ഞെട്ടരുത്! വെറും 2.65 ലക്ഷം രൂപയ്ക്ക് വീട് റെഡി

3ഡി പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് നേരത്തെയും വീടുകൾ നിർമിച്ചിട്ടുണ്ടെങ്കിലും ഇത്ര കുറഞ്ഞ ചെലവിൽ ഒരു വീട് പൂർണമായി നിർമിക്കുന്നത് ഇതാദ്യമാണ്.

ഇതുപോലൊരു കൊച്ചുവീടാണ് എന്റെ സ്വപ്നം എന്നു പറയാത്തവരായി ആരുമുണ്ടാവില്ല. എന്നാൽ, ഇത് സ്വപ്നം കാണാൻ കെൽപില്ലാത്തവർക്കു വേണ്ടിയുള്ള വീടാണ്. 3ഡി പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഒറ്റ ദിവസം കൊണ്ട് നിർമിച്ച വീട്. ഏകദേശം 600 ചതുരശ്ര അടി വിസ്തീർണം. ആകെ ചെലവ് 2.65 ലക്ഷം രൂപ.

യുഎസിലാണ് വീടുകൾ പ്രിന്റ് ചെയ്തുകൊണ്ടിരിക്കുന്നത്. ന്യൂ സ്റ്റോറി എന്ന ഏജൻസിയും ഐകൺ എന്ന 3ഡി പ്രിന്റിങ് കമ്പനിയും ചേർന്ന് ഭവനരഹിതരായ ആളുകൾക്കു വേണ്ടിയാണ് ഈ ലളിതസുന്ദരഭവനം നിർമിക്കുന്നത്. 3ഡി പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് നേരത്തെയും വീടുകൾ നിർമിച്ചിട്ടുണ്ടെങ്കിലും ഇത്ര കുറഞ്ഞ ചെലവിൽ ഒരു വീട് പൂർണമായി നിർമിക്കുന്നത് ഇതാദ്യമാണ്. ഒരു വസ്തുവിന്റെ 3ഡി മോഡലിൽ നിന്നും യഥാർഥത്തിലുള്ള വീട് കംപ്യൂട്ടറിന്റെയും അനുബന്ധ യന്ത്രഭാഗങ്ങളുടെയും സഹായത്തോടെ മാത്രം നിർമിക്കുന്നതാണ് 3ഡി പ്രിന്റിങ്. കട്ടിള വയ്ക്കാനോ, ജനൽ പിടിപ്പിക്കാനോ, പുട്ടിയിട്ടു പെയിന്റടിക്കാനോ ഒന്നും മിനക്കേടെണ്ടെന്നു ചുരുക്കം.

ആശാരി റോബട്!

വീടുണ്ടാക്കാൻ പ്രിന്റർ മതിയെങ്കിൽ ഒരു കസേരയുണ്ടാക്കാൻ റോബട് ധാരാളം. സ്വീഡിഷ് ഫർണിച്ചർ കമ്പനിയായ ഐകിയയുടെ കസേര കിറ്റ് അസംബിൾ ചെയ്ത് കസേരയുണ്ടാക്കുകയാണ് ഈ റോബട്. സിംഗപ്പൂരിലെ നൻയാങ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയാണ് ഈ റോബട് നിർമിച്ചത്. കസേരയുടെ ഭാഗങ്ങൾ നോക്കി വിശലനം ചെയ്ത് കസേര നിർമിക്കാൻ റോബട്ടിനു വെറും 20 മിനിറ്റേ വേണ്ടി വന്നുള്ളൂ. കസരേയുണ്ടാക്കാനുള്ള വഴി ആലോചിക്കാൻ 11.22 മിനിറ്റും കസേരയുടെ ഭാഗങ്ങൾ കണ്ടുപിടിക്കാൻ 3 സെക്കൻഡും കസേരയുണ്ടാക്കാൻ 8 മിനിറ്റുമാണ് റോബട് ചിലവഴിച്ചത്.