Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെട്ടെന്ന് മൂഡ് മാറിയാൽ...

mood-change

മധുവിധു ആഘോഷിക്കാൻ ഊട്ടിയിലെത്തിയ യുവദമ്പതികൾ ഏറെ സന്തോഷത്തിലായിരുന്നു. വിവാഹം കഴിഞ്ഞ് ഒരാഴ്ചയേയായുള്ളൂവെങ്കിലും അവർ മാനസികമായി ഏറെ അടുത്തുകഴിഞ്ഞിരുന്നു. ഊട്ടിയിലെത്തി നാലാം ദിവസം നീണ്ട കറക്കം കഴിഞ്ഞു ക്ഷീണിതായ യുവമിഥുനങ്ങൾ ഹോട്ടൽ മുറിയിൽ ടിവിക്കു മുന്നിൽ ചടഞ്ഞിരിക്കുകയായിരുന്നു. ഇടയ്ക്കെപ്പോഴോ ഭാര്യ കുളിക്കാനായി പോയി. ടിവി കണ്ടാസ്വാദിച്ചുകൊണ്ടിരുന്ന ഭർത്താവ് ഷോപ്പിംഗിനിടയിൽ വാങ്ങിയ ചോക്ലറ്റ് പതിയെ കഴിച്ചുതുടങ്ങി. കുളി കഴിഞ്ഞു പുറത്തിറങ്ങിയ ഭാര്യ കണ്ടതു ടിവിയും കണ്ടു ചോക്ലേറ്റ് ചവച്ചിരിക്കുന്ന ഭർത്താവിനെയാണ്.

അവൾ പെട്ടെന്നു പൊട്ടിക്കരഞ്ഞു. ഭാര്യയുടെ പ്രതികരണം കണ്ടു പരിഭ്രാന്തനായ ഭർത്താവ്, നിനക്കെന്തുപറ്റിയെന്നു ചോദിച്ചതുകൊണ്ട് ഓടിയെത്തി. പെട്ടെന്നു ഭാര്യ ഭർത്താവിന്റെ മുഖത്താഞ്ഞടിച്ചു, അയാളുടെ കവിളിൽ കടിച്ചു. ഒരു നിമിഷം സ്തബ്ധനായി പോയ ഭർത്താവ് സമനില വീണ്ടടുത്തു ഭാര്യയുടെ കവിളിൽ ആഞ്ഞടിച്ചു. പിറ്റേന്നു രാവിലെ നാട്ടിലേക്കു മടങ്ങുമ്പോൾ കാറിൽവച്ചു പരസ്പരം സംസാരിക്കാതെയാണ് അവർ യാത്ര ചെയ്തത്.

കൗൺസലിങ്ങിന് ഡോക്ടറുടെ മുന്നിലിരുന്നു ഭർത്താവു പറഞ്ഞു എന്താണിവളുടെ പ്രശ്നമെന്ന് എനിക്കു മനസിലാകുന്നില്ല ഡോക്ടർ. ഞാൻ ഇവൾക്ക് എല്ലാ സന്തോഷങ്ങളും നൽകുന്നുണ്ട്. എന്നിട്ടു നിസ്സാര കാര്യങ്ങൾക്ക് ഇവളുടെ മൂഡ് ഭയങ്കരമായിട്ടുമാറുകയാണ്. ഇതുകേട്ടു ഡോക്ടറുടെ മുന്നിലിരുന്നു ഭാര്യ കരഞ്ഞു. ഡോക്ടർ എന്റെ ഭർത്താവ് എന്നോടു പറയാതെ ചോക്ലേറ്റ് കഴിക്കുന്നതു കണ്ടപ്പോൾ എനിക്കു വിഷമം സഹിക്കാൻ കഴിഞ്ഞില്ല. ഭർത്താവ് എന്നെ അവഗണിക്കുകയാണെന്ന് എനിക്കു തോന്നിയപ്പോഴാണ് എനിക്ക് ഭയങ്കര ദേഷ്യം തോന്നിയത്.

