Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

16 ലക്ഷം രൂപയ്ക്ക് പുതുക്കിപ്പണിത വീട്!

renovation-chalakudi-before-after വീട് പുതുക്കേണ്ടിവന്ന സാഹചര്യങ്ങളെയും പുതുക്കിയ രീതികളെയും കുറിച്ച് സംസാരിക്കുന്നു ജോർജ് മാത്യു.

പല നാടുകളിൽ പല സ്കൂളുകളിൽ 25 വർഷത്തോളം ജോലി ചെയ്ത് നാട്ടിൽ തിരിച്ചുവന്നവരാണ് ഞങ്ങൾ. ഇവിടെ കുറച്ചു സ്ഥലം വാങ്ങി വീടുവയ്ക്കുക എന്നത് ആഗ്രഹമായിരുന്നു. സ്ഥലമന്വേഷിച്ച് നടക്കുന്നതിനിടെയാണ് ചാലക്കുടിക്കടുത്ത് കൊരട്ടിയിൽ ദേശീയപാതയിൽനിന്ന് അര കിലോമീറ്റർ മാത്രം അകലെയുള്ള അഞ്ചരസെന്റ് കണ്ടത്. എട്ട് വർഷം പഴക്കമുള്ള വീടുമുണ്ടായിരുന്നു അതിൽ. വീണ്ടുമൊരു വീട് പണിയുന്ന ബുദ്ധിമുട്ട് ഒഴിവാക്കാമെന്നു കരുതി ആ സ്ഥലം വാങ്ങി. പക്ഷേ താമസം തുടങ്ങിയപ്പോൾ മനസ്സിലായി, വീട് ഉപയോഗയോഗ്യമല്ലെന്ന്. വീടിന് ഉറപ്പ് വളരെ കുറവായിരുന്നു. വീടിന്റെ പിറകിൽ റെയിൽവേ പാളമാണ്. അതിലൂടെ ട്രെയിൻ പോകുമ്പോൾ വീടാകെ കുലുങ്ങി വിറച്ചിരുന്നു. മുറികളുടെ സ്ഥാനവും എണ്ണവുമെല്ലാം തീർത്തും അശാസ്ത്രീയമായ രീതിയിലായിരുന്നു. അതുകൊണ്ടുതന്നെ പുതുക്കിപ്പണിയൽ മാത്രമായിരുന്നു പ്രതിവിധി.

x-default

വീട് മുഴുവൻ പൊളിച്ചാൽ വീടുപണിയാനുള്ള അനുമതി മുതൽ എല്ലാം ആദ്യം മുതലേ തുടങ്ങേണ്ടിവരുമെന്നതും പുതുക്കിപ്പണിയലിൽ ഉറച്ചുനിൽക്കാൻ കാരണമായി. ദേശീയപാതയോടു ചേർന്നുകിടക്കുന്ന പ്ലോട്ട് ആയതിനാൽ സ്ഥലത്തിനുതന്നെ നല്ലൊരു തുക ചെലവായിരുന്നു. പുത്തൻചിറ ആദി ആർക്കിടെക്ചറിലെ ഡിസൈനർ അഭിലാഷിനെയാണ് വീട് പുതുക്കിപ്പണിയാൻ സമീപിച്ചത്.

വെല്ലുവിളികളെ അതിജീവിച്ച്

ഈ വീട് ഇപ്പോൾ കാണുന്ന രൂപത്തിലാക്കിയത് അഭിലാഷിന്റെ മിടുക്കാണെന്നു നിസ്സംശയം പറയാം. പഴയ വീടിനെന്നപോലെ പ്ലോട്ടിനുമുണ്ടായിരുന്നു ചില പരിമിതികൾ. ‘L’ ആകൃതിയിലുള്ള പ്ലോട്ടാണ്. മാത്രമല്ല, വെറും അഞ്ചരസെന്റും. മതിലിനോടു ചേർത്തു നിർമിച്ച മുൻഭാഗത്തെ ഭിത്തി പൊളിച്ചാൽ വീണ്ടും അനുമതി ലഭിക്കാൻ പ്രയാസമാണ്. അതുകൊണ്ട് വീടിന്റെ ബാഹ്യഘടന നിലനിർത്തി ബാക്കിയെല്ലാം പൊളിച്ചുപണിയേണ്ടിവന്നു. ചരിഞ്ഞ മേൽക്കൂരയും ജനാലകൾക്കു ചുറ്റും ബോക്സുകളും നൽകിയ എക്സ്റ്റീരിയറാണ് ഇപ്പോൾ ഏറ്റവും ആകർഷകം.

