വീതി കുറവ് ഒരു കുറവേ അല്ല; ഇതാ ഉദാഹരണം!

മുന്‍വശത്ത് ഒൻപത് മീറ്റര്‍ മാത്രം വീതിയുള്ള നീളം കൂടിയ പ്ലോട്ടിൽ പ്രകാശം നിറഞ്ഞ വീടൊരുക്കിയത് ഷിന്റോ മാജിക്.

നെടുമ്പാശ്ശേരിക്കടുത്ത് ചെങ്ങമനാട്ട് ലിന്റോ ആന്റണിയുടെ വീടിരിക്കുന്നത് വീതി കുറഞ്ഞ പ്ലോട്ടിലാണ്. ഈ കുറവ് വെല്ലുവിളിയായി ഏറ്റെടുത്ത ഡിസൈനർ ഷിന്റോ വര്‍ഗീസ് പ്ലോട്ടിനുള്ള അനുകൂല ഘടകങ്ങൾ കണ്ടെത്തുകയാണ് ആദ്യം ചെയ്തത്. വീടിന്റെ കിഴക്കു വശത്ത് ചെറിയ ഒരു സ്വകാര്യറോഡ് ആണുള്ളത്. ആ ഭാഗത്തെ ‘സ്വകാര്യത’ മുതലാക്കി , വീടിന്റെ കോമൺ മുറികൾ ആ ഭാഗത്താക്കി ക്രമീകരിച്ചു. ഫലമോ, രാവിലത്തെ ഇളംവെയിൽ വീട്ടിലെമ്പാടും പ്രസരിപ്പും ഊർജ്ജവും ദിനംതോറും നിറയ്ക്കുന്നു. ഏതു ഭാഗത്തുനിന്നു നോക്കിയാലും പച്ചപ്പ് കാണാമെന്നതാണ് വീടിന്റെ അനുഗ്രഹം. 

Elevation

ലളിതമായ രീതിയിലാണ് എലിവേഷന്‍. കാപ്പിപ്പൊടി നിറത്തിലുള്ള സ്റ്റോൺ ക്ലാഡിങ് കാർപോർച്ചിന്റെ ഭിത്തിയിൽ മുകളിലും താഴെയുമായി കൊടുത്തിട്ടുണ്ട്. വടക്കോട്ടാണ് വീടിന്റെ ദർശനം. പുറംഭംഗിക്കായി ചെറിയ ഒരു ഭാഗം ട്രസ്സ് ചെയ്ത് കൂരയാക്കി ഷിംഗിൾസ് കൊടുത്തു. പോർച്ചിന്റെ പിൻഭാഗത്ത് ചെടികൾ പിടിപ്പിക്കാൻ ഒരു സ്ഥലം ഒരുക്കി.

Drawing Room

നീളത്തിൽ കിടക്കുന്ന വീടിന്റെ ഇടനാഴിക്ക് അഞ്ച് അടിയോളം വീതിയുള്ളതിനാൽ ഇടുക്കം ഒട്ടും തോന്നുന്നില്ല. എളുപ്പത്തിൽ പരിപാലിക്കാൻ തക്ക രീതിയിലാണ് ഡിസൈൻ. പ്ലൈകൊണ്ട് പാനലിങ് ചെയ്ത് സിമന്റ് ബോർഡുകളും ഇഷ്ടിക ഡിസൈനിലുള്ള വോൾ പേപ്പറുമാണ് സ്വീകരണമുറിയിലെ അലങ്കാരം. വലതുവശത്തുള്ള പർഗോള ബീമുകൾക്കിടയിലൂടെ കാർപോർച്ചിന്റെ പിൻവശത്തുള്ള പ്ലാന്റ് ബെഡിലേക്ക് നോട്ടവുമെത്തും.

Courtyard

ഫാമിലി റൂമിനും ഡൈനിങ്ങിനും ഇടയ്ക്ക് കൊടുത്തിരിക്കുന്ന കോർട്‌യാർഡ് ആണ് വീടിന്റെ സെന്റർ പോയിന്റ് എന്നു പറയാം. ‘സി’ ആകൃതിയിലുള്ള മൂന്നു ഭിത്തികൾക്കിടയിലാണ് ഇവിടം. ഡൈനിങ്ങിൽ നിന്ന് ഇങ്ങോട്ട് ഇറങ്ങിയിരിക്കാം. മുകളിൽ ഗ്ലാസ് ഇട്ടതിനാൽ വെള്ളം വീഴില്ല. എന്നാൽ സൂര്യവെളിച്ചം യഥേഷ്ടം കടന്നുവരികയും ചെയ്യും. ഇരിക്കാൻ ബെഞ്ചുകളും എളുപ്പത്തിൽ പരിപാലിക്കാവുന്ന ചെടികളും താമരക്കുളവുമൊക്കെ സജ്ജീകരിച്ചിട്ടുണ്ട്.

