Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട് സ്വന്തമായി പണിയണോ? അതോ വാങ്ങണോ? 5 കാരണങ്ങൾ

x-default

സ്വന്തമായി ഒരു കിടപ്പാടം വേണം എന്ന ആഗ്രഹം തോന്നിത്തുടങ്ങിയാൽ പിന്നെ അത് സ്വന്തമാക്കാനുള്ള തത്രപ്പാടാണ്. പണ്ട് കാലത്ത് ഉറുമ്പ് അരിമണി സൂക്ഷിക്കുന്നത് പോലെ തുക സൂക്ഷിച്ചു വച്ചായിരുന്നു വീടിന്റെ നിർമാണം. എന്നാൽ ഇന്ന് സമയക്കുറവ്, ബുദ്ധിമുട്ടാനുള്ള മടി, തുടങ്ങി നിരവധി കാരണങ്ങൾ കൊണ്ട് വീട് വയ്ക്കുന്ന സംസ്കാരത്തിൽ നിന്നും മാറി വീട് വാങ്ങുന്ന രീതിയാണ് പലരും പിന്തുടരുന്നത്. സ്ഥലത്തിന്റെ കുതിച്ചുയരുന്ന വിലയും ഇതിനൊരു പ്രധാന കാരണമാണ്. 

അൽപം സമയം കളഞ്ഞാലും സ്വന്തം താൽപര്യങ്ങൾക്ക് അനുസരിച്ച് ഒരു വീട് വയ്ക്കുന്നതിന് പിന്നിൽ ചില ഗുണങ്ങളുണ്ട് എന്ന് പുതുതലമുറ പറയുന്നു. പ്രധാനമായും അഞ്ചു കാരണങ്ങളാണ് അതിനായി അവർ നിരത്തുന്നത്.  

1.  കസ്റ്റമൈസ്ഡ് വീട് എന്ന സങ്കൽപം 

പണ്ടൊക്കെ വീട്ടിലെ അംഗസംഖ്യക്ക് അനുസരിച്ചായിരുന്നു വീട് നിർമാണം. വീട്ടിലെ മുറികൾ അംഗങ്ങൾക്ക് ആനുപാതികമായിട്ടായിരിക്കും. എന്നാൽ ഇന്ന് അതല്ല അവസ്ഥ. സൗകര്യത്തിനാണ് പ്രാമുഖ്യം. കസ്റ്റമൈസ്ഡ് വീടുകൾ ആണ് ട്രെൻഡ്. ഓഫീസ് മുറിയും വർക്കിംഗ് ഏരിയയും ജിം ഏരിയയും ഒക്കെ വീട്ടിൽ വേണം എന്ന് ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ തലമുറ. വാങ്ങുന്ന വീട്ടിൽ ഈ സൗകര്യങ്ങൾ ഇല്ലെങ്കിൽ പുതുതായി നിർമിച്ചെടുക്കേണ്ടി വരുന്നത് അധിക ചെലവാകും.

2. വാസ്തുപ്രശ്നവും അബദ്ധധാരണകളും വേണ്ട 

ചിലർ വീട് വാങ്ങി താമസം തുടങ്ങിയ ശേഷമായിരിക്കും പലവിധ പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നത്. അപ്പോൾ പിന്നെ അത് വീടിന്റെ സ്ഥാനത്തിന്റെയും വാസ്തുവിന്റെയും ഒക്കെ പ്രശ്നമായി എടുത്തു കാണിക്കപ്പെടും. സ്വന്തമായി വീട് നിർമിക്കുകയാണ് എങ്കിൽ ഇത്തരം ചിന്തകൾക്ക് ഒന്നും തന്നെ അടിസ്ഥാനമുണ്ടാകില്ല.

3. പുനർനിർമാണമില്ല

ചിലപ്പോൾ നമ്മൾ വാങ്ങി താമസിക്കുന്ന വീട് പുനർനിർമിക്കപ്പെട്ട ഒന്നാകാം, അതിന്റെ ഫൗണ്ടേഷൻ ശക്തമല്ലായിരിക്കാം. എന്നാൽ ഇതൊന്നും നമ്മൾ അറിയുന്നില്ല എന്നതാണ് വാസ്തവം. പിന്നെ ഇത്തരത്തിൽ വാങ്ങുന്ന വീടിന് സൗകര്യം വർധിപ്പിക്കുന്നതിനായി കൂടുതൽ പണം ചെലവാക്കേണ്ടി വന്നേക്കാം. സ്വന്തമായി വീട് പണിയുകയാണ് എങ്കിൽ ഇതിന്റെയൊന്നും ആവശ്യം വരില്ല.

4. സ്മാർട്ട് ഹോം അല്ലെ വേണ്ടത്?

നിങ്ങളുടെ വീട് നിങ്ങളുടെ പ്ലാൻ അനുസരിച്ചുള്ളതാകണം എന്നതാണ് പ്രധാന കാര്യം. ഇല്ലെങ്കിൽ തൃപ്തിയോടെ താമസിക്കാൻ കഴിഞ്ഞു എന്ന് വരില്ല. സ്മാർട് ഹോം സാങ്കേതികവിദ്യകൾ അടക്കമുള്ള സൗകര്യങ്ങൾ പുതുതായി പണിയുന്ന വീട്ടിൽ ആവശ്യം പോലെ ഒരുക്കാനുള്ള സ്വതന്ത്ര്യമുണ്ട്. അതിനാൽ സ്മാർട്ട് ആയ ഒരു വീട് ആഗ്രഹിക്കുന്നവർ അത് വാങ്ങിക്കാൻ ശ്രമിക്കാതെ നിർമിക്കുന്നതാണ് ഉചിതം. 

5. വാറന്റി വേണമെങ്കിൽ സ്വന്തമായി പണിയൂ 

വീട് നമ്മൾ സ്വന്തമായി പണിയുന്നതാണ് എങ്കിൽ അതിൽ ഉപയോഗിച്ചിരിക്കുന്ന ഓരോ വസ്തുവിന്റെയും വാറന്റി നമുക്ക് അറിയാൻ കഴിയും. വാറന്റി കാർഡുകൾ സൂക്ഷിച്ചു വയ്ക്കുകയും ആവശ്യമെങ്കിൽ എടുത്ത് ഉപയോഗിക്കുകയും ചെയ്യാം. എന്നാൽ വാങ്ങുന്ന വീടുകൾക്ക് ഇത്തരമൊരു ആനുകൂല്യം പ്രതീക്ഷിക്കാനാകില്ല. അതിനാൽ വീട് വയ്ക്കുന്നത് തന്നെ ഉചിതം