പുതിയ കാലത്തേക്ക് ഞെട്ടിക്കുന്ന ഒരു ടൈം ട്രാവൽ!

പഴയ വീട് അന്വേഷിച്ചെത്തുന്ന ബന്ധുക്കൾക്ക് ഇപ്പോൾ വീട് തെറ്റാറുണ്ടത്രേ..കൊണ്ടോട്ടിയിലൂടെ പോകുന്നവരുടെ സംസാരവിഷമായി മാറിയിരിക്കുകയാണ് മുഖം മിനുക്കിയ ഈ വീട്.

കോഴിക്കോട് കൊണ്ടോട്ടിയിൽ പ്രധാന റോഡിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന പുരാതന ഇരുനില വീടായിരുന്നു ഇത്. ആറു കിടപ്പുമുറികളും പഴയ മച്ചും ഗോവണിയുമൊക്കെയുള്ള ഇരുനില വീട്ടിൽ പക്ഷേ ഇടുങ്ങിയ അകത്തളങ്ങളായിരുന്നു. കാറ്റും വെളിച്ചവും കടക്കുന്നതും കുറവ്. കാലപ്പഴക്കത്തിനൊപ്പം ഇത്തരം അസൗകര്യങ്ങളും വർധിച്ചപ്പോഴാണ് വീട് പുതുക്കുന്നതിനെ കുറിച്ച് ഉടമസ്ഥൻ ആലോചിച്ചത്. 

പഴയ വീട്

പുതിയ കാലത്തിന്റെ സൗകര്യങ്ങൾ പ്രതിഫലിക്കുന്ന ഡിസൈൻ വേണം എന്നായിരുന്നു ഉടമസ്ഥനും ഫൊട്ടോഗ്രഫറുമായ സുൽഫിക്കറിന്റെ ആഗ്രഹം. കോഴിക്കോട് സിന്ധു വി ടെക്കിലെ ആർക്കിടെക്ട് സിന്ധുവാണ്‌ പുതിയകാലത്തിലേക്ക് വീടിനെ കൈപിടിച്ച് കൊണ്ട് പോയത്. മോഡേൺ ശൈലിയിലേക്ക് മാറ്റിയെടുത്തതിനൊപ്പം പഴമയുടെ നന്മ നിലനിർത്താനും ശ്രമിച്ചിട്ടുണ്ട്. 

കഴുക്കോലും മേൽക്കൂരയും ദ്രവിച്ചു തുടങ്ങിയിരുന്നു. ഇത് മാറ്റി സ്ലോപ്പായി വാർത്ത് ഷിംഗിൾസ് വിരിച്ചതോടെ വീടിനു പുതിയ എടുപ്പ് കൈവന്നു. അടർന്നു പോയിരുന്ന ഭിത്തികൾ പ്ലാസ്റ്റർ ചെയ്ത് പുതിയ പെയിന്റ് അടിച്ചു. പഴയ വീടിന്റെ നീളൻ വരാന്ത അതേപടി നിലനിർത്തി. സമീപമുള്ള കടമുറി അതേപടി നിലനിർത്തി. ഇത് പെയിന്റ് ചെയ്ത് ഭംഗിയാക്കി. 

ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, വിശാലമായ കിച്ചൻ, വർക് ഏരിയ, അറ്റാച്ഡ് ബാത്റൂമുകളോടുകൂടിയ നാലു കിടപ്പുമുറികൾ, വിസ്താരമുള്ള കോർട്യാർഡ്, പൂജ സ്‌പേസ്, ലൈബ്രറി, പാർട്ടി ഏരിയ എന്നിവയാണ് പ്രധാനമായും ഒരുക്കിയത്. 

4000 ചതുരശ്രയടിയുള്ള വീട്ടിൽ അകത്തളങ്ങളുടെ പുനർക്രമീകരണത്തോടെയാണ് സ്ഥലലഭ്യതയും വെന്റിലേഷനും ഉറപ്പുവരുത്തിയത്. പഴയ മച്ച് നിലനിർത്തിക്കൊണ്ടുള്ള ഡിസൈനാണ് സ്വീകരണമുറിയുടെ സവിശേഷത. ഇവിടെ അറബിക് ശൈലിയും പിന്തുടർന്നിട്ടുണ്ട്. പഴയ തടിമച്ച് പോളിഷ് ചെയ്തെടുത്തപ്പോൾ ന്യൂജെൻ ആയി മാറി.

ഓരോ ഇടങ്ങൾക്കും വേർതിരിവുകൾ നൽകിയിരിക്കുന്നു. ഫാമിലി ലിവിങ്, ലേഡീസ് ലിവിങ് ഏരിയകൾ വെവ്വേറെ ഒരുക്കിയിട്ടുണ്ട്. മാറ്റ് ഫിനിഷുള്ള വിട്രിഫൈഡ് ടൈലുകളാണ് നിലത്തു വിരിച്ചത്. സുൾഫിക്കർ എടുത്ത ചിത്രങ്ങൾ തന്നെയാണ് അകത്തളത്തെ അലങ്കരിക്കുന്ന ആർട് വർക്കുകൾ ആയി മാറിയത്. പ്ലൈവുഡ്, ജിപ്സം ഫിനിഷിൽ ചെയ്ത ഫോൾസ് സീലിങ് വർക്കുകൾ ഇന്റീരിയറിലെ മാറ്റുകൂട്ടുന്നു.

