Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാലു സെന്റിൽ നല്ലൊരു മാതൃക

4-cent-house-kottayam വളരെ സാധാരണമായ, ചതുര ആകൃതിയിലുള്ള നാല് സെന്റിൽ ആർക്കിടെക്ട് വേറിട്ട ചില ആശയങ്ങൾ നടപ്പാക്കി.

കോട്ടയത്ത് കുടമാളൂരിലെ നാല് സെന്റിൽ വീട് വയ്ക്കാനായി കണ്ണൻ ആവശ്യപ്പെട്ടപ്പോൾ ആർക്കിടെക്ട് രോഹിത് പാലക്കൽ ശ്രദ്ധിച്ച ഒരു കാര്യമുണ്ട്. മ്യാൻമറില്‍ സോഫ്ട്‌വെയർ രംഗത്ത് ജോലി ചെയ്യുന്ന കണ്ണന് മികച്ച യാത്രാനുഭവങ്ങളും അതിലൂടെ ആർജിച്ച ഉൾക്കാഴ്ചയും ധാരാളമുണ്ട് എന്നതായിരുന്നു അത്. ആർക്കിടെക്ചറൽ ഡിസൈനിൽ പരീക്ഷണങ്ങൾ നടത്താന്‍ ആർക്കിടെക്ടിന് അനുഗ്രഹമായത് കണ്ണന്റെ ഈ പോസിറ്റിവ് ചിന്താഗതിയാണ്. 

വളരെ സാധാരണ ഒരു പ്ലോട്ട് ആയിരുന്നു ആർക്കിടെക്ടിന്റെ മുന്നിൽ ഉണ്ടായിരുന്നത്. തീർത്തും പ്രതീക്ഷിതം എന്നു വിശേഷിപ്പിക്കാം. കാരണം, മൂന്നു ചുറ്റിലും വീടുകളുള്ള എവിടെയും കാണപ്പെടുന്ന തരത്തിലുള്ള പ്ലോട്ട്. മുൻവശത്ത് 3.5 മീറ്റർ വീതിയുള്ള ടാർ റോഡും എതിർവശത്ത് മറ്റൊരു വീടിന്റെ ഗെയ്റ്റും ആയതിനാല്‍ ഒട്ടും പ്രത്യേകതകളില്ലാത്ത വിരസമായ ഒരു പ്ലോട്ട് എന്നു ചുരുക്കം.

കണ്ണനും അച്ഛനമ്മമാർക്കും ഉള്ള ആഗ്രഹങ്ങൾ തുലോം പരിമിതം ആയിരുന്നു. അറ്റാച്ഡ് ടൊയ്‌ലറ്റ് സഹിതം മൂന്നു കിടപ്പുമുറികളുള്ള വീട്. മോഡേൺ, മിനിമലിസ്റ്റിക് രീതിയിലുള്ള ഡിസൈൻ വേണമെന്നു മാത്രം.

ആർക്കിടെക്ടിന്റെ വെല്ലുവിളി

വലിയൊരു പ്ലോട്ടിൽ ആഡംബരപൂർണമായ വീട് വയ്ക്കുന്നതാണ് കൂടുതൽ എളുപ്പം എന്ന് തുറന്നുപറയുന്നു ആർക്കിടെക്ട്. അതിൽ പ്രത്യേകമായൊരു ആവേശമൊന്നും തോന്നാറില്ല. എന്നാൽ, തന്റെ മുന്നിലുള്ള പ്രോജക്ട് അത്തരമൊന്നായിരുന്നില്ല എന്നു രോഹിത്. ഡിസൈൻ കരിയറിൽ തന്നെ വെല്ലുവിളികളുള്ള ഒന്നായി അതിനെ കാണാനായിരുന്നു രോഹിതിന് താൽപര്യം. ചെറിയ സ്ഥലത്ത് എല്ലാ ആവശ്യങ്ങളും നിറവേറ്റണം. അതോടൊപ്പം, പോസിറ്റിവ് എനർജിയും ആവേശവും നിറയ്ക്കുന്നതാവണം ഇന്റീരിയർ എന്നത് ആർക്കിടെക്ടിന് ഒരു വെല്ലുവിളി തന്നെയായിരുന്നു.

