100 വർഷം പിന്നിലേക്ക്; ചെലവും കുറവ്! വിഡിയോ

മണ്ണും കല്ലും മരവും കുമ്മായവും കൊണ്ടുള്ള വീട്. എഴുപതോ എൺപതോ വർഷം കഴിയുമ്പോൾ അതിലെ താമസക്കാരന്റെ ജീവിതരീതി മാറുന്നതുകൊണ്ടുമാത്രം ഉപയോഗയോഗ്യമല്ലാതാകുന്നു. നിർമാണസാമഗ്രികളും നിർമാണരീതിയും കുറ്റമറ്റതായിരിക്കുമ്പോൾതന്നെ ആ വീട് ‘കൂടുതൽ സൗകര്യങ്ങൾക്കു’ വേണ്ടി പൊളിച്ചുമാറ്റുന്നു. ചുറ്റുപാടുകളുടെ ഒരു ഭാഗമെന്നോണം ഉണ്ടായിരുന്ന വീടിന്റെ സ്ഥാനത്തു പൊങ്ങിയ പുതിയ കെട്ടിടം പ്രകൃതിയിൽനിന്നു വളരെ അകലം പാലിച്ചു നിൽക്കുകയും ചെയ്യുന്നു. കുറെയേറെ വർഷമായി നമുക്കു ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളാണിത്.

നിർമാണരീതിയിലെ ഈ അന്തരം കുറയ്ക്കാനുള്ള പുറപ്പാടിലാണ് പുതിയ തലമുറ. കാലടിക്കടുത്ത് ചേരാനല്ലൂരിലെ നിശാന്തിന്റെ വീട് പ്രകൃതിയിൽനിന്നു വേറിട്ട ഒന്നല്ല. നൂറു വർഷം മുൻപ് വീടുണ്ടാക്കിയിരുന്ന നിർമാണ വിദ്യകൾ ഉപയോഗിച്ചാണ് നിശാന്തും എൻജിനീയറായ ശാന്തിലാലും ഇതു സാധിച്ചെടുത്തത്. നിർമാണസാമഗ്രികളോ? വളരെകാലമായി ഉപയോഗിക്കാതെ കിടന്ന, നൂറു വർഷത്തിനു മുകളിൽ പഴക്കമുള്ള വീടിന്റെ ഭാഗങ്ങളും.

ഗ്രാമം സുന്ദരം

നഗരത്തിന്റെ സൗകര്യങ്ങളിൽനിന്ന് ഗ്രാമത്തിന്റെ ശാന്തതയിലേക്ക് പറിച്ചുമാറ്റപ്പെട്ട കഥയാണ് നിശാന്തിനും ഭാര്യ ജിജിക്കും പറയാനുള്ളത്. വീടിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ സ്കൂളും ആശുപത്രിയും ബസ് സ്റ്റാൻഡുമടക്കം എല്ലാ സൗകര്യങ്ങളുമുള്ളിടത്തു ജീവിച്ചു ശീലിച്ച നിശാന്ത് എത്തിച്ചേർന്നത് ചേരാനല്ലൂരിൽ. പുറംലോകവുമായി കാര്യമായി ബന്ധമൊന്നുമില്ലാത്ത ഗ്രാമമാണ് ചേരാനല്ലൂർ. ബസ് ഇറങ്ങി കുറച്ചു ദൂരം നടക്കണം പ്ലോട്ടിലേക്ക്. പക്ഷേ നൂറ് മീറ്റർ അകലെയുള്ള പെരിയാറും അയൽക്കാരുടെ തുറന്ന സമീപനവും നിശാന്തിനെയും കുടുംബത്തെയും ഈ സ്ഥലത്ത് പിടിച്ചു നിർത്തി.

പതിനാറ് സെന്റാണ് വാങ്ങിയത്. കാടുപിടിച്ചു കിടന്ന പറമ്പിന്റെ നടുവിൽ പഴയൊരു വീടുമുണ്ടായിരുന്നു. മുറികളുടെ വലുപ്പക്കുറവും കുറേനാൾ ആൾപാർപ്പില്ലാതെ കിടന്നുണ്ടായ കേടുപാടുകളും ഒഴിച്ചാൽ നല്ല വീട്. അത് പുതുക്കിയെടുക്കാം എന്നായിരുന്നു ആദ്യ തീരുമാനം. കോസ്റ്റ്ഫോർഡിലെ എൻജിനീയറായ ശാന്തിലാലിനെ നിർമാണച്ചുമതല ഏൽപിക്കുകയും ചെയ്തു. പക്ഷേ, വീടു വന്നു പരിശോധിച്ച ശാന്തിലാൽ പഴയ വീടിന്റെ ഭാഗങ്ങൾ മുഴുവൻ പുനരുപയോഗിച്ചുകൊണ്ട് പുതിയൊരു വീടു നിർമിക്കാം എന്നു നിർദേശിക്കുകയാണു ചെയ്തത്. അങ്ങനെ പുതിയ വീട് എന്ന തീരുമാനത്തിലെത്തി.

