Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്തോ എല്ലാവർക്കും ഇഷ്ടമാണ് ഈ വീടിനെ!

thrissur-house-exterior ആർക്കും ഇഷ്ടം തോന്നുന്ന എന്തോ ഒരു പ്രത്യേകത ഈ വീടിനുണ്ട്.

വിശാലമായ മുറികളുള്ള വീട് വേണം, ടെറസ് ഉപയോഗിക്കാനുള്ള സൗകര്യത്തിന് ചെരിഞ്ഞ മേൽക്കൂര വേണ്ട, എന്നാൽ വീടിന് പ്രത്യേകത വേണം താനും. ഇത്രയുമാണ് ബന്ധു കൂടിയായ ആർക്കിടെക്ട് അമീറയോട് ഡോ.ഷാജഹാന്‍ പറഞ്ഞത്.

അടുത്തടുത്ത് വീടുകളുള്ള, ഫ്രന്റേജ് കുറവുള്ള, നീളത്തിലുള്ള 13 സെന്റ് എന്നതായിരുന്നു അമീറയ്ക്കുള്ള വെല്ലുവിളി, ഭാര്യയും ഭർത്താവും മകളും ഇടയ്ക്കിടെ എത്തുന്ന മാതാപിതാക്കളും അടങ്ങുന്ന കുടുംബം വീട്ടിലുള്ള സമയം ഫലപ്രദമായി ചെലവിടുന്ന രീതിയിലാണ് വീടിന്റെ ഡിസൈൻ. പബ്ലിക്, സെമി, സെമി പ്രൈവറ്റ്, പ്രൈവറ്റ് ഏരിയ എന്നിങ്ങനെ സ്പേസിനെ വേർതിരിച്ചാണ് മുറികൾ ക്രമീകരിച്ചിരിക്കുന്നത്.

കാർ പോർച്ച്, സിറ്റ് ഔട്ട്, ഫോയർ, ഫോർമൽ ലിവിങ്ങ് എന്നീ പൊതുവായ ഇടങ്ങൾ വടക്കോട്ട് അഭിമുഖമായി നൽകി.

കാലാവസ്ഥയ്ക്കനുസരിച്ച്

സൂര്യന്റെ സഞ്ചാരപാതയും കാറ്റിന്റെ ദിശയും ആധാരമാക്കിയാണ് ഡിസൈൻ. നട്ടുച്ചയിലെ കത്തുന്ന ചൂട് വീടിനുള്ളിലേക്കെത്താതിരിക്കാൻ തെക്കും പടിഞ്ഞാറും കഴിവതും ഓപനിങ്ങുകൾ കുറച്ചു. പടിഞ്ഞാറ് ചെറിയ ഓപനിങ്ങുകളും കിഴക്ക് വലിയ ഓപനിങ്ങുകളും നൽകിയത് വെന്റിലേഷൻ സുഗമമാക്കി. വടക്കും കിഴക്കും വലിയ ജനാലകൾ നൽകിയത് വീടിനുള്ളിൽ വെളിച്ചം നിറയ്ക്കുന്നതിനൊപ്പം ‘സ്റ്റാർക് ഇഫക്ട്’ വഴി ചൂടു വായുവിനെ പുറന്തള്ളുകയും ചെയ്യുന്നു.

thrissur-house-living

ഫോയറിൽ ഷൂറാക്കുണ്ട്. അതിൻമേൽ ഇരുന്ന് ചെരുപ്പ് ഇടാമെന്ന സൗകര്യവുമുണ്ട്. ലിവിങ്ങ് റൂമിനോടു ചേർന്നുള്ള ഓപൻ കോർട്‌യാർഡിൽ മഴ ആസ്വദിക്കാം. പുറത്ത് മറ്റൊരു കോർട്‌യാർഡും കൂടി ഉള്ളതിനാൽ രണ്ട് കോർട്‌യാർഡുകളുടെ ഇടയ്ക്കാണ് ലിവിങ്ങ് റൂം എന്നു പറഞ്ഞാൽ തെറ്റില്ല. മാത്രമല്ല, അതു കാരണം നല്ല വെന്റിലേഷനും സാധ്യമാകുന്നു. ഇവിടുത്തെ സീലിങ്ങിന്റെ ഉയരവും കൂടുതലാണ്. അതുകൊണ്ട് മുറി കൂടുതൽ വിശാലമായിത്തോന്നും.

