മതിച്ചു. പല നിറങ്ങളിലും രൂപത്തിലുമുള്ള പേരോ ലേബലോ ഇല്ലാത്ത നാല് തരം ഗുളികകളും പുരട്ടാനുള്ള ഒരു തൈലവും ലഭിച്ചു. ഒരു മാസത്തെ മരുന്നിന് 11000 രൂപ. അങ്ങനെ സക്കറിയ ഒരു വർഷം മരുന്നു കഴിച്ചു. ഓരോ തവണ ചെല്ലുമ്പോഴും തന്റെ സംശയം ആവർത്തിച്ചു.‘‘ ഡോക്ടറെ ഇത്രയും നാളും മരുന്നു കഴിച്ചിട്ടും ഒരു മാറ്റവും കാണാനില്ലല്ലോ?’ ഡോക്ടർ ഉറപ്പുകൊടുത്തു. ഈ കോഴ്സ് പൂർത്തിയാക്കൂ അതിനുശേഷമേ മാറ്റം വരുകയുള്ളു. എല്ലാം പൂർത്തിയാക്കിയെങ്കിലും സക്കറിയയ്ക്ക് ഒരു മില്ലിമീറ്റർ പോലും വലുപ്പവ്യത്യാസം അനുഭവപ്പെട്ടില്ല.

ലൈംഗികബന്ധത്തിലെ അപകടകരമായ പൊസിഷനുകൾ

അങ്ങനെ എല്ലാത്തിലും നിരാശനായപ്പോൾ മദ്യത്തിൽ അഭയം തേടി. വിവാഹം കഴിക്കാതെ ഒഴിഞ്ഞു മാറുവാനുള്ള കാരണവും ഇതൊക്കെതന്നെയായിരുന്നു. ഒടുവിൽ വീട്ടുകാർ ഇടപെട്ട് മദ്യപാനം ചികിത്സിച്ചു മാറ്റിയതിനുശേഷമാണ് എന്റെ മുന്നിൽ എത്തിച്ചത്. സക്കറിയയുടെ എല്ലാ പരിശോധനാഫലങ്ങളും ലിംഗവും പൂർണമായും നോർമലാണെന്ന് കണ്ടെത്തി. ധൈര്യമായി മുന്നോട്ടു പോകാൻ വേണ്ട നിർദ്ദേശം നൽകി. ആത്മവിശ്വാസവും പകർന്നു നൽകി. നാല് മാസങ്ങൾക്കു ശേഷം സക്കറിയ വിവാഹിതനായി. ഇന്നയാൾ ഒരു കുഞ്ഞിന്റെ അച്ഛനാണ്. 42 വയസ്സു വരെയുള്ള ജീവിതം ലിംഗവലിപ്പത്തെപ്പറ്റിയുള്ള ആശങ്ക കാരണം നഷ്ടപ്പെട്ടു.

ഒരു കാര്യം മനസ്സിലാക്കുക. പുരുഷലിംഗത്തിന്റെ വലിപ്പം അത്ര പ്രശ്നമല്ല. വലിപ്പമല്ല രതിസുഖത്തിന് നിദാനം, മറിച്ച് സ്ത്രീയും പുരുഷനും തമ്മിലുള്ള സ്നേഹവും പങ്കുവയ്ക്കലും രതിപൂർവ്വരീതികളിൽ ഇടപെടുന്ന രീതികളുമാണ്. ലിംഗത്തിന്റെ വലിപ്പം കൂട്ടാൻ പ്രാപ്തമായ മരുന്നുകളൊന്നും ലഭ്യമല്ല. ലിംഗവലിപ്പത്തെപ്പറ്റി ഇന്ത്യയിൽ നടന്നിട്ടുള്ള ഏക ശാസ്ത്രീയ പഠനം ഈ ലേഖകനും സംഘവും നടത്തിയതാണ്. അതിന്റെ റിപ്പോർട്ട് 2007 ലെ ഇന്റർനാഷണൽ ജേണൽ ഓഫ് ഇംപൊട്ടൻസ് റിസേർച്ചിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൻ പ്രകാരം ഉദ്ധരിച്ച ലിംഗത്തിന്റെ ശരാശരി നീളം 13cm ഉം ശരാശരി വണ്ണം 11.46cm ഉം ആണ്. ഇതിൽ നിന്നും കുറച്ച് അങ്ങോട്ടോ ഇങ്ങോട്ടോ ഉള്ള വ്യത്യാസങ്ങൾ സാധാരണമാണ്. ലിംഗവലിപ്പം വർധിപ്പിക്കാമെന്ന മോഹന വാഗ്ദാനങ്ങൾ നൽകുന്ന പരസ്യങ്ങളിൽ വീഴാതിരിക്കുക. സംശയം തീരുന്നില്ലെങ്കിൽ ഏതെങ്കിലും വിദഗ്ധനായ ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തുക.

ഡോ. കെ. പ്രമോദ്

സെക്സോളജിസ്റ്റ്

ഡോ. പ്രമോദ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്ഷ്വൽ & മാരിറ്റൽ ഹെൽത്ത്

ഇടപ്പള്ളി, കൊച്ചി

Read More : Health and Sex

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SEX
SHOW MORE
FROM ONMANORAMA