ഒന്നും ബാക്കിവച്ചില്ല

നിർമിക്കാനിരിക്കുന്ന വീടിനെക്കുറിച്ച് നിശാന്തിന് ചില ആഗ്രഹങ്ങളുണ്ടായിരുന്നു. അത് പ്ലാൻ രൂപത്തിലാക്കി ശാന്തിലാലിനെ ഏൽപിച്ചു. ആ പ്ലാനിൽ ചില്ലറ മാറ്റങ്ങൾ വരുത്തിയാണു നിലവിലെ പ്ലാൻ തയാറാക്കിയത്.

2250 ചതുരശ്രയടിയാണ് വീട്. 200 ചതുരശ്രയടിയുള്ള പോർച്ച്, വീടിന്റെ പിറകിലാണ്. പഴയ വീട് പൊളിച്ച് വെട്ടുകല്ല്, ഓട്, തടി ഇങ്ങനെ പുനരുപയോഗിക്കാൻ സാധിക്കുന്നവ എല്ലാം മാറ്റിവച്ചു, പുതിയ വീടിന്റെ നിർമാണത്തിന്റെ 75 ശതമാനം നിർമാണവസ്തുക്കളും പഴയ വീടിൽനിന്നു ലഭിച്ചതാണ്. 30 ലക്ഷം രൂപയാണ് ഈ വീടിന്റെ നിർമാണത്തിന് ചെലവായത്.

ലിന്റൽ വരെയുള്ള ഭിത്തി നിർമിക്കാൻ പഴയ വീടിന്റെ വെട്ടുകല്ല് ലഭിച്ചു. ലിന്റലിന്റെ മുകളിലേക്കു മാത്രം മറ്റൊരു പഴയ വീട് പൊളിച്ച കല്ല് വാങ്ങേണ്ടിവന്നു. ഓടിന്റെ കാര്യവും ഇങ്ങനെതന്നെ. പോരാതെ വന്ന കുറച്ച് ഓടുകൾ വാങ്ങുകയായിരുന്നു.

പഴയ വീടിന്റെ തേപ്പും ഉപയോഗമില്ലാത്ത ഭാഗങ്ങളും ഉപയോഗിച്ചാണ് തറ നിറച്ചത്. ചുമരുകളിൽ സിമന്റ് തേക്കുന്നതിനു പകരം മണ്ണ് പ്ലാസ്റ്റ‍ർ ചെയ്യാം എന്നു നേരത്തേ തീരുമാനിച്ചിരുന്നു. വീടുപണിയുന്ന അതേ പറമ്പിൽനിന്നുള്ള മണ്ണാണ് പ്ലാസ്റ്ററിങ്ങിന് ഉപയോഗിക്കുക. പക്ഷേ, ഇവിടത്തെ മണ്ണില്‍ കളിമണ്ണിന്റെ അംശം കൂടുതലായിരുന്നു. തേപ്പിന് ഉപയോഗിക്കാനാകില്ല. “പഴയ വീടിന്റെ തറയിലുണ്ടായിരുന്ന മണ്ണ് പകരം കൊടുത്താണ് തേപ്പിനുള്ള മണ്ണു വാങ്ങിയത്.” നിശാന്ത് പറയുന്നു.

പഴയ വീടിന്റെ തടി ജനലുകൾക്കും പടിപ്പുരയ്ക്കും ഫ്ലോറിങ്ങിനും പ്രയോജനപ്പെടുത്തി. പഴയ വീട്ടിലെ വെന്റിലേറ്ററുകൾ അതേപടി ഉപയോഗിച്ചു.

ഫർണിച്ചര്‍ അത്യാവശ്യത്തിന്

പടിപ്പുര കടന്നാൽ പടി കയറി സിറ്റ്ഔട്ടിലേക്കു പ്രവേശിക്കാം. വീടിന്റെ രണ്ടു വശത്തുമുള്ള വരാന്തയേക്കാൾ ഉയരത്തിലാണ് സിറ്റ്ഔട്ട്. സ്വീകരണമുറിയും സിറ്റ്ഔട്ടിന്റെ അതേ ഉയരത്തിലാണ്. ഫർണിച്ചര്‍ പരമാവധി ഒഴിവാക്കി. വീടിന്റെ ഭാഗമായ പടികളിലും തിണ്ണകളിലും ഇരിക്കുക എന്ന വീട്ടുകാരുടെ ഇഷ്ടത്തെ തൃപ്തിപ്പെടുത്തും തറയുടെ ഉയരവ്യത്യാസം. ലിവിങ് റൂമിൽ നിന്ന് രണ്ട് പടി ഇറങ്ങി വേണം കോർട്‌യാർഡിനു ചുറ്റുമുള്ള വരാന്തയിലെത്താൻ.

