പൊളിക്കേണ്ട പുതുക്കിയെടുക്കാം!

വീടിന്റെ പുതുക്കിപ്പണിയൽ ജീവിതത്തെ സ്വാധീനിച്ച കഥ പറയുന്നു കോട്ടയം സ്വദേശി ടി. ആർ. ശ്രീനിവാസൻ.

വീടെന്തിന് ഇടയ്ക്കിടെ പുതുക്കിപ്പണിയണം? വെറുതെ പണം കളയൽ മാത്രമല്ലേ പുതുക്കിപ്പണിയൽ? തുടങ്ങിയ സംശയങ്ങൾ ഉള്ളവരോട് എനിക്കു ചില കാര്യങ്ങൾ പറയാനുണ്ട്. എനിക്കും അത്തരം ചില സംശയങ്ങളുണ്ടായിരുന്നു. വീട് പുതുക്കിപ്പണിതു കഴിയുന്നതുവരെ. വൃത്തിയുള്ള, നല്ലൊരു വീട്ടിൽ താമസിക്കുമ്പോൾ മനസ്സിനും ശരീരത്തിനും നവോന്മേഷമുണ്ടാകും. എന്നു വച്ച് പഴയ വീട് നശിപ്പിക്കണം എന്നൊന്നും പറയുന്നില്ല. സൗകര്യക്കുറവുള്ള ഭാഗം മാത്രം പുതുക്കിയെടുക്കണം, അതും നിർമാണസാമഗ്രികൾ പുനരുപയോഗിച്ചുകൊണ്ട്.

മക്കളുടെ നിർബന്ധത്തിനു വഴങ്ങിയാണ് 25 വര്‍ഷം പഴക്കമുള്ള ഞങ്ങളുടെ വീട് പുതുക്കിപ്പണിയാൻ തീരുമാനിച്ചത്. വിദേശത്തുള്ള മകൻ സുഭാഷ് കണ്ടുപിടിച്ച ഡിസൈനർ ഷിബിൻ കെ. സെബാസ്റ്റ്യൻ നാലര മാസംകൊണ്ട് വീടിനെ ആർക്കും തിരിച്ചറിയാത്ത വിധത്തിൽ മാറ്റിത്തന്നു. കിടപ്പുമുറികൾ നിലനിർത്തി, വീടിന്റെ എലിവേഷനിലാണ് മാജിക്കെല്ലാം തീർത്തത്.

മുൻപുണ്ടായിരുന്നത്

കാർപോർച്ചിൽനിന്ന് സിറ്റ്ഔട്ട്, അവിടെനിന്ന് ലിവിങ്ങും ഡൈനിങ്ങും ചേർന്ന ഹാൾ, ഹാളിൽനിന്നു പ്രവേശിക്കാവുന്ന രീതിയിൽ അടുക്കളയും കിടപ്പുമുറികളും എന്നിങ്ങനെയായിരുന്നു മുറികൾ. പത്തിരുപത് വർഷം മുമ്പുണ്ടായിരുന്ന ഫാഷനാണിത്. പഴയ വീടിന് മൂന്ന് കിടപ്പുമുറികളാണ് ഉണ്ടായിരുന്നത്. രണ്ട് കിടപ്പുമുറികള്‍ക്കിടയിൽ കോമൺ ബാത്റൂം. പ്രധാന കിടപ്പുമുറിയോടു ചേർന്നുള്ള ബാത്റൂം വാസ്തുസംബന്ധമായ കാരണങ്ങളാൽ യൂട്ടിലിറ്റി റൂമാക്കി മാറ്റിയിട്ട് കുറച്ചുനാളായി.

