നന്മ പൂവിടും ഇന്ദീവരം

ഒരുപാട് നന്മകളുണ്ട് ചുറ്റും; പ്രകൃതിയായും മനുഷ്യരായുമൊക്കെ. അവയെല്ലാം സ്നേഹാശ്ലേഷം ചെയ്യുന്നു ഇന്ദീവരം.

ബഹുരസമായിരുന്നു ഇന്ദീവരത്തിലെ ആദ്യ മഴക്കാലം. വെള്ളത്തുള്ളികളുടെ നൃത്തച്ചുവടുകൾ കണ്ണിനു വിരുന്നൊരുക്കിയ പകലുകൾ. കാറ്റും കുളിരും കൂട്ടുകൂടിയെത്തിയ സന്ധ്യകൾ. മഴത്താളം താരാട്ടായ രാവുകൾ...

‘വാതിൽ കൊട്ടിയടയ്ക്കാതെ കൈനീട്ടി സ്വീകരിക്കണം. അപ്പോഴാണ് മഴയുടെ ഉള്ളറിയാനാകുക.’

ഒട്ടെല്ലാ മുറികളോടു ചേർന്നും ചെറിയ നടുമുറ്റമുള്ള, പ്രകൃതിയിലേക്ക് തുറക്കുന്ന വലിയ ചില്ലുവാതിലുകളുള്ള ‘ഇന്ദീവരം’ എന്ന വീടിന്റെ വരാന്തയിലിരുന്ന് വർത്തമാനം പറയുമ്പോൾ ഡോക്ടർ ദമ്പതികളായ ഉണ്ണികൃഷ്ണന്റെയും അമ്പിളിയുടേയും കണ്ണുകളിൽ മഴക്കാലം സമ്മാനിച്ച വിസ്മയക്കാഴ്ചകളുടെ തിളക്കം മാഞ്ഞിട്ടില്ല.

മനസ്സിൽ നിറയണം സന്തോഷം

‘എപ്പോഴും ജോലിത്തിരക്കിലാണ്. നല്ല ടെൻഷനുമുണ്ട്. അതൊക്കെ കഴിഞ്ഞ് വൈകിട്ട് വീട്ടിലെത്തുമ്പോൾ മനസ്സിന് ഒരാശ്വാസം തോന്നണം. സന്തോഷം നിറയണം.’

ഇതായിരുന്നു പുതിയ വീടിനെപ്പറ്റി ആർക്കിടെക്ടിനോട് പറഞ്ഞ ‘കീവേർഡ്സ്’.

ഭ്രമം മാറുന്നതോടെ മടുപ്പുതോന്നുമെന്നതിനാല്‍ പ്രതലങ്ങൾക്കൊന്നും അധികം തിളക്കം വേണ്ടെന്നും വൃത്തിയാക്കാൻ എളുപ്പമായിരിക്കണമെന്നും സൂചിപ്പിച്ചു. ഇതേ പുരയിടത്തിൽ തന്നെയുള്ള തറവാടിനോടുള്ള അടുപ്പം വിടാതെയാകണം രൂപകൽപന എന്നതായിരുന്നു മറ്റൊരു ആഗ്രഹം.

പിരിമുറുക്കങ്ങളില്ലാതെ...

ഉള്ളിലെത്തി അൽപം കഴിയുമ്പോഴേക്കും മനസ്സിലെ പിരിമുറക്കങ്ങളൊക്കെ അലിയും. സ്വീകരണമുറിക്ക് അഭിമുഖമായുള്ള നടുമുറ്റവും പച്ചപ്പിന്റെ വിശാലതയിലേക്ക് വാതിൽ തുറക്കുന്ന ഊണുമുറിയുമെല്ലാം കണ്ണിനും മനസ്സിനും ഒരുപോലെ കുളിർമ പകരും. കിടപ്പുമുറികളോടു ചേർന്നുള്ള കോർട്‌യാർഡുകളുടെ കാര്യവും അങ്ങനെത്തന്നെ.

ഒട്ടും തിക്കും തിരക്കും തോന്നാതെയാണ് മുറികളുടെ വിന്യാസം. ഊഷ്മളതയാണ് അകത്തളത്തിന്റെ മുഖമുദ്ര. നിറങ്ങൾ, ടെക്സ്ചർ എല്ലാത്തിന്റെയും മാനദണ്ഡവും ഈ ഊഷ്മളത തന്നെ.

റസ്റ്റിക് ഫിനിഷിനോടുള്ള വീട്ടുകാരുടെ താൽപര്യമറിഞ്ഞാണ് വെട്ടുകല്ലു കൊണ്ടുള്ള ചുവരും തറയോടിന്റെ മാതൃകയിലുള്ള ഇംപോർട്ടഡ് ടൈലും തടിയും വിരിച്ച തറയുമെല്ലാം ഒരുക്കിയത്. മേൽക്കൂരയിൽ കോൺക്രീറ്റിന് താഴെ സിമന്റ് തേക്കാതെ പരുക്കൻ ഫിനിഷ് നിലനിർത്തിയതും ഈ ഉദ്ദേശ്യത്തിൽത്തന്നെ. കിച്ചൻ കാബിനറ്റിലും ലാൻഡ്സ്കേപ്പിലും വരെ ഈ റസ്റ്റിക് സ്റ്റൈൽ പിൻതുടർന്നിട്ടുണ്ട്.

