പല്ലു തേച്ചുകഴിഞ്ഞ് ഉടൻ വായ കഴുകിയാൽ?

പല്ല് എത്ര തേച്ചാലും സംതൃപ്തി വരാത്തവരും പല്ലു തേയ്ക്കാൻ മടി ഉള്ളവരും ഉള്ളതിനാലാകാം അധികം പേർക്കും ഏതെങ്കിലും തരത്തിലുള്ള ദന്താരോഗ്യപ്രശ്നങ്ങളുമുണ്ട്. പണ്ടു കാലത്ത് ഉമി കരിച്ച് അതിൽ കുരുമുളകു പൊടിയും ഉപ്പും ചേർത്തതും പിന്നെ മാവിലയുമൊക്കെയായിരുന്നു പല്ലുകൾ വൃത്തിയാക്കാൻ ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് അവയുടെ സ്ഥാനം വിപണിയിൽ ലഭ്യമാകുന്ന ടൂത്ത് പേസ്റ്റുകളും ചൂർണങ്ങളുമൊക്കെ ഏറ്റെടുത്തിരിക്കുന്നു.

എന്തൊക്കെ ആയാലും പല്ലു തേയ്ക്കുന്നതു സംബന്ധിച്ചുള്ള സാമാന്യധാരണകൾ പലതും തകിടം മറിക്കുന്ന കണ്ടെത്തലുകൾ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നുണ്ട്. അതിലൊന്നായിരുന്നു പല്ലു തേച്ചശേഷം വാ കഴുകാതിരുന്നാൽ ടൂത്ത് പേസ്റ്റിലെ ഫ്ളൂറൈഡ് ആവരണം കൂടുതൽ നേരം പല്ലിൽ പറ്റിപ്പിടിച്ചിരുന്ന് സംരക്ഷണം നൽകുമെന്ന വാർത്ത.

എല്ലാവരും ഇങ്ങനെ ചെയ്യണമെന്നു പറയാനാവില്ല. എന്നാൽ ഫ്ളൂറൈഡിന്റെ അളവു കുറവുള്ളവരിൽ ഈ രീതി ഗുണം ചെയ്തേക്കാം. പക്ഷേ, ചെറിയ കുട്ടികളിൽ ഇതു പരീക്ഷിച്ചാൽ ടൂത്ത്പേസ്റ്റ് വിഴുങ്ങാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട്, ഫ്ളൂറൈഡിന്റെ അളവു കുറവുള്ള മുതിർന്നവരിലും മുതിർന്നകുട്ടികളിലുമാണ് ഇത് അനുയോജ്യമെന്നാണ് വിദഗ്ധർ പറയുന്നത്.

പല്ലു തേയ്ക്കുന്നതിനു മുമ്പ് ടൂത്ത് ബ്രഷ് നനയ്ക്കേണ്ടതുമില്ല. കാരണം, ബ്രഷിങ്ങിനു ആവശ്യം വേണ്ട ഉമിനീർ വായിൽ തന്നെയുണ്ടാകും. ഇത് പല്ലു തേയ്ക്കാനാവശ്യമുള്ള നനവു നൽകും. ടൂത്ത് ബ്രഷ് നനയ്ക്കുമ്പോൾ പേസ്റ്റ് നേർത്ത് ഗുണം കുറയാം.

ഭക്ഷണം കഴിച്ചു കഴിഞ്ഞ ഉടനേ ശക്തിയായി ബ്രഷ് ചെയ്യുന്നത് ഇനാമലിനു കേടാണെന്നാണ് മറ്റൊരു കണ്ടെത്തൽ. കാരണം ഭക്ഷണത്തിലെ അമ്ലങ്ങളും മധുരവും പല്ലിന്റെ സംരക്ഷണകവചമായ ഇനാമലിനെ മൃദുവാക്കും. ഈ സമയത്ത് ശക്തിയായി ബ്രഷ് ചെയ്താൽ ഇനാമൽ നഷ്ടമാകാം. പകരം വെള്ളം ഒഴിച്ച് ശക്തിയായി കുലുക്കുഴിയുകയോ വളരെ മൃദുവായി ബ്രഷ് ചെയ്യുകയോ ചെയ്യാം.