ഒരു വലിയ ഹാളിന്റെ ഭാഗമാണ് ഫാമിലി ലിവിങ്ങും ഊണിടവും. എൽ ആകൃതിയിൽ, ഡബിൾ ഹൈറ്റിലുള്ള ഇവിടമാണ് ഈ വീടിന്റെ ഹൃദയമെന്നു പറയാം. ഇവിടെ നിന്നാൽ മുകളിലെ നിലയിലെ മുറികളുടെ വാതിലുകൾവരെ കാണാമെന്നതിനാൽ രണ്ടു നിലയിലെയും ആളുകൾക്ക് ആശയവിനിമയത്തിന് ബുദ്ധിമുട്ടില്ല. ഫാമിലി ലിവിങ്ങിലാണ് ടിവി യൂണിറ്റ്. ഇവിടത്തോടു ചേർന്ന് പ്രാർത്ഥനാ മുറിയും പൗഡർ റൂമും ഉണ്ട്.

thrissur-house-hall

ഗ്ലാസും തേക്കിൻ തടിയും ചേർന്ന കൈവരിയാണ് ഫ്ലോട്ടിങ്ങ് സ്റ്റെയർകേസിന്. പടികളിൽ സ്റ്റീൽ ഫ്രെയിമിൽ തേക്കിൻതടി പൊതിഞ്ഞിരിക്കുകയാണ്. സ്റ്റെയറിന് മുകളിലെ സ്കൈലൈറ്റ് സൃഷ്ടിക്കുന്ന നിഴൽച്ചിത്രങ്ങൾ ഇന്റീരിയറിന് ചന്തമേകുന്നു. ഊണുമുറിയിൽ നിന്ന് പുറത്തെ വരാന്തയിലേക്കിറങ്ങാം.

thrissur-house-upper

രണ്ടു അടുക്കളകളാണുള്ളത്. സൗമ്യമായ നിറങ്ങളിൽ ഒരുക്കിയ പ്രധാന അടുക്കളയിൽ ഉപകരണങ്ങളെല്ലാം ഇൻബിൽറ്റ് ആണ്. ചെറിയ ബ്രേക്ഫാസ്റ്റ് കൗണ്ടറും സജ്ജീകരിച്ചിട്ടുണ്ട്. യൂട്ടിലിറ്റി കിച്ചൻ/വർക് ഏരിയ, സര്‍വന്റസ് റൂം, ടോയ്‌ലറ്റ് എന്നിവ കൂടി ചേരുമ്പോൾ അടുക്കള സമുച്ചയം പൂർത്തിയായി. വാസ്തുവും കാലാവസ്ഥയും കണക്കിലെടുത്ത് അടുക്കള തെക്കുകിഴക്കേ മൂലയിലാണ് കൊടുത്തിരിക്കുന്നത്.

thrissur-house-kitchen

താഴത്തെ നിലയിൽ രണ്ടു കിടപ്പുമുറികളാണുള്ളത്. അതിൽ ഒന്ന് മാതാപിതാക്കളുടെ കിടപ്പുമുറിയാണ്. അവരെ കാണാനെത്തുന്ന അതിഥികളെ കൂടി കണക്കിലെടുത്ത് ഈ മുറി സെമി പബ്ലിക് സ്പേസ് ആയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇവിടുത്തെ ഫർണിച്ചർ ലേഔട്ട് ഫാമിലി ലിവിങ്ങിലിരുന്നാൽ കാണാത്തവിധം വളരെ ശ്രദ്ധാപൂർവമാണ് ചെയ്തിരിക്കുന്നത്.

thrissur-house-bedroom

മാസ്റ്റർ ബെഡ്‍റൂമിൽ സ്റ്റഡി, സിറ്റിങ്ങ് ഏരിയകൾ കൂടി ക്രമീകരിച്ചിട്ടുണ്ട്. ഡ്രസിങ്ങ് ഏരിയ പ്രത്യേകമുണ്ട്. മുകളിലെ നിലയിലാണ് മകളുടെ കിടപ്പുമുറി. ഇവിടെ സ്റ്റഡി ഏരിയ പ്രത്യേകം നൽകിയിട്ടുണ്ട്. വാഡ്രോബിന് സ്കൈലൈറ്റ് നൽകിയതും ആ സ്പേസിന് തനതായ വ്യക്തിത്വം നൽകാൻ ഉപകരിച്ചു.

