ആരോഗ്യം തകർക്കുന്ന വീട്ടുശീലങ്ങൾ

വീടും ആരോഗ്യവും തമ്മിൽ ബന്ധമുണ്ടോ? ഉണ്ട്. ആരോഗ്യമുള്ള വീട്ടിലേ ആരോഗ്യത്തോടെ ജീവിക്കാനാകൂ...

വീടിന്റെ ഘടനയുടെയോ, ഉപയോഗിച്ചിരിക്കുന്ന നിർമാണസാമഗ്രികളുടെയോ കുഴപ്പംകൊണ്ട് ഉണ്ടാകുന്ന ഒട്ടേറെ ആരോഗ്യപ്രശ്നങ്ങളുണ്ട്. അവയിൽ ചിലത് നേരത്തേ തിരിച്ചറി‍ഞ്ഞ് വേണ്ടെന്നുവയ്ക്കാം. ചില ശീലങ്ങളെ ഉപേക്ഷിക്കേണ്ടി വരികയും ചെയ്യും. അത്തരം അനാരോഗ്യശീലങ്ങളാണ് ഇവിടെ ചർച്ച ചെയ്യപ്പെടുന്നത്. 

1. ജനലുകള്‍ എലിവേഷനിൽ മാത്രം

ജനലുകളുടെ എണ്ണം കൂടി എന്നാൽ ഒന്നും തന്നെ തുറന്നിടില്ല എന്നതാണ് ഏറ്റവും പുതിയ ട്രെൻഡ്. ജനലുകൾ വെളിച്ചം മാത്രം നൽകുന്നവയല്ല, വായുസ‍ഞ്ചാരത്തിന് ജനലുകൾ തുറന്നിട്ടേ തീരൂ. പകൽ ജനലുകൾ തുറന്നിട്ടാൽ പൊടി കയറും, കൊതുകു കയറും, രാത്രിയില്‍ ജനലുകള്‍ തുറക്കുന്നത് സുരക്ഷാപ്രശ്നം... ഇതൊക്കെയാകും പരാതികൾ. എന്നാൽ മുറിയിൽ ഏറ്റവും കൂടുതൽ പൊടിയുണ്ടാക്കുന്നത് മനുഷ്യശരീരത്തിൽനിന്ന് പൊഴിയുന്ന മൃതചർമ്മമാണ്. ജനലുകൾ തുറന്നിട്ടില്ലെങ്കിൽ ഈ പൊടി മുറിക്കുള്ളിൽ ചുറ്റിയടിക്കും. വായു എപ്പോഴും പുറത്തേക്കും അകത്തേക്കും സഞ്ചരിക്കണം. അല്ലെങ്കിൽ ഫംഗസുകൾ വളരാനും സാധ്യതയുണ്ട്.

സ്ഥിരമായി അടച്ച മുറി ഉപയോഗിക്കുന്നവർക്ക് ആസ്മ, തുമ്മൽ തുടങ്ങിയ അസുഖങ്ങൾ വരാൻ സാധ്യതയുണ്ട്. എല്ലാ ദിവസവും സാധിക്കുന്നില്ലെങ്കിൽ ആഴ്ചയിൽ ഒരു ദിവസമെങ്കിലും എല്ലാ ജനാലകളും വാതിലുകളും തുറന്നിടുക. മഴക്കാലത്ത് വെയിൽ കിട്ടുന്ന എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തണം.

2. വെളിച്ചം രാവും പകലും

കാറ്റും വെളിച്ചവും നിറഞ്ഞിരിക്കുന്ന വീടാണ് മനസ്സിനും ശരീരത്തിനും ഏറ്റവും നല്ലത് എന്നതാണ് ഇപ്പോൾ വീടുവയ്ക്കുന്ന എല്ലാവരുടെയും വിശ്വാസം. വെളിച്ചത്തിനു വേണ്ടി മുറിയില്‍ എല്ലാ ഭിത്തികളിലും ജനലുകൾ കൂടാതെ കോർട്‌യാർഡും പർഗോളയും സൺലിറ്റുമെല്ലാം കൊടുത്ത് പകൽ വെളിച്ചം മുഴുവൻ അകത്തേക്ക് എത്തിക്കുന്നു. രാത്രിയാണെങ്കിൽ കൃത്രിമ വെളിച്ചത്തിന്റെ പ്രവാഹമാണ്.

