തൃത്താലയിലെ ലാൻഡ്മാർക്ക്

ഇപ്പോൾ തൃത്താലയിലൂടെ കടന്നുപോകുന്നവർക്ക് ഒരു ലാൻഡ്മാർക്ക് ആയിരിക്കുകയാണ് ഈ വീട്.

പാലക്കാട് തൃത്താലയിൽ 6000 ചതുരശ്രയടിയിലാണ് പുതുമോടിയോടെ ഈ വീട് തലയുയർത്തി നിൽക്കുന്നത്. ടെറസും ഓടും ഇടകലർന്ന വീടായിരുന്നു പണ്ട് ഇവിടെയുണ്ടായിരുന്നത്.

വീട്ടിലെ അംഗസംഖ്യ വർധിച്ചതും സ്ഥലപരിമിതിയുമാണ് വീട് പുതുക്കിപ്പണിയാൻ ഉടമസ്ഥനെ പ്രേരിപ്പിച്ചത്. ഇടുങ്ങിയ അകത്തളങ്ങളിൽ കാറ്റും വെളിച്ചവും എത്തുന്നതും കുറവായിരുന്നു. ഇടങ്ങളുടെ പുനർക്രമീകരണത്തിലൂടെയാണ് അകത്തളങ്ങളിലെ സ്ഥലപരിമിതി മറികടന്നത്. 

മുന്നിലേക്ക് ധാരാളം സ്ഥലം ഉണ്ടായിരുന്നത് കൊണ്ട് മുന്നിലേക്കിറക്കിയാണ് വീട് പുതുക്കിപ്പണിതത്. ഡബിൾ ഹൈറ്റിലുള്ള തൂണുകളും ചുറ്റുവരാന്തയുമാണ് മുൻഭാഗം അടയാളപ്പെടുത്തുന്നത്. പോർച്ചിനു വശത്തായി ഗാരേജ് ഒരുക്കി.

അനാവശ്യ ഭിത്തികൾ ഇടിച്ചു കളഞ്ഞതോടെ ഉൾവശം വിശാലമായി. മെസനൈൻ ശൈലിയിലാണ് ഭിത്തിയുടെ ക്രമീകരണം. അതിനാൽ അകത്തേക്ക് കയറുമ്പോൾ തന്നെ വിശാലമായ ഒരു ഹാളിലേക്ക് എത്തിപ്പെട്ട പ്രതീതിയാണ്. കമാനാകൃതിയിലുള്ള വാതിലുകളും ഫ്രഞ്ച് ജനാലകളും ധാരാളം പ്രകാശം അകത്തേക്ക് എത്തുന്നു. 

ഓരോ ഇടങ്ങളെയും വേർതിരിക്കാനായി ഓരോ സൂത്രവിദ്യകൾ ചെയ്തിട്ടുണ്ട്. ഫോർമൽ ലിവിങ്ങിനെ വേർതിരിക്കാനായി വുഡൻ ഫ്ളോറിങ് നൽകി. ഫോർമൽ ലിവിങ്ങിന്റെ ഒരു ഭിത്തി ടൈൽ ക്ലാഡിങ് നൽകിയതും ശ്രദ്ധേയമാണ്. ജിപ്സം ഫോൾസ് സീലിങ്ങും വെനീർ പാനലിങ്ങും വാം ടോൺ ലൈറ്റിങ്ങും അകത്തളങ്ങളിൽ പ്രസന്നത നിറയ്ക്കുന്നു.

ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, മോഡേൺ കിച്ചൻ, വർക് ഏരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. നിലത്ത് പുതിയ വിട്രിഫൈഡ് ടൈലുകൾ വിരിച്ചു. 

ഗോവണിയുടെ ഡിസൈൻ ആണ് ഇന്റീരിയറിലെ ഒരു ഹൈലൈറ്റ്. കാസ്റ്റ് അയൺ കൊണ്ടുള്ള കൈവരികൾ മുകൾനിലയിലും തുടരുന്നു. ഗോവണിയുടെ വശത്തായി ഡബിൾ ഹൈറ്റിൽ ഒരു കോർട്യാർഡ് സ്‌പേസ് നൽകിയിട്ടുണ്ട്. ഇതിൽ മഞ്ഞ നിറമുള്ള ക്ലാഡിങ് സ്‌റ്റോണുകൾ പതിച്ച് ഭംഗിയാക്കി. 

എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. വുഡൻ ലാമിനേറ്റ് ഫിനിഷിലാണ് അടുക്കള. ഗ്രാനൈറ്റാണ് കൗണ്ടറുകൾക്ക് നൽകിയത്.

 പഴയ കിടപ്പുമുറികൾ പുതിയ കാലത്തിന്റെ സൗകര്യങ്ങൾ നൽകി പരിഷ്കരിച്ചു. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് ഏരിയ എന്നിവയെല്ലാം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

വീടിന്റെ തുടർച്ച അടയാളപ്പെടുത്തുന്ന രീതിയിലാണ് ചുറ്റുമതിലും പണിതത്. ചുരുക്കത്തിൽ ഇപ്പോൾ തൃത്താലയിലൂടെ കടന്നുപോകുന്നവർക്ക് ഒരു ലാൻഡ്മാർക്ക് ആയിരിക്കുകയാണ് ഈ വീട്.

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Location- Thrithala, Palakkad

Area- 6000 SFT

Owner- Abubakar

Design- Rishan

Inhat, Bangalore

Mob- 9496459575

Completion year- 2017