ഈ വീടിന് ജീവനുണ്ട്! നിങ്ങൾക്കും പണിയണോ?

അനാവശ്യമായി ഒരിടമോ ആർഭാടങ്ങളോ ഇവിടെ കാണാൻ കഴിയില്ല. ഈ ലാളിത്യമാണ് വീടിന്റെ ഹൈലൈറ്റ്.

പ്രസിദ്ധ തീർഥാടന കേന്ദ്രമായ ഭരണങ്ങാനം അൽഫോൻസാ പള്ളിയിൽ നിന്നും കഷ്ടിച്ച് നൂറു മീറ്റർ ദൂരമേയുള്ളൂ ജസ്റ്റിന്റെ പുതിയ വീട്ടിലേക്ക്.  

പരമാവധി സ്ഥലകാര്യക്ഷമതയുള്ള ഇടത്തരം കന്റെംപ്രറി വീട് എന്നതായിരുന്നു ഉടമസ്ഥന്റെ സങ്കൽപ്പം. പ്രവാസിയായ ജസ്റ്റിന്റെ സുഹൃത്ത് കൂടിയായ ആർക്കിടെക്ട് സനോജാണ്‌ വീട് നിർമിച്ചു നൽകിയത്. ഇരുവരും തമ്മിലുള്ള സൗഹൃദവും വീടുപണിയിൽ സഹായകരമായി. 

18 സെന്റിൽ 1800 ചതുരശ്രയടിയിലാണ് വിസ്തീർണം. വെള്ള നിറമാണ് പുറംഭിത്തികളിൽ ഭൂരിഭാഗവും നൽകിയത്. ഇടയ്ക്ക് വേർതിരിവ് നൽകാനായി ഒരു ഭിത്തിയിൽ ബ്ലാക് ക്ലാഡിങ് സ്‌റ്റോൺ ഒട്ടിച്ചു. 

മൂഡ് ലൈറ്റിങ്ങിന്റെ മകുടോദാഹരണമാണ് ഈ വീട്. ഇതിനോടൊപ്പം സനോജ് തന്റെ ചെപ്പടിവിദ്യകൾ കൂടി ചേർത്തതോടെ വീട് ഗംഭീരമായി.  ദിവസത്തിന്റെ പല സമയങ്ങളിൽ പലവിധ ഭാവങ്ങളാണ് വീടിനുള്ളിൽ നിറയുന്നത്. രാവിലെ പരമാവധി സൂര്യപ്രകാശം വീട് ഉള്ളിലേക്ക് ആശ്ലേഷിക്കുന്നു. വൈകുന്നേരം ഇളംവെയിൽവെട്ടങ്ങൾ വീടിനുള്ളിൽ പ്രസന്നമായ അന്തരീക്ഷം തീർക്കുന്നു. 

നേർരേഖയിലുള്ള ഡിസൈനാണ് വീടിനുള്ളിൽ അവലംബിച്ചത്. സെമി ഓപ്പൺ ശൈലിക്കൊപ്പം സ്വകാര്യതയും ഉറപ്പുവരുത്തിയിട്ടുണ്ട്. 

സ്വീകരണമുറി ഡബിൾ ഹൈറ്റിലാണ്. സമീപമുളള ഗോവണിയുടെ ഡിസൈൻ ശ്രദ്ധേയമാണ്. സ്വീകരണമുറിയെയും ഊണുമുറിയെയും വേർതിരിക്കുന്നത് ഗോവണിയാണ്. ടണൽ ശൈലിയിലാണ് സ്‌റ്റെയറിന്റെ ഡിസൈൻ. കൈവരികൾ നൽകാതെ പ്ലെയിനായി വശം വേർതിരിച്ചു. സീലിങ്ങിൽ എംഎസ് ഫ്രെയിം കൊണ്ട് പർഗോള നൽകി ഗ്ലാസ് സ്‌കൈലൈറ്റ് നൽകി. ഇതുവഴി പ്രകൃതി അകത്തേക്ക് എത്തുന്നു. 

എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. ഇതിന് സമീപമുള്ള ഭിത്തിയിൽ നിഷുകൾ നൽകി ലൈറ്റിങ് ചെയ്ത് ഹൈലൈറ്റ് ചെയ്തിട്ടുണ്ട്.

ലളിതമായ നാലു കിടപ്പുമുറികളാണ് വീട്ടിൽ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവയും നൽകി. കാറ്റും വെളിച്ചവും കടക്കാനായി ധാരാളം ജനാലകളും ക്രമീകരിച്ചു. 

ലളിതമായ അടുക്കള. പ്ലൈവുഡ്, പെയിന്റ് ഫിനിഷിൽ കബോർഡുകൾ നൽകി.കൊറിയൻ സ്‌റ്റോണാണ് കൗണ്ടറിൽ വിരിച്ചത്. 

പകൽസമയങ്ങളിൽ വീടിനുള്ളിൽ ലൈറ്റുകൾ ഇടേണ്ട കാര്യമില്ല. ക്രോസ് വെന്റിലേഷൻ നൽകിയ അകത്തളങ്ങളിൽ സുഖകരമായ കാലാവസ്ഥ നിലനിൽക്കുന്നു. അനാവശ്യമായി ഒരിടമോ ആർഭാടങ്ങളോ ഇവിടെ കാണാൻ കഴിയില്ല. ഈ ലാളിത്യമാണ് വീടിന്റെ ഹൈലൈറ്റ്. വീടിനും ജീവനും മനസ്സുമുണ്ട് എന്ന് പറയാറുണ്ട്. അത് ഇവിടെ സത്യമാകുന്നു. അനാവശ്യ ഗിമ്മിക്കുകൾ ഇല്ലാതെ തന്നെ പലവിധ ഭാവങ്ങൾ വിരിയുന്ന ഈ വീടിന്റെ ഡിസൈൻ എന്തുകൊണ്ടും മാതൃകയാക്കാവുന്നതാണ്.

Project Facts

Location- Bharananganam, Kottayam

Area- 1800 SFT

Plot- 13 cents

Owners- Justin George and Nisha Justin

Architect- Sanoj Sundareshan

S2 Homestudios

Mob- 9747544415

Contractor : Jans V Thomas, Classic Associates,Pala