‌ബന്ധങ്ങൾ ബന്ധനങ്ങൾ ആകുന്നതെങ്ങനെ?

ഒരിക്കൽ ശൈത്യകാലത്ത് ഒരുപറ്റം മുള്ളൻ പന്നികൾ പരസ്പരം ചൂടുപകരാനായി ഒത്തുചേർന്നു. മുള്ളുകൾ കൊണ്ടു പരസ്പരം മുറിവേൽപിക്കാൻ തുടങ്ങിയപ്പോൾ അവർ അകലാൻ ആരംഭിച്ചു. തണുപ്പു കൂടിയപ്പോൾ വീണ്ടും അടുത്തു. ഇത്തവണയും മുള്ളുകള്‍ അവരെ അകറ്റി. ഇതു പലതവണ ആവർത്തിക്കപ്പെട്ടപ്പോൾ, ഒടുവില്‍ അധികം മുള്ളുകൊള്ളാതെയും തണുപ്പേൽക്കാതെയും ഒത്തു ചേർന്നു പോകാൻ പറ്റിയ ഒരു ശരാശരി അകലം അവർ കണ്ടെത്തി. അങ്ങനെ, ഒരേ സമയം തന്നെ തണുപ്പിൽ നിന്നും വേദനയിൽ നിന്നും അവർ രക്ഷനേടി.

നാം മനുഷ്യരുടെ കാര്യവും ഇതുപോലെയാണ്. ഒരു പരിധിക്കുമേൽ അടുക്കുന്നതോ അകലുന്നതോ നമുക്ക് ഗുണകരമാകില്ല. പക്ഷേ, അടുക്കുന്ന കാര്യത്തിൽ, അതുമൂലം ഒരപകടം പിണയുന്നതുവരെ അകലാൻ നാം ആഗ്രഹിക്കില്ലെങ്കിലും അകലുന്ന കാര്യത്തിൽ നമുക്ക് താൽപര്യം വളരെ കുറവു തന്നെയായാരിക്കും. അതെ, അതിതീവ്രമായ സാമൂഹിക ബന്ധങ്ങളുടെ ലോകത്താണ് നാം ജീവിക്കുന്നത്. പരസ്പര സഹകരണത്തിലൂടെ മാത്രമേ ജീവിതത്തിന്റെ മുന്നോട്ടുള്ള പോക്ക് സാധ്യമാകൂ എന്ന തിരിച്ചറിവാണ് ഇതിനു കാരണം. അതുകൊണ്ടുതന്നെ എന്തിനും ഒരു കൂട്ടുവേണം നമുക്ക്. വീട്ടിൽ, വിദ്യാലയങ്ങളിൽ, ഓഫീസിൽ, ഭക്ഷണം കഴിക്കുമ്പോൾ, വിനോദയാത്രയ്ക്കു പോകുമ്പോൾ, സിനിമയ്ക്കു പോകുമ്പോൾ അങ്ങനെയങ്ങനെ ആ പട്ടിക നീണ്ടുപോകുന്നു. അതുകൊണ്ടു തന്നെ ‘ഒറ്റപ്പെടൽ’ എന്ന അവസ്ഥ മനുഷ്യനു ലഭിക്കാവുന്ന ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്നു.

ഒറ്റപ്പെടൽ മൂന്നുതരം

ഒറ്റപ്പെടൽ എന്നതു പൊതുവേ മൂന്നു തരത്തിലാകാം ഒന്ന്: ശാരീരികമായ ഒറ്റപ്പെടൽ. അതായാത്, സഹജീവികളുമായുള്ള സാമിപ്യം അറ്റുപോയിട്ടുള്ള ജീവിതം. മഞ്ഞുമലനിരകളിലെ പട്ടാളപോസ്റ്റിൽ ഏകരായി അതിർത്തി കാക്കുന്ന പട്ടാളക്കാർ, ഗവേഷകർ, ബഹിരാകാശ യാത്രികർ തുടങ്ങിയവർ ഇതിനുദാഹരണങ്ങളാണ്.

മാനസികമായി മാത്രമുള്ള ഒറ്റപ്പെടലാണ് അടുത്തത്. ‘ആൾക്കൂട്ടത്തിൽ തനിയെ എന്ന ചൊല്ലിനെ അനുസ്മരിപ്പിക്കുന്ന വിധം ജീവിക്കുന്നവര്‍. സ്വന്തം ചെയ്തികളുടെ ഫലമായോ തെറ്റിദ്ധാരണകൾ മൂലമോ കുടുംബത്തിലും ജോലിസ്ഥലത്തും സമൂഹത്തിലും ഒക്കെയായി ഒറ്റപ്പെടുത്തലുകള്‍ക്ക് വിധേയരാക്കപ്പെട്ടവർ. അല്ലെങ്കിൽ, സ്വന്തം സംസ്കാരത്തിൽ നിന്നും തികച്ചും വിഭിന്നമായ സംസ്കാരമുള്ളവർ അധിവസിക്കുന്ന ദേശത്തുപോയി ആൾക്കൂട്ടത്തിനു നടുവിലും മറ്റുള്ളവരുടെ പരിഗണനയോ കരുതലോ ഒരു നോട്ടം കൊണ്ടു പോലും ലഭ്യമാകാതെ നാളുകൾ എണ്ണി ജീവിക്കുന്നവർ.

