പുഴയിലേക്കു നോക്കി പ്രാതൽ കഴിക്കാം, കിളികളെ കാണാം; ത്രില്ലടിപ്പിക്കുന്ന വീട്!

വാരാന്ത്യവസതി എന്ന രീതിയിലാണ് ഡിസൈൻ, കൂട്ടുകാർക്കും വീട്ടുകാർക്കും ഒന്നിക്കാൻ സുന്ദരസ്ഥലം.

പുഴയുടെ അടുത്തൊരു വീട് എന്നത് കാലങ്ങളായി എബി റോഡ്രിഗ്സിന്റെ മനസ്സിൽ ഉള്ള ആഗ്രഹമായിരുന്നു. പുഴയുണ്ടെങ്കിൽ നല്ല വഴിയില്ല, വഴിയുള്ളപ്പോൾ പുഴയുടെ സാമീപ്യമില്ല എന്ന രീതിയിലായിരുന്നു കണ്ട മിക്ക പ്ലോട്ടുകളും. ഒടുവിൽ, മൂന്നുവർഷങ്ങൾക്കു മുൻപ് അങ്ങിനെയൊരു സ്ഥലം എബിയെയും കുടുംബത്തെയും തേടിയെത്തി.

എറണാകുളം ജില്ലയിൽ കൊച്ചാൽ എന്ന സ്ഥലത്തായിരുന്നു അത്. വീതി കുറഞ്ഞ റോഡിലൂടെ വീടിനു മുന്നിലെത്തുമ്പോൾ പിറകിൽ പുഴയൊഴുകുന്ന ലാഞ്ചന പോലുമില്ല. പിറകിലെ സിറ്റ്ഔട്ട് ആണ് ചിത്രത്തിൽ കാണുന്നത്. പുഴയുടെ സൗന്ദര്യം കാണാൻ ചാഞ്ഞു നോക്കുന്നതുപോലെയാണ് സിറ്റ്ഔട്ടിലെ ചരിഞ്ഞ ബീമുകൾ നിൽക്കുന്നത്. ഈ സിറ്റ്ഔട്ടിലിരുന്ന് പുഴയിലേക്കു നോക്കി പ്രാതൽ കഴിക്കാൻ എബിയും കുടുംബവും ഒത്തിരി ഇഷ്ടപ്പെടുന്നതിന്റെ ‘ത്രിൽ’ ആർക്കും മനസ്സിലാക്കാം. പുഴയിലേക്കു നയിക്കുന്ന പടികളും ഗെയ്റ്റും. ഒപ്പം പച്ചപ്പുല്ല് പരവതാനിയിട്ട മുറ്റവും.

പിറകിലെ സിറ്റ്ഔട്ട് വച്ച് നോക്കുമ്പോൾ മുൻഭാഗത്ത് സൗന്ദര്യം അൽപം കുറവാണെന്നു പറയാം. ഇവിടെ പ്ലോട്ടിന് വീതി കുറവായതാണ് പ്രശ്നം. മുൻവശത്തെ പടികൾ കയറുന്നത് ചതുരക്കവാടത്തിലൂടെയാണ്. ഒരു കൊച്ചു കിണറും മുൻഭാഗത്തെ മുറ്റത്തുണ്ട്.

ഡൈനിങ് ഏരിയ ഉൾപ്പെടുന്ന ഹാൾ, അടുക്കള, മാസ്റ്റർ ബെഡ്റൂം എന്നീ മൂന്ന് മുറികളിൽ നിന്നും പുഴയുടെ ഭംഗി കാണാൻ സാധിക്കുന്ന തരത്തിലുള്ള സ്ലൈഡിങ് ജാലകങ്ങളാണ് നൽകിയിരിക്കുന്നത്.

ഹോട്ടൽ മുറിയിലെന്നപോലെയാണ് കിടപ്പുമുറികൾ സജ്ജീകരിച്ചത്. യാത്ര കഴിഞ്ഞു വരുമ്പോൾ ബാഗ് വയ്ക്കാനുള്ള മേശ, വസ്ത്രങ്ങൾ വയ്ക്കാനുള്ള അത്യാവശ്യം കബോർഡുകൾ, കസേരകള്‍ എന്നിങ്ങനെ. അഹമ്മദാബാദിൽ താമസിക്കുന്ന എബിയും കുടുംബവും വല്ലപ്പോഴും കൊച്ചിയിലെത്തുമ്പോൾ ‘വീട്ടിൽ നിന്നു മാറിയൊരു വീട്’ എന്ന ആശയത്തിലാണ് ഈ വാരാന്ത്യവസതിയുടെ ഡിസൈൻ. കാര്യക്ഷമമായ ഉപയോഗത്തിന് ഒരുനില വീടു മതിയെന്ന കാര്യത്തിൽ എബിയേക്കാള്‍ നിർബന്ധമായിരുന്നു എബിയുടെ ഭാര്യ മാർഗരറ്റിന്. റസ്റ്റിക് ഫിനിഷ് ഇഷ്ടപ്പെടുന്നതിനാൽ ഫ്ലോറിങ് ടൈലുകൾ അത്തരത്തിലാക്കി. സീലിങ്ങിലും രണ്ടു ചുവരുകളിലും ഗ്രേ നിറം കൊടുത്ത് വീടിനെ ‘ന്യൂജെൻ’ അവതാരമാക്കി.