പ്രകൃതിദത്ത പ്രകാശം മങ്ങുന്നയുടൻ കൃത്രിമ പ്രകാശം വന്നു തുടങ്ങുന്നത് കണ്ണിന്റെ ശക്തി കുറയ്ക്കും. കണ്ണിന്റെ റെറ്റിനയിൽ റോഡ് കോശങ്ങളും കോൺ കോശങ്ങളുമുണ്ട്. തീവ്രപ്രകാശത്തോട് കോൺ കോശങ്ങളും മങ്ങിയ പ്രകാശത്തോട് റോഡ് കോശങ്ങളും പ്രതികരിക്കും. എപ്പോഴും പ്രകാശത്തെ മാത്രം അഭിമുഖീകരിക്കേണ്ടി വരുമ്പോൾ റോഡ് കോശങ്ങളുടെ ഉപയോഗം കുറയുകയും പതിയെപ്പതിയെ ശക്തി കുറയുകയും ചെയ്യും. ഒരിക്കൽ നശിച്ചാൽ പിന്നീട് ഉണ്ടാകാത്ത കോശങ്ങളാണ് റോഡ് കോശങ്ങൾ. സുഖമായ, ആഴത്തിലുള്ള ഉറക്കത്തിന് അൽപം പോലും വെളിച്ചം ഉണ്ടാകരുത് എന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. കൊച്ചുകുട്ടികളാകുമ്പോൾ മുതൽ സീറോ ബൾബിൽ തുടങ്ങി ഉറങ്ങുമ്പോൾപോലും പ്രകാശം വേണമെന്ന ചിന്ത ആരോഗ്യകരമല്ല.

3. സീലിങ് ഫാനോ പെഡസ്റ്റലോ?

നമ്മളെല്ലാം ഏറ്റവും കൂടുതൽ സമയം ചെലവിടുന്നത് കിടപ്പുമുറിയിലാണെന്നതാണ് കണക്ക്. ഉറങ്ങാൻ കുറഞ്ഞത് ആറുമണിക്കൂറെങ്കിലും കിടപ്പുമുറിയിലുണ്ടാകും. ഈ സമയമെല്ലാം ഫാൻ കറങ്ങുന്നുണ്ടാകും. പല ആരോഗ്യപ്രശ്നങ്ങൾക്കും ഫാൻ ഹേതുവാകുന്നുണ്ട്.

മുറിയിലെ വായുവിനെ ഒരേ ദിശയിൽ കറക്കിയാണ് സീലിങ് ഫാൻ ചൂടു ക്രമീകരിക്കുന്നത്. അപ്പോൾ മുകളില്‍ കറങ്ങുന്നത് ഈ ചൂടുവായുതന്നെ. മുറിയിലെ ജനാലകളും വാതിലുകളും തുറന്നിട്ടാൽ മാത്രമേ പുതിയ വായു അകത്തേക്കു കയറൂ. പെഡസ്റ്റൽ ഫാനോ വോൾ ഹങ്ങോ ആണെങ്കിൽ ഒരേ ദിശയിൽ മാത്രമല്ല വായുസഞ്ചാരമുണ്ടാകുന്നത്. ചൂടുകാറ്റിന് പുറത്തേക്ക് രക്ഷപ്പെടാൻ കൂടുതൽ അവസരങ്ങളുണ്ട്. പക്ഷേ, ചെറിയ മുറികളിൽ മാത്രമാണ് ഇവ പ്രയോജനപ്പെടുത്താനാവുക. മുറിയിൽ ഏറ്റവുമധികം പൊടി അടിഞ്ഞുകൂടുന്നത് സീലിങ് ഫാനിന്റെ ലീഫിനു മുകളിലാണ്. കാറ്റിനൊപ്പം പൊടിയും മുറിയിൽ കറങ്ങി നടക്കും. പലർക്കും രാവിലത്തെ തുമ്മലിന്റെ ഒരു കാരണം കൂടിയാണിത്. കാറ്റ് തുടർച്ചയായി അടിക്കുന്നത് ചർമത്തിന്റെ ഈർപ്പം നഷ്ടപ്പെടുത്താൻ കാരണമാകുകയും ചെയ്യും.

4. പെയിന്റടിച്ച് ശ്വാസം മുട്ടിക്കും

കൂടുതൽ കോട്ട് പോളിഷ് അല്ലെങ്കിൽ പെയിന്റ് അടിച്ച് വീടിനെ ഭംഗിയാക്കി വയ്ക്കലാണ് എല്ലാവരും ചെയ്യുന്നത്. എത്ര കോട്ട് പെയിന്റ് കൂടുതൽ അടിക്കുന്നുവോ അത്രമാത്രം ലെഡ് കൂടുതൽ അന്തരീക്ഷത്തിലേക്ക് വമിപ്പിക്കുകയാണെന്ന് ഓര്‍ക്കണം. പെയിന്റടിച്ച ഉടനെ മുറിയിൽ കൂടുതൽ സമയം നിൽക്കുന്നത് തലകറക്കത്തിനും ബോധക്ഷയത്തിനും വരെ കാരണമാകാം. തടിയിൽ അടിക്കുന്ന പോളിഷുകളിലും വളരെയധികം വിഷാംശമുണ്ടെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധർ പറയുന്നത്. നോൺ വൊളാറ്റൈയിൽ പെയിന്റ് ഉപയോഗിക്കുക, പെയിന്റ്/പോളിഷ് അടിച്ചശേഷം മുറിയിലെ ജനലുകളും വാതിലുകളും തുറന്നിടുക. ഒന്നോ രണ്ടോ ദിവസത്തിനുശേഷം മാത്രം ആ മുറി കൂടുതൽ സമയം ഉപയോഗിക്കുക തുടങ്ങിയ മുൻകരുതലുകൾ എടുക്കാം.