thrissur-house-master-bed

മുകളിൽ ഹോംതിയറ്റർ കൂടിയുണ്ട്. ഇവിടെ നിന്ന് നീളൻ ഫ്രഞ്ച് ജനാലകൾ വഴി പുറത്തെ ടെറസിലേക്കിറങ്ങാം. ഇവിടെ പാർട്ടി ഏരിയയായി ഉപയോഗിക്കാനുള്ള സൗകര്യത്തിനാണ് ഇത്. ഗ്രിൽ ഇട്ട് ജനാലകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തിയിട്ടുണ്ട്. െടറസിന് പോളികാർബണേറ്റ് റൂഫ് ഇടാനുള്ള പദ്ധതിയിലാണ് ഷാജഹാൻ.

തേക്കിൻതടിയാണ് ജനലിനും വാതിലുകൾക്കുമൊക്കെ ഉപയോഗിച്ചിട്ടുള്ളത്. ഫർണിച്ചർ പണിയിക്കുകയും വാങ്ങുകയും ചെയ്തു, ഫ്ലാറ്റ് റൂഫ് ആയതു കാരണം സോളർ പാനലുകൾ വയ്ക്കാനും സൗകര്യം കിട്ടിയെന്ന് ഷാജഹാൻ പറയുന്നു.

അങ്ങനെ മനസ്സിനു പിടിച്ച വീടു കിട്ടിയതിന്റെ സന്തോഷത്തിലാണു വീട്ടുകാർ.

Idea

∙ സിറ്റ്‌ഔട്ടിന്റെ ചുവരിലും തൂണുകളിലും കരിങ്കൽ പാനലിങ്ങ് ചെയ്യാം. ഇവിടെ ചതുരശ്രയടിക്ക് 110 രൂപ വരുന്ന സദറഹള്ളി സ്റ്റോൺ അഥവാ ബാംഗ്ലൂർ സ്റ്റോൺ ആണ് ഉപയോഗിച്ചിരിക്കുന്നത്.

∙ മുറ്റത്ത് സ്റ്റോൺ വിരിച്ച് ഇടയിൽ പുല്ലു പിടിപ്പിച്ചാൽ മഴവെള്ളം മുറ്റത്തുതന്നെ താഴും. കനം കൂടിയ സദറഹള്ളി സ്റ്റോൺ ആണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്.

∙ ടെറസിൽ നിന്ന് വെള്ളം പൈപ്പ് വഴി കിണറ്റിലേക്ക് എത്തിച്ച് കിണർ റീചാർജിങ്ങ് ചെയ്താൽ ജലക്ഷാമമുണ്ടാകില്ല. അതുകൊണ്ടാവാം തൊട്ടടുത്തുള്ള വീട്ടിൽ വരെ വെള്ളത്തിന് ക്ഷാമമുണ്ടെങ്കിലും ഇവിടെ വെള്ളത്തിന് പഞ്ഞമില്ല.

∙ വീടിനുള്ളിൽ പ്രകാശം നിറയ്ക്കാൻ വലിയ ജനാലകൾ നൽകുന്നത് നല്ലതാണ്. അവ നൽകുമ്പോൾ സൂര്യന്റെ സഞ്ചാരപാത ശ്രദ്ധിച്ച് ഇളവെയിൽ അകത്തേക്ക് കടക്കുന്ന രീതിയിൽ നൽകുക. അല്ലെങ്കിൽ വീടിനുള്ളിൽ കൊടുംചൂട് ആകും.

∙ ജനാലകളും വാതിലുകളും മുഴുവനായി കവർ ചെയ്യാം. അതായത് സാധാരണ ജനലും വാതിലും അടയ്ക്കുമ്പോൾ വിടവിനകത്തേക്ക് കയറിയാണിരിക്കുക. അതിനു പകരം വിടവില്ലാതെ മുഴുവനായി മൂടുന്ന രീതിയിൽ നൽകിയാൽ കാണാൻ നല്ല ഭംഗിയാണ്. ഒറ്റ ഫ്രെയിമായി തോന്നും എന്നതാണ് മെച്ചം. തടി കൂടുതൽ ചെലവാകും എന്ന പോരായ്മയുമുണ്ട്.

