നല്ല അടക്കവും ഒതുക്കവുമുള്ള വീട്!

ഇരുനില വീടിന്റെ പകിട്ടുള്ള ഒറ്റനില വീട്. 1700 ചതുരശ്രയടിയിൽ മൂന്ന് കിടപ്പുമുറികളടക്കം സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്.

ഭംഗിയുള്ള എക്സ്റ്റീരിയർ. മൂന്ന് കിടപ്പുമുറികളും അത്യാവശ്യ സൗകര്യങ്ങളുമുള്ള ഇന്റീരിയർ. ഇതായിരുന്നു പുതിയ വീടിനെപ്പറ്റി വീട്ടുകാരൻ ജനീഷ് പി. മാത്യു ആർക്കിടെക്ടിനു നൽകിയ ലഘുവിവരണം.

ജോലി സംബന്ധമായി കൊറിയയിലാണ് ജനീഷ്. കുടുംബവും അവിടെത്തന്നെയാണ്. അമ്മ മാത്രമാണ് ഇപ്പോൾ നാട്ടിലുള്ളത്. അമ്മയ്ക്ക് പരിപാലിക്കാന്‍ കഴിയുന്ന ‘അടക്കവും ഒതുക്കവുമുള്ള വീട്’ എന്നതായിരുന്നു ജനീഷിന്റെ മനസ്സിലെ ആഗ്രഹം. അത് പൂർണമായും ഉൾക്കൊണ്ടാണ് ആർക്കിടെക്ട് എസ്. ശ്രീരാജ് 1700 ചതുരശ്രയടി വലുപ്പമുള്ള വീടൊരുക്കിയത്.

ഭംഗിക്ക് കുറവില്ല

ലളിതമായ, ആരുടേയും ഇഷ്ടം പിടിച്ചുപറ്റുന്ന രീതിയിലാണ് എക്സ്റ്റീരിയർ ഡിസൈൻ. തലയുയർത്തി നിൽക്കുന്ന മേൽക്കൂരയും സിമന്റ് തേക്കാതെ ഇഷ്ടികകൊണ്ടു നിർമിച്ചതെന്നു തോന്നുന്ന ഹൈലൈറ്റർ ഭിത്തിയുമെല്ലാം വീടിന്റെ പുറംരൂപം ആകർഷകമാക്കുന്നു. വീടിനു നടുവിലെ ചുവരിലുള്ള, പല നിറത്തിലുള്ള ഗ്ലാസ് കൊണ്ട് മറച്ച ചെറിയ സ്ലിറ്റ് ഓപ്പനിങ്ങും ഒറ്റനോട്ടത്തിൽത്തന്നെ ശ്രദ്ധ പിടിച്ചുപറ്റും.

എക്സ്റ്റീരിയറിൽ ഹൈലൈറ്റർ വോൾ ഒഴികെ ബാക്കിയെല്ലായിടത്തും വൈറ്റ് – ഗ്രേ കളർ കോംബിനേഷനാണ് പിന്തുടർന്നിരിക്കുന്നത്. സാധാരണ ഓട് വാങ്ങി അതിൽ ചാരനിറത്തിലുള്ള പെയിന്റ് അടിച്ചാണ് മേൽക്കൂര തയാറാക്കിയത്. സ്റ്റീൽ ട്രസിന് കീഴെ വരുന്ന സ്ഥലം സ്റ്റോറേജ് ആവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്താനാകുംവിധമാണ് ട്രസ് റൂഫിന്റെ ഘടന.

ചതുരാകൃതിയിലുള്ള 20 സെന്റിലാണ് വീടിരിക്കുന്നത്. അതുകൊണ്ട് മുൻഭാഗത്ത് മുറ്റത്തിനും ലാൻഡ്സ്കേപ്പിനും ആവശ്യത്തിന് സ്ഥലം ഒഴിച്ചിട്ട് വീടിന് സ്ഥാനം കാണാനായി.

മൂന്ന് കിടപ്പുമുറികൾ

സിറ്റ്ഔട്ട്, ഫോയർ, സ്വീകരണമുറി, ഫാമിലി ലിവിങ്, ഡൈനിങ് സ്പേസ്, മൂന്ന് കിടപ്പുമുറികൾ എന്നിവയാണ് വീട്ടിലുള്ളത്. ഫോയറിനോട് ചേർന്ന് ചെറിയൊരു കോർട്‌യാർഡും ഒരുക്കിയിട്ടുണ്ട്. കോൺക്രീറ്റ് പർഗോളയ്ക്കു മുകളിൽ ഗ്ലാസ് വിരിച്ചാണ് ഇതിന്റെ മേൽക്കൂര തയാറാക്കിയത്. അതിനാല്‍ വീടിനുള്ളിൽ ആവശ്യത്തിന് വെളിച്ചമെത്തും. ചെറിയ വെള്ളാരങ്കല്ലുകൾ വിരിച്ച് മനോഹരമാക്കിയ കോർട്‌യാർഡ് സ്പേസിന് അടുത്തായി ആട്ടുകട്ടിലും തൂക്കിയിട്ടുണ്ട്.

