ഓരോ നിമിഷവും ദൈവികസാന്നിധ്യം നിറയുന്ന വീട്!

പ്രകൃതിയും മനുഷ്യനും ഒരുമിക്കുമ്പോഴുള്ള ദൈവികസാന്നിധ്യത്തെക്കുറിച്ചു ഈ വീട് ഓരോ നിമിഷവും ഓർമിപ്പിക്കുന്നു.

കോട്ടയം കുമരകത്തു ഗ്രാമീണസൗന്ദര്യം നിറയുന്ന ഒരു പ്രദേശത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. വീടിന്റെ പുറംകാഴ്ചയ്ക്ക് പ്രാധാന്യം നൽകിയിട്ടില്ല. പച്ചപ്പിനുള്ളിൽ മറഞ്ഞിരിക്കുകയാണ് വീട്. സ്ളേറ്റ് സ്റ്റോൺ ക്ലാഡിങ് വിരിച്ച പടിപ്പുരയും റോളിങ് ഗെയ്റ്റും കടന്നാണ് അകത്തേക്കു പ്രവേശിക്കുക. ചുറ്റുമതിൽ വീടിന്റെ തുടർച്ചയായി അനുഭവപ്പെടും വിധമാണ് നിർമാണം. പുറത്തെ സ്വച്ഛസുന്ദരമായ പ്രകൃതിയുടെ പരിച്ഛേദം ഉള്ളിലും നിറയുന്ന വിധമാണ് അകത്തളക്രമീകരണം. 

16 സെന്റിൽ 2650 ചതുരശ്രയടിയാണ് വിസ്തീർണം. ലിവിങ്, ഡൈനിങ്, നാലു കിടപ്പുമുറികൾ, അടുക്കള, കോർട്യാർഡ് എന്നിവയാണ് പ്രധാനമായും ഇവിടെ ഒരുക്കിയിരിക്കുന്നത്.  ഡബിൾ ഹൈറ്റിലാണ് സീലിങ്. പല തട്ടുകളായി നിർമിച്ച സ്ലോപ് റൂഫിൽ ഓടുവിരിച്ചതോടെ വീടിനു പരമ്പരാഗത ഭംഗി കൈവന്നു. ഒരുനില വീടാണെങ്കിലും മെസനൈൻ ശൈലിയിലൂടെ ഇടത്തട്ട് ഒരുക്കി. ഇതിലൂടെ ഇരുനിലയുടെ സ്ഥലഉപയുക്തത ലഭിക്കുന്നു.

ഇറ്റാലിയൻ മാർബിളാണ് നിലത്തിനു പ്രൗഢിയേകുന്നത്. പ്ലൈവുഡ്+ വെനീർ ഫിനിഷിൽ ഫോൾസ് സീലിങ് നൽകി ഓരോ ഇടങ്ങളും ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. വാം ടോൺ ലൈറ്റിങ് അകത്തളങ്ങളിൽ പ്രസന്നത നിറയ്ക്കുന്നു. 

ആറു പേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. ഊണുമുറിയുടെ ഒരുവശത്തെ ഭിത്തി മുഴുവൻ ഗ്ലാസ് പാനലിങ് ചെയ്തു. ഇവിടെ റോളിങ് ഷട്ടർ നൽകി. ഇത് ഉയർത്തിയാൽ പുറത്തെ കാഴ്ചകൾ കണ്ടുകൊണ്ട് ഭക്ഷണം കഴിക്കാം. പകൽസമയത്തു ലൈറ്റുകൾ ഇടേണ്ട ആവശ്യം വരുന്നില്ല. 

സൈഡ് കോർട്യാർഡാണ്‌ വീടിന്റെ ഹൈലൈറ്റ്. സീലിങ്ങിലെ പർഗോളയിലൂടെ പ്രകാശം സമൃദ്ധമായി അകത്തളത്തിലേക്കെത്തുന്നു. താഴെ വുഡൻ ഡെക്ക് നൽകി ചുറ്റിനും ഇൻഡോർ പ്ലാന്റുകൾ ക്രമീകരിച്ചു.

ക്ലാഡിങ് സ്റ്റോൺ വിരിച്ചു ഒരു ഭിത്തി ഹൈലൈറ്റ് ചെയ്തു പ്രെയർ ഏരിയ ക്രമീകരിച്ചു. വുഡ്+ ടഫൻഡ് ഗ്ലാസ് ഫിനിഷിലാണ് ഗോവണിയുടെ കൈവരികൾ. ലോഫ്ട് സ്‌പേസിന് താഴെയായി വാഷ് ബേസിൻ ക്രമീകരിച്ചു.

മറൈൻ പ്ലൈവുഡ്+ ലാമിനേറ്റ്+  ലാക്കർ ഗ്ലാസ് ഫിനിഷിലാണ് അടുക്കള ഒരുക്കിയിരിക്കുന്നത്. മോഡുലാർ ശൈലിയിൽ ഒരുക്കിയ കിച്ചനിൽ ഇൻബിൽറ്റ് ഫ്രിഡ്ജ്, അവ്ൻ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

കാറ്റും വെളിച്ചവും സമൃദ്ധമായി ലഭിക്കുംവിധമാണ് കിടപ്പുമുറിയുടെ ക്രമീകരണം. ഹെഡ്ബോർഡ് വുഡൻ പാനൽ ചെയ്തു ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ ഒരുക്കി.

വീടിന്റെ പിൻവശത്തായി പുൽത്തകിടിയും ഒരുക്കി. നിറയെ മരങ്ങളും ഇവിടെ തണൽ വിരിക്കുന്നു. പച്ചപ്പിന്റെ സൗന്ദര്യം ആസ്വദിച്ചിരിക്കാനായി പാഷ്യോ സ്‌പേസും ഒരുക്കിയിട്ടുണ്ട്. ഗിഫ്റ്റ് ഓഫ് ഗോഡ് എന്നാണ് ഈ വീടിന്റെ പേര്. അതിനെ അന്വർഥമാക്കുംവിധം പ്രകൃതിയും മനുഷ്യനും ഒരുമിക്കുമ്പോഴുള്ള ദൈവികസാന്നിധ്യത്തെക്കുറിച്ചു ഈ വീട് ഓരോ നിമിഷവും ഓർമിപ്പിക്കുന്നു.

Project Facts

Location- Kumarakom, Kottayam

Plot- 16 cents

Area- 2650 SFT

Owner- Mini Abraham

Architect- Sebastian Jose

Silpi Architects

t: +91-484-2663448 / 2664748

e: mail@silpiarchitects.com