Family Room

കാറ്റിനും വെളിച്ചത്തിനും ഒരു പഞ്ഞവുമില്ലാത്ത ഫാമിലി റൂം. സ്വീകരണമുറിക്കും കോർട്‌യാർഡിനും ഇടയിലാണ് സ്ഥാനം. ടിവി കാണാനും പ്രാർഥനയ്ക്കും ഇവിടെത്തന്നെ ഇടമുണ്ട്. മുറിയുടെ ആകൃതിക്കനുസരിച്ച് ‘എൽ’ ആകൃതിയിൽ സോഫ ക്രമീകരിച്ചു. കോർട്‌യാർഡിലേക്ക് തുറക്കുന്നത് അലുമിനിയം കൊണ്ടുള്ള സ്ലൈഡിങ് ജനാലകളാണ്.

Dining

കോർട്‌യാർഡിനോടു ചേർന്നാണ് ഡൈനിങ് എന്നതാണ് ഡൈനിങ്ങിന്റെ പ്ലസ് പോയിന്റ്. കോർട്‌യാർഡിലേക്കുള്ള ഭിത്തിയിൽ അഴികളും ഗ്ലാസും കൊടുത്തു. ഇതിൽ ഒരെണ്ണം തുറക്കാവുന്നതും അതുവഴി കോർട്‌യാർഡിലേക്ക് ഇറങ്ങിയിരിക്കാവുന്നതുമാണ്. മതിലിനു മുകളിൽ മെഷ് ഇട്ട് വള്ളിച്ചെടികൾ പടർത്തിയിരിക്കുന്നതിനാൽ പുറത്തേക്കു നോക്കിയാൽ മുഴുവൻ പച്ചപ്പാണ്.

Kitchen

ഓപൻ കിച്ചനോട് താൽപര്യമില്ലാത്തതിനാൽ ഡൈനിങ്ങിനും കിച്ചനും ഇടയ്ക്കുള്ള സെർവിങ് കൗണ്ടർ വഴി കിച്ചനെ ‘സെമി ഓപൻ’ ആക്കി. കിച്ചനു പിറകിലായി വർക്ഏരിയയും ഉണ്ട്. ഇളം ഗ്രേയും വെള്ളയുമാണ് കിച്ചൻ കാബിനറ്റിന്റെ നിറം. കൗണ്ടർടോപ്പ് ആയി വെളുത്ത സ്റ്റെല്ലാർ ഉപയോഗിച്ചു. കിഴക്കുവശത്തുനിന്നുള്ള സൂര്യപ്രകാശത്തെ സ്വീകരിക്കാൻ തക്കവണ്ണം ആ വശത്തുള്ള ഭിത്തിയിൽ കാബിനറ്റുകൾ ഒഴിവാക്കി ജനാലകൾ കൊടുത്തു.

Bedrooms

ആകെയുള്ള നാല് അറ്റാച്ച്ഡ് കിടപ്പുമുറികളിൽ രണ്ടെണ്ണം മുകളിലും രണ്ടെണ്ണം താഴെയുമാണ്. ഓരോന്നും ഓരോ ‘തീം’ അനുസരിച്ച് ചെയ്ത് വ്യത്യസ്തമാക്കി. താഴെ അച്ഛനമ്മമാർക്കുള്ള ബെഡ്റൂമില്‍ ലെതർ കൊണ്ടുള്ള ഹെഡ്ബോർഡ് ആണെങ്കിൽ മാസ്റ്റർ ബെഡ്റൂമില്‍ തടികൊണ്ടുള്ള റീപ്പറുകളും സിമന്റ് ടെക്സ്ചറുമാണ് അലങ്കാരം. എല്ലാ ബെഡ്റൂമുകളിലും സ്റ്റഡി ടേബിളും വാഡ്രോബുകളും ക്രമീകരിച്ചു.

Project Facts

Area: 2700 Sqft

Designer: ഷിന്റോ വർഗീസ്

കോൺസപ്റ്റ്സ്ഡിസൈൻസ് സ്റ്റുഡിയോ

പുല്ലേപ്പടി, കൊച്ചി

info@conceptsdesignstudio.com

Location: ചെങ്ങമനാട്

Year of completion: നവംബർ, 2017