മൂഡ് ഓഫ് ഒഴിവാക്കാം, പരീക്ഷിക്കൂ ഈ 5 വഴികള്‍

ഇന്ന് മൂഡ് ഓഫ് ആണ് മാഷെ... വെറുമൊരു ഒഴികഴിവ് മാത്രമല്ല നമുക്ക് ഈ വാക്കുകള്‍. ജീവിതം ആസ്വദിക്കുന്നതില്‍ നിന്ന് നമ്മളെ അകറ്റി നിര്‍ത്തുന്ന പ്രധാന ഘടകം ആണിത്. വലിയ പ്രതിസന്ധികള്‍ ഒന്നും വേണമെന്നില്ല തീരെ ചെറിയ കാര്യങ്ങള്‍ വരെ ചിലപ്പോള്‍ നമ്മുടെ മനസ്സിനെ ഉലച്ചേക്കാം. കാരണം എന്തായാലും പോയ ‘മൂഡ്’ തിരിച്ച് പിടിക്കാന്‍ ചില നുറുങ്ങ് വിദ്യകളുണ്ട്. അവഎന്തൊക്കെയെന്ന് നോക്കാം.

1. ഇഷ്ടപ്പെട്ട പാട്ടു കേൾക്കാം

ജഗദാനന്ദം സംഗീതം എന്നത് പാട്ടിലെ വെറുമൊരു വരി മാത്രമല്ല ചിലസത്യവുമുണ്ട്. മനസ്സിലെ കുരുക്കുകള്‍ അഴിച്ച് സ്വസ്ഥമാകാന്‍ സംഗീതം ഏറെ സഹായിക്കും. സംഗീതം മനസ്സിനെ സുഖപ്പെടുത്തുമെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കാര്യവുമാണ്. എന്നുവച്ച് എല്ലാ പാട്ടുകളും സന്തോഷം നല്‍കണമെന്നുമില്ല. വേദന കൂട്ടാനും ചില പാട്ടുകള്‍ക്ക് സാധിക്കും. അതുകൊണ്ടുതന്നെ പാട്ട് ചികിത്സക്കും തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്.

2. വ്യായാമം

കഠിനമായ വ്യായാമമല്ല. നടത്തമോ, സൈക്ലിങ്ങോ, നീന്തലോ പോലുള്ള ലളിതമായ എന്തെങ്കിലും. ഇത് ശരീരത്തിലുല്‍പ്പാദിപ്പിക്കുന്ന ഹോര്‍മോണുകള്‍ മനസ്സിനും ഉന്മേഷം നല്‍കും.നൃത്തവും എയ്റോബിക്സും ശീലമുള്ളവര്‍ക്ക് അത് ചെയ്യുന്നതും ഏറെ ഗുണം ചെയ്യും.

3. നിശബ്ദമായി അല്‍പനേരം

ചിലപ്പോഴൊക്കെ നാം അറിയാതെ വിഷാദത്തിലാകുന്നത് ഏറെ തിരക്കുകള്‍ക്ക് നടുവില്‍ നില്‍ക്കുമ്പോഴായിരിക്കും.ആശങ്കയോ ചെയ്തു തീര്‍ക്കാന്‍ ഒരുപാട് ഉണ്ടെന്ന തോന്നലോ ഒക്കെ ഇതിന് കാരണമാകാം. അങ്ങനെയുള്ളപ്പോള്‍, അപ്പോള്‍ തന്നെ എല്ലാം ധൃതി വച്ച് തീര്‍ക്കാന്‍ ശ്രമിക്കാതെ മനസ്സിന് അല്‍പ്പം വിശ്രമം കൊടുക്കുക. വെറുതെ ഒറ്റയ്ക്ക് നടക്കുകയോ, അല്‍പസമയം അതായത്ഏതാണ്ട് 10 മിനിറ്റെങ്കിലും നിശബ്ദമായി ഇരിക്കുകയോ ചെയ്യാം. ഉന്മേഷം നമ്മളിലേക്ക് ഉറവയായെത്തുന്നത് നമുക്ക് അനുഭവിച്ചറിയാനാകും.

4. എഴുതിത്തീർക്കാം

അലട്ടുന്ന ചിന്തകള്‍ പങ്കു വച്ചാല്‍ മനസ്സിന് ഏറെ ആശ്വാസമാണ്. എന്നാല്‍ അങ്ങനെ പറയാന്‍ വയ്യാത്തവയാണെങ്കില്‍ അല്ലെങ്കില്‍ പറയാന്‍ ആരും ഇല്ലെങ്കില്‍ അവ ഒരു കടലാസിലേക്ക് പകര്‍ത്താം. പ്രശ്നങ്ങളെ സ്വയം അവലോകനം ചെയ്യാന്‍ അത് സഹായിക്കും. യഥാര്‍ഥ പ്രശ്നത്തെ തിരിച്ചറിയാനും അതിലൂടെ കഴിഞ്ഞെന്ന് വരും. എഴുതി വച്ച പ്രശ്നങ്ങള്‍ വീണ്ടും വായിക്കുമ്പോള്‍ അത് ലളിതമായി തോന്നുന്നതിനും സഹായിക്കും.

5. കരയാം ചിരിക്കാം

സങ്കടം വന്നാല്‍ കരച്ചില്‍ ഒതുക്കുക മിക്കവരുടെയും പതിവാണ്. അത് വേണ്ട. കരച്ചിലൊതുക്കുന്നത് സങ്കടങ്ങളെ ഉള്ളിലിട്ട് കൂട്ടുന്നതിനേ സഹായിക്കു. പകരം മനസ്സ് തുറന്നൊന്ന് കരഞ്ഞു നോക്കു. മനസ്സിന് വലിയ ആശ്വാസം ലഭിക്കും. കരച്ചിലൊതുക്കാനല്ല കരയാനാണ് യഥാര്‍ഥത്തില്‍ മനസ്സിനു ബലം വേണ്ടത്. ബലം നല്‍കുന്നതും കരച്ചിലാണ്. കാരണം സങ്കടം ഉള്ളിലൊതുക്കുന്നവരേക്കാള്‍ കരയുന്നവര്‍ക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത 20 ശതമാനം വരെ കുറവാണ്. ചിരിയും കുറക്കേണ്ട. മനസ്സ് തുറന്ന് ചിരിക്കുന്നതും മനസ്സിനെ ലളിതമാക്കാന്‍ ഉപകരിക്കും. ചിരിക്ക് ഇല്ലാതാക്കാന്‍ കഴിയുന്ന ഭയങ്ങളും ആശങ്കകളും ഇല്ലെന്നത് ഒരു പരിധി വരെയും സത്യമാണ്. അതുകൊണ്ട് ഏറെ ഇഷ്ടമുള്ള കോമഡി സീനുകള്‍ കാണുകയോ, ചിരിപ്പിക്കുന്ന തമാശകള്‍ വായിക്കുകയോ ചെയ്യാം. അങ്ങനെ മൂഡ് ഓഫിനെ ശരിക്കും ചിരിച്ച് തള്ളാം.