സ്നേഹനൂലിഴകളാൽ കൊരുത്തു‍

മുൻഭാഗം, പിൻഭാഗം എന്നുള്ള വേർതിരിവൊന്നുമില്ലാതെയാണ് വീടിന്റെ ഡിസൈൻ. മൂന്നു വശത്ത് വഴിയും അടുത്തു തന്നെ തറവാടും വരുന്ന രീതിയിലാണു പ്ലോട്ടിന്റെ ഘടന. ഏതു ദിക്കിൽ നിന്നു നോക്കിയാലും ഒരുപോലെ സുന്ദരിയാണീ വീടെന്ന കാര്യത്തിൽ തർക്കമില്ല.

ഫാമിലി ലിവിങ്ങ് സ്പേസും ഊണുമുറിയും വരാന്തയുമടങ്ങുന്ന ഭാഗം തറവാടിനഭിമുഖമായി വരും വിധമാണ് തറവാടിന്റെ രൂപകൽപന. സ്നേഹച്ചരടിൽ കൊരുത്തപോലെ നടുവിൽ രണ്ടു വീടിന്റെയും മുറ്റം വരുന്നു. ഇവിടെയുള്ള വരാന്തയാണ് വീട്ടിലെ ഏറ്റവും സജീവ ഇടം.

വീടുകളും അടുത്തടുത്താണെങ്കിലും സ്വകാര്യതയ്ക്ക് ഭംഗം വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ടെന്നതാണ് ശ്രദ്ധേയം. സ്വകാര്യത കണക്കിലെടുത്താണ് കിടപ്പുമുറികളുടെയെല്ലാം സ്ഥാനം നിശ്ചയിച്ചത്.

പുതിയ വീട്ടിലേക്ക് താമസം മാറ്റിയെങ്കിലും പഴയ വീട് വിട്ടുപോയി എന്നൊരു വിഷമം വീട്ടുകാർക്കില്ല. പുതിയൊരു മുറിയിലേക്ക് താമസം മാറ്റിയെന്ന തോന്നലേയുള്ളു.

Idea

∙ പൊതുഇടങ്ങളുടെ മേൽക്കൂര കോൺക്രീറ്റ് ചെയ്യാതെ ട്രസ് റൂഫ് നൽകി ഓടു മേയുക മാത്രം ചെയ്തു. മുകളിലും താഴെയുമായി രണ്ട് പാളികളിലായി ഓട് മേഞ്ഞത് ചൂട് കുറയ്ക്കും.

∙ കാർപോര്‍ച്ച്, വരാന്ത എന്നിവയുടെ മേൽക്കൂരയിലെ കോൺക്രീറ്റ് പ്ലാസ്റ്റർ ചെയ്തില്ല. ഭംഗിയുള്ള റസ്റ്റിക് ഫിനിഷ് ആണിതിന്.

∙ പടിഞ്ഞാറു ഭാഗത്തെ ചുവരിൽ എക്സ്റ്റീരിയർ ഗ്രേഡ് പ്ലൈവുഡ് ലൂവറുകൾ നൽകി. വെയിലിന്റെ കാഠിന്യം കുറയ്ക്കാനും മഴയിൽ നിന്ന് സംരക്ഷണം നൽകാനുമെല്ലാം ഇത് സഹായിക്കുന്നു.

∙ വെട്ടുകല്ല് തേക്കാതെ തന്നെ ഉപയോഗിച്ചത് ഇന്റീരിയറിന് റസ്റ്റിക് ഫിനിഷ് നൽകുന്നു. ഇരുമ്പിന്റെ അംശം കൂടിയ ‘കാടക്കണ്ണൻ’ എന്നു വിളിപ്പേരുള്ള ഇനം വെട്ടുകല്ലാണ് ഉപയോഗിച്ചത്. ഇതിന് ഉറപ്പും ബലവും കൂടും.

∙ നടുമുറ്റത്തിന്റെ ഒരു ചുവരിന് ടെറാക്കോട്ട ജാളി നൽകി. കാറ്റും വെളിച്ചവും ഉള്ളിലെത്താൻ ഇത് സഹായിക്കുന്നു. വെട്ടുകല്ലിന്റെ റസ്റ്റിക് ടെക്സ്ച്ചറിന് ഇണങ്ങുകയും ചെയ്യും.

∙ അലുമിനിയവും ഗ്ലാസും കൊണ്ടുള്ള സ്ലൈഡിങ്ങ് ടൈപ്പ് വാതിലാണ് ഡൈനിങ്ങ് സ്പേസിനും വരാന്തയ്ക്കുമിടയിൽ. വീടിനുള്ളിൽ വെളിച്ചമെത്താൻ ഇത് സഹായിക്കുന്നു.

∙ ലിന്റൽ ലെവലിൽ നൽകിയിരിക്കുന്ന പ്ലൈവുഡ് പെൽമെറ്റ്, ഇന്റീരിയറിന്റെ പകിട്ട് കൂട്ടുന്നു. ഇതിനുള്ളിൽ ലൈറ്റുകള്‍ നൽകുകയും ചെയ്യാം.

∙ എല്ലാ മുറികളുടേയും തറയിൽ ചെറിയ ഹാൻഡ്മെയ്ഡ് ഇൻലേ ടൈലുകൾ കൊണ്ടുള്ള സ്ട്രിപ് ഡിസൈൻ നൽകിയിരിക്കുന്നത് ഫ്ലോറിങ്ങിന് വ്യത്യസ്തത നൽകുന്നു.

∙ തറയോടിന്റെ മാതൃകയിലുള്ള സ്പാനിഷ് ടെറാക്കോട്ട ടൈൽ ആണ് സ്വീകരണമുറിയിൽ വിരിച്ചത്. ഇതിന് ഈടും ഗുണനിലവാരവും കൂടും.

∙ ഒട്ടു മിക്ക ഫർണിച്ചറുകളും ആർക്കിടെക്ട് തന്നെ ഡിസൈൻ ചെയ്ത് പണിയിപ്പിക്കുകയായിരുന്നു. ലാമിനേറ്റ് ചെയ്യാത്ത പ്ലൈവുഡ് ഉപയോഗിച്ച് നിർമിച്ച ടീപോയ് ഇന്റീരിയറിന്റെ റസ്റ്റിക് ഫിനിഷിന് നന്നായി ഇണങ്ങുന്നു.

∙ റസ്റ്റിക് ഫിനിഷ് ഡിസൈനിലുള്ള സീലിങ്ങ് പ്രത്യേകം തിരഞ്ഞെടുത്തത് ഇന്റീരിയറിന്റെ ഭംഗി കൂട്ടുന്നു.

∙ കിടപ്പുമുറിയോടു ചേർന്നുള്ള കോർട്‌യാർഡുകൾ ഇന്റീരിയറിന് കൂടുതൽ വിശാലത തോന്നിപ്പിക്കുന്നു. അലുമിനിയം സ്ലൈഡിങ്ങ് വാതിലുകളാണ് ഇവയ്ക്കും നൽകിയത്.

∙ ജനാലകൾക്കു പകരം നൽകിയ ലൂവറുകൾ സ്വകാര്യത ഉറപ്പാക്കിക്കൊണ്ടു തന്നെ കാറ്റും വെളിച്ചവുമെത്തിക്കുന്നു. മൃദുവായി തിരിച്ചാല്‍ തുറക്കുന്ന തരം അലുമിനിയം ലൂവറുകളാണ് കിടപ്പുമുറികളിൽ പിടിപ്പിച്ചിട്ടുള്ളത്.

∙ മുകളിലെ ട്രസ് ഏരിയയ്ക്കു കീഴിൽ ലഭിച്ച വിശാലമായ ഓപൺ ടെറസ്, പാർട്ടി ഏരിയയാക്കി മാറ്റി.

∙ അടുക്കളയിൽത്തന്നെ വിറകടുപ്പിനും സ്ഥാനം കണ്ടെത്തി. ഇതിനു മാത്രമായി മറ്റൊരടുക്കള പണിയുന്നത് ഒഴിവാക്കി.

∙ അടുക്കളയോട് ചേർന്നും ഒരു കോർട്‌യാർഡ് നൽകി. കറിവേപ്പ്, കാന്താരിമുളക് എന്നിവയൊക്കെ ഇവിടെ വളർത്തുന്നുണ്ട്. ആവശ്യമുള്ളപ്പോൾ പറിച്ചെടുക്കാം.

∙ കാബിനറ്റ് ഷട്ടറിന് പ്ലൈവുഡ് അതേ പോലെ നൽകി. ഇത് ചെലവ് കുറച്ചു. ഒപ്പം ഇന്റീരിയറിന്റെ റസ്റ്റിക് ഫിനിഷ് അടുക്കളയിലുമെത്തിക്കുകയും ചെയ്തു.

Project Facts

Area: 3050 Sqft

Architects: ആർജിബി ആർക്കിടെക്ചർ സ്റ്റുഡിയോ

പാലാരിവട്ടം, കൊച്ചി

architecture.rgb@gmail.com

Location: ഇരിങ്ങപ്പുറം, ഗുരുവായൂർ

Year of completion: ഓഗസ്റ്റ്, 2017

ചിത്രങ്ങൾ : ഫർഹീൻ താഹ, അജയ് ജോസ്