ഇവിടെ വന്നാൽ ഉലകം ചുറ്റാം

വിവിധ രാജ്യങ്ങളിൽനിന്ന് ശേഖരിച്ച വസ്തുക്കളാണ് ഈ ഫ്ലാറ്റിന്റെ ഹൈലൈറ്റ്.

ഒരു വീടിനെ വീടാക്കാൻ ചെറിയ ചില പൊടിക്കൈകൾ മതിയെന്നാണ് ഷാന അലക്സാണ്ടറിന്റെ അഭിപ്രായം. തേവരയിലുള്ള ഷാനയുടെ ഫ്ലാറ്റ് തന്നെ അതിന് തെളിവ്. കൊച്ചിയിൽ റോക്ക് പേപ്പർ സിസേഴ്സ് എന്ന ഇന്റീരിയർ ബൂട്ടീക് നടത്തുന്ന ഷാനയെ ‘ഇന്റീരിയർ എസ്തെറ്റീഷൻ’ (aesthetician) എന്നു വിശേഷിപ്പിക്കാം. അതായത് ചെറിയ ചില ക്രമീകരണങ്ങളിലൂടെ ഇന്റീരിയറിന് ഭംഗിയും ഊഷ്മളതയും പകരുകയാണ് ഇവർ ചെയ്യുന്നത്. ഷാനയുടെ ഫ്ലാറ്റിന്റെ വിശേഷങ്ങളിലൂടെ അവരുടെ കലാവിരുത് അടുത്തറിയാം.

ഫാമിലി ലിവിങ്-ഡൈനിങ്

ഒരു ഹാളിന്റെ രണ്ട് ഭാഗങ്ങളാണ് ഫാമിലി ലിവിങ്ങും ഡൈനിങ്ങും. ഷാനയുടെ ബുട്ടീക്കിൽ ഫർണിച്ചറും ഡിസൈൻ ചെയ്തു നൽകുന്നുണ്ട്. ഇവിടെയുള്ളതെല്ലാം സ്വന്തമായി ഡിസൈൻ ചെയ്ത ഫർണിച്ചറാണ്. മെഴുകുതിരിക്കാലുകളും അലങ്കാരവിളക്കുകളുമെല്ലാം പല രാജ്യങ്ങളിൽ നിന്നുള്ളവയാണ്.

വാഷ് ഏരിയ

ബാൽക്കണിയാണ് വാഷ് ഏരിയയായി രൂപം മാറിയത്. ചുവരിലും തറയിലും സ്പാനിഷ് ‍ൈടലിന്റെ മാസ്മരികത തൊട്ടറിയാം. സ്റ്റാൻഡ് എലോൺ വാഷ് ബേസിനും കൂടിയായപ്പോൾ വാഷ് ഏരിയ പൂർണം; സുന്ദരം

കണ്ണാടി

ഇന്റീരിയറിൽ കണ്ണാടികൾ നല്‍കുന്നത് ഷാനയുടെ സ്റ്റൈലാണ്. കണ്ണാടിയും അതോടു ചേർന്നൊരു കൺസോളും നല്‍കുന്നത് അകത്തളത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്നാണ് ഷാനയുടെ നയം. 100 വർഷം പഴക്കമുള്ള അരിപ്പെട്ടി പോലെയുള്ള ആന്റിക് പീസുകളും ഇവിടെയുണ്ട്.

കിടപ്പുമുറികൾ

ഷീറ്റ്, ക്വിൽറ്റ്, തലയണ കവറുകൾ, റണ്ണർ എന്നിവയടങ്ങുന്ന ബെഡ് കോർഡിനേറ്റ്സ് ഒരുക്കുന്നതിൽ ഉസ്താദാണ് ഷാന. ‘ലിനൻ ബൈ ഷാന’ എന്നൊരു ബ്രാൻഡ് തന്നെ സ്വന്തമായുണ്ട്. കട്ടിലുകളെല്ലാം പണിയിച്ചതാണ്. പഴയ മുസ്ലിം തറവാട്ടിലെ ആഭരണപ്പെട്ടി കിടപ്പുമുറിക്ക് അഴകേകുന്നു. വോൾപേപ്പറിലും ഷാന ടച്ച് കാണാം. ‘അറ്റ്മോസ്ഫിയറി’ന്റെ കർട്ടനും അഫ്ഗാനിസ്ഥാൻ റഗ്ഗും ബെഡ്റൂമിന് ആഡംബരഛായയേകുന്നു.