renovated-house-chalakudi

ഭിത്തികൾക്ക് ബലക്കുറവുണ്ടായിരുന്നെങ്കിലും അടിത്തറ ശക്തമായിരുന്നു. അതുകൊണ്ടുതന്നെ വീട് ഇരുനിലയാക്കിയാൽ മുറികളുടെ കുറവ് പരിഹരിക്കാൻ കഴിയും. പഴയ വീട് ഒറ്റനിലയായിരുന്നെങ്കിലും അകത്തുകൂടി ഗോവണിയും ചെറിയൊരു സ്റ്റെയർ റൂമുമുണ്ടായിരുന്നു. പഴയ വീട്ടിലെ സിറ്റ്ഔട്ടിൽനിന്ന് ഒരു വലിയ ഹാളിലേക്കു കയറാം. ഈ ഹാളിൽത്തന്നെയായിരുന്നു ഗോവണിയും. പുതിയ പ്ലാനിലും ഗോവണിയുടെ സ്ഥാനം മാറ്റിയില്ല.

renovated-house-hall

ഹാളിനെ സ്വീകരണമുറിയും ഊണുമുറിയുമാക്കി വിഭജിച്ചു. പകുതി പൊക്കത്തിൽ ഭിത്തിയും ബാക്കി പകുതി ഇരുമ്പു കൊണ്ടുള്ള അഴികളുമാണ് ഇവിടെ. പഴയ വീടിന്റെ ഊണുമുറി, അടുക്കളയാക്കി രൂപാന്തരപ്പെടുത്തി.

renovated-house-dining

പഴയ വർക്ഏരിയ അൽപം വലുതായിരുന്നു. അതിന്റെ ഒരു ഭാഗം താഴത്തെ കിടപ്പുമുറിയോടു ചേർന്ന ബാത്റൂമാക്കിമാറ്റി. ഈ കിടപ്പുമുറിയുടെ വലുപ്പം അൽപം കൂട്ടിയിട്ടുമുണ്ട്. വീടിന്റെ മുൻവശത്ത് പുതിയൊരു ഭാഗം കൂട്ടിച്ചേർത്തത് കോർട്‌യാർഡ് എന്ന ലക്ഷ്യത്തോടെയായിരുന്നു. ഇതിനുവേണ്ടി ഈ ഭാഗം ഡബിൾഹൈറ്റായി നിർമിച്ച് പർഗോളയിട്ടു. എന്നാൽ കുട്ടികളുടെ സൗകര്യാർഥം ഇവിടം താത്കാലികമായ സ്റ്റഡി ഏരിയയാണിപ്പോൾ. അൽപം ചൂട് കൂടുതലാണെങ്കിലും വെളിച്ചം ആവശ്യത്തിനു ലഭിക്കുമിവിടെ.

മുകളിലെ നില

renovated-house-living

സ്വീകരണമുറിയിൽനിന്നു തുടങ്ങുന്ന ഗോവണിക്കും അല്ലറ ചില്ലറ ഭാവവ്യത്യാസങ്ങൾ വരുത്തിയിട്ടുണ്ട്. ഗോവണി ഇപ്പോള്‍ കൂടുതൽ സുന്ദരനായി. പണ്ടുണ്ടായിരുന്ന ഗോവണിയുടെ ലാൻഡിങ് റൂം ഫാമിലി ലിവിങ് റൂമാക്കി. മുകളിൽ ബാത്റൂം അറ്റാച്ഡ് ആയ രണ്ട് കിടപ്പുമുറികൾകൂടി നിർമിക്കുകയും ചെയ്തു. ഇപ്പോൾ ആകെ മൂന്ന് കിടപ്പുമുറികളുണ്ട്. ബാത്റൂം താഴ്ത്തി നിർമിക്കാൻ വേണ്ടി മുകളിലെ മുറികൾക്ക് അൽപം ഉയരക്കൂടുതൽ നൽകി.