4-cent-living

നാലുചുറ്റും അടുത്തടുത്ത് വീടുകൾ ആണെന്നതിനാല്‍, വീടിന് പോസിറ്റിവ് എനർജി സമ്മാനിക്കേണ്ടത് അകത്തളങ്ങളാണെന്നതിൽ സംശയമില്ല. എല്ലാ വശങ്ങളിൽനിന്നും നിയമപരമായി വിടേണ്ട സ്ഥലം വിട്ടിട്ടാണ് വീട് പണിതതും. വീടിനകത്ത് നല്ല വെളിച്ചവും വായുസഞ്ചാരവും സഹിതം തുറസ്സായ പ്രതീതി ജനിപ്പിക്കുക എന്ന തന്ത്രമാണ് ഇവിടെ പരീക്ഷിച്ചത്.

family-living

ആർട്ടിസ്റ്റിക് ആയ പ്രതീതി ജനിപ്പിക്കുന്ന അനാവശ്യ ആഡംബരങ്ങൾ തീർത്തും വേണ്ടെന്ന നിലപാടിൽ വീട്ടുകാർ ഉറച്ചുനിന്നതും അനുഗ്രഹമായി. വിപണിയിൽ ലഭ്യമായ നിർമാണസാമഗ്രികൾ കൊണ്ട് ചെയ്യുന്ന ‘കൈവിട്ട കളികളിലൊ’ന്നും കണ്ണനും മാതാപിതാക്കൾക്കും താൽപര്യമുണ്ടായിരുന്നില്ല. ഡിസൈനർ വീടിന്റെ കയ്യൊപ്പുകളായ കോർട്‌യാർഡ്, ഡിസൈൻ ചെയ്ത ലാൻഡ്സ്കേപ്, ആവശ്യത്തിനുള്ള വായുസഞ്ചാരം, ഓപനിങ്ങുകൾ, മിനിമലിസ്റ്റിക് രീതിയിലുള്ള അലങ്കാരങ്ങൾ എന്നിവയാണ് വീട്ടുകാർ മോഹിച്ചത്.

വാസ്തു അടിസ്ഥാനമാക്കിയാണ് പ്ലാനിങ് തുടങ്ങിയത്. കിഴക്കുഭാഗത്തേക്കാണ് ദർശനം. മാസ്റ്റർ ബെഡ്റൂം തെക്കുപടിഞ്ഞാറേ ഭാഗത്തും അടുക്കള തെക്കുകിഴക്കേ ഭാഗത്തുമാണ് വരുന്നത്. തെക്കോട്ടും പടിഞ്ഞാറോട്ടും ആണ് കിടപ്പുമുറികളുടെ സ്ഥാനം. ക്ലോക്‌വൈസ് ദിശയിലേക്കാണ് സ്റ്റെയർകെയ്സ് തിരിയുന്നത്.

ആവശ്യമുള്ള മുറികൾക്കു മാത്രമാണ് സ്വകാര്യത കൊണ്ടുവന്നത്. ബാക്കിയുള്ള ഇടങ്ങളെല്ലാം ഡബിൾ ഹൈറ്റിലുള്ള മുറികൾ കൊണ്ട് പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. വലിയ സ്പേസിന്റെ പ്രതീതിയാണ് അതുമൂലം അനുഭവവേദ്യമായത്.

