20 മാസം കൊണ്ട് വീട്ടിയത് 68 ലക്ഷം രൂപ; വീടുവിറ്റല്ല, വാങ്ങി!

Debt-Free-tiny-house
SHARE

കടം വീട്ടാന്‍ വീട് വില്‍ക്കുന്നവരെ കുറിച്ചു നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഉള്ള കടങ്ങള്‍ തീര്‍ത്ത്‌ സന്തോഷത്തോടെ ജീവിക്കാന്‍ ഒരു ചെറിയ വീട്ടില്‍ താമസിക്കുന്നവരെ കുറിച്ച് കേട്ടിട്ടുണ്ടോ ? എങ്കില്‍ ഉറപ്പായും ജോസെലിന്റെയും ജാര്‍വിസിന്റെയും കഥ അറിയണം.

96,000 ഡോളറിന്റെ കടമായിരുന്നു പഠനം കഴിഞ്ഞിറങ്ങുമ്പോള്‍ ഇരുവര്‍ക്കും ഒരു കാലത്ത് ഉണ്ടായിരുന്നത്. വിദ്യാഭ്യാസവായ്പയും, ക്രെഡിറ്റ്‌ കാര്‍ഡ്‌ അടവുകളും മറ്റുമായി തലയ്ക്ക് മേലെ കടം കേറി നില്‍ക്കുന്ന അവസ്ഥ. ഇനിയും സാമ്പത്തികഅച്ചടക്കം പാലിച്ചില്ലെങ്കില്‍ പണി പാളുമെന്നു രണ്ടാള്‍ക്കും മനസിലായി. പക്ഷേ എങ്ങനെയാണ് ഇത്രയും ഭീമമായൊരു തുക വേഗത്തില്‍ തീര്‍ക്കാന്‍ സാധിക്കുക? 

ജോസെലിനും ജാര്‍വിസും തലപുകഞ്ഞു ആലോചിച്ചു. ഒടുവില്‍ തങ്ങളുടെ വരവും ചെലവും തമ്മില്‍ യാതൊരു സന്തുലനവും ഇല്ലെന്നു അവര്‍ക്ക് മനസിലായി. ആദ്യം ഇതിനൊരു നിയന്ത്രണം കൊണ്ട് വരാന്‍ ഇരുവരും തീരുമാനിച്ചു. അതിനായി ആദ്യം ഒരു ചെറിയ വീട്ടിലേക്ക് താമസം മാറുകയാണ് അവര്‍ ചെയ്തത്. ഒരേസമയം പല ജോലികള്‍ ഷിഫ്റ്റ്‌ അനുസരിച്ച് ഇരുവരും ചെയ്യാന്‍ തുടങ്ങി, ഒപ്പം പുതിയ വീട്ടുസാധനങ്ങള്‍ക്ക് പകരം വിപണിയില്‍ നിന്നും സെക്കന്റ്‌ ഹാന്‍ഡ്‌ സാധനങ്ങള്‍ വാങ്ങി ഉപയോഗിച്ചു. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ മാത്രമാണ് പൈസ ഉപയോഗിച്ചത്. ക്രെഡിറ്റ്‌ കാര്‍ഡിന്റെ ഉപയോഗം തീര്‍ത്തും ഇല്ലാതാക്കി എന്നുതന്നെ ജോസെലിനും ജാര്‍വിസും പറയുന്നു.

ചെലവ് കുറഞ്ഞ ജീവിതശൈലിയോട് ആദ്യത്തെ കുറച്ചു നാളുകള്‍ പൊരുത്തപ്പെടാൻ ഒരല്‍പം ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് ഇതാണ് ഏറ്റവും മനോഹരമെന്ന് ഇരുവര്‍ക്കും മനസിലായി. വൈകാതെ വെറും ഇരുപതുമാസങ്ങള്‍ കൊണ്ടാണ് ഇവര്‍ 96,000 ഡോളറിന്റെ കടം തീര്‍ത്ത്‌ ജീവിതം സുരക്ഷിതമാക്കിയത്. 

കടമൊക്കെ തീര്‍ന്നതോടെ ഇനി ജീവിതം അടിച്ചുപൊളിച്ചേക്കാം എന്ന് ഒരിക്കലും ജോസെലിനും ജാര്‍വിസിനും തോന്നിയില്ല. തുടര്‍ന്നും ഇങ്ങനെയൊരു ജീവിതശൈലി എന്തുകൊണ്ടു തുടര്‍ന്നുകൂടായെന്നാണ് പിന്നെ ഇരുവരും ചിന്തിച്ചത്. കടമൊക്കെ തീര്‍ന്നപ്പോള്‍ സ്വന്തമായൊരു വീട് വേണമെന്ന് ഇരുവര്‍ക്കും മോഹമായി. പക്ഷേ അപ്പോഴും ചെറിയ ചെലവ് കുറഞ്ഞ വീടുകള്‍ സ്വന്തമാക്കിയാലോ എന്നാണ് ജോസെലിനും ജാര്‍വിസും ആലോചിച്ചത്. 