മഡ് പ്ലാസ്റ്ററിങ് എന്ന ആശയം വന്നതോടെ വീടിനുള്ളിൽ വെളിച്ചം കുറയുമോ എന്നായി ആശങ്ക. ഈ പ്രശ്നം പരിഹരിക്കാനാണ് കോർട്‌യാർഡ് രംഗപ്രവേശം ചെയ്തത്. അടുക്കളയോടു ചേർന്ന് ഒരു മൾട്ടിപർപ്പസ് റൂമും ഇതേ ഉദ്ദേശ്യത്തിൽ നിർമിച്ചു. ഭിത്തികളിൽ നിറഞ്ഞു നിൽക്കുന്ന നീളൻ ജനലുകളും മേൽക്കൂരയിലെ പർഗോളയും ഇവിടെ പ്രകാശധാരയൊഴുക്കുന്നു.

“വേനലിൽ ചൂടു കൂടുതലായതിനാൽ കിടപ്പുമുറിയായോ ഊണുമുറിയായോ ഇവിടം ഉപയോഗിക്കാനാകില്ല. അതുകൊണ്ട് വ്യത്യസ്ത ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു.” ജിജി പറയുന്നു.

അടുക്കളയായി നിർമിച്ച മുറി പാൻട്രിയുടെ കർത്തവ്യം നിറവേറ്റുന്നു. വീടുനിർമാണം കഴിഞ്ഞപ്പോൾ വർക്ഏരിയ അടുക്കളയായി.

വീടിന്റെ തൊട്ടടുത്താണ് പുഴ. പുഴയെ അഭിമുഖീകരിക്കുന്ന ഭാഗത്ത് കൂടുതൽ കാറ്റുണ്ടാകുമെന്ന കാരണത്താൽ കിടപ്പുമുറികൾ രണ്ടിനും അവിടെ സ്ഥാനം നൽകി.

പ്രകൃതിയോടു തൊട്ടുതൊട്ട്

പുനരുപയോഗിച്ചതാണെങ്കിലും പുതിയതാണെങ്കിലും പ്രകൃതിയോടടുത്തു നിൽക്കുന്ന നിർമാണസാമഗ്രികളാണ് പൂർണമായി ഉപയോഗിച്ചത്. തേപ്പിനു മാത്രമല്ല, ഭിത്തി കെട്ടാനും സിമന്റിനു പകരം മണ്ണാണ് ഉപയോഗിച്ചിരിക്കുന്നത്. മണ്ണിൽ കുമ്മായവും ശർക്കരയുമെല്ലാം ചേർത്ത കൂട്ടിന് സിമന്റിനേക്കാൾ ഉറപ്പുണ്ട്.

ചിതൽ ശല്യം ഒഴിവാക്കാൻ തറയിൽനിന്ന് മുകളിലേക്കുള്ള കുറച്ചു വെട്ടുകല്ലു മാത്രം സിമന്റ് ഉപയോഗിച്ച് പടുത്തു. വരാന്ത, സിറ്റ്ഔട്ട്, ലിവിങ് റൂം, ഒരു കിടപ്പുമുറി ഇത്രയും ഭാഗം വാർക്കാതെ, ട്രസ് റൂഫാണ്. പഴയ തടിപ്പലകകൾകൊണ്ട് തട്ട് ഇട്ടു.

മുകളിലെ നിലയിൽ തടിപ്പലകകൾക്കു മുകളില്‍ മണ്ണിട്ടു നിരപ്പാക്കി പരുക്കനിട്ടു. ഇവിടെ ഒരാൾക്കു നിൽക്കാനുള്ള പൊക്കമുണ്ട്. ഇപ്പോൾ തുണിയുണക്കാനും സാധനങ്ങൾ സൂക്ഷിക്കാനുമാണ് ഇവിടം ഉപയോഗിക്കുന്നത്. ലിവിങ് ഏരിയയുടെ വശത്തുകൂടിയാണ് ഗോവണി. പഴയൊരു തടിഗോവണി വാങ്ങി ഉറപ്പിക്കുകയായിരുന്നു.