സാനിറ്ററിവെയർ രംഗത്തെ അതികായരായ ‘സെറ’യുടെ സീനിയർ വൈസ് പ്രസിഡന്റ് ആയ എബിയുടെ വീട്ടിലെ ബാത്റൂമുകൾ സ്വാഭാവികമായും ഏറ്റവും പുതിയ ബാത്റൂം ആക്സസറികളാൽ സമ്പന്നമാണ്. മിററിലെ ടച്ച് ബട്ടണിൽ കയ്യമർത്തിയാൽ വാഷ്ബേസിനു മുമ്പിലെ കണ്ണാടിക്കകത്ത് ലൈറ്റ് തെളിയും. ബാത്റൂമിൽ ചാറ്റൽമഴയും ആർത്തിരമ്പുന്ന മഴയും പെയ്യിക്കുന്ന റെയിൻഷവറുകൾ ആണുള്ളത്.

രാവിലെ പുഴയിലേക്ക് നോക്കിയിരുന്ന് കിളികളെ കാണാൻ, മഴയത്ത് ചൂണ്ടയിട്ട് മീൻ പിടിക്കാൻ, കൂട്ടംകൂട്ടമായെത്തുന്ന നീർനായകളെ കാണാൻ... അടുത്ത വരവിനായി കാത്തിരിക്കുകയാണ് വീട്ടുകാർ.

Idea

∙ ചരിഞ്ഞ ബീമുകൾ വീടിന് കന്റെംപ്രറി ശൈലി കൊടുക്കും. മുൻവശത്തും പിറകുവശത്തും കൊടുക്കുന്ന ചരിവുകൾ രണ്ടു ഭാഗങ്ങൾക്കും ഇടയിൽ ഒരു ‘കണക്ടിവിറ്റി’യുടെ പ്രതീതി ഉണ്ടാക്കും.

∙ മഴവെള്ളം അടിക്കാൻ സാധ്യതയുള്ള ഭാഗങ്ങളിൽ ആന്റി സ്കിഡ് ടൈലുകൾ ആണ് നല്ലത്. ലപോത്ര ഫിനിഷുള്ള ആന്റി സ്കിഡ് ടൈൽ ആണ് ചിത്രത്തിലെ വരാന്തയിൽ.

∙ ട്രോപ്പിക്കൽ കാലാവസ്ഥയിലുള്ള നമ്മുടെ നാട്ടിൽ അധികം പരിപാലനം ആവശ്യമില്ലാത്ത ബഫലോ ഗ്രാസ് ആണ് പുൽത്തകിടിക്കു നല്ലത്.

∙ വീതി കുറഞ്ഞ പ്ലോട്ടുകളിൽ എക്സ്റ്റീരിയറിന് പ്രാധാന്യം കൈവരുത്താൻ ചില ഘടകങ്ങളാവാം. ഇവിടെ കൊടുത്തിരിക്കുന്ന കോൺക്രീറ്റ് കവാടം ശ്രദ്ധേയം.

∙ എക്സ്റ്റീരിയർ ഭിത്തിക്ക് ക്ലാഡിങ് ചെയ്യുമ്പോൾ നാച്വറൽ സ്റ്റോണിന്റെ സ്ലാബുകൾ കട്ട് ചെയ്ത് ‘വി’ ഗ്രൂവിങ് ചെയ്താൽ നല്ല ഭംഗി കിട്ടും.

∙ കന്റെംപ്രറി ഇന്റീരിയറിന് ന്യൂട്രൽ നിറങ്ങളാണ് കൂടുതൽ ഇണങ്ങുക. അതിനു മാച്ച് ചെയ്യുന്ന ഒരു തരം മങ്ങിയ നീല നിറത്തിലുള്ള സോഫാ തിരഞ്ഞു കണ്ടെത്തിയത് ആ ‘സ്പെഷൽ ഇഫക്ടി’നു വേണ്ടിയാണ്.

∙ സമകാലിക ശൈലിക്ക് മിനിമലിസ്റ്റിക് ഇന്റീരിയറാണ് അനുയോജ്യം. ഫർണിച്ചർ കുത്തിനിറയ്ക്കാതെ, സ്പേസിന് പ്രാധാന്യം കൊടുത്ത് ക്രമീകരിക്കാം.

∙ ഒരു പ്ലോട്ടിൽ ഹൈലൈറ്റ് ചെയ്യാനുള്ള പ്രകൃതിയുടെ ഘടകം കണ്ടുപിടിക്കാം. ഇവിടെ അതു പുഴയാണ്. പുഴയുടെ കാഴ്ച കിട്ടാൻ സ്ലൈഡിങ് ജനാലകൾ കൊടുത്തിരിക്കുന്നു.

