അൻപതു വയസിൽ രണ്ടാം യൗവനം!

വീടിനോടുള്ള കുടുംബത്തിന്റെ വൈകാരികമായ അടുപ്പം സംരക്ഷിച്ചുകൊണ്ടുതന്നെ പുതിയ കാലത്തിന്റെ സൗകര്യങ്ങൾ ഒരുക്കാനായി...

അൻപതു വർഷത്തിലേറെ പഴക്കമുള്ള വീടിനെ പുതിയ കാലത്തിന്റെ കാഴ്ചാശീലങ്ങളിലേക്കും സൗകര്യങ്ങളിലേക്കും പറിച്ചുനട്ട കഥയാണിത്.എറണാകുളം പെരുമ്പാവൂരിലാണ് സുരേന്ദ്രന്റെ സുധാനിലയം എന്ന ഈ വീട് സ്ഥിതി ചെയ്യുന്നത്.1200 ചതുരശ്രയടിയുള്ള ഒരുനില വീടിനെ 3000 ചതുരശ്രയടിയുള്ള ഇരുനിലയാക്കി മാറ്റിയെടുത്തു.

പഴയ വീട്

പഴയ വീടിനോട് വൈകാരികമായ അടുപ്പമുള്ളതുകൊണ്ട് അധികം പൊളിച്ചുപണിയില്ലാതെ കൂടുതൽ വിശാലമായ അകത്തളങ്ങളുള്ള വീട് എന്നതായിരുന്നു ഉടമസ്ഥന്റെ ഡിമാൻഡ്. 

ഭിത്തികളുടെ പുനർക്രമീകരണത്തിലൂടെയാണ് അധികം പൊളിച്ചുപണികൾ ഇല്ലാതെതന്നെ സ്ഥലപരിമിതി മറികടന്നത്. വശത്തുള്ള ഭിത്തികൾ ഇടിച്ചു കളഞ്ഞു വീടിന്റെ വീതി കൂട്ടിയാണ് പുറംകാഴ്ചയ്ക്ക് പുതിയ രൂപം നൽകിയത്. പുറംഭിത്തികളിൽ ഷോവാളുകൾ കൂട്ടിച്ചേർത്തു. ഒരു വശം ബ്രിക്ക് ക്ലാഡിങ് നൽകി. മറുവശം മിലിട്ടറി ഗ്രീൻ, സിമന്റ് ടെക്സ്ചർ തീമിൽ ഒരുക്കി. പ്രധാന സ്ട്രക്ച്ചറിൽ നിന്നും വേർപെടുത്തി വീടിന്റെ വശത്തായി കാർ പോർച്ച് ഒരുക്കി. വീടിന്റെ മുറ്റത്തുള്ള മാവ് വെട്ടാതെ വീടൊരുക്കി എന്ന പ്രത്യേകതയുമുണ്ട്.

മിനിമൽ ശൈലിയിലാണ് ഇന്റീരിയർ ഒരുക്കിയത്. റസ്റ്റിക് ഫിനിഷിലുള്ള ടൈലുകളാണ് നിലത്ത് വിരിച്ചത്. മൾട്ടിവുഡ്, ലാമിനേറ്റ് ഫിനിഷ്, ജിപ്സം, വെനീർ എന്നിവയാണ് ഫർണിഷിങ്ങിന് പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്.

ഫോർമൽ ലിവിങ്ങിൽ ഇരിക്കുമ്പോൾ കാഴ്ച പതിയുക ടെക്സ്ചർ വർക്ക് ചെയ്ത ചുവരിലേക്കും ബുദ്ധപ്രതിമയിലേക്കുമാണ്. മെറ്റൽ ഫിനിഷിലുള്ള ടൈലുകളും പഴയ അലമാരയുടെ തടിയും ചേർത്തുണ്ടാക്കിയ ക്ലാഡിങ് ഭിത്തിയാണ് സ്വീകരണമുറിയിലെ ഒരു സവിശേഷത.

എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. 

പഴയ കിടപ്പുമുറികൾ വിശാലമാക്കി. അറ്റാച്ഡ് ബാത്റൂം കൂട്ടിച്ചേർത്തു. ഓരോ മുറികളും വ്യത്യസ്തമാക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഹൈലൈറ്റർ നിറങ്ങൾ, എക്സ്പോസ്ഡ് ബ്രിക് വാൾ, ക്യൂരിയോകൾ എന്നിവ ഇതിനു പിന്തുണയേകുന്നു.

മൾട്ടിവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ ഫർണിഷ് ചെയ്തിരിക്കുന്നത്. L ഷേപ്പിലാണ് മോഡുലാർ കിച്ചൻ. ബിൽറ്റ് ഇൻ ഫ്രിഡ്ജ്, അവന് എന്നിവ നൽകിയിട്ടുണ്ട്. കൊറിയൻ മാർബിൾ കൊണ്ടാണ് കൗണ്ടർടോപ്. 

വീടിനു ചുറ്റുമുള്ള മരങ്ങൾ സംരക്ഷിച്ചു പണിതതുകൊണ്ട് മിക്കയിടങ്ങളിൽനിന്നും പച്ചപ്പിലേക്ക് കാഴ്ചയെത്തും. വീടിനുള്ളിൽ ചൂടും കുറവാണ്.അങ്ങനെ വീടിനോടുള്ള കുടുംബത്തിന്റെ വൈകാരികമായ അടുപ്പം സംരക്ഷിച്ചുകൊണ്ടുതന്നെ പുതിയ കാലത്തിന്റെ സൗകര്യങ്ങൾ ഒരുക്കാനായി എന്നതാണ് ഈ പ്രൊജക്ടിനെ വ്യത്യസ്തമാക്കുന്നത്.

Project facts

Location- Perumbavoor, Ernakulam

Area- 3000 SFT

Owner- Surendran

Architect- Shinto Varghese

Concepts Design Studio 

Mob- 9895821633