എൺപത് വർഷം; വീണ്ടെടുത്തത് ഒരുപിടി നന്മകൾ

എൺപത് വർഷം പഴക്കം. അതിനിടയിൽ പല കാലഘട്ടങ്ങളിലായി മൂന്ന് പുതുക്കിപ്പണിയലുകൾ !

കാലപ്പഴക്കവും കൂട്ടിച്ചേർക്കലുകളും വരുത്തിയ വിഷമതകളെല്ലാം മാറ്റി വീട് നവീകരിച്ചെടുക്കാനുള്ള ദൗത്യം വൃന്ദ ഏൽപ്പിച്ചത് ആർക്കിടെക്ടായ സ്വന്തം സഹോദരനെതന്നെ. സഹോദരൻ എന്നതിലുപരി നിലപാടുകളിലും നയങ്ങളിലുമുള്ള വിശ്വാസം തന്നെയായിരുന്നു ആ തീരുമാനത്തിനു പിന്നിൽ. 

മായ്ച്ചില്ല മുദ്രകൾ

കാലവും തലമുറകളും കോറിയിട്ട അടയാളങ്ങൾ അപ്പാടെ മായിച്ചായിരുന്നില്ല വീടു പുതുക്കൽ. വീടിന്റെ തനിമയെ, ഓരോ തവണയും വരുത്തിയ മാറ്റങ്ങളെ എല്ലാം ബഹുമാനിച്ചുതന്നെയാണ് ആർക്കിടെക്ട് എം.എം. വിനോദ്കുമാർ വീടിനു രൂപമാറ്റം വരുത്തിയത്. നന്മകൾ നിലനിർത്തി നഷ്ടചൈതന്യം വീണ്ടെടുക്കുകയായിരുന്നു ലക്ഷ്യം. പഴയ വീടിന്റെ ഭാഗങ്ങൾ പൊളിക്കുന്നത് കഴിയുന്നത്ര ഒഴിവാക്കിയും പഴയ നിർമാണ വസ്തുക്കൾ പരമാവധി പുനരുപയോഗിച്ചും വിനോദ് സഹോദരിയുടെ വിശ്വാസം കാത്തു. ഒന്നരവർഷം കൊണ്ട് വീട് രൂപം മാറി പുതിയ കാലത്തെയും ജീവിതരീതിയെയും പുൽകാന്‍ തയാറായി.

പഴയ വീട്

മുൻപ് 2200 ചതുരശ്രയടിയായിരുന്നു വീടിന്റെ വലുപ്പം. പുതുക്കിയപ്പോൾ അത് 2800 ചതുരശ്രയടിയായി. പുതിയ കാർപോർച്ച്, ഊണുമുറിയോട് ചേർന്ന് പാഷ്യോ, ബാത്റൂമുകൾ എന്നിവയെല്ലാം പുതുതായെത്തി. അതിലുപരി വീട്ടുകാർക്കു സന്തോഷം മറ്റൊരു കാര്യത്തിലാണ്. ‘എല്ലാ മുറികളുടെയും വലുപ്പം കൂടി; ആവശ്യത്തിനു കാറ്റും വെളിച്ചവുമെത്തി.’

ഒന്നായി വലുതായി

മുറികളുടെ വലുപ്പക്കുറവായിരുന്നു പഴയ വീടിന്റെ പ്രധാന പ്രശ്നം. എല്ലാവർക്കും കൂടി ഒരുമിച്ചിരിക്കാനുള്ള സൗകര്യമൊന്നും ഉണ്ടായിരുന്നില്ല. വീടു പുതുക്കിയതോടെ ഈ പ്രശ്നത്തിനു പരിഹാരമായി. വീടിന്റെ ഹൃദയത്തിൽ തൊട്ട മാറ്റമായിരുന്നു ഇതിൽ ഏറ്റവും പ്രധാനം. പഴയ ഊണുമുറിയും കിടപ്പുമുറിയും ഒന്നാക്കി ഡൈനിങ് സ്പേസും ഫാമിലി ലിവിങ് സ്പേസും ഒരുക്കിയതോടെ അവിടം വീട്ടുകാരുടെ ഒത്തുകൂടൽ സ്ഥലമായി.

ഡൈനിങ് സ്പേസിനോട് ചേർന്ന് പുതിയൊരു പാഷ്യോ കൂട്ടിച്ചേർത്തതോടെ കാറ്റിനും വെളിച്ചത്തിനും വഴിയായി. ഇവിടെ ചുമര് മുഴുവനായി ജനൽ നൽകിയിട്ടുള്ളതിനാൽ പുറത്തെ കാഴ്ചകളും പച്ചപ്പും യഥേഷ്ടം ആസ്വദിക്കാം.

പാഷ്യോയുടെ രണ്ടറ്റങ്ങളിലായി കോമൺ ബാത്റൂമും വാഷ്ഏരിയയും ഒരുക്കിയതോടെ സൗകര്യങ്ങളുടെ കാര്യത്തിലും വീട് മികച്ചതായി.