4-cent-home-bed

ഡൈനിങ്ങിന്റെയും കോർട്‌യാർഡിന്റെയും ഡബിൾഹൈറ്റ് ഭിത്തിയിൽ സ്ലിറ്റ് വിൻഡോ കൊടുത്ത് വായുസഞ്ചാരവും സ്വാഭാവിക വെളിച്ചവും പകൽ സമയത്ത് ധാരാളം അകത്തേക്കു കൊണ്ടുവന്നു. ഫലമോ, പകൽസമയത്ത് ബൾബുകളുടെ ഉപയോഗമേ ഇല്ല. പേസ്റ്റൽ നിറങ്ങളിലുള്ള പെയിന്റിന്റെ പ്രയോഗങ്ങൾ മുറിക്കുള്ളിൽ കൗതുകമുണർത്തുന്നു.

4-cent-stair

ലിവിങ്, ഡൈനിങ്, കിച്ചൻ എന്നിവ പരസ്പരം ഒഴുകിക്കിടക്കുകയാണ്. പ്ലോട്ടിന് മുൻവശത്തേക്ക് ഒരു ചെറിയ ചരിവ് ഉണ്ടായിരുന്നു. ചെലവ് നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ മണ്ണ് നിരപ്പാക്കൽ ഇവിടെ നടപ്പാക്കിയിട്ടില്ല. അതുകൊണ്ട് ഡൈനിങ്, അടുക്കള, വർക്ഏരിയ, സ്റ്റെയർ, ഒരു ബെഡ്റൂം എന്നിവ ഉൾപ്പെടുന്ന വീടിന്റെ പിൻഭാഗം അൽപം പൊങ്ങിയാണ് ഇരിക്കുന്നത്. ലിവിങ് ഏരിയയിൽ നിന്ന് പടികള്‍ കയറിവേണം ബാക്കിഭാഗത്തെത്താൻ.

4-cent-kitchen

സ്റ്റെയറിനടിയിൽ വാഷ്ബേസിനും സ്റ്റോറേജ് ഏരിയയും ഗോപ്യമായി ഒതുക്കി. ടെറാകോട്ട ടൈലുകളാണ് സ്റ്റെയറിന് ഭംഗി പകരുന്നത്. സ്റ്റെയറിന്റെ റൂഫിൽ പിവിസി പൈപ്പ് കൊണ്ട് ചെയ്ത സ്കൈലിറ്റ് ഓപനിങ്ങിലൂടെ നിഴലും വെളിച്ചവും പടികളിൽ ഒളിച്ചുകളി നടത്തുന്നതു കാണാം. ലിവിങ്ങിനും ഡൈനിങ്ങിനും ഇടയിൽ കൊടുത്ത ഡ്രൈ കോർട്‌യാർഡ് ലിവിങ് ഏരിയയുടെ വലുപ്പം ഇരട്ടിപ്പിക്കുന്നു. ബെഡ്റൂമുകളിൽ ക്രോസ് വെന്റിലേഷൻ സാധ്യമാക്കുന്ന രീതിയിലാണ് ജനലുകളുടെ സ്ഥാനം.

upper

ലിവിങ് റൂമിലെ ചുമരിന് വില കുറഞ്ഞ ഇഷ്ടിക കൊണ്ട് ക്ലാഡിങ് നടത്തിയതിനാൽ ലാളിത്യവും വിനയവും ചേർന്ന പ്രതീതി. വീടിന്റെ എല്ലാ പൊതുഇടങ്ങളിൽ നിന്നും ഒന്നാംനിലയിലെ ലിവിങ് ഏരിയയിൽനിന്നും ഈ ഭിത്തി കാണാനാവുമെന്നതിനാൽ വീടിനു മൊത്തം വിനയാന്വിത ഭാവം.