ശരീരികവും മാനസികവുമായ ഒറ്റപ്പെടലിനു പാത്രമാകുന്നവരാണ് മൂന്നാമത്തെ കൂട്ടർ. ബൈന്യാമിന്റെ ആടുജീവിതത്തിലെ നായകന് ഇടക്കാലത്ത് അനുഭവിക്കേണ്ടി വരുന്നതുപോലത്തെ അവസ്ഥ. ഗൾഫ് രാജ്യങ്ങളിൽപ്പോയി ചതിക്കപ്പെട്ട് ഒറ്റയ്ക്ക് ഒരു തുരുത്തിൽ ജോലി ചെയ്യേണ്ടിവരുന്നവരും. ജയിൽ ശിക്ഷയ്ക്കു വിധിക്കപ്പെട്ട് ‘ഏകാന്തതടവ്’ അനുഭവിക്കുന്നവരുമെല്ലാം ഇക്കൂട്ടത്തിൽ ഉൾപ്പെടും. താരതമ്യേന കുറവാണെങ്കിലും ഇത്തരത്തിൽ ‘ ആടുജീവിതം’ നയിക്കേണ്ടി വരുന്നവരുടെ എണ്ണം അത്ര അപൂർവമല്ല.

സമൂഹത്തെ അറിയുക

എന്തുകൊണ്ടാണ് മനുഷ്യര്‍ അടക്കമുള്ള ജീവജാലങ്ങള്‍ക്ക് ഒന്നിച്ചു നിൽക്കുമ്പോള്‍ സന്തോഷം അനുഭവപ്പെടുന്നതും ഒറ്റപ്പെടലുകൾക്കിടയിൽ ദുഃഖം വരുന്നതും? ഇതു മനസ്സിലാക്കണമെങ്കിൽ ‘സമൂഹം എന്ന വ്യവസ്ഥയെക്കുറിച്ച് മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇവിടെ സമൂഹം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സുഹൃത്ബന്ധമാകാം. ജോലിസ്ഥലത്തെ കൂട്ടുകെട്ടാകാം. അങ്ങനെ രണ്ടോ അതിൽക്കൂടുതലോ വ്യക്തികൾ തമ്മിലുള്ള ഏതുതരം ബന്ധവുമാകാം.

വ്യക്തികളുടെ കൂട്ടമാണ് സമൂഹം. ഒത്തുചേരലുകളുടെയും കൂട്ടുകൂടലുകളുടെയും ഫലമായി ഉരുത്തിരിയപ്പെടുന്ന ബന്ധങ്ങളുടെ അടിത്തറയിലാണ് ഓരോ സമൂഹവും ഉയർന്നു വരുന്നതും നിലനിന്നു പോകുന്നതും. ഇത്തരം സമൂഹങ്ങളാണ് ഏതൊരു ജീവജാലത്തിന്റെയും നിലനിൽപിനെ സാധ്യമാക്കുന്നത്. ഒരു സമൂഹത്തിനകത്തെ പരസ്പര സഹകരണവും പരസ്പര വിശ്വാസവുമാണ് ആ സമൂഹത്തിന്റെ കെട്ടുറപ്പിനെ നിർണയിക്കുന്ന ഘടകം. ഈ പരസ്പര സഹകരണത്തിനോ വിശ്വാസത്തിനോ തകരാറു സംഭവിക്കുന്ന തരത്തിൽ പ്രസ്തുത സമൂഹത്തിലെ ഒരംഗം പ്രവർത്തിച്ചാൽ, അയാൾ ആ സമൂഹത്തിൽ നിന്നും പുറത്താക്കപ്പെടും. ഇത്തരം ഒറ്റപ്പെടലാണ് വിശ്വാസ വഞ്ചന കാണിക്കുന്നതിനുള്ള ശിക്ഷ.‌