ഡബിൾഹൈറ്റിലാണ് ഫാമിലി ലിവിങ് സ്പേസ്. വൈറ്റ് – ഗ്രേ കളർ കോംബിനേഷനാണ് ഇന്റീരിയറിലെ പൊതുഇടങ്ങളിലും പിന്തുടർന്നിരിക്കുന്നത്. കിടപ്പുമുറികളിൽ മാത്രം ഒരു ചുവരിന് നിറം നൽകി. ബെയ്ജ് നിറത്തിലുള്ള വിട്രിഫൈഡ് ടൈൽ ഉപയോഗിച്ചാണ് പൊതുഇടങ്ങളിലെ ഫ്ലോറിങ്.

ഷോ കിച്ചൻ, വർക്കിങ് കിച്ചൻ, വർക്ഏരിയ എന്നിങ്ങനെയുള്ള പതിവ് ആർഭാടങ്ങളൊക്കെ ഒഴിവാക്കി ഒരു അടുക്കള മാത്രമേ ഇവിടെ ഉൾക്കൊള്ളിച്ചിട്ടുള്ളൂ. അതിൽ അത്യാവശ്യ സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. ലാമിനേറ്റഡ് പ്ലൈ കൊണ്ടുള്ള കിച്ചൻ കാബിനറ്റിലും വൈറ്റ് – ഗ്രേ കളർ കോംബിനേഷൻ തന്നെയാണ് പിന്തുടർന്നിട്ടുള്ളത്.

Idea

∙ ഒറ്റനില വീടിന് രണ്ടുനിലയുടെ പകിട്ട് നൽകാൻ വഴിയുണ്ട്. ഏതെങ്കിലും ഒരു മുറി ഡബിൾഹൈറ്റിൽ നിർമിക്കുക. ചേരുന്ന റൂഫ് ഡിസൈൻ കൂടി നൽകിയാൽ സംഗതി റെഡി. കുറച്ചിടത്ത് ട്രസ് റൂഫ് നൽകി അതില്‍ ഓടിട്ടും വീടിന്റെ ഗാംഭീര്യം കൂട്ടാം.

∙ പഴയവീടുകളിലെപ്പോലെ കാറ്റ് കടക്കുന്ന രീതിയില്‍ മുഖപ്പ് നൽകിയാൽ വീടിനുള്ളിലെ ചൂട് കുറയ്ക്കാം. പലരും ഭംഗിക്കു മാത്രമായാണ് മുഖപ്പ് നൽകുന്നത്. ഇതിനൊപ്പം ഉപയോഗത്തിനു കൂടി മുൻഗണന നൽകണം എന്നുമാത്രം. തടികൊണ്ടല്ലാതെ ട്രസ് നിർമിക്കാനുപയോഗിക്കുന്ന ജിഐ പോലെയുള്ള മെറ്റീരിയൽകൊണ്ടും നല്ല മുഖപ്പ് നിർമിക്കാം.

∙ വീടിന്റെ ഭംഗി നഷ്ടപ്പെടുത്താതെ ലളിതമായ ഡിസൈനിൽ കാർപോർച്ച് ഒരുക്കിയാൽ പണവും സ്ഥലവും ലാഭിക്കാം. വാസ്തവത്തിൽ നാല് തൂണും ഫ്ലാറ്റ് കോൺക്രീറ്റ് മേൽക്കൂരയും മാത്രമേ പോർച്ചിന് ആവശ്യമുള്ളൂ. വേണമെങ്കിൽ മുളകൊണ്ടുള്ള തട്ടിയോ മറ്റോ ഉപയോഗിച്ച് വെയിൽ തടയാം.

∙ ചുവർ ഹൈലൈറ്റ് ചെയ്യാൻ ക്ലാഡിങ് ടൈൽ നല്ലൊരു ഉപായമാണ്. പലനിറങ്ങളിലും ഡിസൈനിലുമെല്ലാം ഇവ ലഭ്യമാണ്. പണിസമയം ലാഭിക്കാം. നല്ല ഫിനിഷിങ്, മെയ്ന്റനൻസ് വളരെക്കുറവ് എന്നിവയെല്ലാം നേട്ടങ്ങളാണ്. ഇഷ്ടികയുടെ രൂപത്തിലുള്ള ടെറാക്കോട്ട ടൈൽ പതിപ്പിച്ചാണ് ഇവിടെ ഭിത്തി ഹൈലൈറ്റ് ചെയ്തിരിക്കുന്നത്.