സാധാരണ വളരെ നല്ല സ്വഭാവമുള്ള , വളരെ സന്തുഷ്ടരായി കാണപ്പെടുന്ന പലരും പെട്ടെന്ന് പലപ്പോഴും ഒരു കാരണവുമില്ലാതെ തന്നെ സങ്കടപെടുകയോ ദേഷ്യപ്പെടുകയോ ചെയ്യുന്നതു കാണാം. എന്നാൽ ഏതാനും മണിക്കൂറുകൾ കഴിയുമ്പോൾ ഒന്നും സംഭവിച്ചിട്ടില്ലാത്തപോലെ ചിരിച്ചുകളിച്ച് ഇവർ നടക്കുന്നതും കാണാം. ഇങ്ങനെ അടിക്കടി ഹ്രസ്വനേരം നീണ്ടുനിൽക്കുന്ന വൈകാരിക ഉലച്ചിലുകൾ ആവർത്തിച്ചുണ്ടാകുന്നവർക്ക് സൈക്ലോതൈമിയ എന്ന മാനസിക പ്രശ്നമുണ്ടെന്നു സംശയിക്കാം.

ഉലയുന്ന വികാരത്തോണി

സമൂഹത്തിലെ 5 ശതമാനത്തോളം പേർക്ക് ഈ പ്രശ്നമുണ്ടെന്ന് കാണാം. ലിംഗഭേദമെന്യേ കണ്ടുവരുന്ന ഈ പ്രശ്നം മിക്കവാറും പേരിൽ കൗമാരപ്രായത്തിലാണ് ആരംഭിക്കുന്നത്. സങ്കടാവസ്ഥകൾക്കിടയിലുണ്ടാകുന്ന ആഹ്ലാദാവസ്ഥകളിൽ പലപ്പോഴും ഇവർ ഏറെ ഊർജസ്വലരും ആത്മവിശ്വാസമുള്ളവരും സർഗാത്മകശേഷി പ്രകടമാക്കുന്നവരുമായി കാണപ്പെടും. ഇത്തരക്കാരിൽ ചിലരെങ്കിലും സ്ഥിതിഗതികൾ ക്രമേണവഷളായി, വിഷാദരോഗവും ഉന്മാദരോഗവും മാറിമാറി പ്രത്യക്ഷപ്പെടുന്ന ബൈപോളാർ ഡിസോഡർ എന്ന രോഗവസ്ഥയായി മാറാറുണ്ട് ഇത്തരക്കാരിൽ കടുത്ത വിഷാദം , ഉറക്കക്കുറവ്, ക്ഷീണം, ജോലി ചെയ്യാൻ താൽപര്യമില്ലായ്മ, ആത്മഹത്യാപ്രവണത എന്നീ ലക്ഷണങ്ങൾ രണ്ടാഴ്ചയെങ്കിലും നീണ്ടുനിൽക്കുന്ന വിഷാദരോഗവും അമിതസംസാരം, മിതമായ ഊർജസ്വലത,അക്രമസ്വഭാവം , അമിതാഹ്ലാദംതുടങ്ങിയ ലക്ഷണങ്ങൾ പ്രകടമായുള്ള ഉന്മാദരോഗവും ഇടവിട്ടു വരാം. ലഹരിവസ്തുക്കളുടെ ദുരുപയോഗം ആത്മഹത്യാപ്രവണത എന്നിവ ഇവരിൽ കൂടുതലാണ്. മനസ്സിൽ തോന്നുന്ന ഒരു വികാരവും നിയന്ത്രിക്കാൻ കഴിവില്ലാത്ത ചില വ്യക്തികളും നമുക്കു ചുറ്റുമുണ്ട്. ഇവർക്ക് ബോർഡർലൈൻ വ്യക്തിവൈകല്യം എന്നൊരു മാനസികപ്രശ്നമുണ്ടെന്നു കരുതാം. ചെറിയൊരു പ്രശ്നം മതി ഇവർക്ക് താളംതെറ്റാൻ

