'ഇതുവരെ കണ്ട ഏറ്റവും മനോഹര കാഴ്ചയായിരുന്നു അത്'; വിഡിയോ

മുൻവിധികളെല്ലാം കടലിലെറിഞ്ഞിട്ടു വേണം ‘ചിരാത്’ എന്ന മൺവീടിന്റെ പടി ചവിട്ടാൻ. കാരണം, വീടിനെക്കുറിച്ചുള്ള സങ്കൽപങ്ങൾ തിരുത്തിയെഴുതുന്ന കാഴ്ചകളാണ് ചിരാതിന്റെ പുറവും അകവും നിറയെ. നിയതമല്ലാത്ത ആകൃതിയും ഫെറോ ഷെൽ മേൽക്കൂരയും വീടിനുള്ളിലെ അലങ്കാരപ്പൊയ്കയുമെല്ലാം ആരെയും വിസ്മയിപ്പിക്കും!

വീട്ടിലേക്കുള്ള വഴി

പത്രപ്രവർത്തകനായ രാമാനുജന്റെയും ബാങ്ക് ഉദ്യോഗസ്ഥയായ നിഷയുടെയും വീടാണ് ചിരാത്. തറവാടിനോട് ചേർന്നുള്ള പുരയിടത്തിൽ ഒരു ‘അവധിക്കാല വസതി’ എന്ന നിലയിലാണ് പാലായ്ക്കടുത്ത് പ്രവിത്താനത്തെ ചെറിയ കുന്നിൻമുകളിൽ വീടുപണി ആരംഭിച്ചത്. ഒടുവിൽ വീട് പൂർത്തിയായപ്പോൾ ഇരുവരും ചേർന്ന് ഒരു തീരുമാനമെടുത്തു. ‘താമസം ഇവിടേക്ക് മാറ്റുകതന്നെ’. അത്രയ്ക്കായിരുന്നു ചിരാതിന്റെ വശ്യത.

റോഡിൽ നിന്ന് ചെറിയ മൺപാതയിലൂടെ വേണം ചിരാതിലേക്കെത്താൻ. ഇരുവശവും തഴച്ചു വളരുന്ന കാട്ടുപുല്ല്. ചുറ്റും വന്മരങ്ങൾ.

കാർ വീടിനടുത്തേക്ക് കൊണ്ടുവരേണ്ട എന്ന ‘സദുദ്ദേശത്തോടെ’യാണ് വഴി വീതി കുറച്ചു നിര്‍മിച്ചത്. പുറ്റുമണ്ണും കുമ്മായവുമാണ് മൺപാതയുടെ രസക്കൂട്ട്.

വിശാലമായ പൂമുഖമാണ് ഏറ്റവും മുന്നിൽ. ഫെറോ ഷെല്ലുകളും പഴയ ഓടുകൾ കൂട്ടിയോജിപ്പിച്ചുണ്ടാക്കിയ ‘പ്രീ കാസ്റ്റ് ജാളി’കളും ചേർത്തുണ്ടാക്കിയ ‘വെളിച്ചം കടക്കുന്ന മേൽക്കൂര’യാണ് മിഴികൾ തേടിച്ചെല്ലുന്ന ആദ്യ കൗതുകക്കാഴ്ച. ഉള്ളിൽ ആവശ്യത്തിനു വെളിച്ചമെത്തുന്നില്ല എന്നതാണ് തറവാടിന്റെ പോരായ്മയായി രാമാനുജനും നിഷയ്ക്കും തോന്നിയിട്ടുള്ളത്. ഇത് പരിഹരിക്കുന്ന രീതിയിലാകണം പുതിയ വീടിന്റെ രൂപകൽപന എന്നതായിരുന്നു ആർക്കിടെക്ട് വിനു ദാനിയേലുമായി പങ്കുവച്ച മുഖ്യ ആശയം.