4-cent-dining

ലിവിങ്, ഡൈനിങ് എന്നിവിടങ്ങളിലെ കട്ട്ഔട്ടുകളിലൂടെ രണ്ടുനിലകളും തമ്മിൽ നല്ല ആശയവിനിമയം നടക്കുന്നു. വീടിന്റെ വിവിധ ഭാഗങ്ങൾ തമ്മിലുള്ള ‘കണക്ടിവിറ്റി’, ബന്ധങ്ങൾ ഊഷ്മളമാകാൻ എന്തുകൊണ്ടും കാരണമാകും. മുകളിലെ ലിവിങ് സ്പേസ്, വായനാമുറിയായും ഉപയോഗിക്കുന്നു. വാഡ്രോബുകളെല്ലാം ചുവരിനുള്ളിൽ കൊടുത്തിരിക്കുന്നതിനാൽ അവ ചുവരിന്റെ ഭാഗമാണെന്നേ തോന്നൂ.

ചതുരാകൃതിയിലുള്ള നാല് സെന്റിൽ കിഴക്കോട്ട് ദർശനമായാണ് വീട്. സ്റ്റെയറിന്റെ ലാൻഡിങ്ങിൽ നിന്ന് പോർച്ചിനു മുകളിലെ സിറ്റിങ് ഏരിയയിലേക്ക് കടന്നിരിക്കാം. പോളികാർബണേറ്റ് ഷീറ്റ് ഇട്ടിട്ടുണ്ട്. എംഎസ് കൊണ്ടാണ് ഗെയ്റ്റ് തീർത്തിരിക്കുന്നത്. വീടിന്റെ പുറംകാഴ്ചയ്ക്ക് കൂടുതൽ പ്രധാന്യം കൊടുത്തില്ല.

ലിവിങ്

ഡബിൾഹൈറ്റിൽ വിശാലമായ പ്രതീതി ജനിപ്പിക്കുന്ന ലിവിങ്. ഭിത്തികൾ ഇഷ്ടിക കൊണ്ടാണ് ക്ലാഡിങ് ചെയ്തത്. ഫ്ലോറിങ്ങിന് വുഡൻ ഫിനിഷിലുള്ള ടൈലുകൾ ഉപയോഗിച്ചു. വളരെ കുറഞ്ഞ ആഡംബരങ്ങളാണ് വീടിന്റെ അഴക്. ലിവിങ്ങിനോടു ചേർന്ന് ഡ്രൈ കോർട്‌യാർഡും കാണാം.

ഡൈനിങ്

ഭൂമി നിരപ്പാക്കാതിരുന്നതിനാൽ പിറകിലെ മുറികൾ കുറച്ച് പൊക്കത്തിലാണ്. ഡൈനിങ്ങിന്റെ ഉയരവ്യത്യാസം ചിത്രത്തിൽ കാണാം. ഇവിടെ നിന്നാണ് സ്റ്റെയർ ആരംഭിക്കുന്നത്. സ്റ്റെയറിലെ സ്കൈലിറ്റ് ഓപനിങ് പ്രകാശത്തിന്റെ അഴക് പതിന്മടങ്ങ് കൂട്ടുന്നു.

കിച്ചൻ

ഡൈനിങ്ങിൽനിന്ന് വലിയൊരു ഓപനിങ് വഴി കിച്ചൻ ബന്ധപ്പെട്ടു കിടക്കുന്നു. പിയു ഫിനിഷ് ചെയ്ത മറൈൻ പ്ലൈയിലാണ് കാബിനറ്റുകൾ ചെയ്തിരിക്കുന്നത്.

മാസ്റ്റർ ബെഡ്റൂം

ക്രോസ് വെന്റിലേഷൻ കൃത്യമായി ഒരുക്കിയതാണ് ബെഡ്റൂമിന്റെ അലങ്കാരം. ഫ്ലോറിങ്ങിന് വിട്രിഫൈഡ് ടൈലുകൾ. മറൈൻപ്ലൈയിൽ പിയു പെയിന്റഡ് ഫിനിഷിലാണ് വാഡ്രോബുകൾ.

നിർമാണത്തിന്..

