Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കത്തുന്ന ചൂടിലും ഇവിടെ ലൈറ്റും ഫാനും വേണ്ട; വിഡിയോ

24-lakh-home-palakkad തത്തമംഗലത്തെ ശ്രീകാന്തിന്റെയും രശ്മിയുടെയും ‘മയൂഖം’ എന്ന പുതിയ വീട്ടിൽ പകൽ ഫാനോ ലൈറ്റോ ഇടാറില്ല. എന്നിട്ടും, വീടിനകത്തു കയറിയാൽ പുറത്ത് സൂര്യൻ കത്തിജ്വലിക്കുകയാണെന്ന കാര്യം തീർത്തും വിസ്മരിക്കും.

കേരളത്തിൽ ഏറ്റവും ചൂട് കൂടുതലുള്ള സ്ഥലമാണ് പാലക്കാട്. രാവും പകലും വ്യത്യാസമില്ലാതെ ഫാനുകൾ കറങ്ങിക്കൊണ്ടിരുന്നാൽ മാത്രമേ ഈ ചൂടിനെ ചെറുതായെങ്കിലും നേരിടാനാകൂ. പക്ഷേ, തത്തമംഗലത്തെ ശ്രീകാന്തിന്റെയും രശ്മിയുടെയും ‘മയൂഖം’ എന്ന പുതിയ വീട്ടിൽ പകൽ ഫാനോ ലൈറ്റോ ഇടാറില്ല. എന്നിട്ടും, വീടിനകത്തു കയറിയാൽ പുറത്ത് സൂര്യൻ കത്തിജ്വലിക്കുകയാണെന്ന കാര്യം തീർത്തും വിസ്മരിക്കും. ഈ കുളിരിന്റെ ഉറവിടമന്വേഷിച്ചെത്തുന്നത് കല്ലിലാണ്, വെട്ടുകല്ലിലല്ല; കരിങ്കല്ലിൽ! മുഴുവൻ ഭിത്തികളും കരിങ്കല്ലുകൊണ്ട് നിർമിച്ച വീടാണിത്. 

24-lakh-home-palakkad-drawing

കൊളോണിയൽ ശൈലിയിൽ രൂപപ്പെടുത്തിയ വീട് ചുറ്റുപാടുകളോട് ഇഴുകിയാണ് നിൽക്കുന്നത്. പ്ളോട്ടിലുണ്ടായിരുന്ന മരങ്ങൾ കഴിവതും മുറിക്കാതെ വീടിന് തണലൊരുക്കും വിധം വീടിന്‍റെ സ്ഥാനം ക്രമീകരിച്ചു, ഒറ്റനോട്ടത്തിൽ പൂർണ്ണമായും കരിങ്കല്ലിലാണ് വീട് നിർമ്മിച്ചത് എന്നുതോന്നും, എന്നാൽ കരിങ്കല്ലിനൊപ്പം ഇഷ്ടികകൂടി ചേർത്തുവച്ചപ്പോൾ വീടിന് ഇരട്ട കവചമാണ് സ്ട്രക്ചറിൽ ലഭിച്ചത്. പുറമേയുള്ള ചൂട് അകത്ത് എത്താതിരിക്കാൻ ഇത് ഏറെ സഹായകമായി.

24-lakh-home-palakkad-courtyard

അകത്തളങ്ങളിൽ പല ഭാഗങ്ങളിലും മ‍ഡ് പ്ലാസ്റ്ററിങ് കൂടി നൽകി. മേൽക്കൂരയിലുമുണ്ട് ഇരട്ട കവചം. കോൺക്രീറ്റിനുള്ളിൽ ഹുരുഡീസ് ബ്ളോക്കുകൾ ഉപയോഗിച്ച് പരന്നമേൽക്കൂര വാർത്തൂ. ഇതിനുമുകളിലായി GI ട്രസിട്ട് ഓടുകൂടി പാകിയപ്പോൾ തീർത്തും സുഖകരമായ അന്തരീക്ഷമാണ് വീടിനുള്ളിൽ. 

മയൂഖത്തിന് മറ്റു പല സവിശേഷതകളുമുണ്ട്...

24-lakh-home-palakkad-living

∙ വീടുവയ്ക്കാന്‍ ഉദ്ദേശിച്ച പ്ലോട്ടിന് അടുത്തുതന്നെ ലഭ്യമായ ഏറ്റവും ചെലവു കുറഞ്ഞ നിര്‍മാണ സാമഗ്രി എന്ന നിലയിലാണ് കരിങ്കല്ല് പരിഗണിച്ചത്. കല്ലൊന്നിന് പത്ത് രൂപ നിരക്കിൽ പണിസ്ഥലത്ത് ലഭിച്ചു.

∙ പ്ലമിങ്ങും വയറിങ്ങും ആവശ്യമായ ഭിത്തികളിൽമാത്രം ഒരു നിര വെട്ടുകല്ല് അടുക്കി അതിലൂടെ പൈപ്പ് ഇറക്കി. ഇലക്ട്രിക്കൽ–പ്ലമിങ് പോയിന്റുകൾ നേരത്തേ അടയാളപ്പെടുത്തിയതിനാൽ കുത്തിപ്പൊളിക്കേണ്ടിവന്നില്ല.

