Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

4 സെന്റ്, 8 മാസം, 30 ലക്ഷം; തകർപ്പൻ വീട് റെഡി!

30-lakh-home-calicut ഭവനനിർമാണ ചെലവുകൾ റോക്കറ്റ് പോലെ കുതിക്കുന്ന കാലത്ത് താരതമ്യേന കുറഞ്ഞ ചെലവിൽ ഇരുനില വീട് സാധ്യമാക്കാനായി എന്നതാണ് ഇവിടെ ഹൈലൈറ്റ്.

കോഴിക്കോട് മീഞ്ചന്തയിൽ വെറും 5 സെന്റ് പ്ലോട്ടാണ് പ്രബീഷിനു ഉണ്ടായിരുന്നത്. ഇതാകട്ടെ L ഷേപ്പിലും. പരിമിതികൾ ഏറെയുള്ള ഇവിടെ ഒരു വീട് പണിയണം എന്ന ആഗ്രഹം പ്രബീഷ് സുഹൃത്തായ ഡിസൈനർ സജീന്ദ്രനെ അറിയിച്ചു. ചെലവ് കുറച്ച് അത്യാവശ്യം സൗകര്യങ്ങളുള്ള രണ്ടു നില വീട് വേണം. ഇത്ര മാത്രമായിരുന്നു ഡിമാൻഡ്. ചുരുങ്ങിയ സമയത്തിനുള്ളിൽ വീട് പണിയുന്നതിൽ മിടുക്കനായ സജീന്ദ്രൻ അങ്ങനെ പണി ഏറ്റെടുത്തു. മൂന്ന് മാസം കൊണ്ട് സ്ട്രക്ച്ചറും അഞ്ചു മാസം കൊണ്ട് ഫർണിഷിങ്ങും പൂർത്തിയായി. അങ്ങനെ എട്ടുമാസത്തിനുള്ളിൽ പ്രബീഷ് നിനച്ചതിലും മനോഹരമായ ഒരു വീട് ഇവിടെ ഉയർന്നു.

30-lakh-home-calicut-view

മോഡേൺ കന്റെംപ്രറി ശൈലിയിലാണ് വീട്. നാലു സെന്റിലാണ് 1650 ചതുരശ്രയടിയുള്ള വീടിരിക്കുന്നത്. ബാക്കി ഒരു സെന്റ് ലാൻഡ്സ്കേപ്പിനായി മാറ്റിവച്ചു. കിഴക്കോട്ട് ദർശനമായാണ് വീട്. പ്ലോട്ടിന്റെ വടക്കുഭാഗത്താണ്‌ റോഡ്. ഈ രണ്ടു ദിശയിലേക്കും കാഴ്ച ലഭിക്കുംവിധമാണ് വീടിന്റെ ഡിസൈൻ. ചെങ്കല്ല് വെട്ടി മിനുക്കിയെടുത്ത ക്ലാഡിങ് ടൈലുകളാണ് പുറംഭിത്തികൾക്ക് മനോഹാരിത പകരുന്നത്. കാറ്റും വെളിച്ചവും കാഴ്ചയും ലഭിക്കാൻ കോർണർ വിൻഡോകൾ എലിവേഷനിൽ നൽകി.

30-lakh-home-calicut-elevation

സെമി ഓപ്പൺ ശൈലിയിൽ അകത്തളങ്ങൾ ഒരുക്കിയത് കൂടുതൽ വിശാലത നൽകുന്നു. ക്രോസ് വെന്റിലേഷൻ നൽകിയിരിക്കുന്ന അകത്തളങ്ങളിൽ സുഖകരമായ കാലാവസ്ഥ നിലനിൽക്കുന്നു. ഫർണിച്ചർ ഇന്റീരിയർ തീം അനുസരിച്ച് നിർമിച്ചെടുത്തവയാണ്. L ഷേപ്പ്ഡ് സോഫ ലിവിങ് അലങ്കരിക്കുന്നു. വിട്രിഫൈഡ് ടൈലുകളാണ് പ്രധാന ഇടങ്ങളിൽ വിരിച്ചത്. ചിലയിടങ്ങളിൽ വുഡൻ ഫിനിഷ്ഡ് ടൈലുകളും വിരിച്ചു. 

30-lakh-home-calicut-hall

ലിവിങ് ഡബിൾ ഹൈറ്റിലാണ് നിർമിച്ചത്. ഇത് അകത്തളങ്ങൾക്ക് കൂടുതൽ വിശാലത നൽകുന്നതിനൊപ്പം മനോഹാരിതയും പകരുന്നു. പ്രകാശത്തെ ആനയിക്കാനായി വെർട്ടിക്കൽ പർഗോളകൾ എലിവേഷനിൽ നൽകി. ഇതിൽ ഗ്ലാസ് ബ്രിക്കുകൾ ഉപയോഗിച്ചു.

