ഒന്നരമാസം കൊണ്ട് ഒന്നൊന്നര മാറ്റം!

കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി സുധാകരൻ ഷിപ്പിലാണ് ജോലി ചെയ്യുന്നത്. വീടിന്റെ സ്ട്രക്ച്ചർ നേരത്തെ പണിത് താമസം തുടങ്ങിയെങ്കിലും അകത്തളങ്ങൾ ക്രമീകരിച്ചിരുന്നില്ല. ഫലമോ കുറച്ചു നാളിനുള്ളിൽ വീടിനകത്ത് തിക്കും തിരക്കുമായി. ഒന്നിനും സ്ഥലമില്ലാത്ത അവസ്ഥ. അങ്ങനെയാണ് ഇന്റീരിയർ പുതുക്കിപ്പണിയാൻ തീരുമാനിക്കുന്നത്. അങ്ങനെ ആർക്കിടെക്ട് സിന്ധു ദൗത്യം ഏറ്റെടുത്തു. ഉടമസ്ഥന് കൂടി അവധി ലഭിക്കുന്ന മുറയ്ക്ക് പല ഘട്ടങ്ങളായാണ് പണി ക്രമീകരിച്ചത്. 

ട്രഡീഷണൽ+ കന്റെംപ്രറി ശൈലിയുടെ മിശ്രണമാണ് എലിവേഷനിൽ കാണാനാവുക. പുറംകാഴ്ചയിൽ പ്രതീക്ഷിക്കാത്ത അകത്തളങ്ങളാണ് അകത്തേക്ക് എത്തുമ്പോൾ സ്വാഗതം ചെയ്യുന്നത്. ആദ്യം മുകൾനില മിനുക്കിയെടുത്തു. വീട്ടുകാർ ഇവിടേക്ക് താമസം മാറിയാണ് താഴത്തെ നിലയുടെ പണി പൂർത്തിയാക്കിയത്. താഴത്തെ നില റസ്റ്റിക് ഫിനിഷിലാണ് ചെയ്തത്. മുകൾനില കന്റെംപ്രറി ശൈലിയിൽ ഒരുക്കി. കടുംനിറങ്ങൾക്ക് പകരം വെള്ള നിറത്തിന്റെ മിഴിവാണ് അകത്തളങ്ങൾ ജീവസുറ്റതാക്കി മാറ്റുന്നത്. വാതിൽ തുറന്നകത്തെത്തുമ്പോൾ ആദ്യം ലളിതമായ സ്വീകരണമുറി. ഇവിടെ നിന്നും വീടിന്റെ ഹൃദയഭാഗത്തേക്കെത്താം.

നടുമുറ്റമാണ് താഴത്തെ നിലയിലെ ശ്രദ്ധാകേന്ദ്രം. ഇതിനു മുകളിൽ ഇരുനിലകളിലായി സ്‌കൈലൈറ്റ് നൽകി. മേൽക്കൂരയിൽ കൂടി എത്തുന്ന താഴത്തെ നിലയിലെത്തുന്നു. മുറ്റത്തിന് നടുവിൽ വെള്ളാരംകല്ലുകൾ വിരിച്ചു. നടുമുറ്റത്തിനു സമീപമുള്ള ഭിത്തി എക്സ്പോസ്ഡ് ശൈലിയിൽ വെട്ടുകല്ല് കൊണ്ട് മെനഞ്ഞു. മധ്യഭാഗത്തായി ഒരു ആർട്ട് ഇൻസ്റ്റലേഷനും പ്രതിഷ്ഠിച്ചു. ഇതിനു സമീപം ഒരു ആട്ടുകട്ടിലും നൽകിയിട്ടുണ്ട്.  നടുമുറ്റത്തിന്റെ വശങ്ങളിലായി ഊണുമുറിയും കമ്പ്യൂട്ടർ ടേബിളും സജ്ജീകരിച്ചു. ഗ്ലാസ് ടോപ് നൽകിയ ഊണുമേശയുടെ പിന്നിലായി ഭിത്തിയിൽ ഒരു കണ്ണാടിയും നൽകി. 

അഞ്ചു കിടപ്പുമുറികളാണ് വീട്ടിൽ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ ക്രമീകരിച്ചു. രണ്ട് ആൺകുട്ടികളാണ് ദമ്പതികൾക്ക്. ഇവർക്ക് കളിക്കാനും പഠിക്കാനുമായി മുകൾനിലയിൽ സൗകര്യം ഒരുക്കി. ഒരു സ്‌റ്റഡി റൂമും, ടേബിൾ ടെന്നീസ് ഏരിയയും ഇവിടെ സജ്ജീകരിച്ചു. 

ചെറിയ അടുക്കളയിൽ പരമാവധി സ്‌റ്റോറേജ് ക്രമീകരങ്ങൾ ചെയ്തിട്ടുണ്ട്.

ഇടങ്ങളുടെ ഫലപ്രദമായ വിന്യാസത്തിലൂടെയാണ് സ്ഥലപരിമിതി മറികടന്നത്. കോർട്യാർഡിലൂടെ ധാരാളം വെളിച്ചവും അകത്തേക്കെത്തുന്നു. ക്രോസ് വെന്റിലേഷൻ നൽകിയതോടെ സുഖകരമായ കാലാവസ്ഥ നിലനിൽക്കുന്നു.

ഒന്നരമാസം കൊണ്ടാണ് താഴത്തെ നിലയുടെ മിനുക്കുപണി പൂർത്തിയാക്കിയത്. ഉടമസ്ഥന്റെ ഏകോപനമികവും സഹകരണവും മിനുക്കുപണി വേഗത്തിൽ തീർക്കാൻ സഹായകരമായി എന്ന് ആർക്കിടെക്ട് സിന്ധു പറയുന്നു. 

ആർക്കിടെക്ട് സിന്ധു വിജയചന്ദ്രൻ

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Type- Renovation

Location- Eranhipalam, Calicut

Area- 2700 SFT

Owner- Sudhakaran

Designer Architect- Cindu V

Cindu V Tech, Calicut

8606460404