Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശംഖുമുഖം തെക്കേ കൊട്ടാരം ഇനി ആർട്ട് മ്യൂസിയം

shangumugham-palace നാളുകളായി അടഞ്ഞുകിടന്ന കൊട്ടാരമാണ് 25 ലക്ഷം രൂപ ചെലവഴിച്ചു നഗരസഭ നവീകരിച്ചത്. പഴമ നിലനിർത്തിക്കൊണ്ടു തന്നെയായിരുന്നു നവീകരണം.

ആധുനിക കലയുടെ കേന്ദ്രമാകാനൊരുങ്ങി ശംഖുമുഖം. ബീച്ചിനു സമീപം നഗരസഭയുടെ കീഴിലുള്ള തെക്കേ കൊട്ടാരമാണു നവീകരിച്ചു ശംഖമുഖം ആർട്ട് മ്യൂസിയമായി മാറ്റുന്നത്. കലാകാരന്മാരുടെ സ്ഥിരം വേദിയായി ആരംഭിച്ച മ്യൂസിയത്തിലൂടെ ശംഖുമുഖത്തിന്റെ മുഖഛായ തന്നെ മാറും. നാളുകളായി അടഞ്ഞുകിടന്ന കൊട്ടാരമാണ് 25 ലക്ഷം രൂപ ചെലവഴിച്ചു നഗരസഭ നവീകരിച്ചത്. പഴമ നിലനിർത്തിക്കൊണ്ടു തന്നെയായിരുന്നു നവീകരണം. 

അൻപതിലധികം ചിത്രങ്ങൾ പ്രദർശിപ്പിക്കാനുള്ള സംവിധാനം പൂർണായും ശീതികരിച്ച മ്യൂസിയത്തിലുണ്ടാകും. ജൂൺ മൂന്നിനു മുഖ്യമന്ത്രി പിണറായി വിജയൻ മ്യൂസിയം നാടിനു കൈമാറും. പ്രമുഖ ചിത്രകാരൻ സുധീർ പട്വർധൻ മുഖ്യാതിഥിയാകും. സ്വന്തമായി വരുമാനം ഉണ്ടാക്കി തുടങ്ങും വരെ നഗരസഭ  ധനസഹായം നൽകാനാണു ധാരണ.

ക്യൂറേറ്റഡ് പ്രദർശനം

ചിത്രകാരന്മാർ സ്വന്തമായി നടത്തുന്ന പതിവ് പ്രദർശനങ്ങൾക്കു പകരം ക്യൂറേറ്റഡ് പ്രദർശനങ്ങളായിരിക്കും ഇവിടെയുണ്ടാവുക. പ്രതിഭാധരന്മാരായ ക്യൂറേറ്റർമാർ തിരഞ്ഞെടുക്കുന്ന കലാകാരന്മാരുടെ ചിത്രങ്ങളായിരിക്കും ഒരു ഷോ ആയി പ്രദർശിപ്പിക്കുക. പ്രത്യേക പ്രമേയത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും തിരഞ്ഞെടുപ്പ്. വർഷം മുഴുവൻ ഇടമുറിയാതെ പ്രദർശനങ്ങൾ നിശ്ചയിക്കും. ഓരോ തവണയും എത്തുന്നവർക്കു പുത്തൻ കാഴ്ചകൾ ഉറപ്പാക്കാൻ കഴിയും. ഇതിനു പുറമേ ഫിലിം ഷോകൾ, കലാചർച്ചകൾ, ലൈവ് പെയിന്റിങ് എന്നിവയുമൊരുക്കും. മ്യൂസിയം പ്രസാധനരംഗത്തും സജീവമായിരിക്കും. കലയുമായി ബന്ധപ്പെട്ട പുസ്തകൾ പ്രസിദ്ധീകരിക്കാനാണു പദ്ധതി, ഇതിലൂടെ വരുമാനവും ലഭിക്കും.

സ്വന്തം വരുമാനം

നഗരസഭയുടെ പ്രാഥമിക ഫണ്ടിങ് കഴി‍ഞ്ഞാൽ സ്വന്തം വരുമാനത്തിൽ പ്രവർത്തിക്കുകയാണു ലക്ഷ്യം. മുതിർന്നവർക്ക് 30 രൂപയും കുട്ടികൾക്ക് 10 രൂപയുമാണു പ്രവേശന ഫീസ്. ഇതിനു പുറമേ മ്യൂസിയത്തിന്റെ അഭ്യുദയകാംക്ഷിയാകാൻ താൽപര്യമുള്ള ആർക്കും മാസം 100 രൂപ വീതം നൽകാൻ കഴിയുന്ന സംവിധാനവും ആലോചിക്കുന്നുണ്ട്. ആയിരത്തോളം പേരെ ഇത്തരത്തിൽ ഒരുമിപ്പിക്കാനാണ് ആലോചനയെന്ന് ആർട്ടിസ്റ്റിക് ഡയറക്ടർ ഡോ.ജി.അജിത്കുമാർ പറഞ്ഞു. പുസ്തക പ്രസിദ്ധീകരണത്തിലൂടെയും പ്രദർശിപ്പിക്കുന്ന പെയിന്റിങ്ങുകളുടെ വിൽപനയിലൂടെയും വരുമാനം പ്രതീക്ഷിക്കുന്നുണ്ട്. ആദ്യഘട്ടമെന്ന നിലയിൽ പരിപാടികൾ സംഘടിപ്പിക്കാൻ 25 ലക്ഷം രൂപയോളം നഗരസഭ നൽകും. 

സാംസ്കാരിക പരിപാടികൾക്ക് ഇടം

മ്യൂസിയത്തോടനുബന്ധിച്ചു തൊട്ടുചേർന്നുള്ള സ്ഥലത്ത് എന്നും വൈകിട്ട് സാംസ്കാരിക പരിപാടികൾ നടത്താനായി ഒരു വേദിക്കു വേണ്ടിയും ശ്രമം നടക്കുന്നുണ്ട്. ഡിടിപിസിയുടെ കൈവശമുള്ള സ്ഥലം ഇതിനായി വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ചെറിയ സ്റ്റേജും മേൽക്കൂരയും നിർമിക്കാനാണ് ആലോചന. മേയർ അധ്യക്ഷനായ എക്സിക്യുട്ടിവ് കമ്മിറ്റിയും 21 അംഗ ഉപദേശകസമിതിയുമാണു മ്യൂസിയത്തിന്റെ ഭരണം നടത്തുക. കാനായി കുഞ്ഞിരാമൻ ഉൾപ്പടെയുള്ളവർ ഉപദേശകസമിതിയിൽ അംഗങ്ങളാണ്. റീബൗണ്ട്സ് എന്ന ആദ്യപ്രദർശനത്തിൽ ഒൻപതു യുവകാലാകാരന്മാരുടെ പ്രദർശനങ്ങൾ അണിനിരക്കും.