ഊണുമുറിക്ക് തൊട്ടുമുന്നിലായി സ്വീകരണമുറിയുടെ പിന്നിലുണ്ടായിരുന്ന പഴയ കോണിമുറിയും കൂടി സ്മാർട്ടായതോടെ വീടിനകം ആകെ മാറി. തടികൊണ്ടുള്ള സ്റ്റെയർകെയ്സായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഇതിന്റെ താഴത്തെ ലാൻഡിങ് മുതലുള്ള ഭാഗം മാത്രം മാറ്റി അവിടെ വലിയ പടികൾ നൽകി ഇരിക്കാനുള്ള സൗകര്യം കൂടി നൽകി. ഇവിടെനിന്ന് ലിവിങ് സ്പേസിലേക്ക് തുറക്കും വിധം ചുമരിൽ ആർച്ച് കൂടി നൽകിയതോടെ ചെറിയ മുറികളായിരുന്നപ്പോഴുള്ള ഇടുക്കവും വീർപ്പുമുട്ടലും അപ്പാടെ ഒഴിവായി.

ഇളംമഞ്ഞ നിറത്തിലുള്ള ഓക്സൈഡ് പൂശിയാണ് പടികൾ മനോഹരമാക്കിയിരിക്കുന്നത്. ചുറ്റും നല്ല തിളക്കത്തിൽ ബ്ലാക് ഓക്സൈഡ് ഫ്ലോർ വരുന്നു. ഇതേ നിറക്കൂട്ടിലുള്ള ഓക്സൈഡ് തറയാണ് സ്വീകരണമുറിക്കും ഗെസ്റ്റ് ബെഡ്റൂമിനും. മുൻപും ഓക്സൈഡ് പൂശിയ തറയാണ് ഇവിടെ ഉണ്ടായിരുന്നത്. നിറം മങ്ങുകയും പലയിടത്തും വിള്ളലുകൾ വീഴുകയും ചെയ്തതിനാൽ ഫ്ലോറിങ് മുഴുവൻ മാറ്റി. ലിവിങ് സ്പേസ്, അടുക്കള എന്നിവിടങ്ങളിൽ വിട്രിഫൈഡ് ടൈൽ വിരിച്ചു.

പ്രതാപം വീണ്ടെടുത്ത അടുക്കള

വീടുപണിത സമയത്ത് ഉണ്ടായിരുന്ന അടുക്കള ഇടക്കാല നവീകരണത്തിന്റെ ഭാഗമായി കിടപ്പുമുറിയായി മാറിയിരുന്നു. ഇത് വീണ്ടും അടുക്കളയായി മാറിയതാണ് ഈ ഭാഗത്തെ പ്രധാന വിശേഷം. ഒപ്പം ഇടക്കാല അടുക്കള വര്‍ക്ഏരിയ ആയും മാറ്റി. വടക്കുഭാഗത്തെ ചുമർ മുഴുവൻ നീളുന്ന ജനൽ നൽകിയതോടെ അടുക്കളയില്‍ ആവശ്യത്തിനു കാറ്റും വെളിച്ചവുമായി. പുതിയ കൗണ്ടർടോപ്പ്, കാബിനറ്റ്, ബ്രേക്ഫാസ്റ്റ് കൗണ്ടർ എന്നിവയെല്ലാം എത്തിയതോടെ അടുക്കള അടിമുടി മാറി.

പുറത്തിറങ്ങാതെ അടുക്കളയിൽ നിന്നുതന്നെ വെള്ളംകോരാവുന്ന ‘കൊട്ടത്തളം’ കൂടി ഉൾപ്പെടുന്നതായിരുന്നു ആദ്യകാല അടുക്കള. പുതുക്കലിന്റെ ഭാഗമായി അതും വീണ്ടെടുത്തു. ചെറിയൊരു പാർട്ടീഷൻ നൽകി വർക്ഏരിയയുടെ ഭാഗമായാണ് ഇത് ക്രമീകരിച്ചിരിക്കുന്നത് എന്നുമാത്രം.

മുകളിൽ മറ്റൊരു വീട്

വലിയ ഹാളും കിടപ്പുമുറിയും നീളത്തിലൊരു ബാൽക്കണിയും മാത്രമാണ് മുൻപ് മുകളിലുണ്ടായിരുന്നത്. ഹാൾ, ഫാമിലി ലിവിങ് സ്പേസ് ആയി പരുവപ്പെടുത്തുകയും ചെറിയൊരു അടുക്കള കൂടി ഉൾപ്പെടുത്തുകയും ചെയ്തതാണ് ഇവിടെ വരുത്തിയ പ്രധാന മാറ്റം. അതോടെ മുകളിൽ ഒരു കുടുംബത്തിന് താമസിക്കാനുള്ള സൗകര്യങ്ങളായി. വേണമെങ്കിൽ ഇവിടം മാത്രമായി വാടകയ്ക്ക് നൽകാം. വീടിനു പുറത്തുകൂടി ഇവിടേക്കെത്താൻ ഇരുമ്പുകൊണ്ടുള്ള സ്റ്റെയർകെയ്സും നൽകിയിട്ടുണ്ട്.