പുതിയതായി ലഭിച്ചത്

കാർഷെഡും സിറ്റ്ഔട്ടും ഒരുമിച്ചാക്കി കുറച്ചുവലിയൊരു സിറ്റ്ഔട്ട് ആക്കുകയാണ് ആദ്യം ചെയ്തത്. ചാരുപടിയോടുകൂടിയ ഈ സിറ്റ്ഔട്ടിനോട് പുതിയ വരാന്തയും കൂട്ടിച്ചേർത്തു. മുറ്റത്തുനിന്ന് വരാന്തയിലേക്കു കയറാം. ഇത് ഏകദേശം 400 ചതുരശ്രയടി വരും. ഇപ്പോൾ 1600 ചതുരശ്രയടിയാണ് വീടിന്റെ ആകെ വിസ്തീർണം.

അകത്തെ ഹാളിനെ ലിവിങ്ങും ഡൈനിങ്ങുമാക്കി വിഭജിച്ചു. ഡൈനിങ്ങിലെ പുറത്തേക്കു തള്ളിനിന്നിരുന്ന വാഷ്ഏരിയയെ മുറിച്ചുമാറ്റി. ക്രോക്കറി ഷെൽഫുകളെല്ലാം പരിഷ്കരിച്ചെടുത്തു. പ്രധാന വാതിലും അതിനിരുവശത്തുമുള്ള ഫ്രഞ്ച് ജനാലകളും മാത്രം പുതിയതാണ്. ബാക്കി മുറികളുടെയെല്ലാം വാതിലുകളും ജനാലകളും പഴയവ തന്നെ. പുതിയ പ്രധാനവാതിൽ തേക്കുകൊണ്ടു നിർമിച്ചതാണ്. ലിവിങ്ങും ഡൈനിങ്ങും വേർതിരിച്ച ഭിത്തി ടിവി വയ്ക്കാനുള്ള ഇടമാക്കി.

ലിവിങ്ങിലും ഡൈനിങ്ങിലും തടികൊണ്ടുള്ള തട്ട് ഇട്ടപ്പോൾ മുറിയുടെ ‘ലുക്ക്’ തന്നെ മാറിപ്പോയി. അടുക്കളയിലെ കബോർഡുകളെല്ലാം മറൈൻ പ്ലൈവുഡ്കൊണ്ട് പുതുക്കിയതാണ്. ജിപ്സം ഫോള്‍സ് സീലിങ് നിര്‍മിച്ച്, ലൈറ്റിങ് ചെയ്തപ്പോൾ കിടപ്പുമുറികളും സുന്ദരൻമാരായി. ചെറിയ മുറികളായതിനാൽ കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല എന്ന സങ്കടമുണ്ടായിരുന്നു ഡിസൈനർ ഷിബിന്.

എക്സ്റ്റീരിയർ മാത്രം പുതുക്കി വീട് അടിമുടി മാറ്റിക്കളഞ്ഞു എന്നു വേണമെങ്കിൽ പറയാം. പഴയ വീടിന്റെ മേൽക്കൂരയിൽ മെറ്റൽ ഫ്രെയിമിട്ട് മുകളില്‍ സെറാമിക് ഓടുപതിക്കുകയായിരുന്നു. വരാന്തയിൽമാത്രം സിമന്റ് ബേസ്ഡ് ബോർഡ്കൊണ്ട് ഫോൾസ് സീലിങ് ചെയ്തു. എക്സ്റ്റീരിയറിന്റെ ഭംഗിക്കുവേണ്ടി ഒരു ഷോവോൾ നിർമിച്ചിട്ടുണ്ട്.

രണ്ട് തൂണുകളിൽ മെറ്റൽ റോഡ് ഘടിപ്പിച്ച് അതിനെ സിമന്റ് ബേസ്ഡ് ബോർഡുകൊണ്ട് പൊതിഞ്ഞാണ് ഈ ഭാഗം നിർമിച്ചിരിക്കുന്നത്. വാട്ടർടാങ്കും എക്സ്റ്റീരിയറിന്റെ ഭാഗമാക്കി. അതുപോലെ മുകളിൽ ചെറിയൊരു മുറിയും പുതുക്കിപ്പണിയലിന്റെ ഭാഗമായി വന്നിട്ടുണ്ട്. എക്സ്റ്റീരിയറിന്റെ ഭംഗി കൂട്ടുന്ന ഒരു ഘടകമാണിത്. ഇതു വേണമെങ്കിൽ യൂട്ടിലിറ്റി മുറിയായി ഉപയോഗിക്കാം.