ഒരു സമൂഹത്തിന്റെ ഭാഗമായി നിന്നു കൊണ്ടുതന്നെ ഇത്തരം ശിക്ഷകളിൽ അകപ്പെടാതെ സ്വന്തം ഇഷ്ടങ്ങളെ സാധിച്ചെടുക്കുന്നതിനുള്ള ഒരു സന്തുലിത ക്രിയയാണ് സാമൂഹിക ജീവിതം! ഇത്തരത്തിൽ സാമൂഹിക ജീവിതം നയിക്കുന്നതിനുള്ള അതിശക്തമായ ജനിതകചോദനയുമായാണ് നാം, മനുഷ്യരുൾപ്പെടെ ജനിതകശ്രേണിയുടെ ഉയർന്ന തട്ടിലുള്ള സകല ജീവജാലങ്ങളും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

നമ്മുടെ മസ്തിഷ്കത്തിൽ സൃഷ്ടിക്കപ്പെടുന്ന ഒരു കൂട്ടം ഹോർമോണുകളുടെ പ്രവർത്തനങ്ങളാണിതിനു നിദാനം. കൂട്ടം ചേർന്നു നാം എന്തുചെയ്താലും ഇവ നമ്മുടെ മസ്തിഷ്കത്തിൽ സൃഷ്ടിക്കപ്പെടും. എൻഡോർഫിനുകൾ (Endrophins) എന്നു വിളിക്കപ്പെടുന്ന ഇവ, വേദനസംഹാരിയായും മയക്കു മരുന്നായും ഒക്കെ മനുഷ്യർ ഉപയോഗിക്കുന്ന മോർഫിനെ (Morphine) ക്കാളും നാൽപത്തിയെട്ട് മടങ്ങ് ശക്തിയുള്ളതാണ് എന്നറിയപ്പെടുമ്പോഴാണ് ഇവയുടെ പ്രവർത്തനശേഷി നമ്മെ അത്ഭുതപ്പെടുത്തുക.

എന്‍ഡോർഫിനുകള്‍

ഒരു ഗ്രൂപ്പായി നിന്നുകൊണ്ടു നാം എന്തു ചെയ്യുമ്പോഴും അതു ജോലി ചെയ്യുമ്പോഴായാലും പാട്ടുപാടുമ്പോഴായാലും നൃത്തം ചെയ്യുമ്പോഴായാലും സമരം ചെയ്യുമ്പോഴായാലും പ്രാർത്ഥിക്കുമ്പോഴായാലും നമ്മുടെ മസ്തിഷ്കത്തിൽ എൻഡോർഫിനുകൾ നിറഞ്ഞു തുടങ്ങുന്നു. ഇവ നമ്മുടെ മസ്തിഷ്കത്തിൽ നടത്തുന്ന രാസപ്രവർത്തനങ്ങളുടെ ഫലമായി നമ്മുടെ ടെൻഷനുകൾക്കും ദുഃഖത്തിനും വേദനയ്ക്കുമൊക്കെ ഒരുതരം ‘താൽക്കാലിക മരവിപ്പ്’ സംഭവിക്കുകയും ക്രമേണ നമ്മുടെ മനസ്സിന് ഒരു തരം ‘വെൽബീയിങ് ഫീൽ’ അനുഭുവപ്പെട്ടു തുടങ്ങുകയും ചെയ്യുന്നു.

ഏതൊരു ലഹരി വസ്തുക്കളോടുമുള്ള അടിമത്തം പോലെതന്നെ എൻഡോർഫിനുകളോടും നമ്മുടെ മനസ്സ് അടിമപ്പെടുന്നു. ഇതു നമ്മെ കൂട്ടുകൂടാൻ നിരന്തരം പ്രേരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ചുരുക്കത്തിൽ ശരീരശാസ്ത്രത്തിന്റെ ഭാഷയിൽ പറഞ്ഞാൽ‌ കൂട്ടുകൂടുമ്പോൾ ഉണ്ടാകുന്ന മനോസുഖത്തിനും ഒറ്റപ്പെടുമ്പോൾ ഉണ്ടാകുന്ന മനോവ്യവസ്ഥയ്ക്കും ഉള്ള പ്രധാന കാരണം എൻഡോർഫിനുകളാണെന്നർഥം.

പക്ഷേ, മറ്റു ജീവജാലങ്ങൾക്കില്ലാത്ത ഒരു സവിശേഷത മനുഷ്യനുണ്ട്. ജനിതകചോദനകളെ ചിന്തകളാൽ പ്രചോദിപ്പിക്കുന്നതിനും അടക്കി വാഴുന്നതിനുമുള്ള കഴിവ്. അതുകൊണ്ടാണ് എട്ടു മണിക്കൂർ നീണ്ട ബസ് യാത്രയ്ക്കിടയിൽ ഒരേ സീറ്റിൽ അടുത്തടുത്തിരിക്കുന്ന രണ്ടു പേരിൽ ഒരാൾ കണ്ടക്ടറോട് ടിക്കറ്റെടുക്കാൻ വേണ്ടി മാത്രം വായ തുറക്കുമ്പോൾ മറ്റെയാൾ ആ ബസിലെ കണ്ടക്ടറും യാത്രക്കാരും ഡ്രൈവറുമടക്കം ഒരു വാട്സ്ആപ് (WhatsApp) ഗ്രൂപ്പ് തുടങ്ങുന്ന വിധത്തിൽ ബന്ധം സ്ഥാപിക്കുന്നതും.

