ഒറ്റനിലയിൽ ലളിതമായ വീട്, ഒപ്പം കൗതുകങ്ങളും!

സ്വന്തം വീട് വേറിട്ടു നിൽക്കണമെന്ന ആഗ്രഹമാണ് ടിജോ തോമസിനെയും എമിലിയെയും കന്റെംപ്രറി ഡിസൈനിലേക്കെത്തിച്ചത്. ചുറ്റുവട്ടത്തുള്ള കേരളീയ ശൈലിയിൽ ഓടിട്ട വീടുകൾക്കിടയിൽ ടിജോയുടെ വീട് ശ്രദ്ധയാകർഷിക്കുന്നു. ശ്രീകാന്ത് പോളയ്ക്കൽ വരച്ച പ്ലാനിന്റെ എലിവേഷൻ രൂപകൽപന ചെയ്തത് കണ്ണൂരിലെ പിക്സലന്റ് എന്ന സ്ഥാപനമാണ്. ഇന്റീരിയറിന്റെ ക്രെഡിറ്റ് കായംകുളത്തെ വി.ജെ. ഇന്റീരിയേഴ്സിനാണ്.

Elevation

പുഞ്ചപ്പാടത്തോടു ചേർന്ന് പതിനെട്ട് സെന്റിൽ സ്ഥിതി ചെയ്യുന്ന നിരപ്പായി വാർത്ത ഒരുനില വീട്. എലിവേഷൻ ലളിതമായ ഡിസൈൻ പിന്തുടരുന്നു. ചതുരാകൃതിക്കുള്ള പ്രാമുഖ്യം എലിവേഷനിൽ കാണാം. അകത്തളത്തിലും മതിലിലും ഫര്‍ണിച്ചറിലുമെല്ലാം മുൻഗണന ഈ ആകൃതിക്കു തന്നെ. അടിത്തറയ്ക്കു കോളം ബീം ഫൗണ്ടേഷനാണ്.

Living Area

ഫോർമൽ, ഫാമിലി എന്നിങ്ങനെ രണ്ട് ലിവിങ് റൂമുകളുണ്ട്. ഇവിടത്തെ സോഫ തേക്കിൽ പണിയിച്ചതാണ്. ഫോർമൽ ലിവിങ്ങിൽ പ്രെയർ ഏരിയയുമുണ്ട്. രണ്ട് ലിവിങ് റൂമുകളെയും വേർതിരിക്കാൻ ഡിസ്പ്ലേ റാക്ക് നൽകി. വെനീർ പതിച്ച മറൈൻ പ്ലൈ കൊണ്ടാണ് പ്രെയർ ഏരിയയുടെയും ഡിസ്പ്ലേ റാക്കിന്റെയും നിർമാണം.

Wash Area

ഒരുനില വീടാണെങ്കിലും ഭാവിയിൽ മുകളിലേക്കു പണിയാൻ ഗോവണി നൽകിയിട്ടുണ്ട്. വീടുപണിയുടെ വിവിധ ഘട്ടങ്ങളുടെ ചിത്രങ്ങൾ സ്റ്റെയർകെയ്സ് ലാൻഡിങ്ങിന്റെ ചുമരിൽ കാണാം. സ്റ്റെയറിനോടു ചേർന്നാണ് വാഷ് ഏരിയ. സ്വകാര്യതയ്ക്കായി മറൈൻ പ്ലൈ – ഗ്ലാസ് പാർട്ടീഷൻ കൊണ്ട് വാഷ് ഏരിയ വേർതിരിച്ചു.

Dining Area

തേക്കിൽ പണിതതാണ് ഊണുമേശയും കസേരകളും. വെനീർ ഒട്ടിച്ച മറൈൻ പ്ലൈയിൽ പണിത ക്രോക്കറി ഷെൽഫ് ഊണുമുറിയുടെ പ്രൗഢി കൂട്ടുന്നു. ലിവിങ്, ഡൈനിങ് എന്നീ പൊതു ഇടങ്ങളിൽ ഫോൾസ് സീലിങ് ചെയ്തിട്ടുണ്ട്. നീളൻ ജനാലകൾ കാറ്റും വെളിച്ചവും എത്തിക്കുന്നു.

Bedrooms

മൂന്ന് അറ്റാച്ഡ് ബെഡ്റൂമുകളാണുള്ളത്. ബെഡ്റൂമുകളുടെയെല്ലാം ഓരോ ചുമരുകളിൽ വേറിട്ട നിറം നൽകി ഓരോന്നും വ്യത്യസ്തമാക്കി. കിടപ്പുമുറിയിൽ അരികുകളിൽ മാത്രം ഫോൾസ് സീലിങ് ചെയ്തു. 2x2 അടിയുള്ള മാറ്റ് ഫിനിഷ് ടൈലാണ് എല്ലാ മുറികളിലും ഫ്ലോറിങ്ങിന് ഉപയോഗിച്ചത്. മൂന്നു കിടപ്പുമുറികളുടെയും ചുമരുകൾ തമ്മിൽ ബന്ധമില്ലാത്ത രീതിയിൽ നിർമിച്ചത് സ്വകാര്യത ഉറപ്പാക്കുന്നു.

Kitchen

ലാമിനേറ്റഡ് മറൈൻ പ്ലൈ കൊണ്ടാണ് കിച്ചൻ കാബിനറ്റുകൾ. കൗണ്ടർടോപ്പിന് ഗ്രാനൈറ്റ് ആണ്. അടുപ്പിനഭിമുഖമായ ചുമരിലെ ജനാലകൾ സൂര്യരശ്മികളെ അകത്തെത്തിക്കുന്നു.

Project Facts

Area: 2200 Sqft

Location: എടത്വ

Year of completion: ജൂൺ, 2018