ഫെറോ ഷെല്ലിനും ജാളിക്കും ഇടയിലുള്ള വിടവിലൂടെ വെളിച്ചം ഉള്ളിലെത്തും വിധമാണ് മേൽക്കൂരയുടെ രൂപകൽപന. മുകളിൽ പോളികാർബണേറ്റ് ഷീറ്റ് വിരിച്ചിട്ടുള്ളതിനാൽ മഴവെള്ളം ഉള്ളിലെത്തുകയുമില്ല.

30 സെമീ വീതിയും ഒന്നര ഇഞ്ച് കനവുമാണ് ഫെറോ ഷെല്ലുകൾക്കുള്ളത്. ആറ് മീറ്റർ നീളമുള്ള ഫെറോ ഷെൽ വരെ ഇവിടെ ഉപയോഗിച്ചിട്ടുണ്ട്. നിലത്തുവച്ച് നിർമിക്കുന്ന ഇവ, പണിക്കാർ തന്നെ കയറ്റി വയ്ക്കുകയാണ് പതിവ്. എന്നാൽ ഇവിടെ ക്രെയിൻ ഉപയോഗിച്ചു. അതിനാൽ ഒറ്റദിവസം കൊണ്ട് ഇവ മുഴുവൻ മേൽക്കൂരയിൽ പിടിപ്പിക്കാനായി.

അപ്രതീക്ഷിത ദൃശ്യവിരുന്ന്

ചെന്താമര വിടർന്നു നിൽക്കുന്ന പൊയ്കയും അതിനപ്പുറം പ്രകൃതിയുടെ മരതകച്ചാർത്തും ! പ്രധാന വാതിൽ തുറക്കുമ്പോഴുള്ള അപ്രതീക്ഷിത ദൃശ്യവിരുന്നിൽ ആരും വിസ്മയിച്ചുപോകും.

ചുവരുകളുടെ തടവറയിലേക്കല്ല, കാഴ്ചകളുടെ വിശാലതയിലേക്കാണ് ചിരാത് നമ്മളെ കൂട്ടിക്കൊണ്ടുപോകുക.

കുന്നിൻമുകളിൽ വെള്ളത്തിന് ക്ഷാമമുള്ളതിനാൽ മഴവെള്ള സംഭരണി വേണമെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. അതാണ് അലങ്കാരപ്പൊയ്കയായി വീടിനകത്തേക്കെത്തിയതും വീടിന്റെ ഹൃദയമായി മാറിയതും. പകുതിയോളം ഭാഗം വീടിനുള്ളിൽ വരുംവിധമാണ് 80,000 ലീറ്റർ ശേഷിയുള്ള മഴവെള്ള സംഭരണിയുടെ രൂപകൽപന. ഇതിനു മുകളിലായാണ് അലങ്കാരപ്പൊയ്ക. പ്രധാന വാതിലിന് നേരെ ഫാമിലി ലിവിങ് സ്പേസിന്റെ മധ്യത്തിലാണ് ഇതിന്റെ സ്ഥാനം. ഇവിടെ ചുവര് ഒഴിവാക്കി 12 അടി പൊക്കവും അത്രതന്നെ വീതിയുമുള്ള ടഫൻഡ് ഗ്ലാസ് നൽകിയതിനാൽ പുറംകാഴ്ചകൾ വ്യക്തമായി കാണാം. മഴ പെയ്യുമ്പോഴാണ് ഇവിടം ഏറ്റവും മനോഹരിയാകുക. വീടിനു മുകളിൽ വീഴുന്ന മഴവെള്ളമെല്ലാം ടഫൻഡ് ഗ്ലാസിലൂടെ ഒലിച്ചിറങ്ങി ടാങ്കിലെത്തും വിധമാണ് സംഭരണിയുടെ ഡിസൈൻ. ഈ വെള്ളം ഫിൽറ്ററിങ് പ്രക്രിയ വഴി ശുദ്ധീകരിച്ചാണ് വീട്ടിലെ മുഴുവൻ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നത്.