കോർട്‌യാർഡ് കഴിഞ്ഞ് പിറകിലേക്കുള്ള മുറികളെല്ലാം വാർത്തു. വീടിന്റെ പിറകുവശത്തുനിന്നാണ് ഇവിടേക്കുള്ള ഗോവണി.

വീടുനിർമാണസമയത്തുതന്നെ കബോർഡുകൾക്കും വാഡ്രോബുകൾക്കും വേണ്ട ഫെറോസിമന്റ് പലകകൾ വാർത്തിട്ടിരുന്നു. വാതിലുകള്‍ ബാംബൂപ്ലൈ കൊണ്ടാണ്. ഒരു കിടപ്പുമുറിയിൽ കോൺക്രീറ്റ് കട്ടിലാണ്. ഇതിന്റെ മൂന്നു വശത്തുമുള്ള കബോർഡുകൾക്കും ബാംബൂപ്ലൈയുടെ വാതിലാണ്. പെയിന്റുകളുടെയും പോളിഷുകളുടെയും ഉപയോഗം പരമാവധി നിയന്ത്രിച്ചിട്ടുണ്ട്. കശുവണ്ടിക്കറയാണ് പകരമായി ഉപയോഗിച്ചിരിക്കുന്നത്. കശുവണ്ടിക്കറ കൊണ്ടുള്ള നിറമില്ലാത്തതും അൽപം ഇരുണ്ട നിറമുള്ളതുമായ, പോളിഷുകൾ ലഭിക്കും. രണ്ടു തരവും ഇവിടെ ഉപയോഗിച്ചിട്ടുണ്ട്. മൺഭിത്തികളിൽ മാത്രം ക്ലിയർ പോളിഷ് അടിച്ചു.

തൂണുകളിലെല്ലാം കയർ ചുറ്റി കശുവണ്ടിക്കറ കൊണ്ട് പോളിഷ് ചെയ്തു. അഞ്ചോ ആറോ വർഷം കേടൊന്നും കൂടാതെ നിലനിൽക്കും.

വെള്ളം നേരിട്ടു വീഴാത്ത എല്ലാ മുറികളിലും തടികൊണ്ടുള്ള ഫ്ലോറിങ് ആണ്. മറ്റു സ്ഥലങ്ങളില്‍ റെഡ്ഓക്സൈഡും. പഴയ വീടുപൊളിച്ചതിൽനിന്നു കിട്ടിയ തടി കൂടാതെ, പഴയ തടി കൊണ്ട് ഫർണിച്ചർ ഉണ്ടാക്കുന്ന സ്ഥലങ്ങളില്‍ കളയുന്ന തടിയും ഫ്ലോറിങ്ങിനുപയോഗിച്ചു. “തടിക്കഷണങ്ങൾ കൊണ്ടുവരാനുള്ള വണ്ടിക്കൂലിമാത്രമാണ് ചെലവായത്. തടി ഒരേ വലുപ്പമുള്ള കഷണങ്ങളാക്കാനും ചെലവു വന്നു.” നിശാന്ത് പറയുന്നു.

നഗരത്തിന്റെ സൗകര്യങ്ങൾ നഷ്ടപ്പെട്ടെങ്കിലും പുതിയ വീടും ചുറ്റുപാടും തരുന്ന സന്തോഷം അതിലും മേലെയാണെന്ന് നിശാന്തും ജിജിയും ഒരേ സ്വരത്തിൽ സമ്മതിക്കുന്നു.

നിർമാണകാലം

ആദ്യം ഭിത്തികൾ, അതുകഴി‍ഞ്ഞ് മേൽക്കൂരയുടെ ട്രസ് വർക്ക്. ഓടിട്ട ശേഷം തേപ്പ്. ഇങ്ങനെയായിരുന്നു നിർമാണഘട്ടങ്ങൾ. മണ്ണ് പുട്ടുപൊടിയുടെ തരിവലുപ്പത്തിൽ അരിപ്പയിൽ അരിച്ചാണ് തേപ്പിന് ഉപയോഗിച്ചത്. ഭിത്തി നിർമാണം കഴിഞ്ഞയുടൻ മഴക്കാലമെത്തി. വെട്ടുകല്ല് നനഞ്ഞിരുന്നതിനാൽ ഭിത്തികളുടെ ഈർപ്പം ഇനിയും മാറിയിട്ടില്ല. ഭിത്തികളുടെ യഥാർഥനിറവും ശോഭയും തെളിഞ്ഞുവരാൻ കുറച്ചുനാൾ കൂടിയെടുക്കും.