വെള്ളം ഇറങ്ങിയപ്പോൾ വീട് തീകത്തി‌നശിച്ചു

ചമ്പക്കുളം കണ്ടങ്കരിയിലെ ആമ്പക്കാട്ട് വീടിനു കഴിഞ്ഞ ദിവസം തീപിടിച്ചപ്പോൾ

പ്രളയ ശേഷം തിരികെയെത്തി വൃത്തിയാക്കിയ അന്നു തന്നെ വീട് അഗ്നിക്കിരയായി. ചമ്പക്കുളം പഞ്ചായത്ത് ആറാം വാർഡ് കണ്ടങ്കരി ആമ്പക്കാട്ട് ആന്റണി ജോസഫിന്റെ 95 വർഷം പഴക്കമുള്ള വീടാണു പൂർണമായും കത്തിനശിച്ചത്.

വ്യാഴാഴ്ച രാത്രി 11.30 നായിരുന്നു സംഭവം. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണു കാരണമെന്നു കരുതുന്നു. ചങ്ങനാശേരിയിൽ നിന്നും തകഴിയിൽ നിന്നും അഗ്നിശമനസേനയും നെടുമുടി പൊലീസും നാട്ടുകാരും എത്തി നാലുമണിക്കൂറിനകം തീകെടുത്തിയെങ്കിലും എല്ലാം കത്തിച്ചാമ്പലായിരുന്നു.

പൂർണമായും തേക്കു തടിയിൽ നിർമിച്ചിരുന്ന രണ്ട് അറകളോടുകൂടിയ വീടായിരുന്നു ഇത്.രണ്ടായിരത്തോളം ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീട്ടിലെ അറയിൽ സൂക്ഷിച്ചിരുന്ന നെല്ലും വീടിന്റെ ആധാരം ഉൾപ്പെടെ എല്ലാം കത്തി നശിച്ചവയിൽ പെടും. ഒരു കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു.

വെള്ളം പൊങ്ങിയതിനെ തുടർന്ന് ആന്റണി ജോസഫും ഭാര്യ ത്രേസ്യാമ്മയും താമസം മാറിയിരുന്ന‌ു. വാഴാഴ്ച തിരികെ എത്തിയ ശേഷം വീട് കഴുകി വൃത്തിയാക്കിയെങ്കിലും സമീപത്തെ മകന്റെ വീട്ടിലാണ് ഇവർ അന്തിയുറങ്ങിയത്.അതിനാൽ ആർക്കും അപകടം ഉണ്ടായില്ല.