നേരത്തേ 960 ചതുരശ്രയടിയുണ്ടായിരുന്ന വീട് പുതുക്കിപ്പണിയലിനുശേഷം 1635 ചതുരശ്രയടിയായി. 16.5 ലക്ഷം രൂപയാണ് ഗെയ്റ്റും മതിലുമുൾപ്പെടെ ചെലവുവന്നത്. വീടിന്റെ മുൻവശത്ത് സ്ഥലം കുറവാണെന്നതിനാൽ മതിലും ഗെയ്റ്റും പ്രത്യേക രീതിയിലാണ് നിർമിച്ചത്. ഗെയ്റ്റ് രണ്ട് വശത്തേക്കും മുഴുവനായി നീക്കി പോർച്ചിൽ നിന്ന് കാർ പുറത്തെത്തിക്കാം. വീട് ചെറുതാണെങ്കിലും സൗകര്യങ്ങളില്ലെങ്കിലും മുഴുവൻ പൊളിച്ചു കളയുന്നതിലും നല്ലത് പുതുക്കിപ്പണിയുന്നതാണെന്നാണ് അനുഭവം.

വെല്ലുവിളികൾ, നേട്ടങ്ങൾ

1. കുറഞ്ഞ സ്ഥലം, പ്ലോട്ടിന്റെ ആകൃതി ഇവ രണ്ടും പ്രധാന വെല്ലുവിളിയായിരുന്നു

∙ ‘L’ ആകൃതിയിലുള്ള അഞ്ചരസെന്റിൽ നിറഞ്ഞുനിൽക്കുന്ന വീട് പുതുക്കിപ്പണിയുമ്പോൾ താഴത്തെ നിലയിൽ പുതിയ മുറികൾ കൂട്ടിച്ചേർക്കുന്നത് എളുപ്പമായിരുന്നില്ല. എന്നിട്ടും ചെറിയൊരു കോർട്‌യാർഡ് കൂട്ടിച്ചേർക്കുകയും കിടപ്പുമുറിയുടെ വലുപ്പം കൂട്ടുകയും ചെയ്തു.

2. ഭിത്തികളുടെ ഉറപ്പ് കുറവായിരുന്നു

∙ വീടിന്റെ പുറംഘടന നിലനിർത്തി ബാക്കിയെല്ലാം പൊളിച്ചുകളഞ്ഞു. അകത്തെ ചുവരുകളെല്ലാം പുതിയതായി നിർമിച്ചവയാണ്. പഴയ പുറംഘടന നിലനിർത്തിയത് കെട്ടിടനമ്പറും വൈദ്യുതി കണക്ഷനും നിലനിർത്താൻ കൂടിയാണ്.

3. മതിലിന് വേണ്ടത്ര സ്ഥലം കിട്ടിയില്ല

∙ കാർപോർച്ചിന് സ്ഥലം കുറവായിരുന്നു. ഇതു പരിഹരിക്കാനാണ് സ്ലൈഡിങ് ഗെയ്റ്റ് പണിതത്. ഗെയ്റ്റ് രണ്ടുവശത്തേക്കും നീക്കിയാൽ കാർ പുറത്തിറക്കാം.

Project Facts

Area: 1635 Sqft

Designer: എം.യു. അഭിലാഷ്

ആദി ആർക്കിടെക്ചർ

പുത്തൻചിറ

aadiarchitecture@gmail.com

Location: കൊരട്ടി, ചാലക്കുടി

Year of completion: ഏപ്രിൽ, 2016

Read more on Renovation Projects Kerala Renovation Ideas Plan