ബന്ധങ്ങളുടെ അനിവാര്യത ചോദ്യം ചെയ്യപ്പെടാനാകാത്തവിധം വലുതാണ്. പക്ഷേ, അവയിലുള്ള ആശ്രിതത്വം അമിതമാകാതെയും കുറഞ്ഞുപോകാതെയും നാം കാത്തു സൂക്ഷിക്കേണ്ടതുണ്ട്. വികാരങ്ങളെ വിചാരങ്ങളാൽ നിയ‌ന്ത്രിക്കുന്നതിനുള്ള ശേഷി മനുഷ്യനുള്ളതു കൊണ്ടു തന്നെ നമുക്കതിനു സാധിക്കുകയും ചെയ്യും.

നമ്മൾ വിലയിരുത്തണം

സമൂഹത്തിന്റെ ഭാഗമായി നിന്ന് സമൂഹത്തിനു വേണ്ടി കുറച്ചുകാര്യങ്ങൾ മാത്രം ചെയ്ത് കൂടുതൽ നേട്ടങ്ങള്‍ കൊയ്യുക എന്ന ജനിതക സ്വാർഥതയ്ക്കും എൻഡോർഫിനുകൾ നൽകുന്ന കേവലസുഖത്തിനും ഉപരിയായി ബന്ധങ്ങളെ പരിഗണിക്കുന്നതിനുള്ള ശ്രമം നമ്മിൽ നിന്നും ഉയർന്നുവരേണ്ടതുണ്ട്.

അതുവഴി ഇപ്പോഴുള്ള ബന്ധങ്ങളെ വിലയിരുത്തുവാനും ആ ബന്ധങ്ങളിൽ നിന്നും സ്വാർഥതയുടെ അളവു കുറഞ്ഞവയെ കണ്ടെത്തുവാനും കഴിയും. കൂടാതെ നമ്മുടെ മനസ്സിൽ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതിനും സർവോപരി, നന്മനിറഞ്ഞതും ക്രിയാത്മകവുമായ പുതിയ ബന്ധങ്ങള്‍ സൃഷ്ടിക്കുന്നതിനും നമുക്കു സാധിക്കും. അപ്പോള്‍ മാത്രമാണ് ബന്ധങ്ങൾക്കും അവയാൽ സൃഷ്ടിക്കപ്പെടുന്ന ബന്ധനങ്ങൾക്കും ഇടയിലുള്ള നേർത്ത അതിർവരമ്പിലൂടെ ജീവിതം ‘ബാലൻസ്’ ചെയ്തു കൊണ്ടുപോകാൻ നമുക്കു സാധിക്കുക.

യാഥാർഥ്യങ്ങൾക്കിടയിലെ വഴി

ഒരു മനുഷ്യന്റെ ആനന്ദം അവന്റെ ബാഹ്യമായ ചുറ്റുപാടുകളെ എത്രയും കുറച്ച് ആശ്രയിക്കുന്ന തരത്തിൽ ജീവിക്കുക എന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്ന ‘വിചാരപരമായ’ യാഥാർഥ്യം ഒരു വശത്ത്. കൂട്ടുചേരലുകൾ എന്ന പൂർണമായും ബാഹ്യമായ ചുറ്റുപാടുകളെ ആശ്രയിച്ചുൽപാദിപ്പിക്കപ്പെടുന്ന എൻഡോർഫിനുകൾ നൽകുന്ന ‘വെൽബീയിങ് അവസ്ഥ’ എന്ന ‘വികാരമപരമായ യാഥാർഥ്യം മറുവശത്ത്. പരസ്പരം വിരുദ്ധമായ ഈ രണ്ട് യാഥാർഥ്യങ്ങൾക്കും ഇടയിലൂടെയുള്ള പാതയിലൂടെ മാനസിക നില തെറ്റാതെ മുന്നോട്ടു പോകാൻ ശ്രമിക്കുന്നതിനുള്ള പേരുകൂടിയാണ് ജീവിതം.!!

എം. എസ്. രഞ്ജിത്,
മോട്ടിവേഷനൽ ഇൻസ്ട്രക്റ്റര്‍, തിരുവനന്തപുരം