∙ വീടിനു മുൻഭാഗത്ത് പുറംചുവരിൽ എവിടെയെങ്കിലും ‘വെർട്ടിക്കൽ സ്ലിറ്റ്’ നൽകിയാൽ രണ്ടാണ് പ്രയോജനം. പുറത്ത് വന്നിരിക്കുന്നതാരെന്ന് വാതിൽ തുറക്കാതെതന്നെ അറിയാം. വാതിലടച്ചിട്ടാലും വീടിനുള്ളിൽ ആവശ്യത്തിനു സൂര്യപ്രകാശമെത്തുകയും ചെയ്യും. ടഫൻഡ് ഗ്ലാസ് കൊണ്ട് സ്ലിറ്റ് ഓപനിങ് മറയ്ക്കുന്നതാണ് കൂടുതൽ സുരക്ഷിതം.

∙ ചെറിയൊരു ടെക്നിക്. അതിശയിപ്പിക്കുന്ന മാറ്റമായിരിക്കും അത് കൊണ്ടുവരിക. ഡബിൾഹൈറ്റ് ഏരിയയിലെ ചുവരില്‍ ചെറിയ ചെറിയ സ്ക്വയർ സ്ലിറ്റുകൾ നൽകി നോക്കൂ. പലനിറങ്ങളിലുള്ള ഗ്ലാസ്കൊണ്ട് ഇവ മറയ്ക്കുകയും ചെയ്യാം. ഇതിലൂടെയെത്തുന്ന സൂര്യപ്രകാശം വീടിനകം സജീവമാക്കും. രാത്രിയിൽ ലൈറ്റ് ഇട്ടാലോ? പുറമേനിന്ന് വീടു കാണാന്‍ നല്ല ഭംഗി തോന്നുകയും ചെയ്യും.

∙ തടിയുടെ ഫിനിഷിലുള്ള ടൈൽ വിരിക്കുമ്പോള്‍ ‘ഒറിജിനാലിറ്റി’ തോന്നിപ്പിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കഴിയുമെങ്കിൽ നീളം കൂടിയ ടൈൽ വാങ്ങി ചെറിയ പലകയുടെ അളവിൽ മുറിക്കുക. ഇവ ഒരേ നിരയായല്ലാതെ കയറ്റിയും ഇറക്കിയും ഇടുക. അൽപം കനത്തിൽ ജോയ്ന്റ് ഫില്ലർ കൂടി ഇട്ടാൽ തടി വിരിച്ചിരിക്കുകയല്ലെന്ന് ആരും പറയില്ല. 4x2 അളവിലുള്ള സെറാമിക് ടൈൽ മൂന്നായി മുറിച്ച് തയാറാക്കിയതാണ് ഇവിടത്തെ സ്വീകരണമുറി.

∙ സാധനങ്ങൾ സൂക്ഷിക്കാനും തുണി ഉണങ്ങാനുമൊക്കെ ട്രസ് റൂഫിനു കീഴിലെ സ്ഥലം പ്രയോജനപ്പെടുത്താം. ഇവിടേക്കെത്താൻ വീടിനു പുറത്തുകൂടി ജിഐ സ്റ്റെയർകെയ്സ് നൽകിയാൽ മതി.

∙ പകൽസമയങ്ങളിൽ കോമൺ ബാത്റൂമായി ഉപയോഗിക്കുകയും രാത്രിയിൽ അറ്റാച്ഡ് ബാത്റൂമായി പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന രീതിയിൽ ഒരു ബാത്റൂം ഒരുക്കിയാൽ ചെലവ് കുറയും. സ്ഥലവും ലാഭിക്കാം.

∙ ഹൈലൈറ്റ് ചെയ്യുന്ന ചുവരിൽ ഇടയ്ക്കിടെ ‘വെർട്ടിക്കൽ ഗ്രൂ’ നൽകി അതിൽ വെള്ളനിറം നൽകിയാൽ കടും നിറങ്ങൾ സ്ഥിരമായി കാണുമ്പോഴുണ്ടാകുന്ന അരോചകത്വം ഒഴിവാക്കാം.

Project Facts

Area: 1700 Sqft

Architect: എസ്. ശ്രീരാജ്

ഫോർ ഡി ആർക്കിടെക്ട്സ്

കോട്ടയം

4darchitects2009@gmail.com

Location: തെങ്ങണ, ചങ്ങനാശേരി

Year of completion: മേയ് 2017