∙ കല്ലുകൾ പോയിന്റ് ചെയ്തു ഭംഗി കൂട്ടി. ഓരോ മുറിയിലും ഓരോ ഭിത്തിയെങ്കിലും വീതം കല്ല് പുറത്തുകാണുന്ന വിധത്തിൽ ക്രമീകരിച്ചു. ചില ഭിത്തികളിൽ സിമന്റ് പ്ലാസ്റ്ററിങ്ങും മറ്റു ചിലതിൽ മഡ് പ്ലാസ്റ്ററിങ്ങും ചെയ്തു.

∙ സ്വീകരണമുറിക്കും ഫാമിലി ലിവിങ് റൂമിനും ഇടയിൽ ഒരു കോർട്‌യാർഡ് ഉണ്ട്. ജനാലകളും വാതിലുകളും കൂടാതെ നിരവധി വായുസഞ്ചാര സുഷിരങ്ങൾ (airholes) ഇട്ടിട്ടുമുണ്ട്.

∙ വളപട്ടണത്തുനിന്നു വാങ്ങിയ ഓട് വച്ചാണ് മേൽക്കൂര വാർത്തത്. വാർപ്പിന്റെ കനം കുറയാനും ചെലവു ചുരുക്കാനും ഇതുമൂലം സാധിച്ചു.

∙ സിറ്റ്ഔട്ട്, സ്വീകരണമുറി, ഊണുമുറി, ഫാമിലി ലിവിങ് റൂം, രണ്ട് കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിൽ. ശ്രീകാന്തും രശ്മിയും ഡോക്ടർമാർ ആയതിനാൽ ഒരു കൺസൽട്ടേഷൻ മുറിയും താഴെയുണ്ട്. സ്വകാര്യതയ്ക്കു ഭംഗം വരാതെ, ഒരുമിച്ചിരിക്കാൻ ഒരിടം വേണമെന്നത് വീട്ടുകാരുടെ പ്രത്യേക ആഗ്രഹമായിരുന്നു. പുറത്തു നിന്നു കാണാത്ത വിധത്തിൽ ഫാമിലി ലിവിങ്ങിൽ നിന്ന് ഒരു സിറ്റ്ഔട്ട് നല്‍കിയത് ഇതിനാണ്.

24-lakh-home-palakkad-bedroom

∙ മുകളിലെ നിലയിൽ ഒരു കിടപ്പുമുറിയും ലോഞ്ചുമാണുള്ളത്. ഈ ലോഞ്ചിന്റെ ഒരു ഭാഗത്തായി സ്റ്റഡി ഏരിയ ഒരുക്കിയിട്ടുണ്ട്. താഴത്തെ നിലയിൽനിന്നും കാഴ്ചയെത്തുന്ന രീതിയിലാണ് സ്റ്റഡി ഏരിയ.

24-lakh-home-palakkad-kitchen

∙ മൾട്ടിവുഡും മൈക്കയും ഉപയോഗിച്ചാണ് അടുക്കളയിലെ കബോർഡുകളും ടിവി സ്റ്റാൻഡുമെല്ലാം നിർമിച്ചത്. വാഡ്രോബുകൾ തടികൊണ്ട് ഉണ്ടാക്കിച്ചു. സ്റ്റെയിൻ ചെയ്യാതെ പോളിഷ് ചെയ്താണ് വാഡ്രോബുകൾ ഉപയോഗിച്ചത്. രണ്ടര ലക്ഷം രൂപ കൊണ്ട് ഈ പണികളെല്ലാം പൂർത്തിയായി.

∙ തേക്കുകൊണ്ടാണ് ഫർണിച്ചർ നിര്‍മിച്ചത്. 70,000 രൂപയ്ക്ക് ഫർണിച്ചർ ലഭിച്ചു.

∙ വിപണിയില്‍ ചതുരശ്രയടിക്ക് 110 രൂപയാണ് നിറമുള്ള ഓടിന്. സാധാരണ ഓടു വാങ്ങി പെയിന്റടിച്ചപ്പോൾ 40 രൂപയ്ക്ക് കാര്യം നടന്നു.

∙ പറമ്പിലെ ഒരു കരിമ്പന വീണത് വീടുപണിക്കാലത്താണ്. അതുപയോഗിച്ചാണ് ഗോവണിയുടെ റെയ്‌ലിങ് നിർമിച്ചത്. ഇതെല്ലാം പണം ലാഭിക്കാൻ സഹായിച്ചു.

വീടിനുമാത്രം നിർമാണചെലവ് 24 ലക്ഷം രൂപയാണ്. ഇൻറീരിയർ ഫർണിഷിങ്ങും ലാൻഡ്സ്കേപ്പും ഉൾപ്പെടെ 32 ലക്ഷം രൂപ ബജറ്റിൽ 1950 ചതുരശ്രയടിയുള്ള ഈ വീട് പൂർത്തികരിക്കാനായി.

Project Facts

Area: 1800 Sqft

Engineer: ബിനു അറയ്ക്കൽ

ഹരിതം ഗ്രീൻ ഹോംസ്, പാലക്കാട്

binu.arackal@gmail.com

Location: തത്തമംഗലം, പാലക്കാട്

Year of completion: സെപ്റ്റംബർ, 2016

Cost: 24 ലക്ഷം

Read more on Home Decoration Magazine Malayalam Kerala House Design