25 ലക്ഷത്തിനു സൂപ്പർ വീട് പണിയാം! പ്ലാൻ

ഭാര്യയും ഭർത്താവും കൊച്ചുകുട്ടിയുമടങ്ങുന്ന ചെറിയ കുടുംബത്തിന്റെ ആവശ്യങ്ങൾക്കായി ഒരുക്കിയ വീട്...

മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലിൽ ഏഴ് സെന്റിൽ 1438 ചതുരശ്രയടിയിലാണ് സമകാലിക ശൈലിയിലുള്ള ഈ വീട് സ്ഥിതി ചെയ്യുന്നത്. ആർഭാടം ഒഴിവാക്കി ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള ഡിസൈനാണ് ഈ വീടിന്റെ ഹൈലൈറ്റ്. കോട്ടയ്ക്കൽ ബോസ്കി സ്റ്റുഡിയോയിലെ ആർക്കിടെക്ട് മിഥുൻ ടി.ജിയും ആർക്കിടെക്ട് നസീഹ് റഹ്മാനും ചേർന്നാണ് വീടിന്റെ രൂപകൽപന നിർവഹിച്ചത്.

ഭാര്യയും ഭർത്താവും കൊച്ചുകുട്ടിയുമടങ്ങുന്ന ചെറിയ കുടുംബത്തിന്റെ ആവശ്യങ്ങൾക്കായി ഒരുക്കിയ വീട്ടിൽ ലിവിങ്, ഡൈനിങ്, കിച്ചൻ, രണ്ട് ബാത്ത് അറ്റാച്ച്ഡ് കിടപ്പുമുറികള്‍ എന്നിവയാണ് ക്രമീകരിച്ചത്. ഭാവിയിലെ ആവശ്യങ്ങൾക്കനുസരിച്ച് വിപുലപ്പെടുത്താൻ പാകത്തിൽ ഫ്ലാറ്റ് ടെറസും നൽകിയിട്ടുണ്ട്.

ന്യൂട്രൽ നിറങ്ങളാണ് എലിവേഷനിലും അകത്തും നൽകിയത്. ഗ്രേ, വൈറ്റ് നിറങ്ങളാണ് കൂടുതലും. മുകൾനിലയിൽ നൽകിയ എം എസ് ഫ്രെയിം വർക്കുകൾ ചെടികൾ പടർത്താൻ വേണ്ടിയാണ്. ഇതിലൂടെ ഭംഗിക്കൊപ്പം മുകളിലെ ഇടങ്ങൾക്ക് കൂടുതൽ സ്വകാര്യതയും ലഭിക്കും. സിറ്റൗട്ടിലൂടെയും കാർപോർച്ചിലൂടെയും വീട്ടിലേക്ക് പ്രവേശിക്കാം. പോർച്ചിന്റെ നിർമാണത്തിന് കോൺക്രീറ്റ് സ്ലാബിനു പകരം ഫ്രെയിം വർക്ക് ചെയ്ത് ഷീറ്റ് ഇട്ടിരിക്കുകയാണ്. 

ഫർണിച്ചർ ഇന്റീരിയർ തീമിനോട് ചേരുംവിധം വീട്ടിൽ വച്ചുതന്നെ നിർമിച്ചെടുത്തവയാണ്. ലളിതമായ സ്വീകരണമുറി. ഇവിടെ നൽകിയ സോഫ ഭിത്തിയില്‍ ചേർത്ത് സ്ഥാപിച്ചിരിക്കുകയാണ്. ഒരിഞ്ച് സ്ഥലം പോലും വെറുതെ കളയാതെ ഉപയുക്തമാക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. 

ആറുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഗ്ലാസ് ടോപ് നൽകിയ ലളിതമായ ഊണുമേശ. ഊണുമുറി ഭാവിയിൽ മറ്റൊരു കിടപ്പുമുറിയായി മാറ്റാനും സാധിക്കും. 

തടിയും മെറ്റലും എം എസ് ഫ്രെയിമും കൊണ്ടാണ് ഗോവണി നിർമിച്ചിരിക്കുന്നത്. ഗോവണിയുടെ ആദ്യ ലാൻഡിങ്ങിൽ വലിയ ജനാലകൾ നൽകിയിരിക്കുന്നു. ഇത് വീടിനകത്തേക്ക് പ്രകാശത്തെ ആനയിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. ഗോവണിയുടെ അടിയിലുള്ള സ്ഥലം പാഴാക്കാതെ ഒരു ചെറിയ സ്റ്റഡി ഏരിയയായി മാറ്റി. കൂടാതെ കോമൺ ടോയ്‌ലറ്റും ഇതിനിടയിലെ സ്ഥലത്ത് ക്രമീകരിച്ചു. ഇൻവെർട്ടറും ഗോവണിക്കടിയിലെ കബോർഡുകൾക്കുള്ളിലാണ്. 

കിടപ്പുമുറികളിൽ കാറ്റും വെളിച്ചവും കയറാൻ ധാരാളം ജനാലകളും നൽകിയിട്ടുണ്ട്.

പാർട്ടിക്കിൾ ബോർഡാണ് കിച്ചൻ കബോർഡുകൾക്ക് ഉപയോഗിച്ചിരിക്കുന്നത്.

സ്ട്രക്ച്ചറും ഫർണിഷിങ്ങും ലാൻഡ്സ്കേപ്പിങ്ങും അടക്കം 21 ലക്ഷത്തിനു പണി പൂർത്തീകരിക്കാനായതാണ് ഏറ്റവും വലിയ നേട്ടമായി ആർക്കിടെക്ടുകൾ കരുതുന്നത്.

ചെലവ് കുറച്ച ഘടകങ്ങൾ 

  • ചതുരശ്രയടി കുറച്ച് പരമാവധി സ്ഥലഉപയുക്തത നൽകി.
  • പ്രാദേശികമായി ലഭ്യമായ ചെങ്കല്ല് നിർമാണത്തിന് ഉപയോഗിച്ചു.
  • കടുംനിറങ്ങൾ നൽകാതെ ഭിത്തികൾ പുട്ടിയിട്ട് പെയിന്റ് ചെയ്തു. 
  • മതിലിന്റെ മുൻഭാഗത്ത് ഇന്റർലോക്ക് ബ്രിക്ക് ഉപയോഗിച്ചു. മറ്റിടങ്ങളിൽ വെട്ടുകല്ലും. 

Project Facts

Location- Kottakkal, Malappuram

Area- 1438 SFT

Plot- 7 cents

Owner- Usman

Architects- Naseeh Rahman, Mithun T G

Bosky Studios, Kottakkal

Mob- 8137969696 | 9633121111