ഇന്റീരിയറിലെ ശ്രദ്ധാകേന്ദ്രം ഇന്നർ കോർട്യാർഡാണ്‌. വീട്ടിലേക്ക് കാറ്റും വെളിച്ചവും എത്തിക്കുന്നതിൽ ഇത് പ്രധാന പങ്കുവഹിക്കുന്നു. മിക്ക മുറികളിൽ നിന്നും ഇവിടേക്ക് കാഴ്ച ലഭിക്കും. ഒന്നാം നിലയുടെ സ്ളാബ് ലെവലിലാണ് ഇതിന്റെ മേൽക്കൂര വരുന്നത്. മുകളിലെ ബാൽക്കണിയിലേക്ക് ഒരു വുഡൻ ബ്രിഡ്ജും നൽകിയിട്ടുണ്ട്.

ഓരോ കിടപ്പുമുറികളും വ്യത്യസ്ത തീമിലാണ് ഒരുക്കിയത്. മാസ്റ്റർ ബെഡ്‌റൂം വൈറ്റ്+ റെഡ് തീമിൽ മാസ് ലുക്കിൽ അണിയിച്ചൊരുക്കി. മൾട്ടിവുഡിൽ ജാളി ഡിസൈനുകൾ നൽകി സീലിങ് ലൈറ്റിങ് ചെയ്തതോടെ മുറിയുടെ ലുക്& ഫീൽ തന്നെ മാറിമറിഞ്ഞു.

മകന്റെ കിടപ്പുമുറി ബ്ലൂ തീമിലാണ്. ഗസ്റ്റ് ബെഡ്റൂമിലും റെഡ്, വൈറ്റ് നിറങ്ങളുടെ ഘോഷയാത്ര തുടരുന്നു.

മാതാപിതാക്കളുടെ കിടപ്പുമുറി ലൈറ്റ് തീമിൽ ഒരുക്കി. പുതിയ കാലത്തിനു യോജ്യമായ മോഡേൺ ബാത്റൂമുകൾ, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവയും ഒരുക്കി.

നീളൻ അടുക്കളയാണ് പുതിയ വീടിനു നൽകിയത്. ചെറിയ ബ്രേക്ഫാസ്റ്റ് കൗണ്ടറും ഇവിടെ സജ്ജീകരിച്ചു. മറൈൻ പ്ലൈ+ ഓട്ടോ പെയിന്റ് ഫിനിഷിലാണ് അടുക്കള ഫർണിഷ് ചെയ്തത്. സമീപം വർക്ക് ഏരിയയും നൽകി. 

അങ്ങനെ അക്ഷീണ പ്രയത്നത്തിനൊടുവിൽ വീട് പുതിയ കാലത്തിലേക്ക് എത്തിപ്പെട്ടു. പഴയ വീട് അന്വേഷിച്ചെത്തുന്ന ബന്ധുക്കൾക്ക് ഇപ്പോൾ വീട് തെറ്റാറുണ്ടത്രേ..ചുരുക്കത്തിൽ കൊണ്ടോട്ടിയിലൂടെ പോകുന്നവരുടെ സംസാരവിഷമായി മാറിയിരിക്കുകയാണ് മുഖം മിനുക്കിയ ഈ വീട്.

മാറ്റങ്ങൾ

  • ഇടങ്ങളുടെ പുനർവിന്യാസത്തിലൂടെ കൂടുതൽ സ്ഥലലഭ്യത ഉറപ്പാക്കി.
  • സെമി ഓപ്പൺ ശൈലിയിൽ അകത്തളങ്ങൾ ഒരുക്കി ക്രോസ് വെന്റിലേഷൻ നൽകി.
  • പഴയ രണ്ടുകിടപ്പുമുറികൾ യഥാക്രമം ബാത്റൂമും, ലൈബ്രറിയുമാക്കി മാറ്റി.
  • ഡബിൾ ഹൈറ്റിൽ ഇന്നർ കോർട്യാർഡ് കൂട്ടിച്ചേർത്തു.
  • പഴയ മച്ചും ഉപയോഗിക്കാവുന്ന ഫർണിച്ചറുകളും നിലനിർത്തി.

Project Facts

Location- Kondotty, Calicut

Area- 4000 SFT

Plot- 50 cent

Owner- Sulfikkar

Architect- Cindu V

Cindu V Tech

Mob- 8606460404

email- cinduvtech@gmail.com

Execution- Bava

Landscaping- Krishnakumar