∙ സ്റ്റെയർകേസിന്റെ താഴത്തെ പടികൾ ചിത്രത്തിൽ കാണുന്നതു പോലെ നൽകിയാല്‍ ഇരിപ്പിടമായും ഉപയോഗിക്കാൻ പറ്റും. കാണാനും ഭംഗിയാണ്.

∙ മറൈൻ പ്ലൈകൊണ്ട് കിച്ചൻ കാബിനറ്റുകളും വാഡ്രോബുകളും പണിയാം. ഈർപ്പത്തിൽ നിന്നു സുരക്ഷ നൽകാൻ വേണമെങ്കിൽ പ്ലൈവുഡിൽ മൾട്ടിവുഡ് കൊണ്ടുള്ള ഒരു പാളി കൂടി നൽകാം.

∙ സ്റ്റെയർകേസിനു താഴെ സ്റ്റഡി ഏരിയയും ബുക്‌ഷെൽഫും നൽകാം, അലങ്കാര വസ്തുക്കൾ കൂടി വച്ച് ആ സ്പേസിന്റെ ഭംഗി കൂട്ടുകയുമാകാം.

∙ മുറികളെ തമ്മിൽ വേർതിരിക്കുകയും വേണം; എന്നാല്‍ അടഞ്ഞു മൂടി പോകാനും പാടില്ല. ഇത്തരം സന്ദർഭങ്ങളില്‍ പാർട്ടീഷനുകള്‍ക്ക് മൾട്ടിവുഡിൽ സിഎന്‍സി കട്ടിങ്ങ് ചെയ്ത ജാളികൾ ഉപയോഗിക്കാം. ഡ്യൂക്കോ പെയിന്റ് ചെയ്ത് ഇവ ഭംഗിയാക്കാം.

∙ പ്ലൈവുഡ് വച്ച് വാർത്താൽ സീലിങ്ങിന് കിടിലൻ ലുക്ക് നൽകാം. ഇതിനുമേൽ ഒരു കോട്ട് പെയിന്റ് കൂടി അടിച്ചാൽ മതി.

∙ ടിവി യൂണിറ്റിന് ചന്തമേകാൻ സ്റ്റോണ്‍ വെനീറിനെ കൂട്ടുപിടിക്കാം. ചുറ്റും ലൈറ്റിങ്ങ് കൂടി ചെയ്താല്‍ മനോഹരമായി. ചതുരശ്രയടിക്ക് 180 രൂപ വില വരുന്ന സ്റ്റോൺ വെനീർ ചുവരിൽ മാത്രമല്ല, വാഡ്രോബിനും ഹെഡ്ബോർഡിനുമൊക്കെ ഭംഗി കൂട്ടാൻ ഈ വീട്ടിൽ ഉപയോഗിച്ചിട്ടുണ്ട്.

∙ ഇന്റീരിയർ തീമനുസരിച്ച് ലാംപ് ഷേഡുകൾ പ്രത്യേകം ഡിസൈൻ ചെയ്യിക്കുകയുമാകാം. ത്രീഡി ഡിസൈൻ ചെയ്തു കാണിച്ചതിനു ശേഷം ലൈറ്റ് ഡിസൈൻ ചെയ്യിക്കുന്ന സംവിധാനവും ഇപ്പോഴുണ്ട്.

∙ കിടപ്പുമുറിയിലെ ഹെഡ്ബോര്‍ഡ്, വാഡ്രോബ് എന്നിവയ്ക്ക് ഒരേ ഡിസൈൻ നൽകി ഓരോ തീം അനുസരിച്ച് ക്രമീകരിക്കാം. സ്റ്റോൺ വെനീർ, ലൂവർ ഡിസൈൻ, ചൂരൽ തുടങ്ങിയ പൊതുഘടകങ്ങളാണ് ഇവിടെ യഥാക്രമം ഓരോ കിടപ്പുമുറിയിലും പിന്തുടർന്നിരിക്കുന്നത്.

