ഇങ്ങനെയാണ് ഒരു വീട് കുടുംബമായി മാറുന്നത്!

സ്കൈലൈറ്റ്, കോർട്‌യാർഡ് സ്പേസുകൾ വീട്ടിലുള്ളവർക്ക് എപ്പോഴും പോസിറ്റീവ് എനർജി പ്രദാനം ചെയ്യുകയും ചെയ്യുന്നു.

അഴകുള്ള ചക്കയിൽ ചുളയില്ല, പുറംതാൾ കണ്ടുകൊണ്ട് മാത്രം പുസ്തകത്തെ വിലയിരുത്തരുത് തുടങ്ങിയ ശൈലികൾ കേട്ടിട്ടില്ലേ. ഇത് വീടിന്റെ കാര്യത്തിലും പ്രസക്തമാണ്. വലിയ ആർഭാടത്തോടെ കെട്ടിപ്പൊക്കുന്ന വീടുകളുടെ അകത്തളങ്ങൾ പലതും നിർജീവമായിരുക്കും. വീടിനൊപ്പം അതിൽ താമസിക്കുന്ന കുടുംബത്തിന്റെ മനസ്സും കൂടി ചേരുമ്പോഴാണ് വീട് ഭവനമായി മാറുന്നത്.  കോഴിക്കോട് പയ്യോളിയിലുള്ള അൻവർ സാദത്തിന്റെയും കുടുംബത്തിന്റെയും വീട് ഇതിനുദാഹരണമാണ്. പുറംഭംഗിയേക്കാൾ പോസിറ്റീവ് എനർജി പകരുന്ന അകത്തളങ്ങളാണ് ഈ വീടിന്റെ ഹൈലൈറ്റ്. 

30 സെന്റിൽ 4000 ചതുരശ്രയടിയാണ് വിസ്തീർണം. പിന്നിലേക്കിറക്കിയാണ് വീട് വച്ചത്. മഴവെള്ളം കിനിഞ്ഞിറങ്ങുംവിധത്തിൽ മുറ്റം മുഴുവൻ ഷബാദ്സ്റ്റോൺ വിരിച്ചു. പ്ലോട്ടിലുണ്ടായിരുന്ന മരങ്ങളെ അതേപോലെ നിലനിർത്തിയിട്ടുണ്ട്. എലിവേഷനിൽ കുറെ പരീക്ഷങ്ങൾ നടത്തിയിട്ടുണ്ട്. പുറംഭിത്തിയിൽ നാച്വറൽ ക്ലാഡിങ് ടൈൽ വിരിച്ചു, പ്രൊജക്റ്റഡ് ശൈലിയിൽ പില്ലേഴ്സ് നൽകി കാർപോർച്ച് പണിതു. ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, സ്റ്റെയർ ഏരിയ, കോർട്‌യാർഡ്, മുകളിലും താഴെയുമായി 5 കിടപ്പുമുറികൾ, കിച്ചൻ എന്നിവയാണ് പ്രധാനമായും ഒരുക്കിയത്. 

ലിവിങ്ങിന്റെ ഒരു ഭിത്തി ടെക്സ്ചർ പെയിന്റ് കൊടുത്ത് ഹൈലൈറ്റ് ചെയ്തു. ജിപ്സം ഫോൾസ് സീലിങ്ങും എൽഇഡി ലൈറ്റിങ്ങും അകത്തളങ്ങളെ പ്രസന്നമാക്കുന്നു. മാറ്റ് ഫിനിഷുള്ള വിട്രിഫൈഡ് ടൈലുകളാണ് പ്രധാന ഇടങ്ങളിൽ വിരിച്ചത്. ഇടങ്ങൾക്ക് വേർതിരിവ് നൽകാനായി വുഡൻ ടൈലുകളും വിരിച്ചിട്ടുണ്ട്. ഫർണിച്ചറുകളും ഊണുമേശയുമെല്ലാം ഇന്റീരിയർ തീം അനുസരിച്ച് നിർമിച്ചെടുത്തവയാണ്. 

ക്യാന്റിലിവർ മാതൃകയിൽ നിർമിച്ച ഗോവണി അകത്തളത്തിലെ ശ്രദ്ധാകേന്ദ്രങ്ങളിൽ ഒന്നാണ്. ടീക്കും ടഫൻഡ് ഗ്ലാസും ഉപയോഗിച്ചാണ്  കൈവരികൾ. സ്റ്റെയറിനു താഴെയായി ചെറിയ പെബിൾ കോർട്‌യാർഡ് ഒരുക്കി. സ്റ്റെയറിന്റെ ഇടതുഭാഗത്തായി ഫാമിലി ലിവിങ് ക്രമീകരിച്ചു. ഫാമിലി ലിവിങ്ങിൽ നിന്നും ഇടനാഴി ചെന്നെത്തുന്നത് വിശാലമായി ഒരുക്കിയ ഡൈനിങ് ഏരിയയിലേക്കാണ്. 

വീടിനുള്ളിലെ ചൂടുവായു പുറന്തള്ളാൻ കഴിയുംവിധം സിംഗിൾ പീസ് വിൻഡോകൾക്ക് ഭിത്തിയിലെല്ലാം സ്ഥാനമുണ്ട്. വീട്ടിലെ പറ്റുന്ന ഇടങ്ങളിലൊക്കെ പച്ചപ്പിനും വെന്റിലേഷനും അവസരം നൽകിയിട്ടുണ്ട്. ഇതുതന്നെയാണ് അകത്തളത്തിൽ പോസിറ്റീവ് എനർജി നിറയ്ക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നതും. 

വിശാലതയ്ക്കു പ്രാധാന്യം നൽകി നിർമിച്ച ലളിതമായ കിടപ്പുമുറികളാണ് ഇവിടെ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യങ്ങളും ഒരുക്കി. 

ബ്ലാക്ക് & വൈറ്റ് തീമിലാണ് U ഷേപ്പ്ഡ് കിച്ചൻ. മൾട്ടിവുഡ്, അക്രിലിക് ഫിനിഷിലാണ് കബോർഡുകൾ. കൗണ്ടർടോപ്പിന് കൊറിയൻ സ്റ്റോൺ വിരിച്ചു.  

മുകൾനിലയിലെ ബാൽക്കണിയിൽ ആർട്ടിഫിഷ്യൽ ഗ്രാസ് വിരിച്ചു ഇടം വേർതിരിച്ചു. വർഷത്തിൽ ഉടനീളം വീടിനുള്ളിൽ സുഖകരമായ കാലാവസ്ഥ നിലനിൽക്കുന്നു. സ്കൈലൈറ്റ്, കോർട്‌യാർഡ് സ്പേസുകൾ വീട്ടിലുള്ളവർക്ക് എപ്പോഴും പോസിറ്റീവ് എനർജി പ്രദാനം ചെയ്യുകയും ചെയ്യുന്നു. ചുരുക്കത്തിൽ ആധുനിക സൗകര്യങ്ങൾ ഒരുക്കിയപ്പോഴും പ്രകൃതിയെ കൈവിടാതെ ജീവസുറ്റ അന്തരീക്ഷം ഒരുക്കിയതും വീട്ടുകാരുടെ ഒത്തൊരുമയുമാണ് ഈ വീടിനെ ഒരു കുടുംബമാക്കി മാറ്റുന്നത്.

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Location- Payyoli, Calicut

Area- 4000 SFT

Plot- 30 cents

Owner- Anwar Sadath

Architect- Vinay Mohan

VM Architects, Calicut

Mob- 9633822771