18 ലക്ഷത്തിനു പുതുക്കിപ്പണിത വീട്!

നീളത്തിൽ ഉള്ള പ്ലോട്ട് എന്ന പരിമിതി മറികടന്ന 1800 ചതുരശ്രയടിയിൽ പണിത വീട്

വീടും സ്ഥലവും ഒന്നിച്ചു വാങ്ങി മക്കളുമൊത്തു താമസിക്കാനുള്ള ആഗ്രഹമായിരുന്നു ജോളി ജെറിക്ക്. അതിനുള്ള അന്വേഷണങ്ങൾ നടക്കുന്നതിനിടയിലാണ് ആറു സെന്റ് സ്ഥലവും പണി തുടങ്ങിയ ഒരു വീടും വിൽക്കാനുണ്ടെന്നറിഞ്ഞത്. അങ്ങനെയാണ്  എറണാകുളം നോർത്ത് പറവൂരിലുള്ള മനയ്ക്കപ്പടിയിൽ വീട് കാണാൻ പോകുന്നത്. 

ഒൗട്ട് ലൈൻ മാത്രമായിരുന്ന വീടിന് ഒരു നില കൂടിപ്പണിത് ഇന്റീരിയറും ഒരുക്കിയെടുക്കാൻ 18 ലക്ഷം രൂപയാണു ചെലവു വന്നത്.

ആറു സെന്റ് സ്ഥലവും പണി ഏകദേശം പൂർത്തിയായ അവസ്ഥയിലുള്ള ഒരു വീടുമായിരുന്നു അത്. 2016 ന്റെ തുടക്കത്തിൽ ജോളിയും മക്കളും ചേർന്ന് 20 ലക്ഷത്തിന് ആ വീടും സ്ഥലവും വാങ്ങി.

നീളത്തിലുള്ള സ്ഥലമായതുകൊണ്ടു വീടിന്റെ സ്ട്രക്ചറിൽ വലിയ മാറ്റങ്ങൾ വരുത്താനുള്ള സാധ്യത ഇല്ലായിരുന്നു. ഹൈന്ദവ വിശ്വാസികൾക്കു വേണ്ടി പണിത വീട് ആയതുകൊണ്ട് ഒരു പൂജാമുറിയും ഉണ്ടായിരുന്നു. ഒറ്റനില വീടുമായിരുന്നു. ആ വീടിനെയാണ് ഇപ്പോൾ കാണുന്ന രീതിയിലെ വീടായി മാറ്റിയെടുത്തത്. 

കേരള സ്റ്റൈലിൽ ഉമ്മറത്തു ചാരുപടി വയ്ക്കുകയും റൂഫിങ് ഭംഗിയാക്കാൻ ഓട് ഉപയോഗിക്കുകയും ചെയ്തു. വീടിനകത്തു മരത്തിന്റെ ഫിനിഷ് കിട്ടുന്ന രീതിയിലുള്ള വോൾ പേപ്പറുകൾ ഉപയോഗിച്ചു ഭംഗിയാക്കി. മുകളിലേക്ക് ഒരു നില കൂടി പണിതെടുത്ത് ജിഐ പൈപ്പുകൊണ്ട് സ്റ്റെയർ കേസ് ഉണ്ടാക്കി.

സിറ്റൗട്ട് കടന്നു വീട്ടിലേക്കു കയറുമ്പോൾ വളരെ ഒതുക്കമുള്ള ലിവിങ് സ്പേസിലേക്ക് എത്തുന്നു. മുൻപ് ഉണ്ടായിരുന്ന പൂജാമുറി അത്യാവശ്യ സാധങ്ങൾ വയ്ക്കാനും ഇൻവെർട്ടർ വയ്ക്കാനുമൊക്കെയായി മാറ്റി. ഹാളിന്റെ വശത്തുതന്നെയാണ് ഈ മുറി.

അകഭിത്തിയിൽ മരത്തിന്റെ ഹൈലൈറ്റ് ചെയ്തിരിക്കുന്നത് േവാൾപേപ്പർ കൊണ്ടാണ്.

അവിടെനിന്നു നീളത്തിലുള്ള ഇടനാഴിയിലൂടെ കടന്നുപോകുമ്പോൾ വലതു വശങ്ങളിലാണു രണ്ട് അറ്റാച്ച്ഡ് ബാത്റൂമോടുകൂടിയ കിടപ്പുമുറികൾ. അവിടെ  വാഷ് ഏരിയയ്ക്കു ചെറിയ സ്ഥലം എടുത്തിട്ടുണ്ട്.

വീടിന്റെ ഇടതു വശത്തു ധാരാളം ജനലുകൾ കൊടുത്തിരിക്കുന്നതുകൊണ്ട് അകത്തു നല്ല വെളിച്ചം ലഭിക്കുന്നു. ഈ ജനലുകളുടെ രണ്ടറ്റത്തും ഒരോ ചെറിയ ഗ്ലോബ് വച്ച് അതിൽ നിറങ്ങളുള്ള കല്ലും ചെറിയ മീനുകളും ഇട്ടു ഭംഗിയായി സൂക്ഷിച്ചിട്ടുണ്ട്.

ഹാളിൽനിന്ന് ഇടനാഴി കടന്നു ഡൈനിങ് ഏരിയയിലേക്ക് എത്തുന്നു. ഡൈനിങ് ടേബിളിലും ഒരു ഗ്ലോബിൽ ഗോൾഡൻ ഫിഷിനെ വളർത്തുന്നുണ്ട്. അടുക്കളയും അവിടെനിന്ന് വിറകടുപ്പോടുകൂടിയ വർക്ക് ഏരിയയും ഉണ്ട്.

ഫിഷ് ഗ്ലോബുകളാണു വീട്ടിലെ അലങ്കാരം. ജനലരികത്തും മുറികളിലും വാഷ് ഏരിയയിലും ഷോ കേസിലുമെല്ലാം മീൻ വളർത്തുന്ന ചെറിയ ഗ്ലോബുകളുണ്ട്.

ഒൗട്ട്്ലൈൻ മാത്രമായിരുന്ന വീടിന് ഒരു നില കൂടിപ്പണിതു ചേർത്ത് ഇന്റീരിയറും ഒരുക്കിയെടുക്കാൻ 18 ലക്ഷം രൂപയാണു ചെലവു വന്നത്.