ചെറിയ പ്ലോട്ടിൽ വലിയ വീട്!

സ്ഥലപരിമിതികളെ അപ്രസക്തമാക്കിയ മറ്റൊരു വിജയഗാഥ കൂടിയാണ് ഈ വീട് ഉദ്ഘോഷിക്കുന്നത്.

പാലക്കാട് ജില്ലയിലെ പുതൂർ എന്ന സ്ഥലത്താണ് സമകാലിക- മോഡേൺ ശൈലികൾ കൂട്ടിക്കലർത്തി നിർമിച്ച ദേവധേയം എന്ന ഈ മനോഹരവീട് സ്ഥിതി ചെയ്യുന്നത്.  സ്ഥലപരിമിതിയെ അപ്രസക്തമാക്കിയുള്ള ഡിസൈനാണ് വീടിന്റെ ഹൈലൈറ്റ്. 

വീതി കുറഞ്ഞ 7.7 സെന്റ് പ്ലോട്ടാണിവിടെ ഉണ്ടായിരുന്നത്. എന്നിട്ടും ഉടമസ്ഥരുടെ ആവശ്യങ്ങൾ വിശാലമായിരുന്നു. അഞ്ചു കിടപ്പുമുറികളുള്ള വീട് വേണം എന്നതായിരുന്നു ഒരു പ്രധാന ആവശ്യം. ഇതിനെയൊക്കെ തൃപ്തിപ്പെടുത്തിയാണ് വീടിന്റെ ഡിസൈൻ. 4532 ചതുരശ്രയടിയാണ് വിസ്തീർണം. മികച്ച സ്‌പേസ് പ്ലാനിങ്ങിലൂടെയാണ് പ്ലോട്ടിന്റെ സ്ഥലപരിമിതി മറികടന്നത്. വീതി കുറഞ്ഞ പ്ലോട്ടിൽ പിന്നിലേക്കാണ് വീട് പണിതത്. 

മൂന്ന് നിലകളായാണ് വീടിന്റെ ക്രമീകരണം. പുറംകാഴ്ച ആകർഷകമാക്കാനും മറന്നില്ല. സിഎൻസി ഡിസൈനുകൾ എലിവേഷനിൽ കാണാം. മുകൾനിലയിൽ ഗ്ലാസ് പാനലിങ് നൽകി. അകത്തളങ്ങളിലേക്ക് പ്രകാശം നിറയ്ക്കാനായി വെർട്ടിക്കൽ സ്‌കൈലൈറ്റുകൾ എലിവേഷനിൽ നൽകിയത് ശ്രദ്ധേയമാണ്. 

മുന്നിലേക്ക് പ്രൊജക്ട് ചെയ്തുനിൽക്കുന്ന പോർച്ചും സിറ്റ് ഔട്ടും കടന്നാണ് അകത്തേക്ക് കയറുന്നത്. അത്യാവശ്യം വിശാലമാണ് അകത്തളങ്ങൾ. ഓരോ ഇടങ്ങളെയും വ്യക്തമായി നിർവചിച്ചിരിക്കുന്നു. സ്വീകരണമുറിയിൽ L സീറ്റർ കുഷ്യൻ സോഫ നൽകി. മികച്ച ഗുണനിലവാരമുള്ള വിട്രിഫൈഡ് ടൈലുകളാണ് നിലത്ത് വിരിച്ചത്. പ്ലാനിലാക് ഗ്ലാസാണ് സീലിങ്ങിലും കിച്ചനിലുമൊക്കെ കൂടുതലായി ഉപയോഗിച്ചിരിക്കുന്നത്. പൂജാമുറിയുടെ വാതിലുകളിൽ ചിത്രപ്പണികൾ നിറഞ്ഞ ഗ്ലാസ് വർക്കുകൾ കാണാം.

പിരിയൻ ശൈലിയിലുള്ള ഗോവണിയാണ് മറ്റൊരു ആകർഷണം. ഗോവണിയുടെ ട്രിപ്പിൾ ഹൈറ്റ് സീലിങ്ങിൽ ഹാങ്ങിങ് ലൈറ്റുകൾ നൽകി അലങ്കരിച്ചു. മൈൽഡ് സ്റ്റീൽ ഉപയോഗിച്ചാണ് ഗോവണിയുടെ കൈവരികൾ നിർമിച്ചത്. ഇതിനുമുകളിൽ വുഡൻ പാനലിങ് നൽകി. കൈവരികളിൽ ടഫൻഡ് ഗ്ലാസ് ഉപയോഗിച്ചിരിക്കുന്നു.

ആറുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ലളിതമായ ഊണുമേശ.

റെഡ്+ വൈറ്റ് ഫിനിഷിലാണ് അടുക്കള. കിച്ചനിൽ കുട്ടിത്തം നിറയുന്ന ഒരു മിനി ബ്രേക്ഫാസ്റ്റ് കൗണ്ടറും സജ്ജീകരിച്ചിട്ടുണ്ട്.

അഞ്ചു കിടപ്പുമുറികളിലും അത്യാവശ്യ സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവയുമുണ്ട്.  മുകൾനിലയിൽ ഒരു ഓഫിസ് ഏരിയയും ക്രമീകരിച്ചിട്ടുണ്ട്.

മുകൾനിലയിൽ ഒരു സ്വിമ്മിങ് പൂൾ സജ്ജീകരിച്ചു. സ്ഥലം ഉപയുക്തമാക്കുന്നതിനു ഇൻബിൽറ്റ് ഫിൽറ്റർ സംവിധാനം ഇവിടെ ഉപയോഗിച്ചിരിക്കുന്നു.

സന്ധ്യ മയങ്ങുമ്പോഴേക്കും എൽഇഡി സ്പോട് ലൈറ്റുകൾ കണ്ണുമിഴിക്കുന്നു. അതോടെ വീടിന്റെ ഭംഗി വീണ്ടും വർധിക്കുന്നു. ചുരുക്കത്തിൽ സ്ഥലപരിമിതികളെ അപ്രസക്തമാക്കിയ മറ്റൊരു വിജയഗാഥ കൂടിയാണ് ഈ വീട് ഉദ്ഘോഷിക്കുന്നത്.   

Project Facts

Location-Palakkad

Plot- 7.7 cents

Area-4532 Sqft

Owner-  Prema V S

Architect: Premadas Krishna

Monnaie Architects & Interiors  

Mob- 9847873337