∙ ചുവരുകൾ ഹൈലൈറ്റ് ചെയ്യാൻ വോൾപേപ്പർ ഉപയോഗിക്കാം. ഫ്ലോറൽ, ജ്യാമിതീയം തുടങ്ങി ഇന്റീരിയറിനിണങ്ങുന്ന പാറ്റേണിലുള്ള വോൾപേപ്പർ ഒട്ടിക്കാം

∙ പഴയ വീടുകളിലുണ്ടായിരുന്നപോലെയുള്ള, പാളികൾ പൊക്കി വയ്ക്കാവുന്ന ട്രാൻസം ജനാലകൾ നൽകുന്നത് ക്രോസ് വെന്റിലേഷൻ ഇല്ലാത്ത ഇടങ്ങളില്‍ വായു സഞ്ചാരം സുഗമമാക്കാൻ സഹായിക്കും.

∙ ബാത്റൂമിലെ ഡ്രൈ, വെറ്റ് ഏരിയ വേർതിരിക്കാൻ ഗ്ലാസ് പാർട്ടീഷൻ നൽകാം.

∙ മഴ ആസ്വദിക്കാവുന്ന ഓപൻ കോർട്‌യാർഡ് കന്റംപ്രററി വീടുകളിലും നൽകാം. രൂപവും ഭാവവും അൽപം മാറ്റിയാൽ മതി. ഏതെങ്കിലുമൊരു മുറിയോടു ചേർന്നു സൈഡ് കോർട്‌യാർഡ് ആയി നൽകാം. ഗ്ലാസ് പാർട്ടീഷൻ നൽകിയാൽ വെള്ളം തെറിക്കുകയുമില്ല.

∙ ഫ്ലോറിങ്ങിലെ വ്യത്യാസം കൊണ്ട് ഒരു മുറിയിലെ തന്നെ പല ഭാഗങ്ങളും വിഭജിക്കാനും എടുത്തു കാണിക്കാനും സാധിക്കും. ഒരേ ഡിസൈനിലുള്ള ടൈലുകൾ, ഒട്ടിക്കുമ്പോഴുള്ള പ്രത്യേകത കൊണ്ട് വേറിട്ട പാറ്റേൺ ആയി തോന്നിക്കുന്ന മാജിക് ചിത്രത്തിൽ കാണാം.

∙ കിടപ്പുമുറികളിൽ നിന്ന് കൊച്ചു വരാന്ത നൽകാം. അവിടെ കോഫീ ടേബിളും രണ്ടു കസേരകളും കൂടിയിട്ടാൽ പ്രകൃതി ഭംഗി ആസ്വദിക്കുകയുമാകാം. മുകളിലെ നിലയിലും ഇത്തരമൊന്ന് പരീക്ഷിക്കാം. ഒരു ഡെക്കിന്റെ പ്രതീതി ലഭിക്കും.

∙ മുറികൾക്ക് ഉയരക്കൂടുതൽ നൽകിയാൽ വിശാലമായി തോന്നും. ഇവിടെ ലിന്റൽ ഹൈറ്റ് എട്ട് അടി, നിലം തൊട്ട് സീലിങ്ങ് വരെ 12 അടി, ഫോർമൽ ലിവിങ്ങിന് 14 അടി എന്നിങ്ങനെ ഉയരമുണ്ട്.

∙ വെറുതെ ലൈറ്റ് നൽകാതെ അതിന്റെ പാറ്റേണിലും ആകർഷണീയത കൊണ്ടുവരാം. ഉദാഹരണത്തിന് കിടപ്പുമുറിയുടെ ചിത്രത്തിൽ ഹെഡ്ബോർഡിനു മുകളിലായുള്ള ലൈറ്റ് പാറ്റേൺ ശ്രദ്ധേയം. ലംബമായും തിരശ്ചീനമായും തിരിക്കാവുന്ന ലൈറ്റുകളാണിവ.

Project Facts

Area: 3800 Sqft

Architect: അമീറ അഹമ്മദ്,

ബോധി ഡിസൈൻ സ്റ്റുഡിയോ, ബെംഗളൂരു

amirah@bodhidesignstudio.in

Location: കയ്പമംഗലം, തൃശൂർ

Year of completion: ജൂലൈ, 2017