തലമുറകളുടെ പാരമ്പര്യത്തനിമയിൽ ആ തെക്കേപ്പുര

86 വർഷം പഴക്കമുള്ള തെക്കേപ്പുരയും തൊഴുത്തും ‘ബെഡ് ആൻഡ് ബ്രേക്ഫാസ്റ്റ്’ ഹോംസ്റ്റേ ആയി മാറ്റിയപ്പോള്‍...

അരുന്ധതി റോയ് പ്രശസ്തമാക്കിയ കോട്ടയം ജില്ലയിലെ അയ്മനം ഗ്രാമത്തിൽ പഴയൊരു തെക്കേപ്പുര തന്റെ കഥ മാറ്റിയെഴുതുകയാണ്. കൊല്ലങ്കേരിൽ പഴയമാളികയിലെ 85 വര്‍ഷത്തിനുമേൽ പഴക്കമുള്ള തെക്കേപ്പുരയും അതിനോടു ചേർന്ന തൊഴുത്തുമാണ് പുതിയ രീതിയിലേക്കുള്ള ചുവടുമാറ്റം നടത്തിയത്.

പഴയമാളികയിലെ ഇപ്പോഴത്തെ താമസക്കാരിയായ ബേസിൽ തോമസ് എന്ന റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസ് ആണ് കഥകളുറങ്ങുന്ന തറവാടുമുറ്റത്തെ മറ്റുള്ളവർക്ക് പരിചയപ്പെടുത്താൻ ഒരുങ്ങുന്നത്.

150 വർഷങ്ങൾക്കുമേൽ പഴക്കമുള്ള, കാരണവരായ കുടുംബവീടിന്റെ തൊട്ടുചേർന്നാണ് തെക്കേപ്പുര എന്നു വിളിപ്പേരുള്ള ഈ പുര. വീടിന്റെ തെക്കുവശത്തായതുകൊണ്ട് അങ്ങനെയൊരു പേരു വന്നെന്നു മാത്രം. ഇതിനോടു ചേർന്നായിരുന്നു പണ്ടുകാലത്ത് തൊഴുത്തും. പ്രസവമുറിയായി ഉപയോഗിച്ചിരുന്ന മുറിയും വരാന്തയും തൊഴുത്തും കുളിപ്പുരയും ചേർന്നതായിരുന്നു തെക്കേപ്പുര.

ബാത്റൂമിൽ നിന്നു തുടക്കം

തിരുമ്മു ചികിത്സ നടത്താനും പ്രസവാനന്തരമുള്ള തേച്ചുകുളിക്കും ഉപയോഗിച്ചിരുന്ന പഴയ രീതിയിലുള്ള ബാത്റൂമിനെ ഒന്നു മോഡേണാക്കാം എന്നതായിരുന്നു ബേസിലിന്റെ മനസ്സിൽ ആദ്യം പൊട്ടിമുളച്ച ആശയം. അങ്ങനെയെങ്കിൽ എന്തുകൊണ്ട് ഒരു ‘ബെഡ് ആൻഡ് ബ്രേക്ഫാസ്റ്റ്’ ഹോംസ്റ്റേ ആയിക്കൂടാ എന്നായി ബെംഗളൂരുവിൽ ജോലി ചെയ്യുന്ന മകന്റെ ചോദ്യം.

ഈയവസരത്തിലാണ് ആർക്കിടെക്ട് നീന കോര ചിത്രത്തിലേക്ക് കടന്നുവരുന്നത്. തെക്കേപ്പുരയ്ക്ക് സമീപം നിൽക്കുന്ന മരം വെട്ടിക്കളയേണ്ടി വരുമോ എന്ന ബേസിലിന്റെ സംശയത്തിന് നീനയ്ക്ക് കൃത്യമായ ഉത്തരമുണ്ടായിരുന്നു. “അതെന്തിനാണ്? തടസ്സം നിൽക്കുന്ന ഒന്നോ രണ്ടോ ശാഖകൾ മാത്രം വെട്ടിയാൽ മതി.” നീന തന്നെയാണ് തങ്ങൾക്കു പറ്റിയ ആർക്കിടെക്ട് എന്ന് ബേസിൽ അതോടെ തീരുമാനിച്ചു.

ബജറ്റിലൊതുങ്ങിയ നവീകരണം

പഴയ വായനാമുറി പുതുക്കി സ്വീകരണമുറിയാക്കിയെടുത്തു.

താഴോട്ടു വീഴാന്‍ പോകുന്ന സ്ഥിതിയിലായിരുന്നു പുര നിന്നിരുന്നത്. ‘എൽ’ ആകൃതിയിലുള്ള വരാന്തയിലെ തൂണുകളെ പുതിയ തടികൊണ്ട് ആവരണം ചെയ്തെടുത്തു. തടിക്കുവേണ്ടി വേറെങ്ങും പോവേണ്ടി വന്നില്ല. വിശാലമായ പറമ്പില്‍ നിന്നുതന്നെ അതു കണ്ടെത്തി. ഓടിന്റെ കാര്യവും അതുപോലെ. ചാരപ്പുരയുടെയും മറ്റും ഓടുകൾ പോളിഷ് ചെയ്ത് ഉപയോഗിച്ചു.

സിറ്റ്ഔട്ടിൽ മുള കൊണ്ട് തട്ട്.

വരാന്തയുടെ ഒരറ്റത്ത് റാംപ് (ramp) കൊടുത്തിരിക്കുന്നത് ശ്രദ്ധേയം. പ്രായമായ അമ്മച്ചിയുടെ സൗകര്യമാണ് ഉദ്ദേശിച്ചതെങ്കിലും ഭാവിയില്‍ ഇവിടെ വരുന്ന അതിഥികൾക്കും അതൊരുപക്ഷേ, സഹായകമാകും.

