അടുത്ത വരവിനായി വീട് കാത്തിരിപ്പുണ്ടാകും

ഒരു പ്രവാസി തന്റെ വീടുപണി വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

എന്റെ പേര് ബൈജു മാത്യു. പത്തു വർഷമായി കുടുംബസമേതം കുവൈറ്റിലാണ്. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിലാണ് എന്റെ വീട്. 35 വർഷം പഴക്കമുണ്ടായിരുന്ന കുടുംബവീടിനു അടുത്തിടെ ഞങ്ങൾ ഒരു മിനുക്കുപണി നടത്തി. സ്ഥലപരിമിതിയും കാലപ്പഴക്കത്തിന്റെ ക്ഷീണതകളും വർധിച്ചപ്പോഴാണ് വീട് പുതുക്കിപ്പണിയാൻ ഞങ്ങൾ തീരുമാനിച്ചത്. 2800 ചതുരശ്രയടിയാണ് പുതിയ ഇരുനില വീടിന്റെ വിസ്തീർണം. മുകൾനില ചരിച്ചു വാർത്ത് ഓടുവിരിച്ചതോടെ ഒരു ട്രഡീഷണൽ ലുക്ക് വീടിനു കൈവന്നു. പഴയ വീട് മനസ്സിൽ ഓർത്തു വീട്ടിൽ വരുന്ന സന്ദർശകർക്ക് ഇപ്പോൾ വീട് തെറ്റിപ്പോകാൻ സാധ്യതയുണ്ട്. അത്രയ്ക്കുണ്ട് മാറ്റം... 

ലിവിങ്, ഡൈനിങ്, കിച്ചൻ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് പ്രധാനമായും വീട്ടിൽ മിനുക്കിയെടുത്തത്. ഇടങ്ങളുടെ പുനർക്രമീകരണം വഴിയാണ് സ്ഥലപരിമിതി മറികടന്നത്. അനാവശ്യ ഭിത്തികൾ ഇടിച്ചു കളഞ്ഞതോടെ അകത്തളം വിശാലമായി. മുകൾനിലയിലും ഒരു കിടപ്പുമുറി, ലിവിങ് സ്‌പേസ്, ബാൽക്കണി എന്നിവ പണിതു. സ്വീകരണമുറി ലളിതമെങ്കിലും വിശാലമാണ്. സമീപം ടിവി യൂണിറ്റ് നൽകി. മിനിമൽ ശൈലിയിൽ ജിപ്സം ഫോൾസ് സീലിങ് നൽകി എൽഇഡി ലൈറ്റുകൾ കൊടുത്തതോടെ ഉള്ളിൽ ഒരു പ്രസന്നത ഒക്കെ വിരുന്നുവന്നു.

സ്റ്റെയിൻലെസ്സ് സ്റ്റീലും ടഫൻഡ് ഗ്ലാസുമാണ് സ്‌റ്റെയറിന്റെ കൈവരികളിൽ ഉപയോഗിച്ചത്. ഗോവണിയുടെ താഴെയുള്ള സ്ഥലം കൂടി ഉപയോഗിക്കുന്ന വിധമാണ് ഊണുമേശ സജ്ജീകരിച്ചത്. ഗോവണി കയറിച്ചെല്ലുമ്പോൾ ഒരു അപ്പർ ലിവിങ് ക്രമീകരിച്ചു. മുകളിലും താഴെയും സിറ്റ്ഔട്ട് സ്‌പേസുകളും ഒരുക്കിയിട്ടുണ്ട്. 

അത്യാവശ്യ സൗകര്യങ്ങൾ എല്ലാം മുറികളിൽ നൽകി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് അങ്ങനെ... മാസ്റ്റർ ബെഡ്റൂമിന്റെ ഹെഡ്ബോർഡിൽ ജനാല വരുന്ന വിധം കട്ടിൽ ക്രമീകരിച്ചു.

38 ലക്ഷം രൂപയാണ് കൺസ്ട്രക്ഷനും ഇന്റീരിയറിനും കൂടി ചെലവായത്. പുതിയ വീടിന്റെ ഒത്തുചേരലുകളും സന്തോഷവും അധികം ആസ്വദിക്കാൻ ആകുന്നില്ലല്ലോ എന്നത് മാത്രമാണ് ഒരു പ്രവാസി എന്ന നിലയിലുള്ള വിഷമം. അടുത്ത വരവിനായി വീട് കാത്തിരിപ്പുണ്ടാകും.

Project Facts

Location- Chengannur, Alappuzha

Area- 2800 SFT

Owner- P I Mathew 

Mob- 00965-97839101 (Baiju Mathew)

Engineer- Benu Varghese

Aecson Builders