കുളം കുഴിച്ച മണ്ണുകൊണ്ട് ഭിത്തി

മഴവെള്ള സംഭരണിക്കായി കുഴിയെടുത്തപ്പോൾ കിട്ടിയതും പുരയിടത്തിൽ നിന്ന് ശേഖരിച്ചതുമായ മണ്ണുകൊണ്ടു നിർമിച്ചതാണ് ചിരാതിന്റെ ചുവരുകൾ മുഴുവന്‍. ‘ഷട്ടേര്‍ഡ് ഡെബ്രി വോൾ’ എന്ന നൂതന നിർമാണവിദ്യയാണ് ഇവിടെ പരീക്ഷിച്ചത്. മണ്ണ് ഇടിച്ചുറപ്പിച്ച് ഭിത്തി നിർമിക്കുന്ന രീതി തന്നെയാണിത്. സാധാരണ രീതിയിൽ അരിച്ചെടുത്ത മണ്ണാണ് ഭിത്തിനിർമാണത്തിനായി ഉപയോഗിക്കുന്നത്. 30 ശതമാനം മണ്ണേ പ്രയോജനപ്പെടുത്താനാകൂ എന്നതാണ് ഇതിന്റെ പോരായ്മ. മണ്ണ് അരിക്കാതെ അതേപോലെ തന്നെ ഉപയോഗിക്കാം എന്നതാണ് ഷട്ടേര്‍ഡ് ഡെബ്രി വോൾ രീതിയുടെ പ്രത്യേകത.

വിനു ദാനിയേലും ശോഭിത ജേക്കബും ചേർന്ന് വികസിപ്പിച്ചെടുത്ത ഈ സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാണ്.

ചിരാതിന്റെ ഭിത്തി മാത്രമല്ല, അടിത്തറയും മണ്ണുകൊണ്ടുള്ളതാണ്. മണ്ണിനൊപ്പം എട്ട് ശതമാനം സിമന്റ്, മണൽ, വെള്ളം എന്നിവ ചേർത്ത് ഇടിച്ചുറപ്പിച്ചു നിർമിച്ച അടിത്തറയ്ക്ക് കരിങ്കൽകെട്ടിനോളം തന്നെ ഉറപ്പുണ്ടാകും.

അടിത്തറയ്ക്കു മുകളിൽ ഇഷ്ടികകെട്ടി അതിനു മുകളിൽ ‘ആർസിസി പ്ലിന്ത് ബീം’ നൽകിയ ശേഷമാണ് മൺഭിത്തി കെട്ടിയത്. ഭിത്തിയുടെ ഏറ്റവും മുകളിൽ ‘കോൺക്രീറ്റ് ലിന്റൽ’ നൽകി അതിൽ മേൽക്കൂര ഉറപ്പിക്കുകയും ചെയ്തു. രണ്ട് കിടപ്പുമുറികളുടെ മേൽക്കൂര മാത്രമേ കോൺക്രീറ്റ് ചെയ്തിട്ടുള്ളൂ. ഫെറോഷെൽ മേൽക്കൂരയാണ് ബാക്കിയിടങ്ങളിലെല്ലാം.

പെയിന്റില്ല; ടൈലുമില്ല

കളിമൺനിറമാണ് ചിരാതിന്റെ ചുവരുകൾക്കെല്ലാം. എങ്ങും പെയിന്റോ പോളിഷോ ഒന്നും അടിച്ചിട്ടില്ല. ഭിത്തിയെ ശ്വാസം മുട്ടിച്ചു പീഡിപ്പിക്കാത്തതിനാൽ വീടിനകത്തിരുന്നു വിയർക്കേണ്ടി വരാറില്ല!

