ചെലവ് ചുരുക്കി കേരളശൈലി വീട്

ആവശ്യങ്ങൾക്ക് മാത്രം പ്രാധാന്യം നൽകിയുള്ള സമീപനമാണ് ചെലവ് ചുരുക്കാൻ സഹായിച്ചത്. 33 ലക്ഷമാണ് വീടിനു ചെലവായത്.

കോഴിക്കോട് വടകരയിൽ 20 സെന്റ് പ്ലോട്ടിൽ 1750 ചതുരശ്രയടിയിലാണ് വാരിയത്ത് മഠം എന്ന ഒരുനില വീട് നിർമിച്ചിരിക്കുന്നത്. പരമ്പരാഗത ശൈലി അനുസ്മരിപ്പിക്കുന്ന മുൻഭാഗമാണ് വീടിന്. മുൻവശത്ത് സ്ലോപ് റൂഫിൽ ഓടുപാകി. പിന്നിൽ കുറച്ചു സ്ഥലം ഫ്ലാറ്റായി വാർത്ത് ടെറസ് നൽകി. സോപാനവും ചാരുപടികളുമെല്ലാം മുൻപിൽ നൽകിയിരിക്കുന്നു. പില്ലറുകളിൽ വുഡൻ ഫിനിഷ് ടൈലുകൾ പാകി. കാർ പോർച്ച് പ്രത്യേകമായി നിർമിച്ചിട്ടില്ല. പകരം താൽക്കാലിക സംവിധാനം എന്ന നിലയിൽ വീടിന്റെ മുൻപിലും വശത്തും പില്ലർ നാട്ടി ഷീറ്റ് മേഞ്ഞു.

ഉടമസ്ഥനും പിതാവും ചേർന്നാണ് വീടിന്റെ പ്ലാൻ വരച്ചത്. സ്വീകരണമുറി, ഊണുമുറി, അടുക്കള, വർക്ക് ഏരിയ, അറ്റാച്ഡ് ബാത്റൂമുകളുള്ള മൂന്ന് കിടപ്പുമുറികൾ, നടുമുറ്റം എന്നിവയാണ് ഈ വീട്ടിൽ പ്രധാനമായും ഒരുക്കിയത്. ഓപ്പൺ ശൈലിയിലുള്ള അകത്തളങ്ങളാണ് വീടിനുള്ളിൽ. ഇത് കൂടുതൽ വിശാലത നൽകുന്നു. 

വീടിന്റെ ശ്രദ്ധാകേന്ദ്രം നടുമുറ്റമാണ്. കാറ്റും വെളിച്ചവും അകത്തേക്ക് എത്താനായി മുകളിൽ പർഗോള ഗ്ലാസ് റൂഫ് നൽകിയിരിക്കുന്നു. മികച്ച വെന്റിലേഷൻ ലഭിക്കുന്നതുകൊണ്ട് അകത്തളങ്ങളിൽ താരതമ്യേന ചൂട് കുറവാണ്.

ആറുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. ഹാളിന്റെ നടുക്കായി ആട്ടുകട്ടിൽ നൽകിയിരിക്കുന്നു.

റസ്റ്റിക് ഫിനിഷുള്ള ടൈലുകളാണ് വീടിനുള്ളിൽ മുഴുവൻ പാകിയിരിക്കുന്നത്. ഫർണിച്ചർ കൂപ്പുതടി മേടിച്ച് നിർമിച്ചെടുത്തവയാണ്. മോഡേൺ കിച്ചൻ ആണ് നൽകിയത്. സ്റ്റീലും തടിയും ഗ്ലാസുമാണ് ഫർണിഷിങ്ങിന് ഉപയോഗിച്ചത്.

ലളിതമായ കിടപ്പുമുറികൾ. ഇവിടെ ഭിത്തിയിൽ ഹൈലൈറ്റർ നിറങ്ങൾ നൽകി അലങ്കരിച്ചിട്ടുണ്ട്. ഭിത്തികളിൽ ക്യൂരിയോകളും കാണാം. കർട്ടനുകൾ ഇന്റീരിയറിലെ ഭംഗി വർധിപ്പിക്കുന്നു.

ചുരുക്കത്തിൽ ആവശ്യങ്ങൾക്ക് മാത്രം പ്രാധാന്യം നൽകിയുള്ള സമീപനമാണ് ചെലവ് ചുരുക്കാൻ സഹായിച്ചത്. 33 ലക്ഷമാണ് വീടിനു ചെലവായത്.

Project Facts

Location- Vadakara, Calicut

Plot- 20 cent

Area- 1750 SFT

Owner- Deepak Prakasan 

Mob: 9496348837 

Contractor- Raveendran

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.