കലാകാരന്മാർക്ക് തണലേകാൻ മുതുകാടിന്റെ കലാഗ്രാമം ഒരുങ്ങി

ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള മാജിക് അക്കാദമിയാണു കഴക്കൂട്ടം ചന്തവിളയിൽ ഭിന്നശേഷിക്കാരായ കലാകാരന്മാർക്കും സർക്കസ്, തെരുവു കലാകാരന്മാർക്കുമായി ആർട്ടിസ്റ്റ് വില്ലേജ് എന്ന പേരിൽ സൗജന്യ പുനരധിവാസകേന്ദ്രം നിർമിച്ചത്.

അശ്വിനൊരു സ്വപ്നമുണ്ടായിരുന്നു; കുഞ്ഞിലേ കൂട്ടം തെറ്റിപ്പോയ അമ്മച്ചിറകിൽ വീണ്ടുമണയണമെന്ന്. ആ സ്വപ്നത്തിലേക്കിനി ദിവസങ്ങളുടെ ദൂരമേയുള്ളൂ. ആർട്ടിസ്റ്റ് വില്ലേജിൽ അശ്വിനു നീക്കിവച്ച കിളിക്കൂട്ടിലേക്ക് അശ്വിൻ തേടി കണ്ടുപിടിച്ച അമ്മക്കിളിയുമെത്തുകയാണ്. 

ആർട്ടിസ്റ്റ് വില്ലേജിലെ 16 വീടുകൾക്കും പറയാനുണ്ട് പ്രതീക്ഷയുടെ അത്തരം ഓരോ കഥകൾ. തലശ്ശേരിയിൽനിന്നു കുടുംബമെത്തുന്നതും കാത്തിരിക്കുന്ന രാഹുലിന്റെയും, അസമിൽ നിന്നെത്തി കേരളത്തിന്റ ഭാഗമായി മാറിയ സോണിയയുടെയുമൊക്കെ മുഖത്തു സന്തോഷത്തിന്റ മാജിക് തെളിച്ചം.

ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള മാജിക് അക്കാദമിയാണു കഴക്കൂട്ടം ചന്തവിളയിൽ ഭിന്നശേഷിക്കാരായ കലാകാരന്മാർക്കും സർക്കസ്, തെരുവു കലാകാരന്മാർക്കുമായി ആർട്ടിസ്റ്റ് വില്ലേജ് എന്ന പേരിൽ സൗജന്യ പുനരധിവാസകേന്ദ്രം നിർമിച്ചത്. 

മാജിക് പ്ലാനറ്റിലെ സ്ഥിരം താരങ്ങളായ ഭിന്നശേഷിക്കാരായ ഒൻപതു കുട്ടികൾക്കും ഇനി സ്വന്തം വീട്ടിലുറങ്ങാം. 

മാജിക് പ്ലാനറ്റിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ചതാണ് ഈ സ്നേഹക്കൂടിന്റെ നിർമാണം. നാലു ബ്ലോക്കുകളിലായി 16 വീടുകൾ. ഓരോ ബ്ലോക്കിനും നൽകിയിരിക്കുന്ന പേരും മാജിക് മയം തന്നെ. ബ്ലാക്ക് സ്റ്റോൺ, പി.സി.സർക്കാർ, ഹൂഡിനി, വാഴക്കുന്നം എന്നീ പേരുകളാണു ബ്ലോക്കുകൾക്കു നൽകിയിട്ടുള്ളത്. വീടുകൾക്കൊപ്പം, കുട്ടികൾക്ക് ഒന്നിച്ചു കളിക്കാനുള്ള കളിസ്ഥലവും പഠിക്കാൻ ‘ഗുരുകുലവും ഈ വീട്ടിലുണ്ട്. 

കുട്ടികൾക്കും മുതിർന്നവർക്കും തുടർ വിദ്യാഭ്യാസത്തിനുള്ള എല്ലാ സൗകര്യവുമുണ്ടാവും. ആർക്കിടെക്ട് മനോജ് ഒറ്റപ്പാലമാണ് വീടുകളുടെ രൂപകൽപന നിർവഹിച്ചത്.

നാളെയാണു കലാകാരന്മാർക്കു വീടുകൾ സമർപ്പിക്കുക. ആർട്ടിസ്റ്റ് വില്ലേജ് പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി തോമസ് ഐസക് നിർവഹിക്കും. ഇന്ദ്രജാല സർക്കസ് കലാകാരന്മാർക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രനും ഭിന്നശേഷി കുട്ടികൾക്കു മന്ത്രി കെ.കെ.ശൈലജയും വീടുകളുടെ താക്കോലുകൾ കൈമാറും. 

മാജിക് അക്കാദമി രക്ഷാധികാരി അടൂർ ഗോപാലകൃഷ്ണൻ, മേയർ വി.കെ.പ്രശാന്ത്, ചലച്ചിത്രതാരം മധു, മാജിക് അക്കാദമി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, ഡയറക്ടർമാരായ ചന്ദ്രസേനൻ മിതൃമ്മല, പ്രഹ്ലാദ് ആചാര്യ തുടങ്ങിയവർ പങ്കെടുക്കും.