മുന്നിൽ വീതി കുറഞ്ഞു പിന്നിലേക്ക് നീളം കൂടിയ 15 സെന്റ് പ്ലോട്ടായിരുന്നു ഇവിടെ. പ്ലോട്ടിന്റെ സ്വാഭാവിക പ്രകൃതിക്കനുസരിച്ചാണ് ഇവിടെ വീട് നിർമിച്ചത്. പ്ലോട്ടിന്റെ പരിമിതികളെ അപ്രസക്തമാക്കുന്ന ഡിസൈനാണ് കോഴിക്കോട് ഈസ്റ്റ് ഹില്ലിൽ ഉള്ള ഈ വീടിന്റെ പ്രത്യേകത. വീതി കുറഞ്ഞ പ്ലോട്ടായതുകൊണ്ട് പിന്നിലേക്ക് നീളത്തിലാണ് വീടിന്റെ മുറികൾ ക്രമീകരിച്ചത്. എന്നാൽ അകത്തേക്ക് കയറിയാൽ തിടുക്കം അനുഭവപ്പെടാത്ത വിധത്തിൽ ഇടങ്ങൾ ക്രമീകരിച്ചു.
സമകാലിക ശൈലിയിലാണ് പുറംകാഴ്ച. 3000 ചതുരശ്രയടിയാണ് ഇരുനില വീടിന്റെ വിസ്തീർണം. ഇന്റീരിയർ മിനിമൽ ശൈലിയിൽ ഒരുക്കി. വൈറ്റ്, മിലിട്ടറി ഗ്രീൻ നിറങ്ങളാണ് പുറംഭിത്തിയിൽ അടിച്ചത്. ക്ലാഡിങ്ങിനു പകരം പുറംഭിത്തിയുടെ പ്ലാസ്റ്ററിങ്ങിൽ തന്നെ ഗ്രൂവ് ഡിസൈൻ നൽകിയത് ചെലവ് കുറച്ചതിനൊപ്പം ഭംഗിയും നൽകുന്നു.

സ്ഥലമില്ലാത്തതിനാൽ കാർപോർച്ച് പ്രത്യേകം വേർതിരിക്കാതെ വീടിനു മുന്നിൽത്തന്നെ നൽകി. പ്രധാന വാതിൽ കയറി അകത്തു വരുമ്പോൾ ഇടതുവശത്തായി പൂജ സ്‌പേസ് വേർതിരിച്ചു. വിട്രിഫൈഡ് ടൈലുകളാണ് നിലത്തുവിരിച്ചത്. മിനിമൽ ശൈലിയിൽ ജിപ്സം ഫോൾസ് സീലിങ് നൽകി ലൈറ്റിങ് കൊടുത്തു.

ഫോർമൽ ലിവിങ്ങിനും ഫാമിലി ലിവിങ്ങിനും ഇടയിൽ ചെറിയ ഭിത്തി നൽകി വേർതിരിച്ചു.

ആറുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. സമീപം ക്രോക്കറി ഷെൽഫ് നൽകി. ഗോവണിയുടെ താഴെ ആർട്ടിഫിഷ്യൽ ഗ്രാസ് വിരിച്ച് ചെറിയ കോർട്യാർഡ് സ്‌പേസും ഒരുക്കി. ഗോവണിയുടെ വശത്തായി വാഷ് ഏരിയ ക്രമീകരിച്ചു.

ലളിതമായ കിച്ചൻ. ഗ്രാനൈറ്റാണ് കൗണ്ടർടോപ്പ്. പ്ലൈവുഡ് കൊണ്ട് കബോർഡുകൾ.

നാലു കിടപ്പുമുറികളാണ് വീട്ടിൽ. മുകളിലും താഴെയും രണ്ടുവീതം. വീതി കുറവാണ് എങ്കിലും അസൗകര്യങ്ങൾ പ്രകടമാകാത്ത വിധത്തിൽ മുറികൾ ക്രമീകരിച്ചു. ഹെഡ്ബോർഡ് ഭിത്തി ഹൈലൈറ്റർ നിറം നൽകി വേർതിരിച്ചു.

ചുരുക്കത്തിൽ ഇടുങ്ങിയ പ്ലോട്ടിന്റെ പരിമിതികളെ വെല്ലുവിളിച്ചു കൊണ്ട് നെഞ്ച് വിരിച്ചു നിൽക്കുകയാണ് ഈ സുന്ദരവീട്.

Project Facts
Location- East Hill, Calicut
Area- 3000 SFT
Plot- 15 cents
Owner- Midhun Anand
Architect- Zainul Abid
Designer- Muhammed shafi
Arkitecture Studio,calicut
email:info@arkitecturestudio.com
Mob- 9809059550