'വീടു നൽകിയ നല്ല ഓർമകളിലാണ് ഞങ്ങളിപ്പോഴും'...

വിക്ടോറിയൻ ശൈലിയുടെ ആരാധകനായ രൂപേഷ്, തലശേരിയിൽ വീടുവച്ച അനുഭവങ്ങൾ പങ്കിടുന്നു...

ഞങ്ങളുടെ സ്വപ്നസൗധത്തെക്കുറിച്ചുള്ള ആലോചനകൾ 2012 ലാണ് ആരംഭിക്കുന്നത്. നാട്ടിൽ വീടുപണിയുന്ന വിദേശമലയാളികൾ പരമ്പരാഗതശൈലിയിലുള്ള എക്സ്റ്റീരിയറാണ് സാധാരണ ആഗ്രഹിക്കാറുള്ളത്. എന്നാൽ വിക്ടോറിയൻ ശൈലിയുടെ ആരാധകരാണ് ഞങ്ങൾ. 2006 മുതൽ യുകെയിൽ ജീവിക്കുന്ന ഞങ്ങൾ വിക്ടോറിയൻ ശൈലിയിലുള്ള വീട്ടിലാണ് താമസിക്കുന്നത്. 100 വര്‍ഷത്തിനു മുകളിൽ പഴക്കമുള്ള കെട്ടിടമാണെങ്കിലും ഈ വീടിന്റെ സവിശേഷതകൾ ഞങ്ങളെ വളരെയധികം ആകർഷിച്ചു. വിക്ടോറിയൻ ശൈലിയുടെ ലാളിത്യവും ചതുരാകൃതിക്കുള്ള പ്രാധാന്യവും ഞങ്ങൾ വളരെയേറെ ഇഷ്ടപ്പെടുന്നു. ഇത്തരം വീടിന്റെ മുൻവശത്തു കാണാറുള്ള ബേ വിൻഡോകളും വളരെ മനോഹരവും ഉപയോഗപ്രദവുമാണ്. നാട്ടിൽ നിർമിക്കുന്ന വീടും വിക്ടോറിയൻ ശൈലിയിലാകാം എന്നു തീരുമാനിക്കാൻ കാരണം ഇത്തരം പ്രത്യേകതകൾ തന്നെ. 

വാട്സാപ്പ് എത്തിച്ച വിവരങ്ങൾ

വീട്ടുകാർ വിദേശത്താണെങ്കിൽ വിശ്വസിക്കാൻ പറ്റുന്നവരെ വീടുപണി ഏൽപിക്കുന്നതാണു നല്ലത്. ഞങ്ങളുടെ അയൽക്കാരനായ മിഥുൻ രവി, സൃഷ്ടി എൻജിനീയേഴ്സ് ആൻഡ് അസോഷ്യേറ്റ്സിലെ എൻജിനീയറാണ്. വീടിനു പ്ലാൻ വരയ്ക്കാൻ മിഥുനെയാണ് ഏൽപിച്ചത്. ഞങ്ങളുടെ ആശയങ്ങളും താൽപര്യങ്ങളുമെല്ലാം മിഥുനുമായി പങ്കുവച്ചു. മിഥുന്‍ വരച്ചുതന്ന പ്ലാനിൽ ഞങ്ങളുടെ എല്ലാ സ്വപ്നങ്ങളും ഉൾക്കൊണ്ടിരുന്നു.

ലാമ കൺസ്ട്രക്ഷൻ കമ്പനിയിലെ അനീഷിനെയാണ് നിർമാണച്ചുമതല ഏൽപിച്ചത്. എൻജിനീയർ കൂടിയായ അനീഷിനും ഞങ്ങളുടെ ഇഷ്ടങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞു. പ്രോജക്ട് മാനേജർ എന്ന നിലയിൽ സഹോദരനായ രാജേഷിന്റെ സഹായവുമുണ്ടായിരുന്നു. വാട്സാപ്പ് ഉപയോഗിച്ചാണ് പണികളുടെ വിശദാംശങ്ങൾ പരസ്പരം അറിയിച്ചുകൊണ്ടിരുന്നത്. സാങ്കേതികവിദ്യ പുരോഗമിച്ചതിന്റെ ഗുണങ്ങൾ എല്ലാം പ്രയോജനപ്പെടുത്തി. മരപ്പണി, ഭിത്തികളുടെ തേപ്പ്, പെയിന്റിങ്, പ്ലമിങ്, ടൈലിങ്, ഇലക്ട്രിക്കൽ വർക്ക്... ഇങ്ങനെ ഫിനിഷിങ് പണികളെല്ലാം നാട്ടുകാരായ, ഞങ്ങൾക്ക് വളരെയധികം പരിചയമുള്ള ആളുകളെയാണ് ഏൽപിച്ചത്. മനസ്സിനിണങ്ങിയ വീടു നിർമിക്കാന്‍ കഴിഞ്ഞതില്‍ പണിക്കാരുടെ പങ്ക് വലുതാണ്.