ചുമരിൽ മാത്രമല്ല തറയിലും ആഡംബരങ്ങളൊന്നുമില്ല. ചാരനിറത്തിലുള്ള സിമന്റ് ഓക്സൈഡ് തറയാണ് എല്ലാ മുറികൾക്കും. ഇതേ സിമന്റ് ഓക്സൈഡ് ഉപയോഗിച്ചാണ് അടുക്കളയുടെ കൗണ്ടര്‍ടോപ്, കുളിമുറിയിലെ ഡ്രൈ ഏരിയ – വെറ്റ് ഏരിയ പാർട്ടീഷൻ, ഇൻബിൽറ്റ് സോഫ എന്നിവയും കിടപ്പുമുറിയിലെ ഒരു കട്ടിലും ഒരുക്കിയിരിക്കുന്നതും.

കട്ടിലടക്കം ഫർണിച്ചറൊന്നും പുതിയതല്ല. ഒന്നുകിൽ ഇൻബിൽറ്റ് അല്ലെങ്കിൽ പഴയത് പരുവപ്പെടുത്തിയെടുത്തത്. ഇതാണ് ഫർണിച്ചറിന്റെയൊരു പൊതുസ്വഭാവം.

വീടുപണി തുടങ്ങുന്നതിനു മുൻപുതന്നെ ഇഷ്ടപ്പെട്ട പഴയ വാതിലുകളും ജനലും ഫർണിച്ചറുമൊക്കെ വാങ്ങി സൂക്ഷിച്ചിരുന്നു. ‘ആവശ്യം വരുമ്പോൾ ആർക്കിടെക്ടും ആശാരിമാരും കൂടി തറവാടിന്റെ പിന്നിലുള്ള സ്റ്റോർ റൂമിലേക്കെത്തും. യോജിച്ചത് തിരഞ്ഞെടുക്കും. വേണ്ട മാറ്റങ്ങൾ വരുത്തി പുതിയ വീടിനിണങ്ങുന്നതാക്കും.’ – ഇതായിരുന്നു ലൈൻ.

മൗനവും പ്രവർത്തനമാണ്

മൂന്നര വര്‍ഷമെടുത്തു വീടു പൂർത്തിയാകാൻ. ‘മൗനവും പ്രവർത്തനമാണെന്ന’ കാഴ്ചപ്പാട് കാത്തിരിപ്പില്‍ വീട്ടുകാർക്കു തുണയായി. പണി നടക്കുന്ന ദിവസങ്ങളിൽ മിക്കപ്പോഴും ആർക്കിടെക്ടും കൂട്ടാളികളും സൈറ്റിലുണ്ടായിരുന്നു. കയ്യും മെയ്യും മറന്ന് അവർ വീടുപണിയിൽ പങ്കാളികളായി. വീട്ടുകാരും മാറിനിന്നില്ല. മണ്ണ് ചുമക്കാനും ഇടിച്ചുറപ്പിക്കാനും പഴയ ഓട് കഴുകാനുമൊക്കെ എല്ലാവരും രംഗത്തിറങ്ങി. രാമാനുജന്റെ ജ്യേഷ്ഠന്റെ മക്കളും സിഎ വിദ്യാർഥികളുമായ അജയ്‌യും അജിത്തുമായിരുന്നു ഏറ്റവും സജീവം. മൺഭിത്തി നിർമാണമടക്കം ഒട്ടുമിക്ക ജോലികളും അവർ പഠിച്ചെടുത്തു.

വീടുപൂർത്തിയായപ്പോൾ വീട്ടുകാരെല്ലാവരും കാത്തിരിപ്പിലായിരുന്നു; മഴ എത്താൻ. ഒട്ടും വൈകാതെ മഴയെത്തി. ചിരാതിലേക്ക് പെയ്തിറങ്ങിയ ആദ്യമഴ ഇപ്പോഴും വീട്ടുകാരുടെ മിഴികളിലുണ്ട്. ഇതുവരെ കണ്ട ഏറ്റവും മനോഹര കാഴ്ചയായി. 

Project Facts

Area: 2000 Sqft

Architect: വിനു ദാനിയേൽ

വോൾമേക്കേഴ്സ്

പാടിവട്ടം, കൊച്ചി

vinudaniel@gmail.com

Location: പ്രവിത്താനം, പാലാ

Year of completion: ജൂൺ, 2018