സ്വീകരണമുറിയുടെ അഴികളിട്ട ഭിത്തിയും പാൻട്രിയും.

വരാന്തയുടെ ശ്രദ്ധാകേന്ദ്രം പക്ഷേ, മറ്റൊന്നാണ്. വലിയൊരു ഉപ്പുമാങ്ങാ ഭരണി. പഴയ കാലത്ത് വീട്ടിലെയും പറമ്പിലെയും ജോലിക്കാർക്ക് കഞ്ഞിക്കൊപ്പം വിളമ്പാൻ ഉപ്പുമാങ്ങ തയാറാക്കി വച്ചിരുന്ന ഭരണി. വെറുതെയാണെങ്കിലും നാവിലൊന്നു വെള്ളമൂറിപ്പോവും അതു കാണുമ്പോൾ.

കെട്ടിടത്തിന് വലിയ വ്യത്യാസങ്ങളൊന്നും നീന വരുത്തിയില്ല. വായനാമുറിയായി ബേസിലിന്റെ ഭർത്താവ് ഉപയോഗിച്ചിരുന്ന ഭാഗത്ത് നാലുവശങ്ങളിലും അഴികളായിരുന്നു. അതില്‍ തൊഴുത്തിനോടു ചേർന്നുകിടന്ന ഭാഗം മാത്രം കെട്ടിയടച്ചു. ബാക്കി മൂന്നു വശത്തെ ഭിത്തികളിലുള്ള അഴികൾ അങ്ങനെ തന്നെ നിലനിർത്തി. പുസ്തകങ്ങൾക്ക് ഷെൽഫ് ഒരുക്കി. ആ ഭാഗം സ്വീകരണമുറിയായി ഉപയോഗിക്കാം.

തൊഴുത്ത് പുതുക്കിയെടുത്ത അറ്റാച്‌ഡ് ബെഡ്‌റൂം.

പ്രസവമുറിയെ ഒരു മോഡേൺ കിടപ്പുമുറിയാക്കാൻ വാതിലുകളും ജനലുകളും മാറ്റി ക്രമീകരിച്ചു. അതിനൽപം ചരിഞ്ഞ ഭിത്തിയായിരുന്നു. അത് നീന അങ്ങനെത്തന്നെ നിലനിർത്തി. ബാത്റൂമിൽ വെറ്റ് ഏരിയയും ഡ്രൈ ഏരിയയും നൽകി പരിഷ്കരിച്ചെടുത്തു. അതിന്റെ വെന്റിലേഷന്‍ പഴയ ജനലുകൾ തന്നെ. സീലിങ്ങിൽ കൊടുത്ത ഫ്രോസ്റ്റഡ് ഗ്ലാസ് ഓപനിങ്ങിലൂടെ ബാത്റൂം നിറയുന്ന സൂര്യപ്രകാശം. പകല്‍ ലൈറ്റ് ഇടുകയേ വേണ്ട. നനവ് ഒട്ടും ഉണ്ടാവുകയുമില്ല.

പ്രസവമുറിയെ ബെഡ്‌റൂം ആക്കി മാറ്റി.

പണ്ടിവിടെ ഒരു തൊഴുത്ത് ഉണ്ടായിരുന്നു എന്ന് വിശ്വസിക്കാൻ പോലും പറ്റില്ല. അവിടമിപ്പോൾ ഒരു കിടപ്പുമുറിയും ചെറിയൊരു ഡൈനിങ്-കം-കിച്ചനും ചേർന്ന ഭാഗമാണ്. കിടപ്പുമുറിക്ക് അറ്റാച്ഡ് ബാത്റൂം മാത്രം പുതുതായി നീട്ടിയെടുത്തു. കിടപ്പുമുറിയിൽനിന്ന് പുറത്തെ സിറ്റ്ഔട്ടിലേക്ക് ഇറങ്ങിയിരുന്നാൽ പറമ്പിന്റെ പച്ചപ്പ് മുഴുവൻ കണ്ടാസ്വദിക്കാം. സിറ്റ്ഔട്ടിനു മുകൾഭാഗം മുളയാണെന്നത് കൗതുകമുണർത്തും.

പാൻട്രി

ചുറ്റും മരങ്ങളുടെ തണുപ്പ്, സുന്ദരമായ കാഴ്ചഭംഗി, ഗൃഹാതുരത്വമുണർത്തുന്ന നാട്ടിൻപുറം, സമീപത്തുകൂടി ഒഴുകുന്ന ആറ്... അന്യമായിപ്പോകുന്ന നന്മകളുടെ സംരക്ഷണം കൂടിയാണ് തെക്കേപ്പുരയുടെ നവീകരണം.

പൈതൃക ഭംഗി ചോരാതെ തെക്കേപ്പുരയുടെ വരാന്ത

ആർക്കിടെക്ട് നീന ഓർമിപ്പിക്കുന്നതുപോലെ, “പുതുക്കിപ്പണിയുമ്പോൾ ബുദ്ധിമുട്ടും പരിമിതികളും ഉണ്ട്. പ്രത്യേകിച്ചും, വേസ്റ്റേജ് വരുത്താതെയും ബജറ്റിനുള്ളിൽ പണിയുകയും ചെയ്യണമെങ്കിൽ. എങ്കിലും അതൊരു രസമാണ്.”

"പൊളിച്ചുകളയാതെ തെക്കേപ്പുര നിലനിർത്താൻ കഴിഞ്ഞതിൽ സന്തോഷം തോന്നുന്നു. അതും തലമുറകളുടെ പാരമ്പര്യത്തനിമയിൽ." ബേസിൽ തോമസ്, വീട്ടുകാരി

ഫോട്ടോ : ഹരികൃഷ്ണൻ