30-lakh-home-living-ceiling

ഗോവണിയുടെ ഡിസൈൻ കണ്ണുടക്കുന്നതാണ്. സാധാരണ വീടുകളിൽ ഡെഡ് സ്‌പേസുകൾ കൂടുതൽ ഉണ്ടാകുന്നത് ഗോവണിയുടെ താഴെയാണ്. ഇവിടെ അതൊഴിവാക്കാനായി പ്രൊജക്റ്റഡ് ശൈലിയിൽ ഗോവണി നിർമിച്ചു. ആദ്യ ലാൻഡിങ്ങിൽ കൈവരികൾക്ക് പകരം സ്റ്റീൽ റോപ്പുകൾ നൽകി. ഗോവണിയുടെ അടുത്ത ലാൻഡിങ്ങിൽ ടഫൻഡ് ഗ്ലാസും സ്റ്റീൽ കൈവരികളും തുടരുന്നുമുണ്ട്. 

30-lakh-home-stair

ഗോവണിയുടെ വശത്തെ വാഷ് ഏരിയയുടെ ഭിത്തിയിൽ നൽകിയ വോൾപേപ്പറാണ് മറ്റൊരു ശ്രദ്ധാകേന്ദ്രം. ഇവിടെ മൂന്ന് കണ്ണാടികൾ വൃത്താകൃതിയിൽ വിന്യസിച്ചു അതിൽ എൽഇഡി ലൈറ്റുകൾ നൽകിയതോടെ ലുക് & ഫീൽ തന്നെ മാറിമറിഞ്ഞു. സമീപം ആറു പേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ.

നാലു കിടപ്പുമുറികളാണ് വീട്ടിൽ. എല്ലാ മുറികൾക്കും അറ്റാച്ഡ് ബാത്റൂം നൽകിയിരിക്കുന്നു. കിടപ്പുമുറികളിൽ മാത്രം മിനിമൽ ശൈലിയിൽ ജിപ്സം ഫോൾസ് സീലിങ് നൽകി.

30-lakh-home-calicut-bed

മാസ്റ്റർ ബെഡ്റൂമിന്റെ ഒരു ഭിത്തി മുഴുവൻ വാഡ്രോബുകൾ നൽകിയിരിക്കുന്നു.

30-lakh-masterbed

മൾട്ടിവുഡിൽ ഓട്ടോ പെയിന്റ് ഫിനിഷിലാണ് അടുക്കളയുടെ ഡിസൈൻ. നിലത്ത് വുഡൻ ഫിനിഷുള്ള ടൈലുകൾ നൽകി. സമീപം ചെറിയ വർക്ക് ഏരിയയും നൽകി.

30-lakh-home-kitchen

ബാൽക്കണിയിലും വുഡൻ ഫിനിഷുള്ള ടൈലുകൾ നൽകിയിട്ടുണ്ട്. ടഫൻഡ് ഗ്ലാസ് കൊണ്ടാണ് കൈവരികൾ. ഇവിടെ പ്ലാന്റർ ബോക്സുകൾ നൽകി.

30-lakh-home-balcony

പ്രവാസികളായ ഉടമസ്ഥരായതിനാൽ കാർ പോർച്ച് പ്രത്യേകം നിർമിച്ചിട്ടില്ല. എന്നാൽ മുറ്റത്തു കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. സ്ട്രക്ച്ചറിന് 30 ലക്ഷവും ഇന്റീരിയറിനും ലാൻഡ്സ്കേപ്പിങ്ങിനും മൂന്ന് ലക്ഷവും അടക്കം 33 ലക്ഷത്തിനു വീട് റെഡിയായി.

ചെലവ് കുറച്ച ഘടകങ്ങൾ

  • എട്ടു മാസം കൊണ്ട് പണി പൂർത്തീകരിച്ചു.
  • പ്രാദേശികമായി ലഭ്യമായ നിർമാണവസ്തുക്കൾ ഉപയോഗിച്ചു.
  • ഉറപ്പുള്ള പ്ലോട്ട് ആയതിനാൽ നോർമൽ ഫൗണ്ടേഷൻ മതിയായി.
  • ഇന്റീരിയർ മിനിമൽ ശൈലിയിൽ. കിടപ്പുമുറികളിൽ മാത്രം ഫോൾസ് സീലിങ്. ബാക്കിയിടങ്ങളിൽ നേരിട്ട് എൽഇഡി ലൈറ്റിങ്. 
  • അനാവശ്യ ഭിത്തികൾ ഒഴിവാക്കി. പരമാവധി സ്ഥലഉപയുക്തത നൽകി.

ചിത്രങ്ങൾ- അഖിൽ കൊമാച്ചി

Project Facts

Location- Meenchantha, Calicut

Area- 1650 SFT

Plot- 5 cent

Owner- Prabeesh

Construction, Design- Sajeendran Kommeri

Blue Pearl Architect, Calicut

Mob- 9388338833

Completion year- 2018 March