Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നൂറു വർഷം പഴക്കമുള്ള വീട് മുഖം മിനുക്കിയപ്പോൾ!

renovated-home-new-look നൂറു വർഷം പഴക്കമുള്ള വീട് പുതുക്കിപ്പണിതപ്പോഴും ഇന്റീരിയർ പാരമ്പര്യത്തനിമ കൈവിട്ടില്ല.

ട്രെൻഡ് മാറിവരും. അതിനിടയിലും മൂല്യം നഷ്ടപ്പെടാത്ത ചിലതുണ്ട്. പൈതൃകവും പാരമ്പര്യത്തനിമയും പോലെ. 'എവർഗ്രീൻ' അഥവാ നിത്യഹരിതമെന്ന വിശേഷണമാണ് ഇവയ്ക്ക് ചേരുക. കാലം മാറുമ്പോഴും ഇവയുടെയൊന്നും ഒളിമങ്ങുന്നില്ല. നൂറ് വർഷം പഴക്കമുള്ള തന്റെ പഴയവീട് പുതുക്കിപ്പണിതപ്പോഴും ഇന്റീരിയറിന്റെ പാരമ്പര്യത്തനിമ നഷ്ടപ്പെടരുതെന്ന് പാചകവിദഗ്ധയായ നിമ്മി പോൾ തീരുമാനിച്ചതിന്റെ കാരണവും മറ്റൊന്നല്ല.

traditional-home-dining വീട് പുതുക്കിയപ്പോഴും മുമ്പുണ്ടായിരുന്ന അതേതരം നിർമാണവസ്തു ഉപയോഗിച്ചു.



ഈ വീട് പുതുക്കിപ്പണിതതാണെന്ന് പെട്ടെന്നാരും പറയില്ല. അത്ര ശ്രദ്ധയോടെയാണ് തറയും ഫർണിച്ചറും അലങ്കാരങ്ങളുമടക്കം പുതുക്കിയത്. ഡൈനിങ്ങും അടുക്കളയും ചേരുന്ന ഭാഗത്തടക്കം കേടുവന്ന തറയോട് മാത്രമേ മാറ്റിയുള്ളൂ. അതേ വലുപ്പത്തിലും കളർഷേഡിലുമുള്ള തറയോട് തന്നെ ഉപയോഗിച്ചു. വാക്സ് കോട്ടിങ് ചെയ്ത് തിളക്കം വരുത്തുകയും ചെയ്തു. പഴയ സീലിങ്ങിന്റെയും കേടുപാടുകൾ മാറ്റിയെടുത്തു.

100year-old-home-renovation

വരാന്തയും കേരളീയഭാവം കൈവിട്ടില്ല. പഴയ തൂണുകളിൽ മിക്കതും പുനരുപയോഗിച്ചു. അടിഭാഗത്ത് കുമ്മായം ഇളക്കിയത് മാറ്റി സിമന്റ് പ്ലാസ്റ്റർ ചെയ്തു. കേടുവന്ന ഉത്തരവും കഴുക്കോലും മാറ്റി. പഴയതിന്റെ അതേ മാതൃകയിൽത്തന്നെയാണ് പുതിയ തടി ഉപയോഗിച്ചത്. പണ്ട് ചുവരിലുണ്ടായിരുന്ന ഫോട്ടോകളെല്ലാം ഏതെങ്കിലും മൂലയിലുപേക്ഷിക്കുന്ന നാട്ടുനടപ്പും ഇവിടെ പിന്തുടർന്നില്ല. ഫ്രെയിം മാറ്റിയതോടെ ചെറുപ്പമായ ചിത്രങ്ങളെല്ലാം വരാന്തയുടെ ചുവരിൽത്തന്നെ സ്ഥാനം പിടിച്ചിട്ടുണ്ട്. ലൈറ്റിന്റെ കാര്യത്തിൽ പോലും വിട്ടുവീഴ്ചയുണ്ടായില്ല. പണ്ടത്തെ വീടുകളിലൊക്കെയുണ്ടായിരുന്ന ലളിതമായ ആകൃതിയിലുള്ള ലാംപ്ഷേഡ് തന്നെ തിരഞ്ഞുപിടിച്ച് വാങ്ങുകയായിരുന്നു.

kitchen-renovaton

പുതിയ സൗകര്യങ്ങളൊക്കെ കൂട്ടിച്ചേർത്തെങ്കിലും ഇന്റീരിയറിന്റെ കാര്യത്തിൽ വീടിന്റെ പൊതുസ്വഭാവം തന്നെയാണ് അടുക്കളയും പിന്തുടർന്നിരിക്കുന്നത്. തടികൊണ്ടാണ് കാബിനറ്റുകളെല്ലാം. സിങ്കിനടിയിൽ ലൂവർ ഡിസൈനിലുള്ള അടപ്പാണ് നൽകിയിരിക്കുന്നത്. പണ്ടത്തെ അടുക്കളകളിലുണ്ടായിരുന്ന തടി അലമാരയുടെ മാതൃകയിലാണ് കാബിനറ്റിനോട് ചേർന്നുള്ള ക്രോക്കറി ഷെൽഫും.

traditional-kitchen പഴയ അരകല്ല്, മൺകുടം, മുറം, കുട്ടകൾ ഇവയൊക്കെ ഇപ്പോഴും അടുക്കളയിലുണ്ട്.

ഇടനാഴിയോട് ചേർന്ന് പുതിയ വാഷ്ബേസിൻ പിടിപ്പിച്ചപ്പോഴും വീടിന്റെ അധികം തിളക്കമില്ലാത്ത റസ്റ്റിക് ഫിനിഷ് പിന്തുടരാൻ പ്രത്യേകം ശ്രദ്ധിച്ചു. വാഷ്‌ബേസിന് മുകളിലായി ദീർഘചതുരാകൃതിയിലുള്ള വലിയ കണ്ണാടിയും നൽകി. പഴയ മോഡലിലുള്ള ലൈറ്റ് തന്നെയാണ് കണ്ണാടിക്കു മുകളിലുമുള്ളത്.

traditional-kitchen-trend



അടുക്കളയോട് ചേർന്നുള്ള ഭിത്തിയിൽ പഴയ മുറവും കുട്ടയുമെല്ലാം തൂക്കിയിട്ടിരിക്കുന്ന കാഴ്ച ആരിലും കൗതുകമുണർത്തും. പഴയ കാലത്തിന്റെ ഓർമപ്പെടുത്തലായി മൺകുടവും അരകല്ലും ഇതിനടുത്തായുണ്ട്.   

Design

ലയ രാമൻ ജയ്‌ഗോപാൽ, ജയ്‌ഗോപാൽ റാവു
ഇൻസ്പിരേഷൻ, ഏരൂർ, തൃപ്പൂണിത്തുറ
inspiration@inspire-india.com

Your Rating: