28 ലക്ഷത്തിനു പ്രകൃതിസൗഹൃദവീട് പണിയാം! വിഡിയോ

മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് 2150 ചതുരശ്രയടിയിലാണ് ചെലവ് ചുരുക്കി നിർമിച്ച ഈ ഗൃഹം സ്ഥിതിചെയ്യുന്നത്. വയലേലകൾക്കു നടുവിലുള്ള വിശാലമായ പ്ലോട്ടായിരുന്നു ഇവിടെ. ചുറ്റുപാടുമുള്ള പ്രകൃതിയോട് യോജിച്ചു പോകുന്ന ചെലവ് കുറഞ്ഞ വീട് എന്നതായിരുന്നു ഉടമസ്ഥന്റെ ഡിമാൻഡ്. പ്രീഫാബ് ശൈലിയിലുള്ള വീടുകളുടെ നിർമാണത്തിലൂടെ ശ്രദ്ധേയനായ വാജിദ് റഹ്‌മാനാണ് ഈ വീട് രൂപകൽപന ചെയ്‌തത്‌. 

മംഗളൂരു ഇഷ്ടിക കൊണ്ടാണ് ഭിത്തികൾ കെട്ടിയിരിക്കുന്നത്. ഇതിൽ സിമന്റ് പ്ലാസ്റ്ററിങ് ഒഴിവാക്കി. ഇത് ചെലവ് കുറച്ചതിനൊപ്പം ചൂടിനെ പുറംതള്ളാനും സഹായിക്കുന്നു. സുഗമമായ വെന്റിലേഷൻ ഒരുക്കാനായി അത്യാവശ്യം ഉയരത്തിലാണ് മേൽക്കൂര നൽകിയിരിക്കുന്നത്. കൂടാതെ ധാരാളം ജനാലകളും കോർട്യാർഡ് സ്‌പേസും അകത്തളത്തിൽ ഒരുക്കിയിരിക്കുന്നു. 

കോട്ട, ജയ്സാൽമീർ സ്റ്റോണുകളാണ് നിലത്തു വിരിച്ചിരിക്കുന്നത്. അകത്തളങ്ങളിൽ പരമാവധി സ്ഥലഉപയുക്തത കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. സെമി ഓപ്പൺ ശൈലിയിലാണ് ലിവിങ്- ഡൈനിങ് ഏരിയകൾ. ഇതിനു മധ്യത്തിലായി കോർട്യാർഡ് ഒരുക്കിയിരിക്കുന്നു. ഇവിടെയുള്ള ബേ വിൻഡോയിലൂടെ കാറ്റും വെളിച്ചവും സമൃദ്ധമായി അകത്തേക്കെത്തുന്നു.

സ്റ്റീൽ+റബ്‌വുഡ് കൊണ്ടാണ് ഗോവണി നിർമിച്ചത്. ഇതിന്റെ താഴെയായി പ്രെയർ ഏരിയയും ആദ്യ ലാൻഡിങ്ങിൽ സ്റ്റഡി ഏരിയയും ക്രമീകരിച്ചു.   

എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. വാഷ് ഏരിയയുടെ ചുമരിൽ ടെറാക്കോട്ട ക്ലാഡിങ് ടൈലുകൾ വിരിച്ചിരിക്കുന്നു. 

ഊണുമുറിക്ക് സമീപം കിച്ചൻ ക്രമീകരിച്ചു. അലൂമിനിയം കോംപസിറ്റ് പാനലുകൾ കൊണ്ടാണ് ഷട്ടറുകൾ നിർമിച്ചത്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. ചെറിയൊരു ബ്രേക്ക് ഫാസ്റ്റ് കൗണ്ടറും നൽകിയിട്ടുണ്ട്.

മൊത്തം നാലു കിടപ്പുമുറികളാണ് വീട്ടിലുള്ളത്. ഉയരമുള്ള മേൽക്കൂരയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തി മെസനൈൻ ശൈലിയിൽ രണ്ടു കിടപ്പുമുറികൾ മുകളിലായി ഒരുക്കിയിരിക്കുന്നു. വാഡ്രോബ്, ഡ്രസിങ് ഏരിയ സൗകര്യം നൽകിയിട്ടുണ്ട്. 

ചെലവ് ചുരുക്കിയ ഘടകങ്ങൾ

  • പഴയ കെട്ടിടം പൊളിച്ചുകിട്ടിയ ഓട് പുനരുപയോഗിച്ചു.
  • പ്രാദേശികമായി ലഭ്യമായ ചെങ്കല്ലും കരിങ്കല്ലുമാണ് അടിത്തറ കെട്ടാൻ ഉപയോഗിച്ചത്.
  • സിമന്റ് പ്ലാസ്റ്ററിങ് ഒഴിവാക്കി. എക്സ്പോസ്ഡ് ഭിത്തികൾ വേറിട്ട ഭംഗിയും നൽകുന്നു.
  • പ്ലോട്ടിലുള്ള മരങ്ങൾ ഫർണിച്ചറിന് ഉപയോഗപ്പെടുത്തി.
  • സ്റ്റീൽ ഫ്രെയിം, അലുമിനിയം ഫാബ്രിക്കേഷൻ എന്നിവ കൊണ്ടാണ് ഫർണിഷിങ് ഭൂരിഭാഗവും ചെയ്തിരിക്കുന്നത്.

സ്ട്രക്ച്ചറും ഫർണിഷിങ്ങും ഉൾപ്പെടെ 28 ലക്ഷം രൂപയാണ് വീടിനു ചെലവായത്. നിർമാണച്ചെലവുകൾ റോക്കറ്റ് പോലെ കുതിക്കുന്ന ഈ കാലത്ത് താരതമ്യേന ചെറിയ ബജറ്റിൽ നിന്നുകൊണ്ട് അതിനെ അധികരിക്കുന്ന സൗകര്യങ്ങൾ ഒരുക്കാനായി എന്നതാണ് ഈ വീടിന്റെ ഹൈലൈറ്റ്.

Project Facts

Location- Kuttippuram, Malappuram

Plot- 50 cents

Area- 2150 SFT

Owner- Ismayil

Designer- Vajid Rahman

Hierarchitects, Malappuram

Completion year- 2018