ഭിത്തികളിൽ സിമന്റ് ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്യുമ്പോൾതന്നെ അതിന്റെ ജൈവപരമായ പ്രത്യേകതകളെ ഇല്ലാതാക്കുകയാണ്. കുമ്മായം ഉപയോഗിച്ചുള്ള പ്ലാസ്റ്ററിങ് പിൻതുടരാവുന്നതാണ്.

5. വലിയ ടിവി ചെറിയ അകലം

ടിവിയുടെ വലുപ്പം കൂടിയെങ്കിലും ടിവി വയ്ക്കുന്ന മുറിയുടെ വലുപ്പം കൂടുന്നില്ല. ഇത് പരോക്ഷമായി കണ്ണിന്റെ ആരോഗ്യത്തെ ബാധിച്ചിട്ടുണ്ട്. കുറഞ്ഞത് ഒൻപത് അടിയെങ്കിലും ടിവിയും കാഴ്ചക്കാരനുമായി ദൂരവ്യത്യാസം വേണം എന്നാണ് ശാസ്ത്രീയമായ കണക്ക്. ഇരിപ്പിടവും ടിവി വയ്ക്കുന്ന ഭിത്തിയും തമ്മിലുള്ള ദൂരത്തെ 0.84 കൊണ്ട് ഗുണിക്കുമ്പോൾ കിട്ടുന്ന സംഖ്യയായിരിക്കണം ടിവി സ്ക്രീനിന്റെ ഡയഗനൽ നീളം. 30 അല്ലെങ്കിൽ 40 ഡിഗ്രി വീക്ഷണകോണിലിരുന്ന് ടിവി കാണുന്നതാണ് ഉത്തമം. ഇതെല്ലാം മറന്നാണ് പലരും ടിവിയുടെ വലുപ്പവും ഇരിപ്പിടത്തിന്റെ സ്ഥാനവും ക്രമീകരിക്കുന്നത്. ഭിത്തിയും ഇരിപ്പിടവും തമ്മിലുള്ള ദൂരം പരിഗണിച്ച് അതിനനുസരിച്ചുള്ള വലുപ്പമുള്ള ടിവി വാങ്ങുന്നതാണ് ഉത്തമം. ശരിയായ പ്രകാശമില്ലാത്ത മുറികളിൽ ഇരുന്ന് ടിവി കാണുന്നതും ആരും പ്രത്യേകം ശ്രദ്ധിക്കാത്ത കാര്യമാണ്.

ടിവിയിൽനിന്നുള്ള വികിരണങ്ങളും മനുഷ്യശരീരത്തെ വളരെയധികം ബാധിക്കുന്നുണ്ട്. 16 വയസ്സിനു താഴെയുള്ള കുട്ടികളെയാണ് ഇത് കൂടുതൽ കാര്യമായി ബാധിക്കുക. പുതിയ ടെക്നോളജി ഉപയോഗിച്ചു നിർമിക്കുന്ന ടിവികൾ ഇത്തരം വികിരണങ്ങൾ പുറപ്പെടുവിക്കുന്നില്ലെന്ന് അവകാശപ്പെടുന്നു.

വിവരങ്ങൾക്കു കടപ്പാട്

ഡോ. ബി. പത്മകുമാർ, പ്രഫസർ ആൻഡ് ഹെഡ് ഓഫ് ഡിപാർട്മെന്റ്, ഡിപാർട്ട്മെന്റ് ഓഫ് മെഡിസിൻ, ഗവൺമെന്റ് മെഡിക്കൽ കോളജ്, കൊല്ലം

ഡോ. പി.വി. വാസുദേവൻ, അസിസ്റ്റന്റ് പ്രഫസർ, ഡിപ്പാർട്ട്മെന്റ് ഓഫ് പാത്തോളജി, ഗവൺമെന്റ് മെഡിക്കൽ കോളജ്, ആലപ്പുഴ

പി.കെ. ലക്ഷ്മി, ആർക്കിടെക്ട്, പവർ നേച്ചർ, പാലക്കാട്