∙ കാഴ്ച മറയ്ക്കാത്ത രീതിയിൽ വേണമെന്നുള്ളതിനാൽ സ്റ്റെയർകെയ്സിന്റെ പടികൾക്കിടയിൽ വിടവ് കൊടുത്തു. കൂടുതൽ സ്പേസ് തോന്നിക്കുവാനും ഈ ഡിസൈൻ സഹായിക്കുന്നു.

∙ ഫോയറിന് സ്വകാര്യത വേണമെങ്കിൽ വഴിയുണ്ട്. ജിഐ പൈപ്പുകൾ കൊണ്ട് കുറച്ച് നേർരേഖകൾ തീർക്കാം. പെട്ടെന്ന് ശ്രദ്ധ പതിയുകയില്ല. അതേസമയം സ്വകാര്യത കിട്ടുകയും ചെയ്യും.

∙ ഒറ്റനില വീടാണെങ്കിലും മുകളില്‍ ഒരു മുറി പണിതതിനു പിറകിലെ കാരണങ്ങൾ ഇതൊക്കെയാണ് – ചൂടു കുറയും. ടെറസിലേക്കുള്ള ജനൽ വഴി കാറ്റു കടക്കും. പാർട്ടി ഏരിയ ലഭിക്കും. ടെറസിൽ ചെടി വളർത്താം.

∙ തടിപ്പണി കുറയ്ക്കാൻ യുപിവിസി ജനലുകൾ സഹായിക്കും. കാണാനും അഴക്, മെയിന്റനൻസും കുറവ്, വേഗത്തിൽ പിടിപ്പിക്കാനും സാധിക്കും.

∙ കിടപ്പുമുറികളിൽ മുഴുനീളത്തിലുള്ള മിറർ പിടിപ്പിക്കുന്നത് ഡ്രസ്സിങ്ങിന് സഹായകമാകും. ഇതിനാൽ പ്രത്യേക ഡ്രസ്സിങ് റൂമിന്റെ ആവശ്യം വരുന്നില്ല.

∙ കോർട്‌യാർഡിന്റെ ഇഫക്ട് സൃഷ്ടിക്കാൻ ഒരു ചെറിയ ഏരിയ, ലെവൽ വ്യത്യാസം വരുത്തി അവിടെ ആർട്ടിഫിഷ്യൽ ഗ്രാസ് ഇടാം.

∙ ഫ്ലോറിങ് ടൈലിൽ ഗ്ലാസ് കൊണ്ട് ഇൻലേ വർക്ക് ചെയ്താൽ തറയ്ക്ക് കൂടുതൽ ആകർഷകത്വം ലഭിക്കും. വലുപ്പം കൂടിയ ടൈലുകൾക്ക് കൂടുതൽ ഭംഗി കിട്ടും.

∙ 120x15 സെമീ വലുപ്പമുള്ള വുഡ് ഫിനിഷ് ടൈലുകൾ ആണെങ്കിൽ അവയ്ക്ക് തടിപ്പലകകളുടെ അതേ പ്രതീതി ലഭിക്കും.

∙ സീലിങ്ങിന് കൊടുത്ത നിറം മുറിക്ക് വ്യത്യസ്തത നൽകും. മുറിയിലെ വെളിച്ചം കുറയാന്‍ ഇടയാകരുതെന്നു മാത്രം. ന്യൂട്രൽ നിറമായ ഗ്രേയുടെ വിവിധ ഷേഡുകളാണ് സീലിങ്ങിനും ഭിത്തിക്കും കൊടുത്തത്.

∙ വീടിന്റെ ടെറസിൽ നല്ല പ്രകാശമുള്ള ലൈറ്റുകൾ പിടിപ്പിച്ചാല്‍ പിന്നീട് ആവശ്യം വരുമ്പോൾ ഉപകാരപ്പെടും.

∙ പിറകിലെ വരാന്തയിലേക്ക് തുറക്കുന്ന രീതിയിൽ മാസ്റ്റർ ബെഡ്റൂമിൽ നിന്നും ഡൈനിങ്ങിൽ നിന്നും മാത്രമല്ല, കിച്ചനിൽ നിന്നും സ്ലൈഡിങ് വിൻഡോ നൽകിയത് സൗന്ദര്യവും ഉപയോഗക്ഷമതയും വർദ്ധിപ്പിക്കുന്നു.

∙ ജനാല ഗ്രില്ലിന് ഇവിടെ തിരശ്ചീനമായ അഴികൾ മാത്രമാണ് കൊടുത്തിരിക്കുന്നത്. പൊടി പിടിക്കുന്നത് തടയാൻ കഴിയും.

Project Facts

Area: 2700 Sqft

Architect: മനോജ്കുമാർ എം.

ആർക്കിടെക്ചറൽ എൻജിനീയർ

ഇല്യൂഷൻസ്, കടവന്ത്ര, കൊച്ചി

manoj.illusions@yahoo.in

Location: കൊച്ചാൽ, എറണാകുളം

Year of completion: മേയ്, 2016

ചിത്രങ്ങൾ : ഹരികൃഷ്ണൻ