ബജറ്റ് കാറ്റഗറിയിലുള്ള നിർമാണ സാമഗ്രികളാണ് വീടിന്. ആഡംബര ഫിനിഷുകളോ ഇറക്കുമതി ചെയ്ത വസ്തുക്കളോ ഉപയോഗിച്ചിട്ടില്ല. ഫോൾസ് സീലിങ്ങുകൾ, പാനലിങ് വർക്കുകൾ, ഷോപീസ് പോലെ ചെയ്ത കൃത്രിമ ലൈറ്റുകൾ എന്നിവയൊന്നും ഈ വീട്ടിലില്ല എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.

ഭിത്തി – കോൺക്രീറ്റ് കട്ടകൾ

ഫൗണ്ടേഷൻ – കരിങ്കല്ല്

ഭിത്തി ഫിനിഷ് – പുട്ടി ഫിനിഷ്, തേക്കാത്ത ഇഷ്ടിക

ഫ്ലോറിങ് – വിട്രിഫൈഡ് ടൈൽ, ബെഡ്റൂമിൽ വുഡൻ ഫിനിഷുള്ള വിട്രിഫൈഡ് ടൈൽ

വോൾടൈൽ – സെറാമിക് ടൈൽ

സ്റ്റെയർകെയ്സ് – എംഎസ് സെക്ഷനിലുള്ള റെയ്‌ലിങ്, ടെറാകോട്ട ടൈൽ പടികൾ

വാതിലും ജനലുകളും – സ്ലിറ്റ് ജനലുകൾക്ക് അലുമിനിയം ചാനൽ, വാതിലിനും ജനലിനും പ്ലാവിന്റെ തടി

കിച്ചൻ – മറൈൻ പ്ലൈയിൽ പിയു ഫിനിഷ്

വാഡ്രോബ് – മറൈൻ പ്ലൈയിൽ പിയു ഫിനിഷ്

പ്രകാശംകൊണ്ട് പരീക്ഷണമാവാം

ചെറിയ സ്ഥലത്തുള്ള വീടുകളുടെ പോരായ്മകൾ എങ്ങനെ മാറ്റാം?

കിഴക്കോട്ട് അഭിമുഖമായ പ്ലോട്ടുകളാണെങ്കിൽ വളരെ നല്ലത്. അതുതന്നെ നല്ല പോസിറ്റിവ് എനർജി തരും. പ്രകാശത്തെ നല്ല രീതിയിൽ ഉപയോഗിക്കുക എന്നതാണ് ചെയ്യാവുന്ന ഒരു കാര്യം. ചെറിയ പ്ലോട്ടുകളിൽ നല്ല ‘വ്യൂ’ ലഭിക്കാന്‍ സാധ്യത കുറവാണ്. മുറികളിൽ വായു സഞ്ചാരത്തിന്റെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. എല്ലാ മുറികളിലും ക്രോസ് വെന്റിലേഷൻ സാധ്യമാക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. പറ്റാവുന്ന സ്ഥലങ്ങളിൽ സൂര്യപ്രകാശം കടന്നുവരാൻ സഹായിക്കുന്ന സ്കൈലിറ്റ് ഓപനിങ്ങുകൾ കൊടുക്കാവുന്നതാണ്. ചൂടുവായുവിനെ പുറത്തേക്കു കളയാൻ സൗകര്യം ഒരുക്കണം. കൃത്യമായ സ്ഥലങ്ങളിൽ വായുസഞ്ചാരത്തിന് ഇട വേണം. പുറത്തെ ചൂടിനേക്കാൾ ഒന്നോ രണ്ടോ ഡിഗ്രി ചൂട് കുറയ്ക്കുന്ന രീതിയിൽ വേണം അകത്തെ മുറികൾ സജ്ജീകരിക്കാൻ.

Project Facts

Area: 1845 Sqft

Designer: രോഹിത് പാലക്കൽ

നെസ്റ്റ്ക്രാഫ്റ്റ് ആർക്കിടെക്ചർ മോൾഡ്

കോഴിക്കോട്

nestcraft.calicut@gmail.com

Location: കുടമാളൂർ, കോട്ടയം

Year of completion: ജനുവരി, 2018