കരിങ്കല്ലാണ് അടിത്തറ നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. വടക്കൻ ജില്ലകളിൽ ധാരാളമായ വെട്ടുകല്ലുകൊണ്ട് ഭിത്തികളും നിർമിച്ചു. വാർത്ത് മുകളിൽ ട്രസ് ഇട്ടു. ട്രസ്സിനുള്ളിലെ സ്ഥലം സ്റ്റോറേജിന് ഉപയോഗിക്കുന്നു.

പ്രധാന വാതിൽ തുറന്നാൽ ഫോയർ അകത്തേക്കു ക്ഷണിക്കും. അതിഥികൾ എത്തുന്ന സ്വീകരണമുറിയെ, വീട്ടിലെ മറ്റിടങ്ങളിൽനിന്നു മാറ്റി നിർത്താൻ ഈ ഫോയർ സഹായിക്കുന്നു. ഇറ്റാലിയൻ മാർബിളിന്റെ പ്രൗഢി ഓർമിപ്പിക്കുന്ന വിധത്തിൽ കറുപ്പും വെളുപ്പും നിറമുള്ള ടൈലുകൾ വിരിച്ചാണ് ഫോയറിന്റെ നിലം ഡിസൈൻ ചെയ്തിരിക്കുന്നത്.

താഴെയും മുകളിലും ഒരുപോലെ

ഫോയറിന്റെ ഒരുവശത്ത് സ്വീകരണമുറിയും മറുവശത്ത് കിടപ്പുമുറിയുമാണ്. ഫോയറിന്റെ അറ്റത്തുള്ള ഊണുമുറിയോടു ചേർന്ന് അടുക്കള. ഗോവണി ഊണുമുറിയിലാണ്. താഴത്തെ നിലയിൽ മുറികള്‍ ക്രമീകരിച്ച അതേ രീതിയിലാണ് മുകളിലെ മുറികളുടെയും ക്രമീകരണം. സ്വീകരണമുറിയുടെയും താഴത്തെ കിടപ്പുമുറിയുടെയും മുകളിൽ ഓരോ കിടപ്പുമുറികള്‍. അടുക്കളയുടെ മുകളിൽ യൂട്ടിലിറ്റി റൂം. ഊണുമുറിയുടെ മുകളിൽ മുകൾനിലയിലെ സ്വീകരണമുറി. സിറ്റ്ഔട്ടിന് നേർമുകളിലെ ബാൽക്കണിയും വീടിനു പിറകിലെ വരാന്തയുടെ ബാൽക്കണിയും വീടിനെ പ്രകൃതിയുമായി കൂട്ടിയിണക്കുന്നു.

നല്ല പണിക്കാരെ കിട്ടിയതിനാൽ തടികൊണ്ടുള്ള പണികൾക്ക് പ്രാധാന്യം കൊടുത്തു. ഫ്ലോറിങ്ങിന് ടൈലാണ് വാങ്ങിയത്. ഓഫ്‌വൈറ്റ് നിറമാണ് മുറികൾക്കു പൊതുവായി നൽകിയത്. കർട്ടനിലും കുഷനുകളിലും അപ്ഹോൾസ്റ്ററിയിലും ഫ്ലവർ പാറ്റേണിന്റെ സ്വാധീനം കാണാം. വിക്ടോറിയൻ ശൈലിയിലേക്ക് പൂക്കളുടെ പാറ്റേണിനാണ് പ്രാമുഖ്യം എന്നതുകൊണ്ടാണിത്. മുകളിലെ ബാൽക്കണിയുടെ ലോഹഗ്രിൽ ആണ് വിക്ടോറിയൻ ശൈലിയുടെ ഓർമയുണർത്തുന്ന മറ്റൊരു ഘടകം.

പ്രധാനവാതിലിനും ഗോവണിക്കും ഷോകേസിനുമെല്ലാം തേക്ക് ഉപയോഗിച്ചപ്പോൾ ജനലുകൾക്കും മറ്റ് തടി ആവശ്യങ്ങൾക്കും ഇരൂൾ തിരഞ്ഞെടുത്തു. സ്ഥിരമായി നാട്ടിലില്ലാത്തതിനാല്‍ അടുക്കളയുടെ കബോർഡുകൾക്ക് തടി ഉപയോഗിച്ചില്ല. സിന്തറ്റിക് മെറ്റീരിയൽ കൊണ്ടാണ് ഇവയുടെ നിർമാണം. ഫർണിച്ചർ വാങ്ങി. അധികനാൾ താമസിക്കാൻ അവസരം കിട്ടിയിട്ടില്ലെങ്കിലും വീടു നൽകിയ നല്ല ഓർമകളിലാണ് ഞങ്ങളിപ്പോഴും.