വീട് പുതിയതല്ല എന്നു പറഞ്ഞാൽ ആരും വിശ്വസിക്കുന്നില്ല എന്നതാണ് സത്യം. വീട് വൃത്തിയാക്കാനും സൂക്ഷിക്കാനും കുറച്ചുകൂടി എളുപ്പവുമുണ്ട്. വീടുപുതുക്കാന്‍ മടിച്ചോ ചിന്തിച്ചോ സമയം കളയാതെ പെട്ടെന്നുതന്നെ പുതിയൊരു ലോകത്തെ സ്വീകരിക്കുക എന്നുമാത്രമേ പറയാനുള്ളൂ.

വെല്ലുവിളികൾ, നേട്ടങ്ങൾ

1. കിടപ്പുമുറികൾക്ക് കാര്യമായ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. അകത്തെ മുറികളുടെ ഘടനയിൽ മാറ്റമൊന്നും വരുത്താതെ, വീട് പുതുക്കണമായിരുന്നു.

∙ ഫോൾസ് സീലിങ്, ലൈറ്റിങ്, ഫർണിച്ചർ, വോൾപേപ്പർ എന്നിവയിലൂടെയാണ് മുറികളെ പുതിയ രൂപത്തിലാക്കിയത്. ജനാലകൾക്കും വാതിലുകൾക്കും മാറ്റമൊന്നും വരുത്തിയില്ല. മുറികൾക്ക് വീടിന്റെ എക്സ്റ്റീരിയറിന് അനുയോജ്യമായ രീതിയിൽത്തന്നെ പുതുമ തോന്നിച്ചു.

2. വീടിന്റെ എക്സ്റ്റീരിയർ അടിമുടി മാറ്റുക.

∙ വീടിന്റെ ഘടനയിൽ കാര്യമായ മാറ്റമൊന്നും വരുത്താതെത്തന്നെ എക്സ്റ്റീരിയർ പുതിയ വീടിന്റേതുപോലെയാക്കിയെടുത്തത് ട്രസ് ഉപയോഗിച്ചാണ്. പഴയ മേൽക്കൂരയില്‍ ലോഹചട്ടക്കൂട് ഘടിപ്പിച്ച് മുകളിൽ കളിമൺ ഓടിട്ടു. ഷോ ഭിത്തിയും മുകളിൽ നിർമിച്ച ചെറിയ മുറിയും എക്സ്റ്റീരിയറിന്റെ പൊലിമ കൂട്ടി.

3. വീടിന് മോഡേൺ ലുക്ക് പകരുക

∙ പഴമ ചോരാതെത്തന്നെ പുതിയ വീടാണെന്നു തോന്നിക്കുന്ന വിധത്തിൽ അകത്തളം ഫോൾസ് സീലിങ് ചെയ്തു. ലൈറ്റിങ്ങിലൂടെയാണ് അകത്തളത്തെ ആകർഷകമാക്കിയിരിക്കുന്നത്. ടൈൽ ക്ലാഡിങ്ങാണ് എക്സ്റ്റീരിയറിനെ ആധുനികമാക്കാൻ ഉപയോഗിച്ചിരിക്കുന്നത്.

Project Facts

Area: 1600 Sqft

Designer: ഷിബിൻ കെ. സെബാസ്റ്റ്യൻ

info@yabeen.com

Location: മൂലേടം, കോട്ടയം

Year of completion: ഡിസംബർ, 2016

Read more on Renovation Ideas Plan Renovaed House Kerala