മുകൾനിലയിൽ മുൻഭാഗത്തായുണ്ടായിരുന്ന ബാൽക്കണി, തടികൊണ്ടുള്ള വലിയ ഗ്രിൽ നൽകി മറച്ച് ഫാമിലി ലിവിങ് സ്പേസിന്റെ ഭാഗമാക്കിയതാണ് എലിവേഷനിലെ പ്രധാന മാറ്റം. താഴെയുള്ള സിറ്റ്ഔട്ടിനും ഇതേ ഡിസൈനിലുള്ള ഗ്രിൽ നൽകി. മുറികൾ ഒരുമിപ്പിച്ചപ്പോൾ അധികം വന്ന വാതിലിന്റെയും ജനലിന്റെയും തടിയാണ് ഉപയോഗിച്ചത്.

തടിയുടെ മച്ച് ഉള്ള രീതിയിലായിരുന്നു സ്വീകരണമുറിയും കോണിമുറിയും ഗെസ്റ്റ് ബെഡ്റൂമും ഉൾപ്പെടുന്ന മുൻഭാഗം. മച്ച് അതേപോലെ നിലനിർത്തി. പഴയ വാതിലുകളും ജനലുകളുമെല്ലാം കേടുമാറ്റി പുനരുപയോഗിക്കുകയും ചെയ്തു. ഒരു വാതിൽപോലും പുതിയതായി വാങ്ങേണ്ടി വന്നില്ല.

വളരെ മോശം സ്ഥിതിയിലായിരുന്നതിനാൽ ഇലക്ട്രിക്കൽ, പ്ലംബിങ് കണക്ഷനുകൾ മാറ്റി.

കുടപോലെ മേൽക്കൂര

വീടിനെ മുഴുവനായി മൂടുംവിധം നൽകിയ പുതിയ മേൽക്കൂരയാണ് എക്സ്റ്റീരിയറിലെ ഹൈലൈറ്റ്. ട്രസ് റൂഫ് നൽകി ഓടുമേഞ്ഞ മേൽക്കൂര വീടിന്റെ പ്രായം കുറയ്ക്കുന്നതിനൊപ്പം മഴയിൽ നിന്നും വെയിലിൽ നിന്നും മുഴുവൻ ചുമരുകളെയും സംരക്ഷിക്കുകയും ചെയ്യുന്നു. പഴയ വീടുകളിലെ ‘തട്ടിൻപുറം’ പോലെ സ്ഥലം ലഭിച്ചുവെന്നതാണ് പുതിയ മേൽക്കൂര കൊണ്ടുള്ള മറ്റൊരു മെച്ചം. ചെറിയ ചടങ്ങുകളൊക്കെ നടത്താൻ ഇവിടം ഉപകരിക്കും. ഇവിടേക്കെത്താൻ ജിഐ ഫ്രെയിമിൽ തടിപ്പലകകൾ ഉറപ്പിച്ച സ്റ്റെയർകെയ്സും നൽകിയിട്ടുണ്ട്.

താങ്ങ് നൽകിയിരിക്കുന്നതുപോലെ ചുമരിൽ ഉറപ്പിച്ച ജിഐ സ്ക്വയർ ട്യൂബുകളാണ് മേൽക്കൂരയ്ക്ക് ഉറപ്പു നൽകുന്നത്. ഈ തൂണുകൾ എലിവേഷന്റെ ഭംഗി കൂട്ടുകയും ചെയ്യുന്നു.

മാറ്റങ്ങൾ ഒറ്റനോട്ടത്തിൽ

∙ 80 വർഷം പഴക്കമുള്ള ഇരുനില വീട് പുതിയ കാലത്തിനിണങ്ങുംവിധം പുതുക്കിയെടുത്തു.

∙ ചെലവ് ചുരുക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. പഴയ നിർമാണവസ്തുക്കൾ പരമാവധി പുനരുപയോഗിച്ചു.

∙ പഴയ വീടിന്റെ ഭാഗങ്ങൾ പൊളിക്കുന്നത് കഴിവതും ഒഴിവാക്കിയായിരുന്നു വീട് പുതുക്കൽ.

∙ പുതിയ മുറികൾ കൂട്ടിച്ചേർക്കുന്നതിലും ധാരാളിത്തം കാട്ടിയില്ല. പാഷ്യോ, പോർച്ച്, ബാത്റൂം എന്നിവ മാത്രം കൂട്ടിച്ചേർത്തു.

Project Facts

Area: 2800 Sqft

Architect: എം.എം. വിനോദ് കുമാർ

ഡിഡി ആർക്കിടെക്ട്സ്, പൂങ്കുന്നം, തൃശൂർ

mailddoffice@gmail.com

Location: പൂങ്കുന്നം, തൃശൂർ

Year of completion: ഒക്ടോബർ, 2017