വികാരങ്ങളെ നിയന്ത്രിക്കാം

മനുഷ്യമസ്തിഷ്കത്തിലെ പല രാസവസ്തുക്കളും വികാരനിയന്ത്രണത്തിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്. സിറട്ടോണിൽ, ഡോപ്പമിൽ നോർഎപിനെഫ്രിൻ തുടങ്ങിയ രാസതന്മാത്രകളുടെ അളവിലെ വ്യതിയാനങ്ങൾ വൈകാരിക ഉലച്ചിലുകൾക്കു കാരണമാകാം. കുട്ടിക്കാലത്തെ പീഡനാനുഭവങ്ങൾ തുടങ്ങി അച്ഛന്റെ മദ്യപാനശീലം വരെ കുട്ടികളിൽ വൈകാരിക അസ്ഥിരതകൾക്കു കാരണമാകാം.ജീവിതത്തിലെ അശുഭകരമായ കാര്യങ്ങൾ മാത്രം ശ്രദധിച്ചു മുന്നോട്ടുപോകുന്നതു വൈകാരിക ഉലച്ചിലുകൾ വർധിപ്പിക്കും . ജീവിതത്തിലെ ശുഭകരമായ കാര്യങ്ങളിലേക്കു ശ്രദ്ധയൂന്നുക. നമ്മുടെ വ്യക്തിഗുണവിശേഷങ്ങൾ വികസിപ്പിച്ച് അവനവനും മറ്റുള്ളവർക്കും പ്രയോജനപ്രദമായ രീതിയിലേക്കു ജീവിതത്തെ നയിക്കാം. ഓരോ ദിവസവും ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെ , അവ നല്ലതാണെങ്കിലും അല്ലെങ്കിലും പൂർണശ്രദ്ധയോടെ ആസ്വദിക്കാനുള്ള ശ്രമത്തെയാണു മൈൻഡ്ഫുൾനെസ് എന്നു പറയുന്നത്. ശരീരത്തെയും മനസ്സിനെയും ശാന്തമാക്കനുള്ള റിലാക്സേഷൻ പരിശീലനം , ശ്വസനവ്യായാമങ്ങൾ , ധ്യാനം എന്നിവയിലൂടെയൊക്കെ ഇതു തന്നെയാണു നാം ലക്ഷ്യമിടുന്നത്. മനസ്സിൽ കയറിക്കൂടിയിരിക്കുന്ന ചിന്താവൈകല്യങ്ങളെ ക്രമീകരിക്കുന്നതും പ്രശ്നപരിഹാരത്തിന് ആവശ്യമാണ്. ജീവിതത്തിലൊരിക്കലുണ്ടായ ദുരനുഭവത്തെ സാമന്യവത്കരിക്കാതെ , ഒറ്റപ്പെട്ട സംഭവമായി കാണാൻ പഠിക്കണം. ദേഷ്യപ്പെടുകയോ സങ്കടപെടുകയോ ചെയ്യുന്നതിനു പകരം മറ്റേതു രീതിയിൽ ഈ സാഹചര്യത്തെ നേരിടാമായിരുന്നു എന്നു വിശകലനം ചെയ്യുക .ആവശ്യം വന്നാൽ ഒൗഷധങ്ങളും ഉപയോഗിക്കാം.

മൂഡ് സ്വിങ്ങ്സ് മാറ്റാൻ

മറ്റുള്ളവരുടെ ഭാഗത്തുനിന്നുകൂടി ചിന്തിക്കുക

ലഹരിവസ്തുക്കൾ ഒഴിവാക്കുക; മദ്യപാനം നിർത്തുക

ദിവസം അര മണിക്കൂർ നേരമെങ്കിലും ശാരീരികവ്യായാമം ചെയ്യുക

കൃത്യസമയത്തു തന്നെ ദിവസവും ഉറങ്ങാൻ കിടക്കുക; ആറുമണിക്കൂർ വീതം തടസ്സമില്ലാത്ത നിദ്ര വൈകാരിക സ്ഥിരതയ്ക്കു സഹായിക്കും

ശ്വസനവ്യായാമങ്ങളോ ധ്യാനമോ പോലെയുള്ള റിലാക്സേഷൻരീതികൾ ശീലമാക്കുക

ഡോ. അരുൺ ബി. നായർ

അസി. പ്രപസർ, സൈക്യാട്രി, മെഡി. കോളേജ്, തിരുവനന്തപുരം

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.