പ്രൗഢിയുള്ള വീട് ആഗ്രഹിക്കുന്നവർക്ക് മാതൃകയാക്കാം

മലപ്പുറം പറമ്പിൻമുകൾ എന്ന സ്ഥലത്തു 15 സെന്റിൽ 3000 ചതുരശ്രയടിയിലാണ് ഈ വീട് തലയുയർത്തി നിൽക്കുന്നത്. റോഡ് നിരപ്പിൽ നിന്നും നാലടി ഉയർന്നുകിടക്കുന്ന ദീർഘചതുരാകൃതിയിലുള്ള പ്ലോട്ട്. പരമാവധി സ്ഥല ഉപയുക്തത നൽകിയാണ് വീടിന്റെ ഡിസൈൻ. മുറ്റം ലഭിക്കുംവിധം പിന്നിലേക്കിറക്കിയാണ് നിർമാണം. 

കേരളത്തിന്റെ കാലാവസ്ഥയെ പരിഗണിച്ചു ട്രോപ്പിക്കൽ ശൈലിയിലാണ് എലിവേഷൻ. പല തട്ടുകളായി നിർമിച്ച സ്ലോപ് റൂഫിനു മുകളിൽ ഓടുവിരിച്ചു. ഗ്രീനിഷ് ഗ്രേ+ വൈറ്റ് തീമാണ് പൊതുവായി നൽകിയത്. കാർപോർച്ചും സിറ്റൗട്ടും കടന്നാണ് അകത്തേക്കു പ്രവേശിക്കുക. ഫലപ്രദമായ സ്‌പേസ് പ്ലാനിങ്ങാണ് ഈ വീടിന്റെ ഇന്റീരിയറിലെ സവിശേഷത. ഡെഡ് സ്‌പേസുകൾ ഒഴിവാക്കിയാണ് ഇടങ്ങൾ ക്രമീകരിച്ചത്.

ലിവിങ്, ഡൈനിങ്, കിച്ചൻ, നാലു കിടപ്പുമുറികൾ എന്നിവയാണ് ഇവിടെ പ്രധാനമായും ഒരുക്കിയിരിക്കുന്നത്. അകത്തേക്കു കയറുമ്പോൾ വശത്തായി കോർട്യാർഡ് കാണാം. പ്രകാശത്തെ സമൃദ്ധമായി ആനയിക്കുംവിധം വെർട്ടിക്കൽ ഗ്ലാസ് പാനലുകൾ നൽകി. മാർബോനൈറ്റ് ടൈലുകളാണ് നിലത്തു വിരിച്ചത്. ലിവിങ്ങിൽ വുഡൻ ടൈലുകളും വിരിച്ചു. 

ലിവിങ്- ഡൈനിങ് സെമി ഓപ്പൺ ശൈലിയിലാണ്. ഇതിനിടയിൽ വെനീർ ഫിനിഷിൽ ഒരു പാർടീഷൻ നൽകി. ഇതിനുള്ളിൽ ക്രോക്കറി ഷെൽഫും ക്രമീകരിച്ചു.

പത്തുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. ജിപ്സം വെനീർ ഫിനിഷിൽ ഫോൾസ് സീലിങ് നൽകി. വാം ടോൺ ലൈറ്റിങ് അകത്തളങ്ങളിൽ പ്രസന്നത നിറയ്ക്കുന്നു.

കരിവാക കൊണ്ടാണ് സ്‌റ്റെയറിന്റെ പടികൾ. സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ട് കൈവരികൾ നിർമിച്ചു. ഗോവണിയുടെ താഴെ സ്‌റ്റോറേജിനു സൗകര്യമൊരുക്കി. സമീപം ഒരു സ്റ്റഡി ഏരിയയും ക്രമീകരിച്ചു. ഗോവണി കയറി ചെല്ലുന്നതു വിശാലമായ ഹാളിലേക്കാണ്.  

സ്‌റ്റോറേജിനു പ്രാധാന്യം നൽകിയാണ് കിടപ്പുമുറികൾ ഒരുക്കിയത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവയും ഒരുക്കി.

മറൈൻ പ്ലൈ+ ഓട്ടോ പെയിന്റ് ഫിനിഷിലാണ് അടുക്കള. ഗ്രാനൈറ്റാണ് കൗണ്ടറുകൾക്ക് വിരിച്ചത്. 

മുറ്റം വെള്ളം അരിച്ചിറങ്ങുംവിധം ഗ്രാവൽ വിരിച്ചു. വശത്തായി ഗാർഡനും നൽകിയിട്ടുണ്ട്. കിണറിനെയും ലാൻഡ്സ്കേപ്പിന്റെ ഭാഗമായി മാറ്റിയിരിക്കുന്നു. വീടിന്റെ തുടർച്ച അനുഭവിപ്പിക്കുംവിധമാണ് ചുറ്റുമതിലിന്റെ ഡിസൈൻ എന്നത് ശ്രദ്ധേയമാണ്. രാത്രിയിൽ വിളക്കുകൾ തെളിയുന്നതോടെ വീടിന്റെ ഭംഗി വീണ്ടും വർധിക്കുന്നു. 

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Location- Parambinmukal, Malappuram

Area- 3000 SFT

Plot- 15 cents

Owner- Ahmed

Construction, Design- Salim

AS Design forum

Mob- 9656211689