അങ്ങനെയാണ് മനസിനിണങ്ങിയ ഒരു ചെറിയൊരു പ്രീഫ്രെയിംഡ് വീട് കണ്ടു ഇഷ്ടമാകുന്നതും അത് വാങ്ങി തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് മോടി പിടിപ്പിച്ചെടുക്കുന്നതും. 14 മാസങ്ങള്‍ കൊണ്ടാണ് ഈ കുഞ്ഞന്‍ വീട് ഇരുവരും തയാറാക്കിയത്. വീട് പണിക്ക് ആവശ്യമായ തുക ഇതേസമയംതന്നെ ഇരുവരും ഫുള്‍ ടൈം-പാര്‍ട്ട്‌ ടൈം ജോലികള്‍ ചെയ്തു സമ്പാദിച്ചു കൊണ്ടിരുന്നു. 

അങ്ങനെ മാസങ്ങളുടെ പ്രയത്നം കൊണ്ട് അടുത്തിടെ ഇവരുടെ കുഞ്ഞന്‍ വീട് തയാറായി കഴിഞ്ഞു. മള്‍ട്ടി പര്‍പ്പസ് ലിവിങ് ഹൗസ് എന്ന് വേണമെങ്കില്‍ ഇവരുടെ വീടിനെ വിളിക്കാം. കാരണം ആവശ്യം കഴിഞ്ഞാല്‍ കൂടുതല്‍ സ്ഥലം ലഭിക്കാനായി മടക്കി വെയ്ക്കാവുന്ന രീതിയിലാണ് ഈ വീട്ടിലെ പല ഉപകരണങ്ങളും സജ്ജീകരിച്ചിരിക്കുന്നത്. ഒരു ചെറിയ കുഞ്ഞന്‍ രണ്ടുനില വീടാണ് ഇതെന്ന് ഒറ്റനോട്ടത്തില്‍ കണ്ടാല്‍ തോന്നില്ല. ആഹാരം കഴിച്ച ശേഷം മടക്കി വെയ്ക്കാവുന്ന ഡൈനിങ്ങ്‌ മേശയും, സാധനങ്ങള്‍ എടുത്ത ശേഷം മടക്കിവെയ്ക്കാവുന്ന അടുക്കള ട്രേകളുമെല്ലാം ഇവിടുത്തെ പ്രത്യേകതകളാണ്. 

Debt-Free-tiny-house-kitchen

അടുക്കളയുടെ മുകളിലായാണ് മാസ്റ്റര്‍ ബെഡ്റൂം ഒരുക്കിയിരിക്കുന്നത്. ഗോവണിക്കു പകരം ഒരു ഏണി വഴിയാണ് ഇവിടേക്ക് കയറുക. അടുക്കളയ്ക്ക് അടുത്തായാണ് ബാത്റൂം. ഇവിടെ തുണികഴുകാന്‍ ഒരു ചെറിയ ടബ്ബ് ഒരുക്കിയിട്ടുണ്ട്. കൂടെ ടോയിലറ്റും ഷവറും. ഇതിനടുത്തായി രണ്ടു കുട്ടികള്‍ക്കുമുള്ള മുറി ഒരുക്കിയിരിക്കുന്നു. ഇവിടെ അവർക്കു കളിക്കാനും കളിപ്പാട്ടങ്ങളും ഉടുപ്പുകളും പുസ്തകങ്ങളും സൂക്ഷിക്കാനും ഇടമുണ്ട്.

Debt-Free-tiny-house-fimily-interior

വീടിനുള്ളിലെ പരിമിതമായ സ്ഥലം മൂലം തങ്ങള്‍ക്ക് കുഞ്ഞുങ്ങളുമായി ധാരാളം സമയം പുറത്തുചെലവിടാന്‍ ലഭിക്കാറുണ്ടെന്ന്  ജോസെലിനും ജാര്‍വിസും  പറയുന്നു. കൂടാതെ വീടിന് പുറത്ത് കളിക്കളവും, ഒരു നല്ല പൂന്തോട്ടവും, തോട്ടവും ഒരുക്കിയിട്ടുണ്ട്. ഇവിടെ കൃഷി ചെയ്യുന്ന പച്ചക്കറികള്‍ തന്നെയാണ് ഇവര്‍ അടുക്കളയില്‍ പാകം ചെയ്യാനും ഉപയോഗിക്കുക. 

സാമ്പത്തിക അച്ചടക്കം മാത്രമല്ല വെള്ളം, വൈദ്യുതി എന്നിവയെല്ലാം തങ്ങള്‍ ആവശ്യത്തിന് മാത്രമാണ് ഉപയോഗിക്കുക എന്ന്  ജോസെലിനും ജാര്‍വിസും  പറയുന്നു. ഇപ്പോള്‍ തങ്ങളെ പോലെ തന്നെ രണ്ടുമക്കളും ഈ ജീവിതരീതിയോട് പൊരുത്തപെട്ടാണ് കഴിയുന്നതെന്ന് ഇരുവരും പറയുന്നു. കുട്ടികള്‍ വളരുമ്പോള്‍ ഒരുപക്ഷേ കുറച്ചു കൂടി വലിയ ഒരു വീട്ടിലേക്ക് തങ്ങള്‍ക്ക് മാറേണ്ടി വന്നേക്കാം, എങ്കിലും ചുരുങ്ങിയ സാഹചര്യങ്ങളില്‍ സന്തോഷത്തോടെ, മിതത്വത്തോടെ എങ്ങനെ ജീവിക്കാമെന്നൊരു വലിയ പാഠം തങ്ങള്‍ മക്കള്‍ക്ക് പകര്‍ന്നു നല്‍കുന്നുണ്ട് എന്ന് ജോസെലിനും ജാര്‍വിസും പറയുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FIRST SHOT
SHOW MORE
FROM ONMANORAMA